അത്മായര്‍ വൈദികരുമായി നല്ല ബന്ധത്തിലാണോ? വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത് കേള്‍ക്കുക

37) ഹയരാര്‍ക്കിയോടുള്ള ബന്ധം

അല്മായര്‍ക്ക് എല്ലാ ക്രിസ്തീയവിശ്വാസികളെയുംപോലെതന്നെ സഭയുടെ ആത്മികസമ്പത്തില്‍നിന്ന് ദൈവവചനത്തിന്റെയും കൂദാശകളുടെയും ശുശ്രൂഷകള്‍ അജപാലകര്‍ വഴിയായി സമൃദ്ധമായി സ്വീകരിക്കാന്‍ അവകാശമുണ്ട്. അവരാകട്ടെ, തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ദൈവമക്കളെന്ന നിലയ്ക്കും മിശിഹായില്‍ സഹോദരനെന്ന നിലയ്ക്കും സ്വാതന്ത്ര്യത്തോടും വിശാസത്തോടുംകൂടെ വെളിപ്പെടുത്തുകയും വേണം. തങ്ങളുടെ വിജ്ഞാനവും കാര്യക്ഷമതയും പ്രത്യേക വൈദഗ്ധ്യവും നിമിത്തം സ്വന്തം അഭിപ്രായം സഭയുടെ നന്മയെ ബാധിക്കുന്ന കാര്യങ്ങളില്‍ വെളിപ്പെടുത്താന്‍ അവര്‍ക്ക് അവകാശവും ചിലപ്പോള്‍ കടമയുമുണ്ട്. സന്ദര്‍ഭം വരുമ്പോള്‍ ഇതു ചെയ്യുന്നത്, സഭ ഇതിനായി സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങള്‍ വഴിയും എപ്പോഴും സത്യത്തിലും ആത്മധൈര്യത്തിലും വിവേകത്തിലും അജപാലകന്മാരോടുള്ള ബഹുമാനത്തിലും സ്‌നേഹത്തിലുമായിരിക്കണം. കാരണം, വിശുദ്ധ ദൗത്യത്താല്‍ അജപാലകന്മാര്‍ മിശിഹായുടെ വ്യക്തിത്വം ധരിക്കുന്നു.

മിശിഹായുടെ പ്രാതിനിധ്യം വഹിക്കുന്നവരെപ്പോലെ സഭയില്‍ പ്രബോധകന്മാരും ഭരണകര്‍ത്താകളുമെന്ന നിലയില്‍ അജപാലകന്മാരെടുക്കുന്ന തീരുമാനങ്ങള്‍ അല്മായര്‍ എല്ലാവരും ക്രിസ്തീയവിശ്വാസികളെന്ന നിലയില്‍ ക്രിസ്തീയ അനുസരണത്തോടെ ഉത്സാഹപൂര്‍വം സ്വീകരിക്കണം. മരണം ഏറ്റുവാങ്ങുന്നിടത്തോളമുള്ള തന്റെ അനുസരണത്തിലൂടെ എല്ലാ മനുഷ്യര്‍ക്കും ദൈവമക്കളുടെ അനുഗ്രഹീതമായ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറന്ന മിശിഹായുടെ മാതൃകയാണ് അവര്‍ സ്വീകരിക്കേണ്ടത്. പ്രാര്‍ത്ഥനവഴി സ്വന്തം അധികാരികളെ ദൈവത്തിനു സമര്‍പ്പിക്കാനും അവര്‍ ഉപേക്ഷവിചാരിക്കരുത്. കണക്കുകേള്‍പ്പിക്കാന്‍ കടമയുള്ള മനുഷ്യരെപ്പോലെ നമ്മുടെ ആത്മാക്കളുടെ മേല്‌നോട്ടം വഹിക്കുന്ന അവര്‍ നെടുവീര്‍പ്പുകളോടെയല്ല; സന്തോഷത്തോടെ അതു ചെയ്യാന്‍ ഇടയാകട്ടെ (ഹെബ്രാ 13:17)

വിശുദ്ധ അജപാലകന്മാര്‍ അല്മായര്‍ക്ക് സഭയിലുള്ള പദവിയും ഉത്തരവാദിത്വവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അവരുടെ വിവേകപൂര്‍ണമായ ഉപദേശങ്ങള്‍ സന്തോഷത്തോടെ പ്രയോജനപ്പെടുത്തണം. അവരില്‍ വിശ്വാസമര്‍പ്പിച്ച് സഭയുടെ ശുശ്രൂഷയ്ക്കുള്ള കര്‍ത്തവ്യങ്ങള്‍ ഭരമേല്പ്പിക്കണം. അവര്‍ക്കു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും നല്കണം. അവര്‍ സ്വമേധയാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടത്തക്കവിധം അവര്‍ക്കു ധൈര്യം പകരുകയും ചെയ്യണം. അല്മായര്‍ നിര്‍ദേശിക്കുന്ന സംരംഭങ്ങളും താത്പര്യങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്‌നേഹത്തോടെ മിശിഹായില്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണം. ഭൗതികരാഷ്ട്രത്തില്‍ എല്ലാവര്‍ക്കും അവകാശമുള്ള നീതിയുക്തമായ സ്വാതന്ത്ര്യം അജപാലകന്മാര്‍ ശ്രദ്ധാപൂര്‍വം അംഗീകരിക്കണം.

അല്മായരും അജപാലകന്മാരും തമ്മിലുള്ള ഈ ഉറ്റസമ്പര്‍ക്കംമൂലം സഭയ്ക്ക് വളരെയേറെ നന്മ പ്രതീക്ഷിക്കാനുണ്ട്. കാരണം, ഇങ്ങനെ അല്മായരില്‍ സ്വന്തം ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ബോധം ശക്തിപ്പെടുത്തുകയും ഉത്സാഹം വര്‍ധിപ്പിക്കുകയും കൂടുതല്‍ എളുപ്പത്തില്‍ അല്മായരുടെ കഴിവുകളോട് അജപാലകന്മാരുടെ പ്രവര്‍ത്തനങ്ങള്‍ സംയോജീപ്പിക്കുകയും ചെയ്യാം. അജപാലകന്മാര്‍ക്കാകട്ടെ, അല്മായരുടെ പരിചയസമ്പത്തിന്റെ സഹായത്താല്‍ ആത്മികവും ഭൗതികവുമായ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തമായും യുക്തമായും തീരുമാനങ്ങളെടുക്കാന്‍ കഴിയുകയും ചെയ്യും. അങ്ങനെ, സഭയ്ക്കു മുഴുവന്‍, എല്ലാ അംഗങ്ങളാലും ശക്തി പ്രാപിച്ച്, ലോകത്തിന്റെ ജീവനുവേണ്ടിയുള്ള തന്റെ ദൗത്യം കൂടുതല്‍ ഫലപ്രദമായി നിറവേറ്റാന്‍ കഴിയും.

38) അല്മായര്‍ ലോകത്തിന്റെ ചൈതന്യം

ഓരോ അല്മായനും ലോകത്തിനും മുമ്പില്‍ ഉത്ഥാനത്തിന്റെയും ഈശോയുടെയും ജീവന്റെയും സാക്ഷിയും ജീവനുള്ള ദൈവത്തിന്റെ അടയാളവുമായിരിക്കണം. എല്ലാവരും ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായും തങ്ങളുടെ കഴിവിനൊത്ത് ലോകത്തെ ആത്മിക ഫലങ്ങളാല്‍ ധന്യമാക്കാന്‍ കടപ്പെട്ടിരിക്കുന്നു (ഗലാ. 5:22); സുവിശേഷത്തില്‍ കര്‍ത്താവ് ഭാഗ്യവാന്മാരെന്നു പ്രഖ്യാപിച്ച ദരിദ്രരിലും ശാന്തശീലരിലും സമാധാനമുണ്ടാക്കുന്നവരിലും ചൈതന്യം പകരുന്ന (മത്താ 5:3-9) മനോഭാവം ലോകത്തില്‍ ചൊരിയുന്നതിനും അവര്‍ക്കു കടമയുണ്ട്. ഒറ്റവാക്കില്‍, ‘ശരീരത്തില്‍ ആത്മാവെന്നപോലെയാണ്, ഈ ലോകത്തില്‍ ക്രിസ്ത്യാനി.’

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles