കിബേഹോയിലെ മാതാവ്‌

ബ്രദര്‍ ഡൊമിനിക് പി.ഡി. 
ചീഫ് എഡിറ്റര്‍

 

ആഫ്രിക്കയിലെ റുവാണ്ടയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സ്ഥലമാണ് കിബേഹോ. മാതാവിന്റെ പ്രത്യക്ഷീകരണത്തിന് പേരു കേട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ഇത്.

1981 നവംബര്‍ 28-ന് കിബേഹോ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ അല്‍ഫോണ്‍സൈന്‍ മുമുറേക്ക് എന്ന കുട്ടിക്കാണ് മാതാവ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുട്ട്‌സി, ഹുത്തൂസ് എന്നീ ഗോത്രങ്ങള്‍ തമ്മിലുളള സംഘര്‍ഷം വര്‍ദ്ധിച്ച സമയത്താണ് ആദ്യമായി കിബേഹോയില്‍ മാതാവിന്റെ പ്രത്യക്ഷീകരണമുണ്ടാവുന്നത്. രക്ഷകനായ യേശുവിന്റെ അമ്മയായ കന്യകാമറിയമാണ് തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അല്‍ഫോണ്‍സൈന്‍ തിരിച്ചറിഞ്ഞു. പിന്നീട് ഒരുപാട് തവണ മാതാവ് അല്‍ഫോണ്‍സൈന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ അവള്‍ മാതാവിനെ കണ്ടു എന്ന് പറഞ്ഞതോ മാതാവിനോട് സംസാരിച്ചു എന്ന് പറഞ്ഞതോ ആരും തന്നെ വിശ്വസിച്ചില്ല. എല്ലാവരുടെയും കണ്ണില്‍ അവള്‍ ഭ്രാന്തു പുലമ്പുന്നവളായിരുന്നു. തന്റെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമുളള പരിഹാസവും മുറിപ്പെടുത്തുന്ന വാക്കുകളും അവളെ വേദനപ്പെടുത്തി. പിശാചിനൊപ്പവും ദുര്‍മന്ത്രവാദത്തിനൊപ്പവും വസിക്കുന്നവളാണ് അവള്‍ എന്ന് സഹപാഠി മേരി ക്ലെയര്‍ മുകാന്‍ഗാംഗോ പറഞ്ഞു. ആ വാക്കുകള്‍ അല്‍ഫോണ്‍സൈനെ ഏറെ വേദനിപ്പിച്ചു.
‘നീ കണ്ടത് പരിശുദ്ധ മാതാവിനെയാണെങ്കില്‍ ആ മാതാവ് സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുമ്പിലും പ്രത്യക്ഷപ്പെടട്ടെ എങ്കില്‍ നീ പറയുന്നത് വിശ്വസിക്കാം എന്ന് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും ഒന്നടങ്കം പറഞ്ഞു.’

തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതുപോലെ സ്‌കൂളിലെ മറ്റൊരു കുട്ടിയുടെ മുമ്പിലും പ്രത്യക്ഷപ്പെടാന്‍ അല്‍ഫോണ്‍സൈന്‍ മാതാവിനോട് അപേക്ഷിച്ചു. അധികം വൈകാതെ തന്നെ രണ്ടു കുട്ടികളില്‍ കൂടെ മാതാവ് പ്രത്യക്ഷപ്പെട്ടു. 1982 ജനുവരി 12 ന് നഥാലി മുഖംസിപക്കയ്ക്കും 1982 മാര്‍ച്ച് 2 ന് മേരി ക്ലൈയര്‍ മുകാന്‍ഗാംഗോയ്ക്കും മാതാവിന്റെ പ്രത്യക്ഷീകരണമുണ്ടായി.

‘ലോകത്തില്‍ വെച്ചു തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ. വാക്കുകളാല്‍ വിശേഷിപ്പിക്കാന്‍ പറ്റാത്ത അത്രയും തേജസ്സ് ആ മുഖത്തുണ്ടായിരുന്നു. മാത്യസ്‌നേഹം തുളുമ്പുന്ന സ്‌നേഹവാത്സല്യങ്ങള്‍. ആ മുഖത്തു നിന്ന് ഇമവെട്ടാതെ നോക്കിയിരിക്കാന്‍ തോന്നും’ മാതാവിനെ ദര്‍ശിച്ച മൂന്നു കുട്ടികളും പറഞ്ഞു.
‘തന്റെ മക്കളെ എത്രത്തോളം മാതാവ് സ്‌നേഹിക്കുന്നോ അത്രത്തോളം സൗന്ദര്യവതിയാണ് അവര്‍ മേരി ക്ലൈയര്‍ കൂട്ടിച്ചേര്‍ത്തു.വലിയൊരു ദൗത്യത്തോടുകൂടെയാണ് മാതാവ് ആ മൂന്നു കുട്ടികള്‍ക്കും ദര്‍ശനം നല്‍കിയത്.

‘വിശ്വാസം നിലനിര്‍ത്താനും കപടഭക്തി കൂടാതെ എല്ലാവരോടും പ്രാര്‍ത്ഥിക്കാനും’ പല തവണ അല്‍ഫോണ്‍സൈന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മാതാവ് ആവശ്യപ്പെട്ടു.

പരിശുദ്ധ കന്യകാമറിയം അഥവാ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിനു ശേഷം, അപകടത്തിന്റെ വഴിതെളിക്കപ്പെട്ട ലോകത്തിന്റെ രക്ഷാകര സഹനത്തിന്റെയും ഒരിക്കലും അവസാനിക്കാത്ത പ്രാര്‍ത്ഥനയുടെയും സന്ദേശകയായി നഥാലി അറിയപ്പെടുന്നു.
മാനസാന്തരപ്പെടുന്നതിനായി പരിശുദ്ധ മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ ജപമാല സന്ദേശകയാവുന്നു മേരി ക്ലൈയര്‍. ‘മാനസാന്തരപ്പെടുവിന്‍, മാനസാന്തരപ്പെടുവിന്‍, മാനസാന്തരപ്പെടുവിന്‍!’ മേരി ക്ലൈയറിലൂടെ മാതാവ് ലോകത്തോട് പറഞ്ഞു. ജനങ്ങള്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന ഭയാനകമായ കാഴ്ച മാതാവ് മൂന്നു കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.

1982 ആഗസ്റ്റ് 19 ന് മരണം, ആക്രമണം, രക്തം, അഗ്നി, നാശം എന്നിങ്ങനെയുളള ഭയാനകമായ ദര്‍ശനങ്ങള്‍ മൂന്നു കുട്ടികള്‍ക്കുമുണ്ടായി. എല്ലായിടത്തും അവര്‍ രക്തപ്രവാഹം കണ്ടു. വെട്ടിയെടുത്ത മനുഷ്യരുടെ തലകള്‍ മറുവശത്ത്. ഇങ്ങനെ ഭയാനകമായ കാഴ്ചകള്‍ ഒട്ടേറെ. മൂന്നു സ്‌കൂള്‍ കുട്ടികള്‍ക്കുമുണ്ടായ ഭയാനകമായ കാഴ്ചകള്‍ 1994 ലെ റുവാണ്ടന്‍ വംശഹത്യയില്‍ കലാശിച്ചു.

മൂന്നു മാസത്തിനുളളില്‍ ദശലക്ഷകണക്കിനു റുവാണ്ടന്മാര്‍ അയല്‍പക്കക്കാരാലും, സുഹൃത്തുക്കളാലും, അതിലുപരി സ്വന്തം കുടുംബാംഗങ്ങളാലും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തുട്‌സികളായിരുന്നു. റുവാണ്ടയിലെ ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു തുട്‌സികള്‍. എന്നാല്‍, റുവാണ്ടയിലെ മുമ്പുണ്ടായ ബെല്‍ജിയന്‍ കൊളോണിയല്‍ ഭരണകാലത്ത് അവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചു. തുട്‌സി ഹുത്തു എന്നീ ഇരു വിഭാഗക്കാരും കൊല്ലപ്പെട്ടു. എല്ലായിടവും രക്തക്കളമായി മാറി, ശവശരീരങ്ങള്‍ അനാഥമായി വഴിയോരങ്ങളില്‍ കിടന്നു. തീര്‍ത്തും വേദനാജനകമായ കാഴ്ച.

വിശുദ്ധ ജപമാല: വംശഹത്യ തടയാനുളള ആയുധം
മാതാവിന്റെ ദര്‍ശകരിലൂടെ പരിശുദ്ധ മാതാവ് ക്രിസ്തുവിന്റെ സ്‌നേഹവും ക്ഷമയും സ്വീകരിക്കുന്നതിനായി അവളുടെ സഹായം തേടാന്‍ എല്ലാ റുവാണ്ടക്കാരെയും പ്രേരിപ്പിച്ചു. ദിനംപ്രതി ജപമാല ചൊല്ലുക എന്നതാണ് ദൈവപിതാവിന്റെ സ്‌നേഹവും ക്ഷമയും ലഭിക്കുന്നതിനായുളള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. മാതാവ് കൂട്ടിച്ചേര്‍ത്തു. പ്രലോഭനത്തിനും, തിന്മയ്ക്കും എതിരായി നമ്മെ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ഉപകരണങ്ങളില്‍ ഒന്നാണ് ജപമാല. ഏതു മതസ്ഥരായാലും ദിവസം ഒരു തവണയെങ്കിലും ജപമാല ചൊല്ലാനായി മാതാവ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തര്‍ക്കും പ്രത്യേക ആത്മീയ അഭിവൃദ്ധിയും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തു.

പരിശുദ്ധ കന്യകാമറിയത്തോടൊപ്പം യേശു തന്നെ കിബേഹോയിലെ ദര്‍ശകര്‍ക്ക് പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടു, ജനങ്ങളെ അവരുടെ പാപങ്ങളില്‍ നിന്നും അനുതപിക്കാനും നീതിബോധത്തോടെ ജീവിക്കാനും പ്രേരിപ്പിച്ചു. ജനങ്ങള്‍ തങ്ങളുടെ വര്‍ഗ്ഗീയ വിദ്വേഷം മാറ്റിവെച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ച് കന്യകാ മറിയത്തെ പോലെ തന്നെ അവിടുന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വംശഹത്യാ സമയത്ത് എന്ത് സംഭവിച്ചു?
1994 ഏപ്രില്‍ 6 മുതല്‍ ജൂലൈ 16 വരെ ഏകദേശം 800,000 റുവാണ്ടന്‍ തുട്‌സികളും ചില മിതവാദി ഹുത്തൂസും റുവാണ്ടന്‍ വംശഹത്യയില്‍ കൊല്ലപ്പെടുകയുണ്ടായി. ദിനംപ്രതി അനേകം പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും കൊല്ലപ്പെട്ടു. മൂന്നു മാസത്തിലേറെ ഈ കൊടുംക്രൂരത നിലനിന്നു. 100 ദിവസത്തോളം നീണ്ടുനിന്ന വംശഹത്യയില്‍ ഏകദേശം 250,000 സ്ത്രീകള്‍ പീഡനത്തിനിരയായി. വംശഹത്യ സമയത്ത് പീഡനത്തിനിരയായ 30% സ്ത്രീകളും എയ്ഡ്‌സ് ബാധിതരുമായിത്തീര്‍ന്നു. വംശഹത്യമൂലം എത്രയോ സ്ത്രീകള്‍ വിധവകളായി, എത്രയോ കുട്ടികള്‍ അനാഥരായി. മനുഷ്യത്വത്തിന് എന്ത് സംഭവിക്കും എന്നതിനുളള മുന്നറിയിപ്പാണ് റുവാണ്ടന്‍ വംശഹത്യ.

‘ലോകത്തിലെ എല്ലാത്തിനെയുംകാള്‍ ശക്തനാണ് ദൈവം എന്ന സത്യം മറക്കരുത്… മഹാവിപത്തിന്റെ അങ്ങേ അറ്റത്താണ് ഇന്ന് ലോകം. പ്രാര്‍ത്ഥനയിലൂടെ നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കുക. ദൈവത്തിലൂടെ മാത്രമേ എല്ലാം സാധ്യമാവുകയുളളൂ. നിങ്ങള്‍ ദൈവത്തില്‍ അഭയം പ്രാപിക്കുന്നില്ല എങ്കില്‍ ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ നിങ്ങള്‍ എവിടെ ചെന്ന് ഒളിക്കും?’ (ഔവര്‍ ലേഡി ഓഫ് കിബേഹോ.)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles