രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 4


6) സഭയുടെ സാദൃശ്യങ്ങള്‍

പഴയനിയമത്തില്‍ ‘രാജ്യ’ത്തിന്റെ വെളിപാട് സാധാരണയായി സാദൃശ്യങ്ങലിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ, ഇന്നും സഭയുടെ സ്വഭാവം വിവിധ പ്രതീകങ്ങളിലൂടെ നമുക്കു വെളിവാക്കപ്പെടുന്നു. ഇടയവൃത്തി, കൃഷി, ഭവനനിര്‍മിതി, കുടുംബം, വിവാഹബന്ധം മുതലായവയില്‍നിന്നു സ്വീകൃതമായ ഈ പ്രതിബംബങ്ങള്‍ പ്രവാചക ലിഖിതങ്ങളിലൂടെ ഉരുത്തിരിയുകയായിരുന്നു.

അങ്ങനെ, സഭ ഒരു അജഗേഹവും അതിന്റെ ഏകവും അവശ്യവുമായ കവാടം മിശിഹായുമാണ് (യോഹ10:1-10). താന്‍ തന്നെ ഏതിന്റെ അജപാലകനായിരിക്കുമെന്ന് ദൈവം മുന്‍കൂട്ടി അറിയിച്ചുവോ ആ അജഗണവും ഇതുതന്നെ (ഏശ. 40:41; എസെ 34:11). ഇതിലെ അജഗണം മാനുഷിക അജപാലകരാല്‍ ഭരിക്കപ്പെടുന്നെങ്കിലും മിശിഹായാല്‍ത്തന്നെ നിരന്തരമായി നയിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവിടുന്നാണ് നല്ല ഇടയനും ഇടയന്മാരുടെ തലവനും (യോഹ. 10:11, പത്രോ. 5:4). അവിടുന്നാണ് ആടുകള്‍ക്കായി ജീവനര്‍പ്പിച്ചത് (യോഹ. 10:11-15).

സഭ ദൈവത്തിന്റെ കൃഷി, അഥവാ വിളവയലാണ് (1 കോറി. 3:9). ഗോത്രാധിപന്മാരാകുന്ന വിശുദ്ധമായ വേരില്‍, ഈ കൃഷിഭൂമിയിലാണ് പുരാതനമായ ഒലിവുവൃക്ഷം വളരുന്നതും യഹൂദരുടെയും വിജാതീയരുടെയും അനുരഞ്ജനം സാധിച്ചതും, സാധിക്കാനിരിക്കുന്നതും (റോമാ 11:13-26). ഈ സഭ സ്വര്‍ഗീയ കര്‍ഷകനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മുന്തിരിപോലെ കൃഷി ചെയ്യപ്പെട്ടു (മത്താ. 21:33-43; ഏശ. 5:1). ശാഖകള്‍ക്കു ജീവനും ഫലദായകത്വവും നല്‍കുന്ന സാക്ഷാല്‍ മുന്തിരി മിശിഹായാണ്. നാമാണ് ശിഖരങ്ങള്‍. സഭ വഴിയായി നാം അവനില്‍ വസിക്കുന്നു. അവിടുത്തെക്കൂടാതെ ഒന്നും ചെയ്യാന്‍ നമുക്കു സാദ്ധ്യവുമല്ല (യോഹ. 15:1-5).

സഭയെ പലപ്പോഴും ദൈവത്തിന്റെ ഭവനമെന്നും പറയുന്നു (1കോറി. 3:9). പണിക്കാര്‍ ഉപേക്ഷിച്ചു കളയുകയും എന്നാല്‍, മൂലക്കല്ലാക്കപ്പെടുകയും ചെയ്ത കല്ലിനോട് കര്‍ത്താവു തന്നത്തന്നെ താരതമ്യപ്പെടുത്തി (മത്താ 21:42; അപ്പ. 4:11; 1 പത്രോ. 2:7; സങ്കീ. 117:22). ആ അടിസ്ഥാനത്തിന്മേല്‍ സഭ ശ്ലീഹന്മാരാല്‍ പണിയപ്പെട്ടു (1 കോറി 3:11). അവനില്‍ നിന്നുതന്നെ അതു കെട്ടുറപ്പും സംസക്തിയും സ്വീകരിക്കുന്നു. ഈ ഭവനം പല അഭിധാനങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. ദൈവത്തിന്റെ കുടുംബം വസിക്കുന്ന ഭവനം (1 തിമോ. 3:15). പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ അധിവാസസ്ഥലം (ഏഫേ. 2:19-22). മനുഷ്യരോടൊത്ത് ദൈവത്തിന്റെ കൂടാരം (വെളി. 21:3), സര്‍വോപരി, പരിശുദ്ധ ദേവാലയം. ഈ ദേവാലയം കല്ലുകളാല്‍ നിര്‍മിതമായ പരിശുദ്ധദേവാലയങ്ങളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്ന് വിശുദ്ധ പിതാക്കന്മാര്‍ പ്രകീര്‍ത്തിച്ചിട്ടുള്ളതും ദൈവാരാധനയില്‍ സകാരണം പുതിയ ജറുസലേമെന്നപേരില്‍ വിശുദ്ധ നഗരത്തോടു തുല്യത കല്പിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്തുകൊണ്ടെന്നാല്‍, ഇതില്‍ സജീവശിലകളെന്നവിധം ഇവിടെ ഈ ഭൂമിയില്‍ നാം പണിയപ്പെടുന്നു (1 പത്രോ. 2:5). ഈ വിശുദ്ധ നഗരത്തെ യോഹന്നാന്‍ ദര്‍ശിക്കുന്നത് ലോകം പുതുതാക്കപ്പെടുന്ന വേളയില്‍ സ്വന്തം മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട വധുവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന് ഇറങ്ങിവരുന്നവളായാണ് (വെളി. 21:1)

‘ഉന്നത ജറുസലേം’ കൂടിയായ സഭ ‘നമ്മുടെ മാതാ’വെന്നും വിളിക്കപ്പെടുന്നു (ഗലാ. 4:26; വെളി 12:17); കറയില്ലാത്ത ചെമ്മരിയാടിന്റെ നിര്‍മല മണവാട്ടിയായി വിവരിക്കപ്പെടുന്നു (വെളി. 19:7; 21:2-9; 22:17). അവളെ മിശിഹാ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ കൈയേല്‍പ്പിക്കുകയും ചെയ്തു (എഫേ. 5:25-26). അലംഘ്യമായ ഒരു ഉടമ്പടിയാല്‍ അവളോടു തന്നത്തന്നെ ബന്ധിക്കുകയും അവളെ നിരന്തരമായി ‘പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു’ (എഫേ. 5:29). അവളെ നിര്‍മലയാക്കി തന്നോടു സംയോജിപ്പിക്കാനും സ്‌നേഹത്തിലും വിശ്വസ്തതയിലും തനിക്കു വിധേയയാക്കാനും അഭിലഷിച്ചു (എഫേ. 5:24). സര്‍വ വിജ്ഞാനത്തെയും അതിശയിക്കുന്ന വിധത്തില്‍, ദൈവത്തിനും മിശിഹായ്ക്കും നമ്മോടുള്ള സ്‌നേഹം നാം മനസ്സിലാക്കുന്നതിനു വേണ്ടി അത്രമാത്രം സ്വാര്‍ഗീയ നന്മകള്‍ അവളുടെ മേല്‍ അവിടന്ന് സദാകാലം നിറയ്ക്കുകയും ചെയ്തു (എഫേ 3:19). ഇപ്പോള്‍ ഈ ലോകത്തില്‍ തന്റെ നാഥനില്‍ നിന്നകന്ന് പരദേശയാത്ര ചെയ്യുന്ന സഭ (2 കോറി 5:6) തന്നത്തന്നെ പ്രവാസിനിയായി കരുതുകയും ഉന്നതങ്ങളിലുള്ളവയെ അന്വേഷിക്കുകയും അവയെപ്പറ്റി വിചാരിക്കുകയും ചെയ്യുന്നു. അവിടെയാണ് സഭയുടെ ജീവന്‍ മിശിഹായോടൊത്തു ദൈവത്തില്‍, തന്റെ പ്രിയമണവാളനോടൊത്തു മഹത്വത്തില്‍, പ്രത്യക്ഷയാകുന്നതുവരെ മറഞ്ഞിരിക്കുന്നത് (കൊളോ. 3:3-4).

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles