കൂദാശാനുകരണങ്ങളെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എന്തു പറയുന്നു?

അധ്യായം മൂന്ന്
മറ്റുകൂദാശകളും കൂദാശാനുകരണങ്ങളും

ഖണ്ഡിക – 59
മറ്റു കൂദാശകളുടെ സ്വഭാവം

കൂദാശകൾ ലക്ഷ്യം വയ്ക്കുന്നത് മനുഷ്യരുടെ വിശുദ്ധീകരണം, മിശിഹായുടെ ശരീരത്തിന്റെ പണിതുയർത്തൽ, ദൈവത്തിന് ആരാധനയർപ്പിക്കൽ എന്നിവയെയാണ്. അടയാളങ്ങളെന്ന നിലയ്ക്ക് അവ പ്രബോധനത്തിന്റെയും ഭാഗമാണ്. അവ മുൻകൂട്ടിയുള്ള വിശ്വാസത്തിന്റെ അടയാളം മാത്രമല്ല, പ്രത്യുത, വാക്കുകളാലും കർമസാധനങ്ങളാലും അതിനെ വളർത്തുകയും ശക്തിപ്പെടുത്തുകയും പ്രകടിതമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് വിശ്വാസത്തിന്റെ കൂദാശകളെന്ന് അവയെ വിളിക്കുന്നു. അവ വരപ്രസാദം നല്കുന്നുവെന്നുമാത്രമല്ല, അവയുടെ പരികർമം വിശ്വാസികളെ ആ വരപ്രസാദം ഫലപ്രദമായി സ്വീകരിക്കാനും ദൈവത്തെ യഥാവിധി ആരാധിക്കാനും സ്നേഹം അഭ്യസിക്കാനും ഏറ്റവും ഭംഗിയായി ഒരുക്കുന്നു. തന്നിമിത്തം വിശ്വാസികൾ കൂദാശകളിലെ അടയാളങ്ങൾ സുഗമമായി മനസ്സിലാക്കുകയും കൂദാശകൾ തീക്ഷ്ണതാപൂർവം കൂടക്കൂടെ സ്വീകരിക്കുകയും ചെയ്യേണ്ടത് സർവപ്രധാനമാണ്. അവ സ്ഥാപിതമായിരിക്കുന്നത് ക്രിസ്തീയ ജീവിതത്തിന്റെ പരിപോഷണത്തിനുവേണ്ടിയാണല്ലോ.

ഖണ്ഡിക – 60 
കൂദാശകൾ

ഇവകൂടാതെ പരിശുദ്ധസഭാമാതാവ് കൂദാശാനുകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു കൂദാശയുടെ മാതൃകയിൽ, ഫലങ്ങൾ, പ്രത്യേകിച്ചും ആത്മികഫലങ്ങൾ സൂചിപ്പിക്കാനും സഭയുടെ മാധ്യസ്ഥ്യംവഴി അവ ലഭിക്കാനുമുള്ള അടയാളങ്ങളാണ് അവ. മനുഷ്യർ അവവഴി കൂദാശകളുടെ പ്രധാനപ്പെട്ട ഫലങ്ങൾ പ്രാപിക്കാൻ ഒരുക്കപ്പെടുന്നു. ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങൾ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

ഖണ്ഡിക – 61
തന്നിമിത്തം കൂദാശകളുടെയും 
കൂദാശാനുകരണങ്ങളുടെയും ആരാധനക്രമംവഴി വിശ്വാസികൾ വേണ്ടവിധം ഒരുക്കപ്പെട്ട് എല്ലാ ജീവിതസാഹചര്യങ്ങളും തന്നെ മിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യത്തിൽനിന്നൊഴുകുന്ന ദൈവകൃപയാൽ വിശുദ്ധീകരിക്കപ്പെടുന്നതിന് ഇടയാകുന്നു. ഇതിൽനിന്നാണ് എല്ലാ കൂദാശകളും കൂദാശാനുകരണങ്ങളും അവയുടെ ശക്തി സ്വീകരിക്കുന്നത്. മിക്കവാറും ഭൗതികവസ്തുക്കളുടെ മാന്യമായ ഒരു ഉപയോഗവും മനുഷ്യന്റെ ലക്ഷ്യം വിശുദ്ധീകരിക്കുന്നതിനോ മഹത്ത്വപ്പെടുത്തുന്നതിനോവേണ്ടി തിരിച്ചുവിടാൻ കഴിയാത്തതായില്ല.

ഖണ്ഡിക – 62
കൂദാശക്രമത്തിന്റെ നവീകരണം

കാലത്തിന്റെ പ്രയാണത്തിൽ കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും കർമക്രമത്തിൽ അവയുടെ സ്വഭാവമോ ലക്ഷ്യസാക്ഷാത്കാരമോ ആധുനികകാലത്തിന് വേണ്ടവണ്ണം തെളിച്ചു കാട്ടാതിരിക്കുന്ന എന്തെങ്കിലും കടന്നുകൂടുകയോ അവയിൽ ചില ഭാഗങ്ങൾ നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അനുരൂപപ്പെടേണ്ടത് ആവശ്യകമായിരിക്കുകയോ ചെയ്യുന്നുവെങ്കിൽ, അവയുടെ പുനരവലോകനം സംബന്ധിച്ച് താഴെവരുന്ന കാര്യങ്ങൾ ഈ പരിശുദ്ധ സൂനഹദോസ് കല്പിക്കുന്നു:

ഖണ്ഡിക – 63
ഭാഷ സംബന്ധിച്ച്

കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും പരികർമത്തിൽ ജനങ്ങൾക്ക് മാതൃഭാഷയുടെ ഉപയോഗം പലപ്പോഴും വളരെയേറെ പ്രയോജനകരമാകമെന്നതുകൊണ്ട്, അതിനുവേണ്ടി താഴെവരുന്ന നിയമങ്ങൾക്കനുസൃതമായി കൂടുതൽ അവസരം നൽകേണ്ടതാണ്:

  1. a. കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും പരികർമത്തിൽ 36-ാം വകുപ്പനുസരിച്ച് മാതൃഭാഷ ഉപയോഗിക്കാവുന്നതാണ്.
  2. b. റോമൻ കർമവിധിയുടെ പുതിയ പതിപ്പനുസരിച്ച്, ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങൾക്ക്, ഭാഷയുടെ കാര്യത്തിലുൾപ്പെടെ അനുരൂപപ്പെടുത്തി, വകുപ്പ് 22:2-ൽ

പറയുന്ന പ്രാദേശിക സഭാധികാരത്തിൽനിന്ന് എത്രയും വേഗം അതിന്റെ പ്രാദേശികപതിപ്പുകൾ തയ്യാറാക്കി, ശൈഹികസിംഹാസനത്തിന്റെ നടപടിവഴി അംഗീകരിച്ച് ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഉപയോഗിക്കണം. ഈ ‘റിത്വാലേ’കൾ, അഥവാ കർമവിധികളുടെ പ്രത്യേക സംഹിതകൾ രൂപവത്കരിക്കുമ്പോൾ, റോമൻ കർമവിധിയിൽ ഓരോ റീത്തിനുംവേണ്ടി എടുത്തുപറഞ്ഞിരിക്കുന്ന അജപാലനപരമോ, കർമവിധി സംബന്ധിച്ചിട്ടുള്ളതോ, പ്രത്യേക സാമൂഹിക പ്രാധാന്യമുള്ളവയോ ആയ നിർദേശങ്ങൾ വിട്ടുകളയാൻ പാടില്ലാത്തതാകുന്നു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles