രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 7

അധ്യായം 2 – ദൈവജനം

9) പുതിയ ഉടമ്പടിയും പുതിയ ജനവും

എല്ലാക്കാലത്തും എല്ലാ ജനതകളിലും തന്നെ ഭയപ്പെടുന്നവരും നീതിപ്രവര്‍ത്തിക്കുന്നവരും ദൈവത്തീനു സ്വീകാര്യരാണ് (അപ്പ. 10:35). എങ്കിലും, പരസ്പരബന്ധത്തില്‍നിന്ന് ഒറ്റപ്പെട്ടവരായി, ഒറ്റയ്‌ക്കൊറ്റയ്ക്ക് അവരെ രക്ഷിക്കാനല്ല, ഒരു ജനപദമായ തന്നെ അറിയുകയും തന്നെ വിശുദ്ധിയോടെ ശുശ്രൂഷിക്കുകയും ചെയ്യുന്നവരായി അവരെ രൂപവത്കരിക്കാനാണ് ദൈവം തിരുമനസ്സായത്. സത്യത്തില്‍ അതുകൊണ്ട് ഇസ്രായേല്‍ ജനതയെ സ്വന്തം ജനമായി തിരഞ്ഞെടുത്ത് അവിടുന്ന് അവരോട് ഉടമ്പടി സ്ഥാപിച്ച ക്രമേണ അവരെ പരിശീലിപ്പിക്കുകയും ചെയ്തു.

തന്നത്തന്നെയും തന്റെ ഇച്ഛയ്ക്കനുസരിച്ച് പദ്ധതിയെയും അവരുടെ ചരിത്രത്തില്‍ വെളിപ്പെടുത്തിക്കൊണ്ടും അവരെ തനിക്കു വേണ്ടിത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടുമായിരുന്നു ഇതു ചെയ്തത്. എന്നാല്‍, ഇവയെല്ലാം മിശിഹായില്‍ ഉറപ്പിക്കപ്പെടാനിരുന്ന പരിപൂര്‍ണ്ണമായ പുതിയ ഉടമ്പടിയുടെയും മാംസം ധരിച്ച ദൈവവചനം വഴി നല്കാനിരുന്ന കൂടുതല്‍ സമ്പൂര്‍ണമായ വെളിപാടിന്റെയും ഒരുക്കമായും പ്രതിരൂപമായും സംഭവിച്ചവയായിരുന്നു. ‘കര്‍ത്താവ് അരുള്‍ച്ചെയ്യുന്നു: ഇസ്രായോല്‍ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു. ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും, അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. വലുപ്പച്ചെറുപ്പമന്യേ അവരെല്ലാവരും എന്നെ അറിയും’ (ജറ. 31:31, 34).

ഈ പുതിയ ഉടമ്പടി, അതായത്, തന്റെ തിരുരക്തത്തിലുള്ള പുതിയ നിയമമാകുന്ന ഉടമ്പടി (1 കോറി 11:25) മിശിഹാ സ്ഥാപിച്ചത്, യഹൂദരില്‍നിന്നും വിജാതീയരില്‍നിന്നും അംഗങ്ങളെ വിളിച്ച്, ഒരു ജനതയാക്കിക്കൊണ്ടാണ്. ജഡപ്രകാരമല്ല, പ്രത്യുത, ദൈവാത്മാവില്‍ ഒന്നാകുന്നതിനും പുതിയ ദൈവജനമാകുന്നതിനും വേണ്ടിയാണിത്. എന്തെന്നാല്‍, മിശിഹായില്‍ വിശ്വസിക്കുന്നവര്‍ നശ്വരമായ ബീജത്തില്‍ നിന്നല്ല പുതിയതായി ജനിച്ചത്; പ്രത്യുത, അനശ്വരമായ സജീവ ദൈവവചനത്തില്‍ നിന്നാണ് (1 പത്രോ. 1:23). മാംസത്തില്‍ നിന്നല്ല; പ്രത്യുത ജലത്തില്‍ നിന്നും പരിശുദ്ധാത്മാവില്‍ നിന്നുമാണ് (യോഹ 3:5, 6). ആത്യന്തികമയീ, ‘തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദത്തെടുക്കപ്പെട്ട ജനതയും, മുന്‍പ് ഒരു ജനമല്ലാതിരുന്നവരും ഇപ്പോള്‍ ദൈവത്തിന്റെ ജനമായിത്തീര്‍ന്നവരുമാണ് (1 പത്രോ 2:9, 10) ഇവര്‍.

ഈ മെസയാനിക ജതനപദത്തിന്റെ ശിരസ്സ് മിശിഹായാണ്. നമ്മുടെ അപരാധങ്ങളെപ്രതി മരണത്തിന് ഏല്‍പ്പിക്കപ്പെടുകയും നമ്മുടെ നീതിക്കായി ഉയിര്‍പ്പിക്കപ്പെടുകയും’ ചെയ്തവനും (റോമ 4:25), ഇപ്പോള്‍ എല്ലാ നാമത്തിനും ഉപരിയായ നാമം സ്വീകരിച്ച്, സ്വര്‍ഗത്തില്‍ മഹത്വത്തോടെ വാഴുന്നവനുമാ മിശിഹാതന്നെ. ഈ ജനത്തിന് ദൈവമക്കളെന്ന സ്ഥാനവും സ്വാതന്ത്ര്യവും അവകാശമായി ലഭിക്കുന്നു.

അവരുടെ ഹൃദയങ്ങളില്‍ ദൈവാത്മാവ് ഒരു ദൈവാലയത്തിലെന്നപോലെ വസിക്കുന്നു. ഇവര്‍ക്കുള്ള നിയമം, മിശിഹാതന്നെ നമ്മെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാനുള്ള പുതിയ നിയമമാണ് (യോഹ 13:34). ഇവരുടെ ആത്യന്തിക ലക്ഷ്യം ദൈവരാജ്യമാണ്. ഈ ദൈവരാജ്യം ഈ ലോകത്തില്‍ ആരംഭിച്ചത് ദൈവം തന്നെയാണ്. സമയത്തിന്റെ സമാപ്തിയില്‍ അവന്‍തന്നെ പൂര്‍ണതയില്‍ എത്തുക്കുന്നതുവരെ വിസ്തൃതമാക്കപ്പെടേണ്ടതാണ് ഈ രാജ്യം. അന്ന് മിശിഹാ പ്രത്യക്ഷനാകുകയും നമ്മുടെ ജീവനും (കൊളോ 3:4) ‘സൃഷ്ടി മുഴുവനും ജീര്‍ണതയുടെ അടമത്തത്തില്‍ നിന്ന് മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും’ ചെയ്യും (റോമ 8:21).

അപ്രകാരം തന്നെ ഈ മെസയാനിക ജനം, മനുഷ്യകുലം മുഴുവനും ഉള്‍ക്കൊള്ളുകയില്ലെങ്കിലും, പലപ്പോഴും ചെറിയൊരു അജഗണമായി കാണപ്പെടാമെങ്കിലും, മനുഷ്യവംശത്തിനു മുഴുവന്‍ ഐക്യത്തിന്റെയും പ്രത്യാശയുടെയും രക്ഷയുടെയും ഏറ്റവും ബലിഷ്ഠമായ മുകുളമാണ്. ജീവന്റെയും സ്‌നേഹത്തിന്റെയും സത്യത്തിന്റെയും സംസര്‍ഗത്തില്‍ മിശിഹായാല്‍ സ്ഥാപിക്കപ്പെട്ട്, അവനാല്‍ത്തന്നെ എല്ലാവരുടെയും വീണ്ടെടുപ്പിന്റെ ഉപകരണമായി സ്വീകരിക്കപ്പെട്ട്, ലോകത്തിന്റെ പ്രകാശമായും ഭൂമിയുടെ ഉപ്പായും (മത്താ 5:13-16) സര്‍വലോകത്തിലേക്കും ഈ ജനം അയയ്ക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles