ഈശോയുടെ ബാല്യത്തിലും പരസ്യജീവിതകാലത്തും മറിയം എന്തു ചെയ്യുകയായിരുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു

ഖണ്ഡിക – 57     
മറിയവും ഈശോയുടെ ബാല്യവും

രക്ഷാകർമത്തിൽ മാതാവും പുത്രനും തമ്മിലുള്ള ശ്രേയസ്കരമായ ഈ ഐക്യം മിശിഹായുടെ കന്യകാജനനം മുതൽ അവിടത്തെ മരണംവരെ പ്രത്യക്ഷമാകുന്നുണ്ട്. ആദ്യമായി, ഇതു നാം കാണുന്നത് മറിയം എഴുന്നേറ്റ് തിടുക്കത്തിൽ എലിസബത്തിനെ സന്ദർശിക്കാൻ പോകുകയും രക്ഷയിലുള്ള വാഗ്ദാനത്തിൽ വിശ്വസിച്ചുകൊണ്ട് അനുഗൃഹീതയെന്നു വിളിക്കപ്പെടുകയും മുന്നോടിയായ യോഹന്നാൻ സ്വമാതാവിന്റെ ഉദരത്തിൽ കുതിച്ചുചാടുകയും ചെയ്തപ്പോഴാണ് (ലൂക്കാ 1:41,45). ഈ ഐക്യം നമ്മുടെ കർത്താവിന്റെ ജനനത്തിലും പ്രകടമാണ്. അവിടന്ന് തന്റെ അമ്മയുടെ കന്യാത്വ സമഗതയെക്കുറിച്ചില്ലെന്നുമാത്രമല്ല അതിനെ വിശുദ്ധീകരിക്കുകയും ചെയ്തു. ദേവമാതാവ് തന്റെ ഏകജാതനെ ഇടയന്മാർക്കും വിജ്ഞാനികൾക്കും അതിരറ്റ സന്തോഷത്തോടെ കാണിച്ചുകൊടുത്തപ്പോൾ ഈ ഐക്യം പ്രകടമായി. ദേവാലയത്തിൽവച്ച് ദരിദ്രരുടെ കാഴ്ചയുമർപ്പിച്ച് അവനെ കർത്താവിനു സമർപ്പിച്ചപ്പോൾ, ഈ പുത്രൻ ഭാവിയിൽ തർക്കത്തിന്റെ അടയാളമാകുമെന്നും ഇവന്റെ അമ്മയുടെ ഹൃദയം പലരുടെയും ഹൃദയവിചാരങ്ങൾ വെളിപ്പെടുമാറ് വാളാൽ മുറിപ്പെടുമെന്നും ശെമയോൻ പ്രവചിക്കുന്നത് അവൾ കേട്ടു (ലൂക്കാ 2:34,35). കാണാതായ ബാലനായ ഈശോയെ സങ്കടത്തോടെ അന്വേഷിക്കുകയും അവന്റെ മാതാപിതാക്കന്മാർ അവനെ ദേവാലയത്തിൽ അവന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേ കണ്ടെത്തുകയും ചെയ്തു. തിരുസുതന്റെ വാക്കുകൾ അവർക്കു മനസ്സിലായില്ല. “അവന്റെ അമ്മയാകട്ടെ, ഇക്കാര്യങ്ങളെല്ലാം തന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2:41-51).

ഖണ്ഡിക – 58
മറിയവും പരസ്യജീവിതവും

ഈശോയുടെ പരസ്യജീവിതത്തിൽ അവിടത്തെ അമ്മ വ്യക്തമായി ആരംഭത്തിൽത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. അവൾ തന്റെ മാധ്യസ്ഥ്യംവഴി കാനായിലെ കല്യാണവിരുന്നിൽ ഈശോമിശിഹായുടെ ആദ്യത്തെ അദ്ഭുതം ചെയ്യാൻ കരുണയാൽ ആർദ്രചിത്തയായി പ്രേരിപ്പിക്കുന്നു  (യോഹ 2:1-11). പ്രഘോഷണത്തിനിടയിൽ, ദൈവരാജ്യം സങ്കല്പങ്ങൾക്കും ജഡരക്തങ്ങളുടെ ബന്ധങ്ങൾക്കും ഉപരിയാണെന്ന് ഈശോ പ്രസംഗിച്ചു. അതുവഴി അവൾ വിശ്വസ്തതയോടെ ചെയ്തിരുന്നതുപോലെ (ലൂക്കാ 2-19,51) ദൈവവചനം കേൾക്കുന്നവരും കാത്തുസൂക്ഷിക്കുന്നവരും ഭാഗ്യവാന്മാരാണെന്നു (മർക്കോ3:35; ലൂക്കാ 11:27, 28) പ്രഖ്യാപിച്ച് അവന്റെ വചനങ്ങൾക്ക് അവൾ പാത്രീഭൂതയായി. ഇങ്ങനെ ഭാഗ്യവതിയായ കന്യക വിശ്വാസത്തിന്റെ തീർത്ഥാടനത്തിൽ മുന്നേറുകയും തനിക്കു പുത്രനോടുള്ള ഐക്യം കുരിശുവരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അവിടെ അവൾ ദൈവികകൃപദ്ധതിയനുസരിച്ചുതന്നെയാണ് നിലകൊണ്ടത് (യോഹ 19:25). തന്റെ ഏക ജാതനോടുകൂടെ തീവമായി വേദനിച്ചുകൊണ്ട് അവിടത്തെ ബലിയിൽ മാത്യസഹജമായ ഹൃദയത്തോടെ അവൾ സഹകരിച്ചു. താൻ ജനിപ്പിച്ച ആ “ബലിമൃഗത്തെ ഹോമിക്കാൻ സ്നേഹസമന്വിതം സമ്മതം നല്കി. അവസാനം കുരിശിൽ മരിക്കുന്ന ഈശോമിശിഹാ സ്വശിഷ്യനു മാതാവായി ഈ വാക്കുകളിൽ അവളെ നല്കി. “സ്ത്രീയേ, ഇതാ നിന്റെ മകൻ”  (യോഹ 19:26, 27).

ഖണ്ഡിക – 59
മറിയം സ്വർഗാരോഹണത്തിനുശേഷം

മിശിഹാ വാഗ്ദാനം ചെയ്ത ആത്മാവിനെ ചൊരിയുന്നതിനുമുമ്പ് മനുഷ്യരക്ഷയുടെ കൂദാശ ഔദ്യോഗികമായി വെളിപ്പെടുത്താതിരിക്കാൻ ദൈവം ആഗ്രഹിച്ചതുകൊണ്ട്, പന്തക്കുസ്താദിനത്തിനുമുമ്പു നാം കാണുന്നത് ശ്ലീഹന്മാർ “ഏകമനസ്സോടെ സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയത്തോടും അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാർത്ഥനയിൽ വിശ്വാസ്തതയോടെ നിന്നിരുന്നതായും” (അപ്പ 1:14) മറിയം തന്റെ പ്രാർത്ഥനയിൽ, മംഗലവാർത്തയിൽ തന്നിൽ ആവസിച്ചിരുന്ന പരിശുദ്ധാത്മാവിന്റെ ദാനത്തിനായി യാചിക്കുന്നതുമാണ്. അവസാനം, കറയില്ലാത്ത ഈ കന്യക ജന്മപാപത്തിന്റെ എല്ലാ കറയിലും നിന്നു ഒഴിവാക്കി സംരക്ഷിക്കപ്പെട്ടവളായി, 12 ഈലോകജീവിതപവാസം പൂർത്തിയാക്കി ആത്മശരീരങ്ങളോടെ സ്വർഗീയമഹത്ത്വത്തിൽ സംവഹിക്കപ്പെടുകയും ചെയ്തു. കർത്താക്കളുടെ കർത്താവും (വെളി 19:16) പാപത്തെയും മരണത്തെയും ജയിച്ചവനുമായ തന്റെ സുതനോടു കൂടുതൽ പൂർണമായി അനുരൂപപ്പെടാൻ വേണ്ടി കർത്താവാൽപ്രപഞ്ചറാണിയായി അവൾ അവരോധിക്കപ്പെടുകയും ചെയ്തു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles