യാമപ്രാര്‍ത്ഥനയുടെ ഘടനയെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശദീകരിക്കുന്നതെങ്ങനെ?

യാമപ്രാർത്ഥനകൾ – 2/3

ഖണ്ഡിക – 87
വിശുദ്ധ യാമപ്രാർത്ഥനകൾ വൈദികരും മറ്റു സഭാംഗങ്ങളും കൂടുതൽ ഭംഗിയായും പൂർണമായും സാഹചര്യങ്ങൾക്കനുസരിച്ചും നടത്തുന്നതിനുവേണ്ടി ഈ പരിശുദ്ധസുനഹദോസ്, ശ്ലൈഹികസിംഹാസനത്തിൽനിന്ന് സസന്തോഷം ആരംഭമിട്ട നവീകരണം
പിന്തുടർന്നുകൊണ്ട്, റോമൻ റീത്തനുസരിച്ചുള്ള യാമപ്രാർത്ഥനയെക്കുറിച്ച് താഴെക്കൊടുക്കുന്നവ കല്പിക്കാൻ ആഗ്രഹിക്കുന്നു.

ഖണ്ഡിക – 88
പുരാനതനകർമക്രമം പുനഃക്രമീകരിക്കും

യാമപ്രാർത്ഥനയുടെ ലക്ഷ്യം ദിവസത്തിന്റെ വിശുദ്ധീകരണമായതുകൊണ്ട് യാമങ്ങളുടെ പാരമ്പര്യമനുസരിച്ചുള്ള സമയക്രമം, കഴിവതും അതതുയാമങ്ങൾക്ക് അന്വർത്ഥമാകത്തക്കവണ്ണം പുനഃസംവിധാനം ചെയ്യണം. അതേസമയം, ഇന്നത്തെ ജീവിതത്തിന്റെ പ്രത്യേകസാഹചര്യങ്ങൾ, പ്രത്യേകിച്ച് ശ്ലൈഹികജോലിയിൽ വ്യാപൃതരായിരിക്കുന്നവരുടെ സാഹചര്യം, കണക്കിലെടുക്കണം.

ഖണ്ഡിക – 89
യാമപ്രാർത്ഥനയുടെ നവീകരണത്തിനുള്ള നിയമങ്ങൾ

അതുകൊണ്ട്, യാമപ്രാർത്ഥനയുടെ നവീകരണത്തിൽ താഴെ വരുന്ന നിയമങ്ങൾ പാലിക്കണം :

  • a) പ്രഭാതപാർത്ഥനയെന്ന നിലയിൽ ലാവുദസും (സപ്രാ) സായംകാലപ്രാർത്ഥന എന്ന നിലയിൽ വെസ്പര (റംശാ)യും സാർവത്രിക സഭയുടെ ആദരണീയമായപാരമ്പര്യത്തിൽ അനുദിന യാമപ്രാർത്ഥനയുടെ രണ്ടു ചുഴിക്കുറ്റികൾ എന്നതുപോലെ പ്രധാന യാമങ്ങളായി കരുതുകയും അങ്ങനെതന്നെ ആഘോഷിക്കപ്പെടുകയും വേണം.
  • b) “കൊമ്പ്ളെത്തോറിയം’ (ലെലിയാ = നിശാപ്രാർത്ഥന) ദിവസത്തിന്റെ അന്ത്യത്തിൽ ചൊല്ലത്തക്കവിധം പിരിഷ്കരിക്കണം.
  • c) “മത്തൂത്തിനും’ എന്നു പറയപ്പെടുന്ന നിശാപ്രാർത്ഥന, സമൂഹപ്രാർത്ഥനയായി ചൊല്ലുമ്പോൾ രാത്രികാലസ്തുതിപ്പിന്റെ സ്വഭാവം സംരക്ഷിക്കാമെങ്കിലും ദിവസത്തിന്റെ ഏതുയാമത്തിലും ചൊല്ലാൻതക്കവിധം നവീകരിക്കണം. സങ്കീർത്തനങ്ങൾ കുറയ്ക്കുകയും വായനകൾ കൂട്ടുകയും ചെയ്യേണ്ടതാണ്.
  • d) ഒന്നാം യാമപ്രാർത്ഥന (Prime) നിറുത്തൽ ചെയ്യണം.
  • e) സമൂഹമായി ചൊല്ലുമ്പോൾ തെർസിയാ, സെക്‌സ്താ, നോനാ (പൂർവ-മദ്ധ്യാഹ്ന, മദ്ധ്യാഹ്ന, അപരാഹ്നപ്രാർത്ഥനകൾ). എന്നിവ നിലനിർത്തേണ്ടതാണ്. സമൂഹമില്ലാത്തപ്പോൾ, ഇവ മൂന്നിൽ, ചൊല്ലുന്ന സമയത്തിനു യോജിച്ചവിധം ഒന്നു തിരഞ്ഞെടുത്തു ചൊല്ലിയാൽ മതിയാകും.

ഖണ്ഡിക – 90
യാമപ്രാർത്ഥന ഭക്തിയുടെ ഉറവിടം

കൂടാതെ, വിശുദ്ധയാമപ്രാർത്ഥന സഭയുടെ പൊതുപ്രാർത്ഥന എന്ന നിലയിൽ ഭക്തിയുടെ ഉറവിടവും വൈയക്തികപ്രാർത്ഥനയുടെ പോഷണവുമായതിനാൽ വൈദികരും യാമപ്രാർത്ഥനയിൽ പങ്കെടുക്കുന്ന മറ്റുള്ളവരും അവയുടെ അനുഷ്ഠാനത്തിൽ ശബ്ത്തോട് ഹൃദയവും ഒന്നിപ്പിക്കണമെന്ന് കർത്താവിൽ ശക്തിയുക്തം ആഹ്വാനം ചെയ്യുന്നു. ഇത് കൂടുതൽ മെച്ചമായ രീതിയിൽ നേടിയെടുക്കാൻ ആരാധനക്രമപരവും വേദപുസ്തകപരവുമായ, പ്രത്യേകിച്ച് സങ്കീർത്തനങ്ങളുടെ പുഷ്കലമായ വ്യുൽപത്തി സമ്പാദിക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ പരിഷ്കരണത്തിന് റോമൻ യാമപ്രാർത്ഥനയുടെ യുഗസ്ഥായിയായ സംപൂജ്യനിക്ഷേപം, കൂടുതൽ വ്യാപകമായും സുഗമമായും ഇതിന്റെ സ്വീകർത്താക്കൾ ആസ്വദിക്കത്തക്കവിധം അനുരൂപപ്പെടുത്തണം.

ഖണ്ഡിക – 91
സങ്കീർത്തനങ്ങളുടെ വിഭജനം

89-ാം വകുപ്പിൽ പറഞ്ഞ യാമപ്രാർത്ഥനയുടെ സമയക്രമം യഥാർത്ഥത്തിൽ പാലിക്കുന്നതിന് സങ്കീർത്തനങ്ങൾ മുഴുവൻ ഓരോ ആഴ്ചയ്ക്കുവേണ്ടി മാത്രമല്ല, കൂടുതൽ കാലദൈർഘ്യത്തിലേക്കു ക്രമവത്കരിക്കണം. വളരെ താൽപര്യപൂർവം ആരംഭിച്ചിരിക്കുന്ന, സങ്കീർത്തനപ്പുസ്തകത്തിന്റെ പുനഃസംവിധാനം എത്രയും വേഗം പൂർത്തിയാക്കണം. ക്രൈസ്തവ ലത്തീൻശൈലിയും ഗാനങ്ങളിലുൾപ്പെടെയുള്ള ആരാധനക്രമ സമ്പ്രദായവും മാത്രമല്ല, ലത്തീൻ സഭയുടെ പാരമ്പര്യം മുഴുവനും കണക്കിലെടുത്തായിരിക്കണം അതു ചെയ്യേണ്ടത്.

ഖണ്ഡിക – 92
വായനകളുടെ വിഭജനം

വായനകൾ സംബന്ധിച്ച് താഴെപ്പറയുന്നവ പാലിക്കണം :

  1. വിശുദ്ധലിഖിതങ്ങളിലെ വായന ദൈവവചനത്തിന്റെ ഭണ്ഡാഗാരം കൂടുതൽ വ്യാപകമായും സുഗമമായും അഭിഗമ്യമാകത്തക്കവിധം ചിട്ടപ്പെടുത്തണം.
  2. സഭാപിതാക്കന്മാർ, മല്പാന്മാർ, സഭയിലെ വേദപാരംഗതർ ഇവരുടെ കൃതികളിൽനിന്ന് എടുക്കുന്ന വായനകൾ കൂടുതൽ ഭംഗിയായി തിരഞ്ഞെടുക്കേണ്ടതാണ്.
  3. വിശുദ്ധരുടെ പീഡാസഹനങ്ങൾ അഥവാ വിശ്വാസജീവിതം ചരിത്രസത്യങ്ങൾ ഉൾക്കൊള്ളുന്നവയാകണം.

ഖണ്ഡിക – 93
ഗീതങ്ങളുടെ പുതുക്കൽ

ഗീതങ്ങൾക്കു യുക്തമായി തോന്നുന്നിടത്തോളം പുരാതനരീതി പുനഃസ്ഥാപിക്കേണ്ടതാണ്. എന്നാൽ ഐതിഹ്യങ്ങളുടെ ചുവയുള്ളതോ ക്രിസ്തീയ ഭക്തിക്ക് അരോചകമോ ആയവയെല്ലാം മാറ്റുകയോ ഭേദപ്പെടുത്തുകയോ ചെയ്തശേഷമായിരിക്കണം. സന്ദർഭത്തിന് അനുരൂപമായവിധം സംഗീതഭണ്ഡാഗാരത്തിൽ കാണപ്പെടുന്ന മറ്റു ഗീതങ്ങളും സ്വീകരിക്കാം.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles