സന്ന്യാസാന്തസിന്റെ പ്രാധാന്യവും സ്വഭാവവും

അദ്ധ്യായം 6 – സന്ന്യാസിമാര്‍

44)  സന്ന്യാസാന്തസിന്റെ പ്രാധാന്യവും സ്വഭാവവും

വ്രതങ്ങള്‍ വഴിയോ പ്രകൃത്യാ അവയ്ക്കു തുല്യമായ കെട്ടുപാടുകള്‍ വഴിയോ ഒരു ക്രൈസ്തവ വിശ്വാസി മേല്പറഞ്ഞ മൂന്നു സുവിശേഷോപദേശങ്ങള്‍ക്കായി സ്വയം കടപ്പെടുത്തുകയും ദൈവശുശ്രൂഷയ്ക്കായും അവിടത്തെ മഹത്വത്തിനായും പുതിയതും പ്രത്യേകവുമായ ഒരു അവകാശത്താല്‍ സ്വയം നിയുക്തനാകുന്നവിധം താന്‍ സര്‍വോപരി സ്‌നേഹിക്കുന്ന ദൈവത്തിന് സമ്പൂര്‍ണമായി ദാസനാവുകയും ചെയ്യുന്നു. മാമ്മോദീസാ വഴി അയാള്‍ പാപത്തിനു മരിച്ച് ദൈവത്തിനു പ്രതിഷ്ഠിതനായിരിക്കുന്നു, എന്നാല്‍, മാമ്മോദീസായുടെ കൃപാവരത്തിന്റെ കൂടുതല്‍ സമൃദ്ധമായ ഫലം സ്വായത്തമാക്കാന്‍ കഴിയേണ്ടതിന്, സുവിശേഷ പുണ്യങ്ങളുടെ സഭയിലുള്ള വാഗ്ദാനം വഴി, സ്‌നേഹത്തിന്റെ തീക്ഷ്ണതയില്‍ നിന്നും ദൈവാരാധനയുടെ പൂര്‍ണതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാദ്ധ്യതയുള്ള തടസ്സങ്ങളില്‍നിന്ന് അയാള്‍ സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ കൂടുതല്‍ അഗാധമായി അയാള്‍ ദൈവശുശ്രൂഷയ്ക്ക് സമര്‍പ്പിതനാകണം. തിരുസഭയാകുന്ന മണവാട്ടിയോട് അവിഭാജ്യമായ ബന്ധത്താല്‍ സംയോജിതനായ മിശിഹായ്ക്ക് എത്ര കൂടുതല്‍ ഉറപ്പുള്ളതും സ്ഥിരവുമായ ബന്ധത്താല്‍ പ്രതിനിധാനം ചെയ്യുന്നുവോ അത്ര കൂടുതല്‍ ഈ പ്രതിഷ്ഠ പൂര്‍ണമായിരിക്കും.

സുവിശേഷോപദേശങ്ങള്‍ അവ നേടിത്തരുന്ന സ്‌നേഹം വഴഇ അവയുടെ ഉപാസകരെ തിരുസഭയോടും അവളുടെ രഹസ്യത്തോടും പ്രത്യേകവിധം സംയോജിപ്പിക്കുന്നതിനാല്‍ അവരുടെ ആത്മികജീവിതം സഭയുടെ മുഴുവന്‍ നന്മയ്ക്കും അര്‍പ്പിതമാകണം. ഇതില്‍ നിന്ന് അവരുടെ കഴിവിനൊത്ത് സ്വന്തം ദൈവവിളിയുടെ പ്രത്യേകസ്വഭാവത്തിനനുസൃതമായി പ്രാര്‍ത്ഥനവഴിയോ യഥാര്‍ത്ഥ ബാഹ്യപ്രവര്‍ത്തനങ്ങള്‍ വഴിയോ ആത്മാക്കളില്‍ മിശിഹായുടെ രാജ്യം വേരുറപ്പിച്ച് ശക്തിപ്പെടുത്താനും അത് എല്ലാ ദേശങ്ങളിലും വ്യാപിപ്പിക്കാനും വേണ്ടി അദ്ധ്വാനിക്കാനുള്ള കടമ ഉരുത്തിരിയുന്നു. ഇക്കാരണത്താലാണ് തിരുസഭ വിവിധ സന്ന്യാസ സ്ഥാപനങ്ങളുടെ സ്വകീയസ്വഭാവം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

അതുകൊണ്ട്, സുവിശേഷോപദേശവ്രതവാഗ്ദാനം സഭയുടെ എല്ലാ അംഗങ്ങളെയും ക്രിസ്തീയദൈവവിളിയുടെ കടമകള്‍ സോത്സാഹം നിറവേറ്റുന്നതിന് ഫലവത്തായി ആകര്‍ഷിക്കാന്‍ കഴിവുള്ള, കഴിയേണ്ട അടയാളമായി നിലകൊള്ളുന്നു. ദൈവജനത്തിന് ഇവിടെ, നിലനില്ക്കുന്ന പട്ടണമില്ലാത്തതുകൊണ്ടും വരാനിരിക്കുന്ന നഗരം അവര്‍ അന്വേഷിക്കുന്നതുകൊണ്ടും സന്ന്യാസജീവിതം സ്വന്തം ഉപാസകരെ ഭൗതികവ്യഗ്രതകളില് നിന്ന് ഉത്തരോത്തരം സ്വതന്ത്രരാക്കുന്നു. അതുപോലെതന്നെ, ഈ ലോകത്തില്‍ ഇപ്പോള്‍ത്തന്നെയുള്ള സ്വര്‍ഗീയനന്മകളെ എല്ലാ വിശ്വാസികള്‍ക്കും കൂടുതല്‍ വെളിവാക്കുകയും മിശിഹായുടെ വീണ്ടെടുപ്പില്‍ നേടിയ നവവും നിത്യവുമായ ജീവനു സാക്ഷ്യം നല്കുകയും അത് ഭാവിയില്ലാത്ത സ്വര്‍ഗരാജ്യത്തിലെ ഉത്ഥാനത്തെയും മഹത്വത്തെയും മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ഇത് പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിനായി ഈ ലോകത്തില്‍ ആഗതനായ ദൈവപുത്രന്‍ സ്വീകരിക്കുകയും തന്നെ അനുഗമിക്കുന്ന ശിഷ്യര്‍ക്കു നിര്‍ദ്ദേശിക്കുകയും ചെയ്ത അതേ ജീവിതക്രമം അതിതീക്ഷ്ണമായി അനുവര്‍ത്തിക്കുകയും സഭയില്‍ ശാശ്വതമായി അവതരിപ്പിക്കുകയും ചെയ്യുന്നു. സന്ന്യാസജീവിതം ഭൗതികമായ സകലതിന്റെയുംമീതെ ദൈവരാജ്യത്തിനുള്ള ഔന്നത്യത്തെയും അതിന്റെ അവശ്യബന്ധങ്ങളെയും സുതരാം വ്യക്തമാക്കുകയും ചെയ്യുന്നു. ഭരിക്കുന്ന മിശിഹായുടെ ശക്തിയുടെ അതിമഹനീയമായ വൈപുല്യവും സഭയില്‍ അദ്ഭുതകരമായി പ്രവര്‍ത്തനനിരനായ പരിശുദ്ധാത്മാവിന്റെ അപരിമേയമായ പ്രാബല്യവും സന്ന്യാസം സകല മനുഷ്യര്‍ക്കും തെളിയിച്ചുകൊടുക്കുകയും ചെയ്യുന്നു.

അതിനാല്‍, സുവിശേഷോപദേശങ്ങളുടെ വ്രതവാഗ്ദാനത്താല്‍ സ്ഥാപിക്കപ്പെടുന്ന ജീവിതാന്തസ്സ് സഭയുടെ ഹയരാര്‍ക്കിക്കല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും അതിന്റെ ജീവിതത്തോടും വിശുദ്ധിയോടും ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles