ഓരോരുത്തരും അവരുടെ ജീവിതാവസ്ഥയില്‍ വിശുദ്ധി പാലിക്കണം

അധ്യായം 5
സഭയില്‍ വിശുദ്ധിയിലേക്കുള്ള സാര്‍വത്രികവിളി

41) വിശുദ്ധിയുടെ വിവിധരൂപങ്ങളിലുള്ള നിര്‍വഹണം

ദൈവാത്മാവാല്‍ നയിക്കപ്പെടുകയും പിതാവിന്റെ സ്വരത്തിനു കീഴ്‌വഴങ്ങി പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയും എളിയവും ദരിദ്രനും കുരിശുവഹിക്കുന്നവനുമായ മിശിഹായെ, അവിടത്തെ മഹത്വത്തിന്റെ പങ്കാളിയാകാനുള്ള യോഗ്യത നേടുന്നതിനായി പിന്തുടരുകയും ചെയ്യുന്ന എല്ലാവരും പല ജീവിതരീതികളിലും ഉദ്യോഗങ്ങളിലും കഴിയുന്നവരെങ്കിലും ഒരേ വിശുദ്ധിയില്‍ അലംകൃതമാകുന്നു. ഓരോരുത്തരും അവനവന്റെ ദാനങ്ങളും കടമകളുമനുസരിച്ച് പ്രത്യാശ ഉദ്ദീപിപ്പിക്കുന്നതും സ്‌നേഹത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ വിശ്വാസത്തിന്റെ വഴിയില്‍ സംശയലേശമന്യേ പുരോഗമിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

ക്രിസ്തീയ അജഗണത്തിന്റെ ഇടയന്മാര്‍, പ്രഥമതഃ ഉന്നതനും നിത്യനുമായ പുരോഹിതനും ഇടയനും നമ്മുടെ ആത്മാക്കളുടെ മേലധ്യക്ഷനായവന്റെ സാദൃശ്യത്തില്‍ വിശുദ്ധിയോടും ഉത്സാഹത്തോടും വിനയത്തോടും ധൈര്യത്തോടുംകൂടെ തങ്ങളുടെ ശുശ്രൂഷ നിര്‍വഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു. അങ്ങനെ പൂര്‍ത്തീകരിക്കുമ്പോള്‍ ഇതു സ്വന്തം വിശുദ്ധീകരണത്തിനുള്ള മഹത്തായ മാര്‍ഗമായിത്തീരുകയും ചെയ്യും. പൗരോഹിത്യപദവിയുടെ പൂര്‍ണതയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ കൗദാശികവരപ്രസാദത്താല്‍ സമ്മാനിക്കപ്പെട്ടിരിക്കുന്നു. അതുവഴി, പ്രാര്‍ത്ഥിച്ചും പ്രസംഗിച്ചും പരിത്യാഗം ചെയ്തും മെത്രാനടുത്ത ജോലിയുടെയും ശുശ്രൂഷയുടെയും എല്ലാ സംവിധാനങ്ങളും വഴി സമ്പൂര്‍ണമായ അജപാലനജോലി നിര്‍വഹിക്കാനും ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാനും നിര്‍ഭയം അജഗണങ്ങള്‍ക്കു മാതൃക നല്കിക്കൊണ്ട് (1 പത്രോ 5:3) സഭയെ സ്വമാതൃകവഴി നാള്‍തോറും കൂടുതല്‍ വിശുദ്ധിയിലേക്കു വളര്‍ത്താനുള്ള വരമാണ് അവര്‍ക്കു നല്കപ്പെടുന്നത്.

മെത്രാന്‍പട്ടത്തിന്റെ സാദൃശ്യത്തില്‍, അവരുടെ ആത്മികമകുടമായി രൂപംകൊള്ളുന്ന വൈദികര്‍ ഏകനിത്യമദ്ധ്യസ്ഥനായ മിശിഹാവഴി മെത്രാന്മാരുടെ ദൗത്യത്തിന്റെ വരപ്രസാദത്തില്‍ പങ്കുപറ്റുന്നു. തന്മൂലം തങ്ങളുടെ അനുദിനകൃത്യങ്ങള്‍ വഴി ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരുകയും വൈദികകൂട്ടായ്മയുടെ ബന്ധം സംരക്ഷിക്കുകയും ദൈവത്തിന് സജീവമായ സാക്ഷ്യംവഹിക്കുകയും ഈ ലോകജീവിതത്തില്‍ വിനീതവും പലപ്പോഴും അറിയപ്പെടാത്തതുമായ സേവനത്താല്‍ മഹത്തായ വിശുദ്ധിയുടെ സാദൃശ്യം അവശേഷിപ്പിച്ച വൈദികരുടെ മാതൃകയില്‍ എല്ലാ ആദ്ധ്യാത്മികനന്മയിലും വളരുകയും ചെയ്യണം. അവരുടെ മഹത്വം ദൈവത്തിന്റെ സഭയില്‍ നിലനില്‍ക്കുന്നു.

വൈദികര്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്നവ അറിഞ്ഞുകൊണ്ടും അനുവര്‍ത്തിക്കുന്നവ അനുകരിച്ചുകൊണ്ടും സ്വന്തജനത്തിനുവേണ്ടിയും ദൈവജനം മുഴുവനുവേണ്ടിയും ഔദ്യോഗികമായി പ്രാര്‍ത്ഥിച്ചുകൊണ്ടും ബലിയര്‍പ്പിച്ചുകൊണ്ടും സഭ മുഴുവന്റെയും സന്തോഷത്തിനായി വിശുദ്ധിയില്‍ ഉത്തരോത്തരം വളര്‍ച്ച പ്രാപിക്കണം. ശ്ലൈഹിക കര്‍ത്തവ്യ ബഹുലതയാലും അപകടസാദ്ധ്യതകളാലും ശ്ലൈഹികജീവിതക്ലേശങ്ങളാലും തടസ്സപ്പെടാതെ, ധ്യാനനിഷ്ഠയുടെ സമൃദ്ധിയാല്‍ പ്രയത്‌നങ്ങളെ പോഷിപ്പിച്ചും വളര്‍ത്തിയുമാണ് ഇതു നിര്‍വഹിക്കേണ്ടത്. എല്ലാ വൈദികരും പ്രത്യേകിച്ച്, സവിശേഷമായ ചുമതലയുടെ പദവിയാല്‍ രൂപതാവൈദികര്‍ എന്നു വിളിക്കപ്പെടുന്നവരും സ്വന്തം മെത്രാനോടുള്ള വിശ്വസ്തതാനിര്‍ഭരമായ അടുപ്പവും ഔദാര്യപൂര്‍ണമായ സഹകരണവും സ്വന്തം വിശുദ്ധീകരണത്തിന് എത്രമാത്രം സഹായകമാകുന്നുവെന്ന് ഓര്‍മിക്കണം.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles