മെത്രാന്മാരും വൈദികരും തമ്മിലുള്ള ബന്ധം

മെത്രാന്‍ സ്ഥാനത്തിന്റെ ജാഗ്രതയുള്ള സഹപ്രവര്‍ത്തകന്മാരും അതിന്റെ തുണയും ഉപകരണവുമായ വൈദികര്‍, പല ഉദ്യോഗങ്ങളിലും ജോലി ചെയ്യുന്നെങ്കിലും ദൈവജനത്തെ ശുശ്രൂഷിക്കാന്‍ വേണ്ടി വിളിക്കപ്പെട്ടവരെന്ന നിലയില്‍ സ്വന്തം മെത്രാനോടൊത്ത് ഏക പൗരോഹിത്ത്തിനു രൂപംനല്കുന്നു. വിശ്വാസികളുടെ ഓരോ സ്ഥലത്തുമുള്ള സമൂഹത്തില്‍, തന്‍ വിശ്വസ്തതയോടും മഹാമനസ്‌കതയോടുംകൂടെ ബന്ധപ്പെടുന്ന മെത്രാനെ ഒരു വിധത്തില്‍ സന്നിഹിതനാക്കുകയും അദ്ദേഹത്തിന്റെ ഉദ്യോഗവും താത്പര്യവും ഭാഗികമായി ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ അനുദിന ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.

മെത്രാന്റെ അധികാരത്തിന്‍കീഴില്‍ തനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന കര്‍ത്താവിന്റെ അജഗണത്തെ വിശുദ്ധീകരിക്കുകയും ഭരിക്കുകയും ചെയ്യുന്ന അവര്‍ സാര്‍വത്രികസഭയെ സ്വന്തം പ്രാദേശികതലത്തില്‍ ദൃശ്യമാക്കുകയും കര്‍ത്താവിന്റെ ശരീരം മുഴുവന്‍ പടുത്തുയര്‍ത്തുന്നതില്‍ (എഫേ 4:12) ഊര്‍ജിതമായ സഹായം നല്കുകയും ചെയ്യുന്നു. ദൈവമക്കളുടെ നന്മയ്ക്കായി സദാ ലക്ഷ്യംവച്ചുകൊണ്ട് സ്വന്തം പ്രവൃത്തികള്‍ രൂപത മുഴുവന്റെയും സഭ മുഴുവന്റെയും അജപാലന ശുശ്രൂഷയ്ക്കായി കേന്ദ്രീകരിക്കാന്‍ അവര്‍ ഉത്സാഹിക്കണം.

പൗരോഹിത്യത്തിലും ദൗത്യത്തിലുമുള്ള ഈ ഭാഗഭാഗിത്വം നിമിത്തം വൈദികര്‍ മെത്രാനെ സ്വന്തം പിതാവായിത്തന്നെ അംഗീകരിക്കുകയും അദ്ദേഹത്തെ ബഹുമാനപുരസ്സരം അനുസരിക്കുകയും വേണം. മെത്രാന്മാരാകട്ടെ, സഹപ്രവര്‍ത്തകരായ വൈദികരെ, മിശിഹാ തന്റെ ശിഷ്യന്മാരെ ഇനിമേല്‍ ദാസന്മാരെന്നല്ല, സ്‌നേഹിതന്മാരെന്നു വിളിച്ചിരിക്കുന്നതുപോലെ (യോഹ 15:15) സ്വന്തം മക്കളെപ്പോലെയും മിത്രങ്ങളെപ്പോലെയും പരിഗണിക്കണം. അതുകൊണ്ട്, മെത്രാന്മാരുടെ സംഘത്തോടു തിരുപ്പട്ടം വഴിയും ശുശ്രൂഷകള്‍വഴിയും രൂപതാവൈദികരും സന്യാസ വൈദികകരും കൂട്ടുചേരുകയും സഭ മുഴുവന്റെയും നന്മയ്ക്കുവേണ്ടി തങ്ങളുടെ ദൈവവിളിയും വരപ്രസാദവും നിമിത്തം ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുന്നു.

തിരുപ്പട്ടത്തിന്റെയും ദൗത്യത്തിന്റെയും പൊതുവായ ശക്തിവിശേഷത്താല്‍ വൈദികരെല്ലാവരും പരസ്പരം ഗാഢമായ സാഹോദര്യത്താല്‍ ബന്ധിതരായിരിക്കുന്നു. ഇത് ആത്മികവും ഭൗതികവും അജപാലനപരവും വ്യക്തിപരവുമായിരിക്കും. സമ്മേളനങ്ങളിലും സമൂഹജീവിതത്തിലും അദ്ധ്വാനത്തിലും സ്‌നേഹത്തിലുമുള്ള പരസ്പര സഹായത്തില്‍ സ്വതസ്സിദ്ധവും സ്വതന്ത്രവുമായ രീതിയില്‍ ഇതു പ്രകടമാകുകയും ചെയ്യുന്നു.

മാമ്മോദീസായാലും പ്രബോധനത്താലും ആത്മികമായി അവര്‍ ജനിപ്പിച്ച വിശ്വാസികളുടെ (1 കോറി 4:15; 1 പത്രോ 1:23) പരിപാലനം മിശിഹായില്‍ പിതാക്കന്മാരെന്ന പോലെ നിര്‍വഹിക്കണം. ആത്മാവില്‍ അജഗണത്തിനു മാതൃകയായിക്കൊണ്ട് (1 പത്രോ 5:3) സ്വന്തം പ്രാദേശിക സമൂഹത്തെ നയിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണം. അതുവഴി ആ സമൂഹം ഒറ്റയ്ക്കും കൂട്ടായും ദൈവജനം, അതായത് ദൈവത്തിന്റെ സഭ (1 കോറി 1:2; 2 കോറി 1:1) എന്ന വിഖ്യാതനാമത്താല്‍ അന്വര്‍ത്ഥമായി വിളിക്കപ്പെടണം.

തങ്ങളുടെ അനുദിന ജീവിത വ്യാപാരങ്ങളും അഭിനിവേശവും വഴി വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കത്തോലിക്കര്‍ക്കും അകത്തോലിക്കര്‍ക്കും പൗരോഹിത്യത്തിന്റെയും അജപാലനത്തിന്റെയും ശരിയായ മുഖം പ്രദര്‍ശിപ്പിക്കുകയാണെന്നും സത്യത്തിന്റെയും ജീവിതത്തിന്റെയും സാക്ഷ്യം എല്ലാവര്‍ക്കും നല്കാന്‍ തങ്ങള്‍ കടപ്പെട്ടരിക്കുകയാണെന്നും കത്തോലിക്കാ സഭയില്‍ മാമ്മോദീസാ സ്വീകരിച്ചെങ്കിലും, കൂദാശാജീവിതത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നുതന്നെയും ഭിന്നിച്ചു പോയവരെയും നല്ല അജപാലകന്മാരെന്ന നിലയില്‍ അന്വേഷിക്കേണ്ടിയിരിക്കുന്നെന്നും അവര്‍ ഓര്‍മവയ്ക്കണം (ലൂക്കാ 15:4-7)
ഇന്ന് മനുഷ്യവര്‍ഗം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഐക്യത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ഒന്നിച്ചുചേര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അതിലേറെ, വൈദികര്‍ സംയുക്തമായ താത്പര്യത്തോടും ശക്തിയോടും കൂടെ മെത്രാന്മാരുടെയും മാര്‍പാപ്പായുടെയും നേതൃത്വത്തില്‍ ഭിന്നതയുടെ എല്ലാ പരിഗണനകളും ദൂരെയകറ്റി മനുഷ്യകുലം മുഴുവന്‍ ഐക്യത്തിലേക്കു കൊണ്ടുവരാന്‍ കടപ്പെട്ടിരിക്കുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles