അത്മായര്‍ക്കുമുണ്ട് പ്രവാചകദൗത്യം

35) അല്മായരുടെ പ്രവാചകദൗത്യവും സാക്ഷ്യവും

സ്വജീവിതസാക്ഷ്യംകൊണ്ടും വചനത്തിന്റെ ശക്തികൊണ്ടും പിതാവിന്റെ രാജ്യം പ്രഖ്യാപനംചെയ്ത മഹാപ്രവാചകനായ മിശിഹാ, തന്റെ മഹത്വത്തിന്റെ സമ്പൂര്‍ണമായ വെളിപ്പെടുത്തല്‍വരെ പ്രവാചകധര്‍മം നിറവേറ്റിക്കൊണ്ടിരിക്കും. അത് തന്റെ നാമത്തിലും ശക്തിയിലും പഠിപ്പിക്കുന്ന ഹയരാര്‍ക്കിവഴി മാത്രമല്ല, അല്മായര്‍വഴികൂടിയാണ്. അതുകൊണ്ട് അവിടന്ന് അവരെ സാക്ഷികളാക്കുകയുെ വിശ്വാസശക്തിയാലും വചനത്തിന്റെ കൃപയാലും സജ്ജരാക്കുകയും ചെയ്തു. (അപ്പ 2:17, 18; വെളി 19:10). അങ്ങനെ സുവിശേഷത്തിന്റെ ശക്തി കുടുംബത്തിലെയും സമൂഹത്തിലെയും അനുദിന ജീവിതത്തില്‍ പ്രകടമാക്കുന്നതിനാണിത്.

വിശ്വാസത്തിലും പ്രത്യാശയിലും ഉറപ്പുള്ളവരായി വര്‍ത്തമാനകാലം രക്ഷാകരമാക്കുകയും (എഫേ 5:16; കൊളോ 4:5) ഭാവിമഹത്വത്തെ ക്ഷമാപൂര്‍വം കാത്തിരിക്കുകയും ചെയ്താല്‍ (റോമ 8:25) അവര്‍ വാഗ്ദാനത്തിന്റെ മക്കളാണെന്നു തെളിയിക്കും. ഈ പ്രത്യാശ മനസ്സിന്റെ ഉള്ളില്‍ മാത്രം മറച്ചുവയ്ക്കാതെ, നിരന്തരമായ പെരുമാറ്റത്തിലും ‘ഈ അന്ധകാരത്തിന്റെ ലോകാധിപതികള്‍ക്കു ആകാശങ്ങളിലെ തിന്മയുടെ അരൂപികള്‍ക്കും എതിരേ’ (ഏഫേ 6:12) യുള്ള സമരത്തിലും ലൗകിക ജീവിതത്തിന്റെ എല്ലാ ഘടകങ്ങളിലും പ്രകടമാക്കണം.

വിശ്വാസികളുടെ ജീവിതവും പ്രേഷിതവൃത്തിയും പരിപോഷിപ്പിക്കുന്ന പുതിയ നിയമകൂദാശകള്‍ പുതിയ ആകാശവും പുതിയ ഭൂമിയും (വെളി 21:1) മുന്‍കൂട്ടി പ്രതിബിംബിപ്പിക്കുന്നതുപോലെതന്നെ, അല്മായര്‍ തങ്ങളുടെ വിശ്വാസത്തോട് വിശ്വാസത്തിന്റെ പ്രഖ്യാപനം നിര്‍വിശങ്കം സംയോജിപ്പിക്കുന്നെങ്കില്‍ അവര്‍ പ്രത്യാശിക്കേണ്ടവയുടെ (ഹെബ്രാ 11:1) ശക്തരായ പ്രഘോഷകരായിത്തീരും. ഈ സുവിശേഷവത്കരണം, അതായത്, ജീവിതസാക്ഷ്യവും വചനവു വഴി ചെയ്യുന്ന മിശിഹായെ പ്രഘോഷിക്കല്‍ ഗണനീയമായ ചില പ്രത്യേകതകളും വൈശിഷ്ട്യമുള്ള ഫലദായകത്വവും ആര്‍ജിക്കുന്നു. കാരണം, അത് സാധാരണ ലൗകിക സാഹചര്യങ്ങളില്‍ നിര്‍വഹിക്കപ്പെടുന്നു.

അതിനാല്‍, ഈ കടമയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക കൂദാശവഴി അതായത്, വൈവാഹികവും കുടുംബപരവുമായ ജീവിതത്താല്‍ വിശുദ്ധീകരിക്കപ്പെടുന്ന ആ ജീവിതാന്തസ്സ് വളരെ വിലപ്പെട്ടതായിത്തീരുന്നു. എവിടെ ക്രിസ്തുമതം ജീവിതവ്യവസ്ഥിതിയില്‍ മുഴുവനും കടന്നുചെല്ലുകയും ദിവസംതോറും അതിനെ കൂടുതല്‍ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവോ, അവിടെ അല്മായ പ്രേഷിതത്വത്തിന്റെ പ്രവര്‍ത്തനവും മഹത്തായ പഠനവേദിയും രൂപംകൊള്ളുന്നു. അവിടെയാണ് ദമ്പതികള്‍ തങ്ങളുടെ സ്വകീയമായ ദൈവവിളി കണ്ടെത്തുന്നതും അങ്ങനെ അവര്‍ തങ്ങള്‍ക്കും മക്കള്‍ക്കും മിശിഹായിലുള്ള വിശ്വസത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷികളാകുന്നതും. ക്രിസ്തീയ കുടുംബം ദൈവരാജ്യത്തിന്റെ ഇപ്പോഴുള്ള വിശിഷ്ടഗുണങ്ങളെയും സൗഭാഗ്യസമ്പൂര്‍ണമായ ജീവിതത്തിന്റെ പ്രത്യാശയെയും ഉച്ചസ്വരത്തില്‍ വിളംബരം ചെയ്യുന്നു. അങ്ങനെ, അവര്‍ സ്വമാതൃകയും സാക്ഷ്യവും വഴി പാപത്തെപ്രതി ലോകത്തെ കുറ്റപ്പെടുത്തുകയും സത്യാന്വേഷികളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, അല്മായര്‍ ലൗകികകാര്യങ്ങളില്‍ വ്യാപൃതരായിരിക്കുമ്പോള്‍ത്തന്നെ ലോകത്തെ സുവിശേഷവത്കരിക്കുന്നതില്‍ വിലപ്പെട്ട ജോലി നിര്‍വഹിക്കാന്‍ പ്രാപ്തരും അതിനു കടപ്പെട്ടവരുമാണ്. വിശുദ്ധ ശൂശ്രൂഷകരുടെ അഭാവത്തിലും മര്‍ദ്ദനഭരണത്താല്‍ അവര്‍ തടയപ്പെടുമ്പോഴും അല്മായരില്‍ ചിലരൊക്കെ ചില വിശുദ്ധകര്‍മങ്ങള്‍ കഴിവിനൊത്തു നിറവേറ്റാറുണ്ട്. അതിലേറെ, വളരെപ്പേര്‍ അവരുടെ സര്‍വശക്തിയും ഉപയോഗിച്ച് ശ്ലൈഹികപ്രവര്‍ത്തനങ്ങളില്‍ അദ്ധ്വാനിക്കുന്നുമുണ്ട്. എന്നിരിക്കിലും, എല്ലാവരും തന്നെ ഈ ലോകത്തില്‍ മിശിഹായുടെ രാജ്യത്തിന്റെ വ്യാപനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി സഹകരിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഇക്കാരണത്താല്‍ അല്മായര്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ കൂടുതല്‍ അവഗാഢമായ അറിവിനായി തീക്ഷ്ണബുദ്ധിയോടെ പരിശ്രമിക്കുകയും ദൈവത്തില്‍നിന്ന് അറിവിന്റെ ദാനത്തിനായി തീക്ഷ്ണതാപൂര്‍വം യാചിക്കുകയും വേണം.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles