കുരിശിന്റെ വഴിയിലെ സാന്ത്വനം

അവഹേളിതനായി, തിരസ്‌കൃതനായി അടഞ്ഞ വാതിലുകളും ബധിരകര്‍ണ്ണങ്ങളും സ്‌നേഹത്തിനേല്‍പിച്ച മുറിവുകളുമായി കാല്‍വരി കയറുമ്പോള്‍ മനുഷ്യപുത്രന് ഏറ്റവുമധികം സാന്ത്വനമായതെന്താണെന്ന് അറിയുമോ? ഒരമ്മയുടെ കണ്ണുനീര്‍! തന്റെ ഉടലിലെയും മനസിലെയും ഓരോ മുറിവും ആത്മാവില്‍ പേറിക്കൊണ്ട് ചുവടുകള്‍ക്ക് തൊട്ടുപിന്നാലെ അമ്മ! പണ്ട്, കളിക്കുസൃതികള്‍ക്കിടയില്‍ കാല്‍ തട്ടിവീണ് മുറിഞ്ഞൊലിക്കുന്ന മുട്ടുകളും നിറഞ്ഞൊഴുകുന്ന കവിള്‍ത്തടങ്ങളുമായി ഓടിച്ചെല്ലവെ വാരിയെടുത്തുമ്മ തന്ന് മടിയില്‍വച്ച്, താരാട്ടുപാടിയുറക്കിയ അതേ സാന്ത്വനം ഇന്നും. അവളുടെ നെഞ്ചില്‍ താനിന്നും അമ്മയുടെ ഓമനക്കുട്ടന്‍! തന്റെ നെഞ്ചിലും അമ്മയുടെ ആ പഴയ ഉണ്ണി ഇന്നും താരാട്ടു കേട്ടുറങ്ങുന്നുണ്ടല്ലോ, വേദനയൊക്കെയും അവളുടെ മാറില്‍ ചേര്‍ത്ത്…

ഗെത്സമനിയുടെ ഏകാന്ത നിമിഷങ്ങള്‍ മുതല്‍ നിശബ്ദനായ് മറഞ്ഞിരിക്കുന്ന പിതാവിന്റെ സാന്നിധ്യം ഇവിടെ ആര്‍ദ്രമായ വാത്സല്യത്തിന്റെ അഗാധനീലിമയില്‍ വിടരുന്ന ഈ ഈറന്‍മിഴികളില്‍ തിരിച്ചറിയുകയാണ്. നിന്ദനങ്ങളുടെ പരുപരുത്ത പാറക്കല്ലുകളില്‍ ചുവടുകളിടറി കുരിശുമായാദ്യം വീണപ്പോള്‍, കനിവിന്റെ ആഴങ്ങള്‍ നിറഞ്ഞൊഴുകുന്ന ഈ കണ്ണുകളിലേക്കായിരുന്നല്ലോ താന്‍ മുഖമുയര്‍ത്തിയത്. അവിടെ വിരിയുന്ന കണ്ണീര്‍മുത്തുകളിലോരോന്നിലും തന്റെ കുരിശും നിണമണിഞ്ഞ മുഖവും അവളുടെ ഹൃദയത്തില്‍ നിന്നെന്നപോലെ തെളിയുന്നതും പിന്നെ അവ അടര്‍ന്നുവീഴുന്നതും കണ്ടു. തന്റെ വേദനയൊക്കെയും അവള്‍ സ്വന്തമാക്കിയിരിക്കുന്നു. മനുഷ്യരുടെ വേദനകളുടെ ഈ കുരിശ് താന്‍ വഹിക്കുന്നത് തനിച്ചല്ല. അവളുടെ ഹൃദയത്തില്‍ താനും വഹിക്കപ്പെടുകയാണല്ലോ. മുറിവേറ്റ ഉണ്ണിയെ വാരിയെടുക്കാന്‍ വെമ്പുന്ന അവളുടെ കൈകള്‍ പക്ഷേ ഈ നിമിഷത്തില്‍ പിതാവിന്റെ തിരുമനസിനു മുമ്പില്‍ ‘ഇതാ നിന്റെ ദാസി’ എന്നു നമിച്ചു നില്‍ക്കുകയാണ്. അവള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് തിരിച്ചറിയുകയാണ്. തന്റെ വളര്‍ച്ചയുടെ മുപ്പത് വര്‍ഷങ്ങളൊക്കെയും അവള്‍ ധ്യാനത്തിന്റെ നിമിഷങ്ങളില്‍ സംഗ്രഹിക്കുകയായിരുന്നു. പിന്നീട്, തന്റെ അധരങ്ങളില്‍ വിരിഞ്ഞ വചനസുമങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ അവള്‍ തന്റെ ആത്മാവിലെ സൗരഭ്യമാക്കുകയായിരുന്നു. ഇന്ന് ശിമയോന്റെ വാക്കുകള്‍ അവള്‍ക്കു മുന്നില്‍ മറ നീങ്ങി തെളിയുകയാണ്. ദൈവരാജ്യമാകുന്ന വടവൃക്ഷം ജീവന്റെ തിരി നീട്ടിയുണരുവാന്‍ ആദ്യം ഗോതമ്പുമണി നിലത്തുവീഴണമെന്നും തന്റെ നയനജലം വീണ് കുതിര്‍ന്ന മണ്ണിലാണ് അത് മുളപൊട്ടിയുണരേണ്ടതെന്നും അവളറിയുകയാണ്…

സാന്ത്വനത്തിന്റെ ഓര്‍മ്മകളില്‍ നിന്നുമുണരുമ്പോള്‍ നഗരകവാടം പിന്നിട്ട് ഏറെദൂരം കഴിഞ്ഞിരുന്നു. അപ്പോഴൊക്കെയും പിന്നില്‍ തന്റെ ഓരോ പാദമുദ്രകളിലും കനിവിന്റെ നീര്‍മണിത്തുള്ളികള്‍ വീണലിയുകയാണ്. തന്നിലേക്കൊഴുകുന്ന ആ നിര്‍മ്മല നീര്‍ധാര മുറിവുകളെ കഴുകി സൗഖ്യമാക്കുകയാണ്. അകലെ, കാലത്തിലേക്കു നീളുന്ന കാല്‍വരിയുടെ താഴ്‌വാരങ്ങളില്‍ കുരിശുമേന്തി തന്നെ പിന്‍ഗമിക്കുവാനായി അണിനിരക്കുന്ന ജനതതിയെ അപ്പോള്‍ യേശു കണ്ടു. വേദനയുടെ ഏകാന്തവഴികളിലെ നിശബ്ദതയില്‍ സാന്ത്വനമാകുവാന്‍, ചുവടുപിഴക്കുമ്പോള്‍ കൈ പിടിച്ചെഴുന്നേല്‍പിക്കുവാന്‍ ഒരമ്മയുടെ കണ്ണുനീരവര്‍ക്കുവേണമെന്ന് അവനോര്‍ത്തു…

‘അതാ, നിന്റെ മക്കള്‍…!’ പിതാവിന്റെ രാജ്യത്തിലേക്കു ദത്തുപുത്രരെ നേടുന്ന കാല്‍വരിയുടെ ഈറ്റുനോവില്‍ നിന്നും പിറന്നുവീണ ആ വാക്കുകളും അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു. അതാ നിന്റെ മക്കള്‍, വിലാപങ്ങളുടെ തീര്‍ത്ഥ പഥങ്ങളില്‍ മനുഷ്യമക്കളോടൊപ്പം കണ്ണീരൊഴുക്കാന്‍ നീ അവര്‍ക്കമ്മ!
അവളുടെ ദിവ്യമിഴികളുടെ വറ്റാത്ത ഉറവയില്‍ നിന്നും ജലധാരയായും ചിലപ്പോള്‍ നിണധാരയായും കാലത്തിലേക്കൊഴുകിക്കൊണ്ടിരിക്കുന്ന നിതാന്തസാന്ത്വനത്തിന്റെ അടയാളങ്ങളാണ് അവളുടെ മിഴിനീരൊഴുക്കുന്ന തിരുസ്വരൂപങ്ങളും ദര്‍ശനങ്ങളുമെല്ലാം. അതു കൊണ്ടല്ലേ വേദനയുടെ അകത്തിണ്ണകളില്‍ തനിച്ചിരുന്ന് നാം ഗദ്ഗദപ്പെടുമ്പോള്‍ ഇരുളില്‍ അവളുടെ സാന്ത്വനമന്ത്രം വീണ്ടും വീണ്ടും കേള്‍ക്കുക: ‘ഇതാ ഞാന്‍ ഇവിടെത്തന്നെയുണ്ട്. എന്റെ ഹൃദയത്തില്‍ നിന്നും പൊട്ടിയൊഴുകുന്ന ഈ നീര്‍മണികളില്‍ നിന്റെ ജീവിതം മുഴുവന്‍ പകര്‍ന്നെടുക്കുന്ന അമ്മയായിട്ട്…’

നമ്മുടെ കണ്ണുനീര്‍ത്തുള്ളികളൊന്നും പാഴായിപ്പോകാതിരിക്കാന്‍ നമ്മെ പഠിപ്പിക്കുന്നത് – സ്‌നേഹത്തിനുവേണ്ടി, സ്‌നേഹത്തെ പ്രതി കുരിശിന്റെ വഴികളിലര്‍പ്പിച്ച ഓരോ മിഴിനീര്‍ക്കണവും രക്ഷാകരമായി ഭവിക്കുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് – ഈ അമ്മയാണ്!

~ റവ. ഡോ രാജീവ് മൈക്കിള്‍  ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles