ഫിലിപ്പൈന്‍സിലെ കോട്ടയുടെ കന്യകാമാതാവിനെ കുറിച്ചു കേട്ടിട്ടുണ്ടോ?

ക്വീന്‍ സിറ്റി എന്നറിയപ്പെടുന്ന സെബു ദ്വീപ് ഫിലിപ്പൈന്‍സിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമാണ്. ഫിലിപ്പൈന്‍സിലെ സ്പാനിഷ് അധിനിവേശത്തിന് തുടക്കം കുറിച്ചുകൊണ്ട് 1521 ഏപ്രില്‍ ഏഴിന് പോര്‍ച്ചുഗീസ് പര്യവേഷകനും, നാവികനുമായ ഫെര്‍ഡിനാന്‍ഡ് മാഗെല്ലന്‍ ‘‘സ്‌പൈസ് ദ്വീപുകള്‍” തേടി സെബുവിലെത്തി. തദ്ദേശവാസികളുമായി വളരെ പെട്ടെന്ന് സുഹൃത്ത് ബന്ധം സ്ഥാപിച്ച ഈ നാവികന്‍ ക്രിസ്തുമതത്തിന്റെ വേരുകള്‍ ഫിലിപ്പൈന്‍സ് മണ്ണില്‍ ഉറപ്പിക്കുന്നതില്‍ വിജയിച്ചു. സെബുവിലെ രാജാവും, റാണിയും അടക്കം അനേകം ജനങ്ങള്‍ മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുമത വിശ്വാസികളായി. സന്തോഷസൂചകമായി മാഗെല്ലന്‍ സെബു നിവാസികള്‍ക്ക് സമ്മാനിച്ചതാണ് ചരിത്രസ്മാരകങ്ങളായ മൂന്നു പ്രതിമകള്‍. അതിലൊന്നാണ് ‘‘വിര്‍ജിന്‍ ഓഫ് ദ ഫോര്‍ട്ട്” എന്നറിയപ്പെടുന്ന മാതാവിന്റെ രൂപം.

ഉണ്ണീശോയെ കൈകളില്‍ വഹിച്ചു നില്‍ക്കുന്ന മാതാവിന്റെ ഈ രൂപം പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ സെബു ആര്‍ച്ച്ഡയോസീസിന്റെ ആസ്ഥാനമായ സെബു മെട്രോപോളിറ്റന്‍ കത്തീഡ്രലിലേക്ക് മാറ്റി സ്ഥാപിച്ചു. 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ സെബുവിലെ പ്രദേശങ്ങള്‍ ഭാഗികമായി തകര്‍ക്കപ്പെട്ടു. എങ്കിലും മരിയന്‍ രൂപം സുരക്ഷിതമായി അവശേഷിച്ചൊ എന്നുള്ളതിന് കൃത്യമായ രേഖകളില്ല. 1970ല്‍ സെബോയില്‍ നിര്‍മ്മാണത്തിലായിരുന്ന സ്പാനിഷ് ഫോര്‍ട്ട് ആയ ഫോര്‍ട്ട് സാന്‍ പെദ്രൊയുടെ കിണറിനുള്ളില്‍ പൊങ്ങികിടക്കുന്ന രീതിയിലാണ് പിന്നീട് മാതാവിന്റെ ഒരു പ്രതിമ ലഭിക്കുന്നത്. ഈ കിണറിലെ വെള്ളം കുടിച്ചവര്‍ അത്ഭുത രോഗസൗഖ്യത്തിന്റെ സാക്ഷികളായി. നൂറ്റാണ്ടുകളോളം പഴക്കമുള്ള സെബുവിലെ മരിയഭക്തിയുടെ ഉറവിടമാണ് ഈ സ്പാനിഷ് ഫോര്‍ട്ട്. ”ഔര്‍ ലേഡി ഓഫ് റെമഡീസ്” എന്ന പേരില്‍ ഈ പ്രതിമ വിഖ്യാതി നേടി. എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് മാതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു പോരുന്നു.

ഫിലിപ്പൈന്‍സില്‍ കണ്ടുവരുന്ന ഹാഡ്‌വുഡ് ഗണത്തിലെ മരത്തില്‍ നിന്നും കൊത്തിയെടുത്ത വിര്‍ജിന്‍ ഓഫ് ഫോര്‍ട്ട് എന്ന രൂപം നഷ്ട്ടപ്പെട്ടിരിക്കുന്നു. എപ്പോള്‍, എങ്ങനെ നഷ്ടപ്പെട്ടു എന്നതിന് കൃത്യമായ രേഖകളില്ല. പിന്നീട് ഔര്‍ ലേഡി ഓഫ് റെമഡീസിന്റെ രണ്ടു പകര്‍പ്പുകള്‍ ഉണ്ടാക്കി ഒന്ന് സ്പാനിഷ് ഫോര്‍ട്ടിലും രണ്ട് കത്തീഡ്രലിലും സ്ഥാപിച്ച് മാതാവിനോടുള്ള വണക്കം തുടര്‍ന്നു പോന്നു.
ഫിലിപ്പൈന്‍സ് ജനത ക്രിസ്തുമതം സ്വീകരിച്ചതിന്റെ 500-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ബസിലിക്കാ മൈനര്‍ 2021ല്‍ വേദിയാകുന്നു. തദവസരത്തില്‍ നാവികനായ മാഗെല്ലന്റെ പാരിതോഷികങ്ങളായ മൂന്നു ചരിത്ര സ്മാരകങ്ങളും ദേവാലയത്തില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് പറയുന്നു ബസിലിക്കയുടെ സ്‌പോക്ക്‌സ്‌പേഴ്‌സണ്‍ ആയ ഫാ. റിക് ആന്തണി റേയ്‌സ്. സഭയുടെ വാര്‍ഷികാഘോഷ ഒരുക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരു ചരിത്ര സ്മാരകം എന്നതിലുപരി സെബുദ്വീപ് നിവാസികളുടെ രക്ഷാധികാരിയായ മാതാവിന്റെ ഈ രൂപം കണ്ടുപിടിക്കാനാകുമെന്ന പ്രത്യാശയിലാണ് ബസിലിക്ക മൈനറിലെ അന്തേവാസികളായ അഗസ്റ്റീന ിയന്‍ വൈദീകര്‍.

മറ്റു രണ്ടു ചരിത്രസ്മാരകങ്ങളാണ് ‘‘സാന്റാ നിനൊ” എന്നറിയപ്പെടുന്ന ഉണ്ണിയേശുവിന്റെ രൂപവും, ‘‘ദ എക്കെ ഹോം” എന്ന റിയപ്പെടുന്ന ക്രിസ്തുവിന്റെ അര്‍ദ്ധകായ പ്രതിമയും. മാഗെല്ലന്റെ സമ്മാനങ്ങളില്‍ ഏറ്റവും പ്രസിദ്ധി നേടിയത് ഹോളി ചൈല്‍ഡ് ഓഫ് ജീസസ് എന്നറിയപ്പെടുന്ന സാന്റാ നിനോയാണ്. അദ്ദേഹം മരണപ്പെട്ട് 44 വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രസ്തുത രൂപം ലഭിക്കുന്നത്. ജുവാന്‍ കാമസ് എന്ന പട്ടാളക്കാരന്‍ മരത്തിന്റെ ഒരു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ബാലനായ യേശുവിന്റെ ഈ രൂപം ബസിലിക്കയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

ക്രിസ്തുവിന്റെ അര്‍ദ്ധകായപ്രതിമ 1570 ആഗസ്റ്റ് 20ന് സെബുവിലെ രാജാവായിരുന്ന അമിഹാന്റെ അവശിഷ്ടങ്ങള്‍ക്കടുത്തുനിന്നും കണ്ടെടുത്തു. ഫിലിപ്പൈന്‍ ജനത ക്രിസ്തുമതം സ്വീകരിച്ചതിന്റെ നാലാം സെന്റനിയല്‍ ആഘോഷങ്ങളുടെ ഭാഗമായി 1965ല്‍ മനില യിലെ സാന്‍ അഗസ്റ്റിന്‍ ദേവാലയത്തിലേക്ക് രൂപം കൊണ്ടുപോയി. പിന്നീട് 2011ല്‍ ക്വീന്‍ സിറ്റിയായ സെബുവിലെ ബസിലിക്ക മൈനറില്‍ ‘‘ദ എക്കെ ഹോം” വീണ്ടും പ്രതിഷ്ഠിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles