ആരാധനക്രമത്തിന്റെ പ്രബോധനപരവും അജപാലനപരവുമായ സ്വഭാവത്തിൽനിന്നുള്ള നിയമങ്ങൾ
C – ആരാധനക്രമത്തിന്റെ പ്രബോധനപരവും അജപാലനപരവുമായ സ്വഭാവത്തിൽനിന്നുള്ള നിയമങ്ങൾ
ഖണ്ഡിക – 33
ആരാധനാക്രമം
ആരാധനക്രമം പ്രധാനമായും ദൈവമഹത്ത്വത്തിന്റെ ആരാധനയാണെങ്കിലും അത് വിശ്വാസികളായ ജനങ്ങൾക്കുള്ള പ്രബോധനവും വളരെയേറെ ഉൾക്കൊള്ളുന്നുണ്ട്. കാരണം, ആരാധനക്രമത്തിൽ ദൈവം തന്റെ ജനത്തോടു സംസാരിക്കുകയാണ്; മിശിഹാ തന്റെ സുവിശേഷപ്രഘോഷണം തുടരുകയാണ്. ജനങ്ങളാകട്ടെ, ദൈവത്തോട് കീർത്തനങ്ങളും പ്രാർത്ഥനകളുംവഴി പ്രത്യുത്തരിക്കുകയാണ്.
തീർച്ചയായും മിശിഹായുടെ പ്രതിപുരുഷനായി സമൂഹത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുന്ന പുരോഹിതന്റെ പ്രാർത്ഥനകൾ വിശുദ്ധജനം മുഴുവന്റെയും സമീപസ്ഥരായ എല്ലാവരുടെയും നാമത്തിൽ ദൈവത്തോടു നേരിട്ട് ഉണർത്തിക്കുകയാണ്. അദൃശ്യമായ ദൈവികകാര്യങ്ങൾ സൂചിപ്പിക്കാൻ ആരാധനക്രമത്തിലുപയോഗിക്കുന്ന ദൃശ്യമായ അടയാളങ്ങൾ മിശിഹായാലോ സഭയാലോ തിരഞ്ഞെടുക്കപ്പെട്ടവയാണ്. അതുകൊണ്ട്, “നമ്മുടെ പ്രബോധനത്തിനുവേണ്ടി എഴുതപ്പെട്ടവ” (റോമാ 15:4) വായിക്കുമ്പോൾ മാത്രമല്ല, സഭ പ്രാർത്ഥിക്കുകയോ പാടുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോഴും അതിൽ ഭാഗഭാക്കുകളാകുന്നവരുടെ വിശ്വാസം പരിപോഷിപ്പിക്കപ്പെടുകയും ദൈവസാന്നിദ്ധ്യത്തിലേക്കു ഹൃദയങ്ങൾ ഉജ്ജ്വലിപ്പിക്കപ്പെടുകയും അതുവഴി അവർ അവിടത്തേക്ക് സമുചിതമായ ആരാധനയർപ്പിക്കുകയും അവിടത്തെ കൃപ അതിസമൃദ്ധമായി സ്വീകരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, നവീകരണങ്ങൾ വരുത്തുമ്പോൾ താഴെപ്പറയുന്ന പൊതുനിയമങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു.
ഖണ്ഡിക – 34
കർമകമങ്ങളുടെ പൊരുത്തം
ആരാധനക്രമം മഹത്ത്വപൂർണമായ ലാളിത്യത്താൽ പ്രശോഭിക്കണം; മിതഭാഷണം വഴി വ്യക്തമായിരിക്കണം; നിഷ്പ്രയോജനമായ ആവർത്തനങ്ങൾ ഒഴിവാക്കണം. വിശ്വാസികളുടെ ഗ്രഹണശക്തിക്ക് അനുരൂപപ്പെടുത്തിയവയായിരിക്കണം. അവ പൊതുവേ ഏറെ വിശദീകരണങ്ങൾ ആവശ്യമുള്ളതാകരുത്.
ഖണ്ഡിക – 35
വിശുദ്ധ ലിഖിതം, വചനപ്രഘോഷണം, ആരാധനക്രമം
ആരാധനക്രമത്തിൽ കർമവും വചനവും തമ്മിൽ അവഗാഢം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നു കാണപ്പെടുന്നതിനുവേണ്ടി:
- വിശുദ്ധ ആഘോഷങ്ങളിൽ ധാരാളമായി, വൈവിധ്യപൂർണവും യുക്തവുമായ വിശുദ്ധഗ്രന്ഥവായനകൾ ഉൾപ്പെടുത്തണം.
- ആരാധനക്രമത്തിന്റെ ഭാഗമെന്ന നിലയിൽ, കർമത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച്, സുവിശേഷപ്രഘോഷണത്തിന് ഏറ്റവും ഉചിതമായ സ്ഥലം കർമവിധികളിൽത്തന്നെ രേഖപ്പെടുത്തിയിരിക്കണം. പ്രഘോഷണശുശൂഷ വിശ്വസ്തതമായും ഭംഗിയായും നിർവഹിക്കണം. ഇത് പ്രധാനമായും വിശുദ്ധ ലിഖിതങ്ങളുടെയും ആരാധനക്രമത്തിന്റെയും ഭണ്ഡാഗാരങ്ങളിൽനിന്ന് സമാഹൃതമായിരിക്കണം; എന്തെന്നാൽ അവ രക്ഷാചരിത്രത്തിൽ ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികളുടെ. അഥവാ, നമ്മിൽ സദാ, പ്രത്യേകിച്ച് ആരാധനക്രമ ആഘോഷത്തിൽ സന്നിഹിതമാകുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മിശിഹായുടെ രഹസ്യത്തിന്റെ പ്രഘോഷണമാണ്.
- ആരാധനക്രമം കൂടുതൽ നേരിട്ടു പരാമർശിക്കുന്ന വേദപഠനം എല്ലാവിധത്തിലും ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. കർമ്മവിധികളിൽത്തന്നെ, ആവശ്യമെങ്കിൽ, വൈദികനോ, അധികാരമുള്ള മറ്റു ശുശ്രൂഷികളോ വളരെ ഉചിതമായ സമയത്ത്, ഉചിതമായ നിർദേശങ്ങളിലൂടെയും അതുപോലെതന്നെയുള്ള വാക്കുകളിലൂടെയും ഹ്രസ്വമായ പ്രബോധനങ്ങൾ നല്കാനും ശ്രമിക്കണം.
- പ്രത്യേകിച്ചും വൈദികരുടെ വൈരള്യമുള്ള സ്ഥലങ്ങളിൽ ആഘോഷപൂർവകമായ തിരുനാളുകളുടെ തലേനാളുകളിലും ആഗമനകാലത്തെയും വലിയ നോമ്പിലെയും ചില ഇടദിവസങ്ങളിലും ഞായറാഴ്ചകളിലും തിരുനാളുകളിലും ദൈവവചനശുശ്രുഷ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അങ്ങനെയുള്ളിടത്ത് ഡീക്കനോ മെത്രാൻ നിയമിക്കുന്ന മറ്റാരെങ്കിലുമോ ആഘോഷത്തിനു നേതൃത്വം വഹിക്കാവുന്നതാണ്.
ഖണ്ഡിക – 36
ആരാധനക്രമഭാഷ
- പ്രാദേശികനിയമങ്ങൾക്കു വിഘാതമാകാതെ, ലത്തീൻഭാഷയുടെ ഉപയോഗം ലത്തീൻ റീത്തുകളിൽ നിലനിറുത്തേണ്ടതാണ്.
- പരിശുദ്ധ കുർബാനയിലോ മറ്റു കൂദാശകളുടെ പരികർമത്തിലോ മറ്റ് ആരാധനക്രമ ഭാഗങ്ങളിലോ പലപ്പോഴും മാതൃഭാഷയുടെ ഉപയോഗം ജനങ്ങൾക്കു വളരെയേറെ പ്രയോജനപ്രദമാകാമെന്നതുകൊണ്ട്, അതിന് കൂടുതൽ അവസരം നല്കാവുന്നതാണ് – പ്രത്യേകിച്ചും താഴെവരുന്ന ശീർഷകങ്ങളിൽ ഇതുസംബന്ധിച്ച് പ്രത്യേകം നല്കുന്ന നിയമങ്ങൾക്കനുസൃതമായി വായനകൾ, നിർദേശങ്ങൾ, ചില പ്രാർത്ഥനകൾ, ഗീതങ്ങൾ ഇവയിൽ.
- ഈദൃശ നിയമങ്ങൾ പാലിച്ചുകൊണ്ട്, മാതൃഭാഷയുടെ ഉപയോഗം, രീതി എന്നിവ നിർണയിക്കുന്നതിനുള്ള അധികാരം, ആവശ്യമെങ്കിൽ അതേഭാഷ ഉപയോഗിക്കുന്ന അയൽപ്രദേശങ്ങളിലെ മെത്രാന്മാരോട് ആലോചിച്ചശേഷം, പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരത്തിനോ സ്ഥിരീകരണത്തിനോ വിധേയമായ നടപടികൾവഴി22:2 വകുപ്പിൽ പറയും പ്രകാരം അംഗീകൃത പ്രാദേശികസഭാധികാരത്തിനുള്ളതാണ്.
- ആരാധനക്രമത്തിലെ ഉപയോഗത്തിനായി ലത്തീൻ ഭാഷയിൽനിന്ന് മാതൃഭാഷയിലേക്കുള്ള വിവർത്തനത്തിന് മേല്പറഞ്ഞ പ്രാദേശികസഭാധികാരത്തിന്റെ അംഗീകാരം ആവശ്യമാണ്.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.