മാര്‍പാപ്പയെയും മെത്രാന്‍സംഘത്തെയും കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍
22) മെത്രാന്‍ സംഘവും അതിന്റെ തലവനും
കര്‍ത്താവിന്റെ നിശ്ചയമനുസരിച്ച് വിശുദ്ധ പത്രോസും മറ്റു ശ്ലീഹന്മാരും ഒരു ശ്ലൈഹിക സംഘവുമായി രൂപവത്കൃതമായിരിക്കുന്നതുപോലെ, തത്തുല്യമായ കാരണത്താല്‍ പത്രോസിന്റെ പിന്‍ഗാമിയായ റോമാ മാര്‍പ്പാപ്പയും ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരും പരസ്പരം യോജിച്ചിരിക്കുന്നു. അതിപൂരാതന നടപടികളില്‍ത്തന്നെ ലോകമെമ്പാടും നിയമിതരായ മെത്രാന്മാര്‍ പരസ്പരവും റോമാമെത്രാനോടും ഒരുമയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ശൃംഖലയില്‍ ബന്ധം പുലര്‍ത്തിയിരുന്നു.
അതുപോലെതന്നെ കൗണ്‍സിലുകള്‍ സമ്മേളിച്ചുകൊണ്ട്, അവവഴി കൂടുതല്‍ പ്രധാനമായ കാര്യങ്ങള്‍ പൊതുവായി തീരുമാനിക്കാന്‍ പലരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചിരുന്നുവെന്നത് മെത്രാന്‍സ്ഥാനത്തിന്റെ സ്വഭാവവും സംഘാതാത്മക സങ്കല്പവുമാണു സൂചിപ്പിക്കുന്നത്. കാലപ്രയാണത്തില്‍ നടത്തപ്പെട്ടിട്ടുള്ള സാര്‍വത്രിക സുനഹദോസുകള്‍ ഈ വസ്തുത സുതരാം വ്യക്തമാക്കുന്നു.
ഉന്നത പുരോഹിതസ്ഥാനത്തേക്കു പുതുതായി നിര്‍ദിഷ്ടനായ ആളിന്റെ സ്ഥാനാഹോഹണകര്‍മത്തില്‍ പങ്കെടുക്കുന്നതിന് വളരെയേറെ മെത്രാന്മാരെ ക്ഷണിച്ചുവരുത്തുന്ന പൗരാണിക കാലം മുതലുള്ള നടപടി ഈ സത്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഒരാള്‍ മെത്രാന്‍ സമൂഹത്തിലെ അംഗമായിത്തീരുന്നത് കൗദാശിക മെത്രാഭിഷേകത്താലും മെത്രാന്‍ സംഘത്തിന്റെ തലവനോടും അംഗങ്ങളോടുമുള്ള ഹയരാര്‍ക്കിക്കല്‍ കൂട്ടായ്മയാലുമാണ്.
മെത്രാന്‍ സംഘത്തിന് അഥവാ അവരുടെ സമൂഹഗാത്രത്തിന് പത്രോസിന്റെ പിന്‍ഗാമിയായ റോമാ മാര്‍പാപ്പയെ അതിന്റെ ശിരസ്സെന്ന നിലയില്‍ മനസ്സിലാക്കാതെയും എല്ലാ ഇടയന്മാരുടെ മേലും വിശ്വാസികളുടെമേലും അദ്ദേഹത്തിനുള്ള പരമാധികാരം അവികലമായി നിലനില്ക്കാതെയും ഒരധികാരവും ഉണ്ടായിരിക്കുന്നതല്ല. എന്തുകൊണ്ടെന്നാല്‍, റോമാമാര്‍പാപ്പയാക്ക് സഭയില്‍ മിശിഹായുടെ വികാരിയും സഭ മുഴുവന്റെയും ഇടയനും എന്ന സ്വന്തം ധര്‍മത്താല്‍ത്തന്നെ പൂര്‍ണവും പരമോന്നതവും സാര്‍വത്രികവുമായ അധികാരമുണ്ട്. ഈ അധികാരം എല്ലായ്‌പ്പോഴും സ്വതന്ത്ര്യമായി വിനിയോഗിക്കുന്നതിനുള്ള അവകാശവുമുണ്ട്. മെത്രാന്മാരുടെ പദവി അദ്ധ്യപനത്തിലും ഇടയനടുത്ത ഭരണത്തിലും ശ്ലൈഹിക സംഘത്തിന്റെ പദവിയുടെ പുന്‍തുടര്‍ച്ചയാണ്. ഇതുവഴി ശ്ലൈഹികസംഘം ഇടമുറിയാതെ തുടരുകയാണ്. ഇത് എപ്പോഴും തലവനായ റോമാമാര്‍പാപ്പയോടു ചേര്‍ന്നാണ്; ഒരിക്കലും ശിരസ്സിനെക്കൂടാതെയല്ല, നിലനില്ക്കുന്നത്.
സാര്‍വത്രിക സഭ മുഴുവനിലും പരമവും പൂര്‍ണവുമായ അധികാരത്തിന്റെ അടിസ്ഥാനവുമാണിത്. എന്നാല്‍, ഈ അധികാരം റോമാമാര്‍പാപ്പയുടെ അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാന്‍ പാടുള്ളു. കര്‍ത്താവ് ശെമയോനെ മാത്രം പാറയായും സഭയുടെ താക്കോല്‍ക്കാരനായും നിയമിച്ചു (മത്താ 16:18, 19). അദ്ദേഹത്തെ തന്റെ അജഗണത്തിന്റെ മുഴുവന്‍ ഇടയനായും നിയോഗിച്ചു (യോഹ 21:15ff). കെട്ടാനും അഴിക്കാനും പത്രോസിനു നല്കപ്പെട്ട അധികാരം (മത്താ 16:19) ശ്ലൈഹികസംഘത്തിനും ശിരസ്സിനോടു യോജിച്ചിരിക്കുമ്പോള്‍ നല്കപ്പെട്ടിരിക്കുന്നു എന്നു വ്യക്തം (മത്താ 18:18; 28:16-20).
ഈ സംഘം പലര്‍ ചേര്‍ന്നതാണെന്ന നിലയ്ക്ക് ദൈവജനത്തിന്റെ വൈവിധ്യവും സാര്‍വ്വത്രികതയും പ്രകടിപ്പിക്കുന്നു. ഒരേ തലവന്റെ കീഴില്‍ ഒന്നിച്ചുകൂട്ടപ്പെട്ടവരെന്ന നിലയ്ക്ക് മിശിഹായുടെ അജഗണത്തിന്റെ ഏകത്വവും പ്രത്യക്ഷമാക്കുന്നു. മെത്രാന്മാര്‍ തങ്ങളുടെ തലവന്റെ പരമാധികാരവും ശ്രേഷ്ഠാധിപത്യവും വിശ്വസ്തതാപൂര്‍വം അംഗീകരിക്കുമ്പോള്‍ സ്വകീയമായ അധികാരത്താല്‍ത്തന്നെ തങ്ങളുടെ കീഴിലുള്ള വിശ്വാസികളുടെ മാത്രമല്ല, സഭ മുഴുവന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു. പരിശുദ്ധാത്മാവ് അതിന്റെ ജൈവഘടനയും ഏകീഭാവവും അനുസ്യൂതം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ മെത്രാന്‍സംഘം സാര്‍വത്രികസഭയില്‍ കൈയാളുന്ന പരമാധികാരം ഔദ്യോഗികമായി വിനിയോഗിക്കുന്നത് സാര്‍വത്രിക സുനഹദോസിലാണ്.
പത്രോസിന്റെ പിന്‍ഗാമിയാല്‍ സ്ഥിരീകരിക്കപ്പെടുകയും കുറഞ്ഞപക്ഷം, അംഗീകരിക്കപ്പെടുകയെങ്കിലും ചെയ്യാതെ ഒരു സുനഹദോസ് സാര്‍വത്രികമാകുന്നില്ല. ഈ കൗണ്‍സില്‍ വിളിച്ചുകൂട്ടാനും അതില്‍ ആദ്ധ്യക്ഷം വഹിക്കാനും അതു സ്ഥിരീകരിക്കാനുമുള്ള അധികാരം റോമാ മാര്‍പാപ്പയ്ക്കുമാത്രമുള്ളതാണ്. ഈ സംഘാതാത്മകാധികാരം പരിശുദ്ധ മാര്‍പാപ്പയോടു ചേര്‍ന്നുകൊണ്ട് പ്രയോഗിക്കാന്‍ ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ക്കു കഴിയും. എന്നാല്‍ ഈ സംഘാതാത്മക പ്രവര്‍ത്തനത്തിന് സംഘാദ്ധ്യക്ഷന്‍ ക്ഷണിച്ചിരിക്കണം. അല്ലെങ്കില്‍, പലയിടത്തായി വസിക്കുന്ന മെത്രാന്മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് അംഗീകാരം നല്കുകയോ സ്വതന്ത്രമായി സ്വീകരിക്കുകയോ, എങ്കിലും ചെയ്യണം. അങ്ങനെ ശരിയായ അര്‍ത്ഥത്തില്‍ സംഘാതാത്മക പ്രവര്‍ത്തനമായിരിക്കണം.
(തുടരും)