മെത്രാന്മാര്‍ തമ്മിലുള്ള ബന്ധത്തെ പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

23) മെത്രാന്മാരുടെ പരസ്പരബന്ധം സംഘാതാത്മക വീക്ഷണത്തില്‍

സംഘാതാത്മകമായ ഈ ഐക്യം വ്യക്തിസഭകളോടും സാര്‍വത്രികസഭയോടുമുള്ള ഓരോ മെത്രാന്റെയും ബന്ധത്തിലും കാണപ്പെടുന്നു. പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ റോമാമാര്‍പാപ്പയാണ് മെത്രാന്മാരുടെയും വിശ്വാസികളുടെ ഗണത്തിന്റെയും ഐക്യത്തിന്റെ ശാശ്വതവും ദൃശ്യവുമായ ആധാരവും അടിസ്ഥാനവും. ഓരോ മെത്രാനും തന്റെ സഭയില്‍ ഐക്യത്തിന്റെ ആധാരവും അടിസ്ഥാനവുമാണ്. വ്യക്തിസഭകള്‍ സാര്‍വത്രികസഭയുടെ മാതൃകയില്‍ രൂപംകൊള്ളുകയും അവയിലും അവയില്‍നിന്നും ഏകവും അനന്യവുമായ കത്തോലിക്കാസഭ രൂപവത്കൃതമാകുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ ഓരോ മെത്രാനും തന്റെ സഭയെയയും എല്ലാ മെത്രാന്മാരും ഒരുമിച്ച് മാര്‍പാപ്പയോടുകൂടെ സഭ മുഴവനെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഐകമത്യത്തിന്റെയും ശൃംഖലയില്‍ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.

പ്രാദേശിക സഭാഭരണത്തിനു നിയുക്തരായിരിക്കുന്ന ഓരോ മെത്രാനും തനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സഭാഘടകത്തിലാണ്, മറ്റു സഭകളിലോ സാര്‍വത്രിക സഭയിലോ അല്ല, അജപാലനഭരണം നിര്‍വഹിക്കുന്നത്. എങ്കിലും ശ്ലൈഹിക സമൂഹത്തിലെ അംഗമെന്ന നിലയിലും ശ്ലീഹന്മാരുടെ നിയമാനുസൃത പിന്‍ഗാമികയെന്ന നിലയിലും പ്രത്യേകമായ താത്പര്യത്തോടെ സാര്‍വത്രികസഭ മുഴുവനുവേണ്ടിയും, കര്‍ത്താവിന്റെ വ്യവസ്ഥാപനവും കല്പനയുമനുസരിച്ചുതന്നെ, പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കടപ്പെട്ടിരിക്കുന്നു. ഭരണപരമായ നടപടികൊണ്ട് പ്രയോഗിക്കുന്നതല്ലെങ്കിലും, സര്‍വോപരി സാര്‍വത്രിക സഭയുടെ അഭിവൃദ്ധിക്ക് ഇതു സഹായകമാകും. എന്തുകൊണ്ടെന്നാല്‍, മെത്രാന്മാരെല്ലാവരും വിശ്വാസത്തിന്റെ ഏകതയും സഭാസമൂഹത്തിന്റെ മുഴുവന്‍ അച്ചടക്കവും വളര്‍ത്തുന്നതിനും കടപ്പെട്ടിരിക്കുന്നു.

കര്‍ത്താവിന്റെ മൗതികശരീരം മുഴുവന്‍, പ്രത്യേകിച്ച് ദരിദ്രാംഗങ്ങളെയും പീഡിതരെയും നീതിക്കുവേണ്ടി മര്‍ദ്ദിക്കപ്പെടുന്നവരെയും (മത്താ. 5:10) സ്‌നേഹിക്കുന്നതിന് വിശ്വാസികളെ പഠിപ്പിക്കുന്നതിനും അവര്‍ക്കു കടമയുണ്ട്. അവസാനമായി, സഭ മുഴുവനും പൊതുവായുള്ള കാര്യങ്ങള്‍, പ്രത്യേകിച്ച് വിശ്വാസത്തിന്റെ വളര്‍ച്ചയാക്കായി സമ്പൂര്‍ണ്ണ സത്യത്തിന്റെ വെളിച്ചം എല്ലാ മനുഷ്യര്‍ക്കും നല്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ ചുമതലപ്പെട്ടിരിക്കുന്നു. മാത്രമല്ല, സ്വന്തം സഭാഘടകത്തെ സാര്‍വത്രിക സഭയുടെ ഭാഗമെന്ന നിലയില്‍ ഭംഗിയായി ഭരിച്ചുകൊണ്ട്, സഭകളുടെതന്നെ ശരീരമാകുന്ന മുഴുവന്‍ മൗതികശരീരത്തിന്റെയും ക്ഷേമത്തിനായി ഫലപ്രദമായി സഹായിക്കുകയെന്നതും അവരുടെ പരിപാവനമായ ധര്‍മമാണ്.

ലോകം മുഴുവനിലും സുവിശേഷം പ്രഘോഷിക്കാനുള്ള കടമ, എഫേസൂസ് സുനഹദോസില്‍ പരിശുദ്ധ സെലസ്റ്റിന്‍ മാര്‍പ്പാപ്പാ പിതാക്കന്മാരോടു നിര്‍ദ്ദേശിച്ചതുപോലെ, ഇടയന്മാരുടെ സമൂഹത്തിനുള്ളതാണ്. അവര്‍ക്കു മുഴുവനുമാണ് പൊതുവായ ചുമതല ഏല്പിച്ചുകൊണ്ട് പൊതുവായ കല്പന മിശിഹാ നല്‍കിയത്. അതിനാല്‍, മെത്രാന്മാര്‍, സ്വന്തം കര്‍ത്തവ്യനിര്‍വഹണം അനുവദിക്കു്‌നിടത്തോളം തമ്മില്‍ത്തമ്മിലും പത്രോസിന്റെ പിന്‍ഗാമിയോടും സംഘാതാത്മക പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

അദ്ദേഹത്തിനാണല്ലോ ‘ക്രിസ്തീയനാമം’ പ്രചരിപ്പിക്കാനുള്ള മഹത്തായ കര്‍ത്തവ്യം നല്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്, കൊയ്ത്തിനു വേലക്കാരെ അയച്ചും ആത്മികവും ഭൗതികവുമായ സഹായങ്ങള്‍ നല്കിയും തീക്ഷ്ണതയുള്ള വിശ്വാസികളെ പ്രോത്സാഹിപ്പിച്ചും പ്രേഷിതരംഗങ്ങള്‍ സര്‍വശക്തിയോടുംകൂടെ സമ്പന്നമാക്കാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു. വീണ്ടും, സാര്‍വത്രികസ്‌നേഹത്തോടെ സമൂഹത്തിലും സ്വമനസ്സാ സഹോദരതുല്യമായ സഹായത്തോടെ ഇതരസഭകളിലും പ്രത്യേകിച്ച്, സമീപസ്ഥവും ദരിദ്രവുമായ സഭകളിലും പൗരാണികവും മാന്യവുമായ പാരമ്പര്യത്തിനനുസൃതമായി സഹായം നല്കണം.

ദൈവപരിപാലനത്താല്‍ പല സ്ഥലങ്ങളിലായി ശ്ലീഹന്മാരാലും അവരുടെ പിന്‍ഗാമികളാലും സ്ഥാപിതമായ വിവിധസഭകള്‍ വിവിധ കൂട്ടായ്മകളായിത്തീര്‍ന്നു. വിശ്വാസത്തിന്റെ ഏകത്വവും സാര്‍വത്രികസഭയുടെ അനന്യമായ ദൈവികഘടനാവിശേഷവും സംരക്ഷിച്ചുകൊണ്ടുതന്നെ, ഓരോ സഭയും സ്വന്തമായ ശിക്ഷണക്രവും ആരാധന രീതിയും ദൈവശാസ്ത്രത്തിന്റെയും ആദ്ധ്യാത്മികതയുടെയും പൈതൃകസമ്പത്തും ആസ്വദിക്കുന്നു. അവയില്‍ ചിലത്, പ്രത്യേകിച്ച് പൗരാണികപാത്രിയാര്‍ക്കല്‍ സഭകള്‍, വിശ്വാസത്തിന്റെ മാതൃസഭകളായി മറ്റു പുത്രീസഭകള്‍ക്കു ജന്മംനല്കി. കൗദാശിക ജീവിതത്തിലും അവകാശങ്ങളും കടമകളും സംബന്ധിച്ച പരസ്പരബഹുമാനത്തിലും ഈ പുത്രീസഭകളോട് അവ ഇന്നുവരെയും ഗാഢമായ സ്‌നേഹബന്ധം പുലര്‍ത്തുന്നു.

ഈ പ്രാദേശിക സഭകളുടെ ഏകോന്മുഖമായ നാനാത്വം അവിഭക്തസഭയുടെ കാത്തോലികത്വം സുതരാംവെളിവാക്കുന്നു. തത്തുല്യമായ കാരണത്താല്‍ ഈ കൂട്ടായ്മയെ പ്രകടമായ പ്രായോഗി പദ്ധതിയിലേക്കു നയിക്കാനിടയാക്കുന്ന വിവിധങ്ങളും ഫലപ്രദവുമായ സഹായങ്ങളുളവാക്കാന്‍ മെത്രാന്മാരുടെ കൂട്ടായ്മയ്ക്ക് ഇന്നു സാധിക്കും.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles