മെത്രാന്മാര്‍ പഠിപ്പിക്കുന്നത് മാര്‍പാപ്പയോടുള്ള ഐക്യത്തിലാണ്‌

25) പ്രബോധന കര്‍ത്തവ്യം

മെത്രാന്മാരുടെ സുപ്രധാന ധര്‍മങ്ങളില്‍ എടുത്തുപറയേണ്ടത് സുവിശേഷപ്രഘോഷണമാണ്. കാരണം, മെത്രാന്മാര്‍ വിശ്വാസം വിളംബരം ചെയ്യുന്നവരാണ്. അവരാണ് പുതിയ ശിഷ്യന്മാരെ മിശിഹായുടെ പക്കലേക്കു നയിക്കുന്നവര്‍. ആധികാരികാദ്ധ്യാപകരാണവര്‍. അഥവാ, തങ്ങളെ ഏല്പിച്ചിരിക്കുന്ന ജനങ്ങള്‍ക്ക് മിശിഹായുടെ അധികാരം ലഭിച്ചവരാണെന്ന നിലയില്‍, വിശ്വസിക്കേണ്ട സത്യത്തെയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തനശൈലിയെയും പറ്റി പ്രബോധനം നല്കുന്നവര്‍ പരിശുദ്ധാത്മാവിന്റെ പ്രകാശത്തില്‍ വെളിവാക്കി, വെളിപാടിന്റെ ഭണ്ഡാഗാരത്തില്‍നിന്ന് പുതിയതും പഴയതുമായവയെല്ലാം പുറത്തെടുത്ത് (മത്താ 13:52), അവ ഫലദായകമാക്കുകയും തങ്ങളുടെ അജഗണങ്ങളെ ആസന്നമായ തെറ്റുകളില്‍നിന്ന് ജാഗ്രതാപൂര്‍വം തടയുകയും ചെയ്യുന്നതും (2 തിമോ 4:1-4) അവര്‍ തന്നെ. റോമാ മാര്‍പാപ്പയോടുള്ള ഐക്യത്തില്‍ പഠിപ്പിക്കുന്ന മെത്രാന്മാര്‍ ദൈവികവും കാതോലികവുമായ സത്യങ്ങളുടെ സാക്ഷികളായി സര്‍വരാരും ആദരിക്കപ്പെടണം. വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും കാര്യത്തില്‍ മെത്രാന്മാര്‍ മിശിഹായുടെ നാമത്തില്‍ നല്കുന്ന വിധിതീര്‍പ്പ് സ്വീകരിക്കുന്നതിനും മനസ്സിന്റെ മതാത്മകമായ അനുസരണത്തോടെ അതിനെ മുറുകെപ്പിടിക്കുന്നതിനും വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു.

വിശ്വാസികള്‍ ഇച്ഛയുടെയും ബുദ്ധിയുടെയും മതഭക്തിനിര്‍ഭരമായ ഈ വിധേയത്വം പ്രത്യേകവിധമായ കാരണത്താല്‍ റോമാമാര്‍പാപ്പായുടെ ആധികാരിക പ്രബോധനത്തോടു പ്രകടിപ്പിക്കണം. അതായത്, അദ്ദേഹത്തിന്റെ പ്രബോധനം ഔദ്യോഗികം അല്ലാത്തപ്പോള്‍പ്പോലും ഭയഭക്തിയോടെ അംഗീകരിക്കുകയും അദ്ദേഹം നല്‍കുന്ന വിധിതീര്‍പ്പുകള്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്കും ഇച്ഛകള്‍ക്കും ഒത്തവിധം തുറന്ന മനസ്സോടെ അനുസരിക്കുകയും ചെയ്യണം. അദ്ദേഹത്തിന്റെ ഈ താത്പര്യം പ്രകടമാകുന്നത് പ്രധാനമായും പ്രമാണരേഖകളുടെ സ്വഭാവത്തില്‍നിന്നും ഒരേ പ്രബോധനത്തിന്റെ കൂടെക്കൂടെയുള്ള ആവര്‍ത്തനത്തില്‍ നിന്നും പ്രഭാഷണശൈലിയില്‍ നിന്നുമാണ്.

ഓരോ വൈദികമേലദ്ധ്യക്ഷനും തനിച്ച് അപ്രമാദിത്വവരമില്ല എങ്കിലും, ലോകംമുഴുവനും ചിതറിപ്പാര്‍ക്കുമ്പോഴും അവര്‍ തമ്മില്‍ത്തമ്മിലും പത്രോസിന്റെ പിന്‍ഗാമിയോടും കൂട്ടായ്മയുടെ ബന്ധംപുലര്‍ത്തിക്കൊണ്ട് വിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും കാര്യത്തില്‍ ഉറച്ചുവിശ്വസിക്കുവാന്‍ ഐകകണ്‌ഠ്യേനയുള്ള പ്രബോധനം ആധികാരികമായി നല്കുന്നെങ്കില്‍, മിശിഹായുടെ പ്രബോധനം പ്രമാദരഹിതമായി പ്രഖ്യാപിക്കുകയാണ്. ഇതു കൂടുതല്‍ പ്രകടമായി ചെയ്യുന്നത് സാര്‍വത്രിക സുനഹദോസില്‍ ഒന്നിച്ചുകൂടി സാര്‍വത്രികസഭയ്ക്കുവേണ്ടി വിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും പ്രബോധകരും വിധിയാളന്മാരും ആകുമ്പോഴാണ്. അവരുടെ ആ നിര്‍ണയനങ്ങള്‍ വിശ്വാസപരമായ വിധേയത്വത്തോടെ അനുസരിക്കേണ്ടവയാണ്.

വിശ്വാസവും സന്മാര്‍ഗവും നിര്‍വചിക്കുമ്പോള്‍ തന്റെ സഭയ്ക്കുണ്ടായിരിക്കണമെന്ന് ദിവ്യരക്ഷകന്‍ ആഗ്രഹിച്ച ഈ അപ്രമാദിത്വമാകട്ടെ, വെളിപാടിന്റെ ഭണ്ഡാഗാരത്തോളംതന്നെ വ്യാപ്തിയുള്ളതും പരിപാവനമായി സംരക്ഷിക്കപ്പെടുകയും വിശ്വസ്തതയോടെ വിശദീകരിക്കപ്പെടുകയും ചെയ്യേണ്ടതുമാണ്. തന്റെ സഹോദരരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്ന (ലൂക്ക 22:32) സകല വിശ്വാസികളുടെയും അത്യുന്നത ഇടയനും അധ്യാപകനുമെന്ന നിലയില്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിക്കുന്ന സത്യം നിര്‍ണായകമായി പ്രഖ്യാപിക്കുമ്പോള്‍ മെത്രാന്‍സമൂഹത്തിന്റെ തലവനായ റോമാമാര്‍പാപ്പാ തന്റെ ദൗത്യത്താല്‍ത്തന്നെ ഈ അപ്രമാദിത്വം ഉള്ളവനാണ്.

അതുകൊണ്ട് അദ്ദേഹത്തിന്റെ നിര്‍വചനങ്ങള്‍ അവയാല്‍ത്തന്നെ, സഭയുടെ പൊതുസമ്മതമില്ലെങ്കിലും വ്യതിയാന വിധേയമല്ലാത്തവയെന്നു പറയപ്പെടുന്നത് സാര്‍ത്ഥകമാണ്. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ പത്രോസിലൂടെ തനിക്കു വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിന്റെ സഹായത്താലാണ് അവ പ്രഖ്യാപനം ചെയ്യപ്പെടുന്നത്. അതുകൊണ്ട് മറ്റാരുടെയും അംഗീകാരം അതിനാവശ്യമില്ല. മറ്റേതെങ്കിലും അപ്പീല്‍വിധിക്കു വിധേയവുമല്ല. കാരണം, റോമാമാര്‍പാപ്പാ ഒരു സ്വകാര്യവ്യക്തിയെന്ന നിലയിലല്ല വിധിപ്രഖ്യാപിക്കുന്നത് സഭയുടെതന്നെ തെറ്റാവരം പ്രത്യേകവിധം കൈയാളുന്ന സാര്‍വത്രികസഭയുടെ അത്യൂന്നത പ്രബോധകന്‍ എന്ന നിലയ്ക്കാണ് അദ്ദേഹം കത്തോലിക്കാവിശ്വാസം വിശദമാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്.

സഭയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന അപ്രമാദിത്വം, പരമമായ പ്രബോധനാധികാരം, പത്രോസിന്റെ പിന്‍ഗാമിയോടൊത്ത് കൈകാര്യം ചെയ്യുമ്പോള്‍ അത് മെത്രാന്‍ സംഘത്തിലും സ്ഥിതിചെയ്യുന്നു. മിശിഹായുടെ അജഗണത്തെ മുഴുവന്‍ വിശ്വാസത്തിന്റെ ഐക്യത്തില്‍ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അതേ പരിശുദ്ധാത്മ പ്രവര്‍ത്തനം നിമിത്തം പ്രസ്തുത നിര്‍ണയനങ്ങള്‍ക്ക് സഭയുടെ അംഗീകാരമുണ്ടാകാതിരിക്കുകയില്ല.

റോമാമാര്‍പാപ്പായോ അദ്ദേഹത്തോടു ചേര്‍ന്ന് മെത്രാന്‍ സംഘമോ അദ്ധ്യവസാനം ചെയ്യുമ്പോള്‍, അത് ദൈവികവെളിപാടനുസരിച്ചുള്ളതു തന്നെ. അതില്‍ എല്ലാവരും ഉറച്ചുനില്‍ക്കുകയുെ അതിനോട് പൊരുത്തപ്പെടുകയും വേണം. വരമൊഴിയോ വായ്‌മൊഴിയോ ആയി കൈമാറിക്കിട്ടിയ ഈ വെളിപാട് മെത്രന്മാരുടെ നിയമാനുസൃതമായ പിന്തുടര്‍ച്ചവഴിയും ഏറ്റവും പ്രധാനമായി റോമാമാര്‍പാപ്പയുടെതന്നെ ശ്രദ്ധയിലും സമ്പൂര്‍ണമായി കൈമാറപ്പെട്ട് സത്യത്തിന്റെ ആത്മാവാല്‍ പ്രകാശിതമായ സഭയില്‍ വിശുദ്ധമായി സംരക്ഷിക്കപ്പെടുകയും വിശ്വസ്തതാപൂര്‍വം വിശദീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതു വേണ്ടവണ്ണം പരിശോധിച്ച് യുക്തമായ രീതിയില്‍ പ്രഖ്യാപിക്കാന്‍ റോമാമാര്‍പാപ്പാമാരും മെത്രാന്മാരും തങ്ങളുടെ ഉദ്യോഗത്തിനും കാര്യത്തിന്റെ ഗൗരവത്തിനുമനുസരിച്ച് അനുരൂപമായ ഉപാധികള്‍വഴി തീക്ഷ്ണതാപൂര്‍വം പരിശ്രമിക്കുന്നു. എന്നാല്‍, വിശ്വാസത്തിന്റെ ദൈവികഭണ്ഡാഗാരഭാഗമായി പുതിയ പരസ്യാവിഷ്‌കരണമൊന്നും സംഭവിക്കുമെന്നു കരുതുന്നില്ല.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles