നമ്മുടെ വിളി യുഗാന്തവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

അധ്യായം 7
തീര്‍ത്ഥാടക സഭയുടെ യുഗാന്തോന്മുഖ സ്വഭാവവും അതിന് സ്വര്‍ഗീയസഭയോടുള്ള ഐക്യവും

48)  നമ്മുടെ വിളിയുടെ യുഗാന്തോന്മുഖഭാവം

മിശിഹായിൽ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് തിരുസഭയിലേക്കാണ്. അതിനാലാണ് ദൈവകൃപയാൽ നാം വിശുദ്ധി സമ്പാദിക്കുന്നതും. സകലത്തിന്റെയും പുനഃസ്ഥാപനകാലം സമാഗതമാകുകയും (അപ്പ 3:21) മനുഷ്യകുലവും മനുഷ്യനോട് ഗാഢമായി ബന്ധിക്കപ്പെട്ട് ലക്ഷ്യത്തിലെത്തിച്ചേരുന്ന ലോകം മുഴുവനും മിശിഹായിൽ നവീകരിക്കപ്പെടുകയും (എഫേ 1:10; കോളോ 1:20; പത്രോ 3:10-13) ചെയ്യുമ്പോൾ മാത്രമേ സ്വർഗ്ഗീയ മഹത്ത്വത്തിൽ ഇൗ സഭ പരിസമാപ്തിയിൽ എത്തുകയുള്ളൂ.

ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടവനായ മിശിഹാ എല്ലാവരെയും തന്നിലേക്ക് ആകർഷിച്ചു (യോഹ 12:32); മരിച്ചവരിൽനിന്നുയിർത്തു (റോമാ 6:9 ); ജീവിപ്പിക്കുന്ന തന്റെ ആത്മാവിനെ ശിഷ്യന്മാരിലേക്കയച്ചു. ആ ആത്മാവുവഴി സഭയാകുന്ന തന്റെ ശരീരം രക്ഷയുടെ സാർവത്രികകൂദാശയായി സ്ഥാപിച്ചു. പിതാവിന്റെ വലത്തുവശത്ത് ഉപവിഷ്ടനായി അവിടന്ന് നിരന്തരം ഭൂമിയിൽ പ്രവർത്തിക്കുന്നു. അതുവഴി മനുഷ്യരെ തിരുസഭയുടെ പക്കലേക്ക് ആനയിക്കുന്നതിനും അവൾവഴി കൂടുതൽ ഗാഢമായി തന്നോടു സംയോജിപ്പിക്കുന്നതിനും സ്വന്തം ശരീരവും രക്തവുംവഴി അവരെ പരിപോഷിപ്പിച്ചുകൊണ്ട് തന്റെ മഹത്ത്വപൂർണമായ ജീവിതത്തിൽ അവരെ പങ്കാളികളാക്കുന്നതിനും വേണ്ടിയാണത്. അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന, വാഗ്ദാനം ചെയ്യപ്പെട്ട പുനഃസ്ഥാപനം മിശിഹായിൽ ആരംഭിച്ചുകഴിഞ്ഞു. പരിശുദ്ധാത്മാവിന്റെ പ്രേഷണത്തിൽ അതു മുന്നേറുകയും അവിടന്നുവഴി സഭയിൽ തുടരുകയും ചെയ്യുന്നു. ഈ സഭയിൽ വിശ്വാസം വഴി നമ്മുടെ ഭൗമിക ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് നമ്മൾ പ്രബോധിപ്പിക്കപ്പെടുന്നു. അതുവഴി പിതാവ് നമ്മിൽ ആരംഭിച്ച് ഈ ഭൂമിയിൽ നമ്മെ ഭരമേല്പിച്ചിരിക്കുന്ന ജോലി ഭാവിനന്മകളുടെ പ്രതീക്ഷയിൽ തുടരുന്നു (ഫിലി 2:12). യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത് (1 കോറി 10:11).

ലോകത്തിന്റെ പുനർനിർമാണം പിൻവലിക്കപ്പെടാനാവാത്തവിധം സുസ്ഥാപിതമായിരിക്കുന്നു. ഈ ലോകത്തിൽത്തന്നെ യഥാർത്ഥമായ ഒരു രീതിയിൽ അതു മുൻകൂട്ടി നിലവിൽവന്നുകഴിഞ്ഞു. കാരണം, തിരുസഭ ഇപ്പോൾത്തന്നെ ലോകത്തിൽ അപൂർണമെങ്കിലും യഥാർത്ഥമായ വിശുദ്ധിയാൽ മുദ്രിതയായിരിക്കുന്നു. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുന്നതുവരെ (2പതോ 3:13) തീർത്ഥാടകസഭ, അവളുടെ കൂദാശകൾവഴിയും ആധുനികയുഗത്തിന് അനുരൂപമായ ക്രമവത്കരണങ്ങൾ വഴിയും നശ്വരമായ ഈ ലോകത്തിന്റെ ഛായ ധരിക്കുന്നു.

ഇതുവരെയും നെടുവീർപ്പിടുകയും പ്രസവവേദന അനുഭവിക്കുകയും ദൈവമക്കളുടെ വെളിപ്പെടുത്തൽ പ്രതീക്ഷിക്കുകയും (റോമാ 8:19-22) സൃഷ്ടികളുടെയിടയിൽ വ്യാപരിക്കുകയും ചെയ്യുന്നു.  അതിനാൽ, തിരുസഭയിൽ മിശിഹായോട് യോജിച്ചിരിക്കുകയും നമ്മുടെ അവകാശത്തിന്റെ അച്ചാരമായ പരിശുദ്ധാത്മാവാൽ മുദ്രിതരായിരിക്കുകയും ചെയ്യുന്ന (എഫേ 1:14) നമ്മൾ യഥാർത്ഥത്തിൽ ദൈവമക്കളെന്നു വിളിക്കപ്പെടുകയും അങ്ങനെ ആയിരിക്കുകയും ചെയ്യുന്നു (1യോഹ 3:1); എങ്കിലും, നാം ഇതുവരെയും മിശിഹായോടുകൂടെ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല (കൊളോ 3:4). അതിൽ നാം ദൈവത്തെപ്പോലെയാകും, എന്തുകൊണ്ടെന്നാൽ അവിടന്ന് ആയിരിക്കുന്നതുപോലെ അവിടത്തെ നാം കാണും  (1 യോഹ 3:2). അതുകൊണ്ട്, “ഞങ്ങൾ ശരീരത്തിൽ വസിക്കുന്നിടത്തോളംകാലം കർത്താവിൽനിന്ന് അകലെയാണെന്ന് ഞങ്ങളറിയുന്നു” (2കോറി 5:6). ആത്മാവിന്റെ ആദ്യഫലമുള്ളവരായ നാമും നമ്മുടെ ഉള്ളിൽ നെടുവീർപ്പിടുകയും (റോമാ 8:23) മിശിഹായോടൊത്ത് ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു (ഫിലി 1:23). ആ സ്നേഹത്താൽത്തന്നെ, നമുക്കുവേണ്ടി മരിച്ച് ഉത്ഥാനം ചെയ്തവനുവേണ്ടി ഇനിയും ജീവിക്കാൻ നാം നിർബന്ധിക്കപ്പെടുന്നു (2കോറി 5:15).

അതുകൊണ്ട് എല്ലാറ്റിലും കർത്താവിനെ പ്രസാദിപ്പിക്കാൻ ഞങ്ങൾ അദ്ധ്വാനിക്കുന്നു (2കോറി 5:9). സാത്താന്റെ ഗൂഢതന്ത്രങ്ങളെ എതിർത്തുനില്ക്കാനും തിന്മയുടെ ദിനത്തിൽ പ്രതിരോധിക്കാനും ദൈവത്തിന്റെ രക്ഷാകവചം ഞങ്ങൾ അണിയുന്നു (എഫേ 6:11-13). അതുകൊണ്ട് കർത്താവ് മുന്നറിയിപ്പുതരുന്നതനുസരിച്ച്, ആ ദിവസമോ മണിക്കൂറോ നാം അറിയാത്തതുകൊണ്ട് നാം നിരന്തരം ശ്രദ്ധാലുക്കളാകേ ണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, നമ്മുടെ ഒരേയൊരു ഭൗമികജീവൻ അവസാനിക്കുമ്പോൾ (ഹെബ്രാ 9:27) അവനോടുകൂടെ വിവാഹവിരുന്നിനു പ്രവേശിക്കാനും അനുഗൃഹീതരോടൊത്ത് എണ്ണപ്പെടാൻ യോഗ്യരാകാനും വേണ്ടിയാണിത് (മത്താ 25:31- 46). മറിച്ച്, ദുഷ്ടനും മടിയനുമായ മൃത്യനെപ്പോലെ (മത്താ 25:26) നിത്യാഗ്നിയിലേക്ക് (മത്താ25:41), കരച്ചിലും പല്ലുകടിയുമുള്ള (മത്താ 22:13, 25, 30) പുറത്തുള്ള അന്ധകാരത്തിലേക്കു പോകുന്നതിന് നാം കല്പിക്കപ്പെടാതിരിക്കാൻ വേണ്ടിയാണിത്. എന്തുകൊണ്ടെന്നാൽ, നാം മിശിഹായോടുകൂടെ മഹത്ത്വപൂർണരായി ഭരിക്കുന്നതിനുമുമ്പ് “ഓരോരുത്തരും ശരീരത്തിലൂടെ ചെയ്തിട്ടുള്ള നന്മതിന്മകൾക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കേണ്ടിവരും” (2കോറി 5:10).

ലോകാവസാനത്തിൽ “നന്മചെയ്തവർ ജീവന്റെ ഉയിർപ്പിനായ്, തിന്മചെയ്തവർ ശിക്ഷാവിധിയുടെ ഉയിർപ്പിനുമായി പുറത്തുവരും” (യോഹ 5:29; മത്താ 25:46). “ഇന്നത്തെ കഷ്ടതകൾ, നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു തുലനം ചെയ്യാവുന്നതല്ലെന്നു” (റോമാ 8:18, 2 തിമോ 2:11-12) കണക്കാക്കി, വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് “നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്ത്വത്തിന്റെ പ്രത്യക്ഷീകരണവും അനുഗ്രഹപൂർണമായ പ്രത്യാശയും നാം കാത്തിരിക്കുന്നു” (തീത്തോ 2:13).  “അവൻ നമ്മുടെ എളിയശരീരം തന്റെ മഹത്ത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും”  (ഫിലി 3:21). “കർത്താവ് തന്റെ വിശുദ്ധരിൽ മഹത്ത്വപ്പെടുന്നതിനും ഞങ്ങൾ നിങ്ങൾക്കു നല്കിയ സാക്ഷ്യം വിശ്വസിച്ചതിലൂടെ വിശ്വാസികളായ സകലരിലും അദ്ഭുതവിഷയമാകുന്നതിനും ആ ദിവസം കർത്താവു വരും” (2തെസ്സ 1:10).

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles