വിശുദ്ധിയിലേക്ക് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു

അധ്യായം 5
സഭയില്‍ വിശുദ്ധിയിലേക്കുള്ള സാര്‍വത്രികവിളി

39) വിശുദ്ധി സഭയില്‍

അക്ഷയമായവിധം വിശുദ്ധമായതെന്നു നാം വിശ്വസിക്കുന്ന സഭയുടെ രഹസ്യമാണ് ഈ പരിശുദ്ധ സുനഹദോസ് വിശകലനം ചെയ്യുന്നത്. പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ ‘ഏക പരിശുദ്ധന്‍’ എന്നു കീര്‍ത്തിക്കപ്പെടുന്നവനായ മിശിഹാ സഭയെ സ്വന്തം മണവാട്ടിയെപ്പോലെ സ്‌നേഹിച്ചു. അവളെ വിശുദ്ധീകരിക്കുന്നതിനുവേണ്ടി തന്നത്തന്നെ സമര്‍പ്പിച്ചു (എഫേ 5:25-26); സ്വന്തം ശരീരമെന്നപോലെ അവളെ തന്നോടു സംയോജിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ ദാനത്താല്‍ ദൈവമഹത്വത്തിനായി അവളെ നിറച്ചു. അതുകൊണ്ട് സഭയില്‍ എല്ലാവരും ഹയരാര്‍ക്കിയില്‍പ്പെട്ടവരും അവരാല്‍ മേയ്ക്കപ്പെടുന്നവരും പൗലോസ് ശ്ലീഹായുടെ വാക്കുകളനുസരിച്ച് വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ‘ഇതാണു ദൈവഹിതം. നിങ്ങളുടെ വിശുദ്ധീകരണം’ (1 തെസ്സ 4:30 എഫേ 1:4).

സഭയുടെ ഈ വിശുദ്ധി, ആത്മാവ് വിശ്വാസികളില്‍ പുറപ്പെടുവിക്കുന്ന കൃപയുടെ ഫലങ്ങളാല്‍ അനുസ്യൂതം വെളിവാക്കുകയും വെളിവാക്കപ്പെടേണ്ടിയിരിക്കുകയും ചെയ്യുന്നു. അനുദിനജീവിതത്തില്‍ സ്‌നേഹത്തിന്റെ പൂര്‍ണതയിലെത്താന്‍, മറ്റുള്ളവര്‍ക്കു കൂടി സന്മാതൃക നല്കിക്കൊണ്ട്, പരിശ്രമിക്കുന്ന ഓരോരുത്തരിലും പല രീതിയില്‍ ഇതു പ്രകടമാകുന്നു, അതിന്റെ തനിരൂപത്തില്‍ത്തന്നെ കാണപ്പെടുന്നത് സുവിശേഷോപദേശങ്ങള്‍ എന്നു സാധാരണപറയാറുള്ള പ്രമാണങ്ങളുടെ അനുവര്‍ത്തനത്തിലാണ്. പരിശുദ്ധാത്മാവാല്‍ പ്രചോദിതരായി ഈ ഉപദേശങ്ങളുടെ അനുവര്‍ത്തനം അനേകം ക്രൈസ്തവര്‍ സ്വീകരിക്കുന്നുണ്ട്. വ്യക്തിഗതമായോ തിരുസഭയില്‍ അംഗീകൃതമായ വ്യവസ്ഥകള്‍ക്കും ജീവിതാന്തസിനും അനുസൃതമായോ സ്വീകരിക്കുന്ന ഈ ഉപദേശങ്ങളുടെ അനുവര്‍ത്തനത്താല്‍ അവര്‍ സഭയുടെ വിശുദ്ധിയുടെ മഹത്തായ സാക്ഷ്യവും മാതൃകയും നല്കുകയും അതു നല്‌കേണ്ടിയിരിക്കുകയും ചെയ്യുന്നു.

40) വിശുദ്ധിയിലേക്കുള്ള സാര്‍വത്രികവിളി

എല്ലാ പൂര്‍ണതയുടെയും ദൈവികഗുരുവും മാതൃകയുമായ മിശിഹാകര്‍ത്താവ്, തനിക്കു സ്വന്തമായതും താന്‍തന്നെ പൂര്‍ത്തീകരിക്കുന്നതുമായ ജീവിതവിശുദ്ധി എല്ലാ ജീവിതാവസ്ഥയിലുള്ള തന്റെ എല്ലാ ശിഷ്യര്‍ക്കും പൊതുവായും ഒറ്റയ്‌ക്കൊറ്റയ്ക്കും വാഗ്ദാനം ചെയ്തു. ‘ആകയാല്‍ നിങ്ങളുടെ സ്വര്‍ഗീയപിതാവും പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍’ (മത്താ 5:48). എല്ലാവരും പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവടും പൂര്‍ണമനസ്സോടും സര്‍വശക്തിയോടുംകൂടെ ദൈവത്തെ സ്‌നേഹിക്കുന്നതിനുവേണ്ടി (മാര്‍ക്കോ 12:30) ആന്തരികമായി അവരെ പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവിനെ എല്ലാവരിലേക്കും അവന്‍ അയച്ചു. മിശിഹാ അവരെ സ്‌നേഹിച്ചതുപോലെ അവര്‍ പരസ്പര സ്‌നേഹിക്കേണ്ടതിനുംകൂടിയാണിത് (യോഹ 13:34; 15:12).

മിശിഹായുടെ അനുഗാമികള്‍ അവരുടെ പ്രവൃത്തികളാലല്ല, മറഇച്ച്, അവര്‍ അവിടുത്തെ പദ്ധതിയും കൃപയുമനുസരിച്ച് വിളിക്കപ്പെടുകയും ഈശോ കര്‍ത്താവില്‍ നീതിവത്കരിക്കപ്പെടുകയും വിശ്വാസത്തിന്റെ മാമ്മോദീസായില്‍ യഥാര്‍ത്ഥതില്‍ ദൈവമക്കളും ദൈവസ്വഭാവത്തിന്റെ പങ്കാളികളും അതിനാല്‍ത്തന്നെ സത്യമായും വിശുദ്ധരും ആയിത്തീരുന്നു. ദൈവം നല്‍കിയതും തങ്ങള്‍ സ്വീകരിച്ചതുമായ വിശുദ്ധീകരണം ജീവിതത്തില്‍ മുറുകെപ്പിടിക്കാനും പൂര്‍ണമാക്കാനും അവര്‍ കടപ്പെട്ടിരിക്കുന്നു. വിശുദ്ധശ്ലീഹ അനുസ്മരിപ്പിക്കുന്നു: ‘വിശുദ്ധര്‍ക്ക് അനുരൂപമായിരിക്കുന്നതുപോലെ’ (എഫേ 5:3) ജീവിക്കുവിന്‍. ‘ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പട്ടവരും പ്രിയപ്പെട്ടവരെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍’ (കൊളോ 3:12). വിശുദ്ധീകരണത്തില്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ പ്രാപിക്കുവിന്‍ (ഗലാ 5:22; റോമ 6:22). നാമെല്ലാം പല കാര്യങ്ങളിലും തെറ്റു ചെയ്യുന്നുണ്ടെന്നതിനാല്‍ (യാക്കോ 3:2) ദൈവത്തിന്റെ കരുണ നിരന്തരം നമുക്കാവശ്യമുണ്ട്. അനുദിനം നാം ‘ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ’ (മത്താ 6:12) എന്നു പ്രാര്‍ത്ഥിക്കുകയും വേണം.

ഇതില്‍നിന്ന് എല്ലാവര്‍ക്ും സ്പഷ്ടമായി മനസ്സിലാകുന്നത് ഏതു ജീവിതസ്ഥിതിയിലും അന്തസ്സിലുമുള്ളവരായാലും ക്രിസ്തീയവിശ്വാസികള്‍ ക്രിസ്തീയജീവിത്തിന്റെ പൂര്‍ണതയിലേക്കും സ്‌നേഹത്തിന്റെ തികവിലേക്കും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ വിശുദ്ധിവഴി ഭൗതികസമൂഹത്തില്‍പ്പോലും കൂടുതല്‍ മനുഷ്യോചിതമായ ജീവിതം വളര്‍ത്തുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്നുമാണ്. ഈ പൂര്‍ണത കൈവരിക്കാന്‍ വിശ്വാസികള്‍ മിശിഹായില്‍ നിന്നു സ്വീകരിച്ച ദാനങ്ങള്‍ക്കനുസൃതമായി കഴിവുകള്‍ വിനിയോഗിക്കുകയും അവിടത്തെ കാല്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ടും അവിടത്തെ പ്രതിരൂപത്തിന് അനുരൂപരായിത്തീര്‍ന്നുകൊണ്ടും പിതാവിന്റെ ഇഷ്ടം എല്ലാക്കാര്യങ്ങളിലും അനുവര്‍ത്തിച്ച് ദൈവമഹത്വത്തിനും അയല്‍ക്കാരന്റെ സേവനത്തിനും പൂര്‍ണാത്മാവോടെ തങ്ങളെത്തന്നെ അര്‍പ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇങ്ങനെ ദൈവജനത്തിന്റെ വിശുദ്ധി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുകയും ചെയ്യണം. സഭാചരിത്രത്തില്‍ വളരെയധികം വിശുദ്ധരുടെ ജീവിതംവഴി ഇതു സമുജ്ജ്വലമായി തെളിയിക്കപ്പെടുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles