കത്തോലിക്കാ സഭ പരിശുദ്ധ കന്യകയെ വണങ്ങുന്നത് എപ്രകാരമാണെന്ന് അറിയാമോ?

IV – സഭയിൽ ഭാഗ്യവതിയായ കന്യകയുടെ വണക്കം

ഖണ്ഡിക – 66
മരിയവണക്കത്തിന്റെ സ്വഭാവവും അടിസ്ഥാനവും

ദൈവപുത്രൻ കഴിഞ്ഞാൽ എല്ലാ മാലാഖമാരിലും മനുഷ്യരിലും ഉപരിയായി ദൈവകൃപയാൽ ഉയർത്തപ്പെട്ട മറിയത്തെ ദൈവത്തിന്റെ ഏറ്റവും പരിശുദ്ധയായ മാതാവും മിശിഹായുടെ രഹസ്യങ്ങളിൽ പങ്കുകാരിയുമെന്ന നിലയിൽ വിശേഷവണക്കത്താൽ സഭ സന്യായം ബഹുമാനിക്കുന്നു. അതുകൊണ്ട് അതിപുരാതനകാലം മുതൽ ഭാഗ്യവതിയായ കന്യക “ദൈവമാതാവ്” എന്ന അഭിധാനത്തിൽ സയുക്തികം വണങ്ങപ്പെടുന്നു. അവളുടെ സംരക്ഷണത്തിൽ വിശ്വാസികൾ എല്ലാ അപകടങ്ങളിലും ആവശ്യങ്ങളിലും പ്രാർത്ഥനാനിർഭരരായി അഭയം ഗമിക്കുന്നു.

എഫേസൂസ് കൗൺസിൽ മുതൽ പ്രത്യേകിച്ചും, ദൈവജനത്തിന്റെ മറിയത്തോടുള്ള ഭക്തി, വണക്കത്തിലും സ്നേഹത്തിലും യാചനയിലും അനുകരണങ്ങളിലും അവളുടെതന്നെ പ്രവാചകവാക്യത്തിനനുസൃതമായിത്തന്നെ അദ്ഭുതകരമായി വളർന്നു. “സകല തലമുറകളും എന്നെ അനുഗൃഹീത എന്നു പ്രകീർത്തിക്കും, എന്തെന്നാൽ, ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു” (ലൂക്കാ1:48,49). തിരുസഭയിൽ എന്നുമുണ്ടായിരുന്ന ഈ വണക്കം മറ്റെല്ലാ വണക്കങ്ങളെക്കാളും വളരെ പ്രത്യേകമാണ്. പിതാവിനോടും പരിശുദ്ധാത്മാവിനോടുമെന്നപോലെതന്നെ അവതാരംചെയ്ത വചനത്തോടും പ്രകടിപ്പിക്കുന്നതും അവിടത്തേക്കു സർവഥാ അർഹവുമായ ആരാധനയിൽനിന്ന് സത്താപരമായി അതു വ്യത്യസ്തമാണ്.

സ്ഥലകാലസാഹചര്യങ്ങൾക്കും വിശ്വാസികളുടെ സ്വഭാവത്തിനും പ്രവണതയ്ക്കുമനുസരിച്ച്, വിവേകപൂർണവും പരമ്പരാഗതവുമായ പ്രബോധനങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽനിന്നുകൊണ്ട് സഭ ദൈവമാതാവിനോടുള്ള പല ഭക്തിമുറകൾക്കും അംഗീകാരം നല്കിയിട്ടുണ്ട്. ഇതു നിർവഹിക്കുന്നത്, അമ്മ ബഹുമാനിക്കപ്പെടുമ്പോൾ, എല്ലാം ആർക്കുവേണ്ടിയാണോ (കൊളോ 1:15,16) ആരിൽ സർവസമ്പൂർണതയും നിവസിക്കണമെന്ന്” (കൊളോ 1:19) പിതാവ് തിരുമനസ്സായോ ആ പുത്രൻ വേണ്ടവിധം അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും അവന്റെ കല്പനകൾ പാലിക്കപ്പെടുകയും ചെയ്യേണ്ടതിനുവേണ്ടിയാണ്.

ഖണ്ഡിക – 67
അജപാലനനിയമങ്ങൾ

ഈ വിശുദ്ധ സൂനഹദോസ് കത്തോലിക്കാസിദ്ധാന്തം അവധാനപൂർവം പഠിപ്പിക്കുന്നു. അതോടൊപ്പം, ഭാഗ്യവതിയായ കന്യകയുടെ നേർക്കുള്ള ഭക്തി, പ്രത്യേകിച്ച് ആരാധനകമപരമായ ഭക്തി ഔദാര്യപൂർവം പരിപോഷിപ്പിക്കണമെന്ന് ഉപദേശിക്കുന്നു. കൂടാതെ, സഭയുടെ പ്രബോധനാധികാരം നൂറ്റാണ്ടുകളുടെ ഗതിയിൽ നിർദേശിച്ചിട്ടുള്ള ഭക്തിമുറകളും നടപടികളും വിലമതിക്കണമെന്നും മുൻകാലങ്ങളിൽ മിശിഹായുടെ തിരുസ്വരൂപവും ഭാഗ്യവതിയായ കന്യകമറിയത്തിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വണങ്ങുന്നതിനെപ്പറ്റി കല്പിച്ചിട്ടുള്ളവ ഭക്തിപൂർവം പാലിക്കണമെന്നും സഭ സ്വസന്താനങ്ങളെയെല്ലാം പഠിപ്പിക്കുന്നു.

ദൈവമാതാവിന്റെ അനന്യമായ മഹത്ത്വത്തെപ്പറ്റി ചിന്തിക്കുമ്പോൾ തെറ്റായ അതിവർണനയും അതുപോലെതന്നെ അതിരുകവിഞ്ഞ സങ്കുചിതമനഃസ്ഥിതിയും ശ്രദ്ധാപൂർവം ഒഴിവാക്കേണ്ടതാണെന്ന് തിരുസഭ ദൈവശാസ്ത്രജ്ഞന്മാരെയും ദൈവവചനപ്രഘോഷകരെയും ഗൗരവപൂർവം ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധ ലിഖിതങ്ങളുടെയും വിശുദ്ധ പിതാക്കന്മാരുടെയും വേദപാരംഗതരുടെയും സഭയുടെ ആരാധനക്രമങ്ങളുടെയും ബോധനങ്ങൾ സഭാപ്രബോധനാധികാരത്തിന്റെ നിയന്ത്രണത്തിൽ ശരിയായി വിശകലനം ചെയ്ത്, ഭാഗ്യവതിയായ കന്യകയുടെ പ്രവർത്തനങ്ങളും വിശേഷവരങ്ങളും നന്നായി വ്യക്തമാക്കുകയും ചെയ്യണം. അവ എപ്പോഴും എല്ലാ സത്യത്തിന്റെയും വിശുദ്ധിയുടെയും ഭക്തിയുടെയും ഉറവിടമായ മിശിഹായെ  ലക്ഷ്യംവയ്ക്കുന്നവയായിരിക്കും.

വേർപെട്ടുനില്ക്കുന്ന സഹോദരങ്ങളെയോ മറ്റ് ആരെയെങ്കിലുമോ സഭയുടെ ശരിയായ പ്രബോധനത്തെപ്പറ്റി വാക്കുകളിലും പ്രവൃത്തികളിലും തെറ്റുധാരണയിൽ ഉൾപ്പെടുത്താൻ ഇടയായേക്കാവുന്നവയെല്ലാം ശ്രദ്ധാപൂർവം ഒഴിവാക്കണം. ശരിയായ ഭക്തി ഫലശൂന്യവും ക്ഷണഭംഗുരവുമായ വികാരത്തിൽനിന്നോ പൊള്ളയായ ചില അന്ധവിശ്വാസം കൊണ്ടോ അല്ല, പ്രത്യുത, ശരിയായ വിശ്വാസത്തിൽ നിന്നാണ് ഉദ്ഭൂതമാകുന്നതെന്ന് വിശ്വാസികൾ പ്രത്യേകിച്ചും ഓർമിക്കണം. ഈ വിശ്വാസമാണ് ദൈവമാതാവിന്റെ വൈശിഷ്ട്യത്തെക്കുറിച്ചുള്ള അറിവിലേക്കു നയിക്കുന്നതും നമ്മുടെ അമ്മയുടെ നേരേയുള്ള പുത്രസഹജമായ സ്നേഹത്തിലേക്കും അവളുടെ നന്മകളുടെ അനുകരണത്തിലേക്കും നമ്മെ പ്രചോദിപ്പിക്കുന്നതും.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles