രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 8

ജഡപ്രകാരമുള്ള ഇസ്രായേല്‍ മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞപ്പോള്‍ത്തന്നെ ദൈവത്തിന്റെ സഭയെന്നു വിളിക്കപ്പെട്ടിരുന്നതുപോലെ (2 എസ്രാ 13:1; സംഖ്യ 20-4; നിയമം 23:1 ff), പുതിയ ഇസ്രായേലും വര്‍ത്തമാന ലോകത്തിലൂടെ പുരോഗമിച്ചുകൊണ്ട്, നിലനില്‍ക്കുന്ന ഭാവിനഗരം തേടുകയാണ് (ഹെബ്രാ 13:14). ഇതിനെ മിശിഹായുടെ സഭയെന്നും വിളിക്കുന്നു (മത്താ 16:18). കാരണം, ഈ സഭയെ അവന്‍ സ്വന്തം രക്തത്താല്‍ നേടിയെടുത്തു (അപ്പ 20:28); സ്വന്തം ദിവ്യാരൂപിയാല്‍ പൂരിതമാക്കി; ദൃശ്യവും സാമൂഹികവുമായ ഐക്യത്തിനുയോജിച്ച ഉപാധികള്‍കൊണ്ടു സജ്ജീകരിച്ചു. ഈശോയെ രക്ഷയുടെ കര്‍ത്താവും ഐക്യത്തിന്റെയും സമാധാനത്തിന്റെയും തിരുസഭയായി രൂപവത്കരിക്കുകയും ചെയ്തു.

സമൂഹത്തിനു മുഴുവനും ഓരോ വ്യക്തിക്കും അവള്‍ ഈ രക്ഷാകരമായ ഐക്യത്തിന്റെ കാണപ്പെടുന്ന കൂദാശയായിത്തീരാന്‍ വേണ്ടിയാണിത്. എല്ലാ സ്ഥലങ്ങളിലും വ്യാപിക്കേണ്ട സഭ, മനുഷ്യചരിത്രത്തില്‍ പ്രവേശിക്കുകയും അതേ സമയം, കാലത്തിന്റെയും ജനപദങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കതീതമായി നിലകൊള്ളുകയും ചെയ്യുന്നു. പരീക്ഷണങ്ങളിലും ക്ലേശങ്ങളിലും കൂടെ മുന്നേറുന്ന സഭ കര്‍ത്താവ് തനിക്കു വാഗ്ദാനം ചെയ്ത ദൈവകൃപയുടെ ശക്തിയാല്‍ സമാശ്വസിക്കപ്പെടുന്നു.

അങ്ങനെ ജഡത്തിന്റെ ബലഹീനതയില്‍ സമ്പൂര്‍ണമായ വിശ്വസ്തതയ്ക്കു ഭംഗംവരുത്താതെ, സ്വന്തം നാഥന് അനുരൂപമായ മണവാട്ടിയായി വര്‍ത്തിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയില്‍, കുരിശുവഴി, അസ്തമിക്കാത്ത പ്രകാശത്തിലേക്കു ചെന്നെത്തുന്നതുവരെ തന്നത്തന്നെ നവീകരിക്കുന്നതില്‍നിന്ന് അവള്‍ വിരമിക്കുന്നുമില്ല.

10) പൊതു പൗരോഹിത്യം

കര്‍ത്താവായ മിശിഹാ, മനുഷ്യരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രധാനാചാര്യന്‍ (ഹെബ്രാ 5:1-5), ഒരു പുതിയ ജനത്തെ ‘സ്വപിതാവായ ദൈവത്തിന്റെ (രാജ്യവും പുരോഹിതന്മാരുമാക്കി’ (cf വെളി 1:6, 5:9-10). മാമ്മോദീസാ സ്വീകരിച്ചവര്‍ പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴിയും ഒരു ആത്മികഭവനമായും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു. ക്രിസ്ത്യാനികള്‍ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും വഴി ആത്മികബലിവസ്തുക്കള്‍ സമര്‍പ്പിക്കുന്നതിനും അന്ധകാരത്തില്‍ നിന്ന് തന്റെ വിസ്മയനീയമായ പ്രകാശത്തിലേക്കു തങ്ങളെ വിളിച്ചവന്റെ ശക്തികള്‍ പ്രഘോഷിക്കുന്നതിനും വേണ്ടിയാണിത് (1 പത്രോ. 24-10).

അതിനാല്‍, മിശിഹായുടെ ശിഷ്യന്മാരെല്ലാം പ്രാര്‍ത്ഥനയില്‍ സ്ഥിരതയോടെ മുന്നേറി, ദൈവത്തെ ഒന്നിച്ചു സ്തുതിച്ചുകൊണ്ട് (അപ്പ 2:42-47) തങ്ങളെത്തന്നെ സജീവവും വിശുദ്ധവുമായ ബലിവസ്തുക്കളാക്കി, ദൈവത്തെ പ്രീതിപ്പെടുത്തുന്നവരായിത്തീരണം (റോമ 12:1). ലോകം മുഴുവനിലും മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയും നിത്യജീവിതത്തെക്കുറിച്ച് തങ്ങള്‍ക്കുള്ള പ്രതീക്ഷയെപ്പറ്റി ചോദിക്കുന്നവര്‍ക്ക് വിശദീകരണം കൊടുക്കുകയും വേണം (1 പത്രോ 3:15).

വിശ്വാസികളുടെ പൊതുപൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും അഥവാ അധികാര ശ്രേണിയുടെ (ഹയരാര്‍ക്കിക്കല്‍) പൗരോഹിത്യവും പദവിയില്‍ മാത്രമല്ല, സത്താപരമായിത്തന്നെയും വ്യത്യസ്തമാണെങ്കിലും പരസ്പരം ബന്ധിതമാണ്. രണ്ടും അതിന്റെ പ്രത്യേകരീതിയില്‍ മിശിഹായുടെ ഒരേപൗരോഹിത്യത്തില്‍ പങ്കുപറ്റുന്നു. ശുശ്രൂഷാ പൗരോഹിത്യം, അതിനു സ്വന്തമായ വിശുദ്ധാധികാരത്താല്‍, പുരോഹിത ജനതയെ രൂപവത്കരിക്കുകയും ഭരിക്കുകയും ചെയ്യുന്നു.

മിശിഹായുടെ പ്രാതിനിധ്യത്തില്‍ പരിശുദ്ധ കുര്‍ബാനയാകുന്ന ബലിയര്‍പ്പിക്കുകയും ജനത്തിന്റെ മുഴുവന്‍ നാമത്തില്‍ അത് ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളാകട്ടെ, തങ്ങളുടെ പൗരോഹിത്യത്തിന്റെ രാജകീയാധികാരത്തില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ ഭാഗഭാഗിത്വം വഹിക്കുന്നു. അതു കൂദാശകള്‍ സ്വീകരിക്കുന്നതിലും പ്രാര്‍ത്ഥനയിലും നന്ദിപ്രകാശനത്തിലും വിശുദ്ധജീവിതത്തിന്റെ സാക്ഷ്യത്തിലും സ്വാര്‍ത്ഥപരിത്യാഗത്തിലും പ്രവര്‍ത്തനനിരതമായ പരസ്‌നേഹത്തിലും അവര്‍ നിര്‍വഹിക്കുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles