വിശുദ്ധരോടുള്ള യഥാര്‍ത്ഥ വണക്കം എങ്ങനെയായിരിക്കണം എന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌

51      സൂനഹദോസിന്റെ അജപാലന നിലപാടുകൾ

സ്വർഗീയമഹിമയിലുള്ളവരും മരണശേഷം ശുദ്ധീകരിക്കപ്പെടുന്നവരുമായ സഹോദരരോടുള്ള സജീവസമ്പർക്കത്തെക്കുറിച്ചുള്ള നമ്മുടെ പൂർവികരുടെ സ്തുത്യർഹമായ വിശ്വാസം അതീവ ഭക്തിപുരസ്സരം ഈ പരിശുദ്ധ സൂനഹദോസ് സ്വീകരിക്കുന്നു. നിഖ്യാ II ഫ്ളോറൻസ്, ത്രെന്തോസ് സൂനഹദോസുകളുടെ ആജ്ഞാപനങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം, ഏതെങ്കിലും ദുർവിനിയോഗമോ അമിതത്വമോ ന്യൂനതയോ അവിടവിടെ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ നിയന്ത്രിക്കുകയോ തിരുത്തുകയോ ചെയ്യുകയും സകലതും മിശിഹായുടെയും ദൈവത്തിന്റെയും മഹത്ത്വത്തിനായി പുനഃക്രമവത്കരിക്കുകയും ചെയ്യണമെന്ന് ഈ സൂനഹദോസ് അതിന്റെ അജപാലന ഔൽസുക്യംനിമിത്തം ബന്ധപ്പെട്ട എല്ലാവരെയും ഉപദേശിക്കുകയും ചെയ്യുന്നു.

വിശുദ്ധരോ ടുള്ള യഥാർത്ഥമായ വണക്കം ബാഹ്യപ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനെക്കാൾ, നമ്മുടെ യഥാർത്ഥ സ്നേഹത്തിന്റെ തീവ്രതയിലാണ് അടങ്ങിയിരിക്കുന്നതെന്നും ഇതുവഴി നമ്മുടെയും തിരുസഭയുടെയും ഉപരിനന്മയ്ക്കായി വിശുദ്ധരുടെ “പെരുമാറ്റത്തിന്റെ സന്മാതൃകയും പങ്കുചേരൽ വഴിയുള്ള കൂട്ടായ്മയും മാധ്യസ്ഥ്യം വഴിയുള്ള സഹായവുമാണ് നാം അന്വേഷിക്കുന്നതെന്നും വിശ്വാസികളെ പഠിപ്പിക്കണം.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്വർഗയരോടുള്ള നമ്മുടെ സംസർഗം, വിശ്വാസത്തിന്റെ കൂടുതൽ വെളിച്ചത്തിൽ  ചിന്തിക്കുമ്പോൾ, മിശിഹാവഴി പരിശുദ്ധാത്മാവിൽ പിതാവിനോട് അതോടൊപ്പംതന്നെ നടത്തുന്ന ആരാധനയ്ക്കു ഭംഗം വരുത്തുന്നില്ലെന്നു മാത്രമല്ല, പ്രത്യുത, അതിനെ വളരെയേറെ സമ്പന്നമാക്കുന്നുവെന്നും വിശ്വാസികളെ പഠിപ്പിക്കണം. എന്തെന്നാൽ, നാമെല്ലാവരും മിശിഹായിൽ ഒരേ കുടുംബമായിത്തീർന്നിരിക്കുന്നു (ഹെബാ 3:6).

ദൈവമക്കളായ നാമെല്ലാം പരസ്പരസ്നേഹത്തിലും ഒരേ അതിപരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കായി കൂട്ടുചേർന്നും സഭയിലൂടെ ഏറ്റവും സ്നേഹനിർഭരമായ വിളിക്കു പ്രത്യുത്തരം നല്കുകയും അന്ത്യമഹത്ത്വത്തിലെ ആരാധനയിൽ മുന്നാസ്വാദനത്തിലൂടെ പങ്കുപറ്റുകയുമാണ്. കാരണം, മിശിഹാ പ്രത്യക്ഷനായി മരിച്ചവരുടെ മഹത്ത്വപൂർണമായ ഉത്ഥാനം സംഭവിക്കുമ്പോൾ ദൈവത്തിന്റെ തേജസ്സ് സ്വർഗീയ നഗരത്തെ പ്രകാശിപ്പിക്കുകയും ദിവ്യകുഞ്ഞാട് അതിന്റെ ദീപമായിരിക്കുകയും ചെയ്യും (വെളി 21:23).

അന്ന് വിശുദ്ധരുടെ തിരുസഭ മുഴുവനും സ്നേഹത്തിന്റെ പരമോന്നത സൗഭാഗ്യത്തിൽ ദൈവത്തെയും “അറക്കപ്പെട്ട കുഞ്ഞാടിനെയും” (വെളി 5:12) ഏകസ്വരത്തിൽ, “സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും” (വെളി 13:13) എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ആരാധിക്കും.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles