രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 11

13) ഏകദൈവജനമായ സാര്‍വത്രിക സഭ

പുതിയ ദൈവജനത്തിലേക്ക് എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. തന്നിമിത്തം ഈ ജനത ഏകനും അനന്യവുമായിരുന്നുകൊണ്ടുതന്നെ ദൈവഹിതത്തിന്റെ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി ലോകം മുഴുവന്‍ എല്ലാക്കാലത്തും വ്യാപിക്കേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യവംശത്തെ ആദിയില്‍ ഏകമായി സൃഷ്ടിക്കുകയും തന്റെ മക്കള്‍ ചിന്നിച്ചിതറിയപ്പോള്‍ ഒന്നിച്ചുകൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു (യോഹ 11:52). ഇതിനു വേണ്ടി ദൈവം തന്റെ പുത്രനെ അയച്ചു. അവനെ അവിടന്ന് സകലത്തിന്റെയും അവകാശിയായി നിയമിച്ചു (ഹെബ്രാ 1:2). അവന്‍ എല്ലാവരുടെയും ഗുരുവും രാജാവും പുരോഹിതനും ദൈവമക്കളാകുന്ന പുതിയ സാര്‍വത്രികജനതയുടെ ശിരസ്സുമാകുന്നതിനുവേണ്ടിയാണിത്. ഇതിനുവേണ്ടിത്തന്നെയാണ് ദൈവം തന്റെ പുത്രന്റെ ആത്മാവിനെ – നാഥനും ജീവദായകനുമായ പരിശുദ്ധാത്മാവിനെ – അയച്ചത്. ഈ ആത്മാവ് തിരുസഭ്ക്കു മുഴുവനും ലോകമെങ്ങുമുള്ള വിശ്വാസികളുടെ സമൂഹത്തിനും ഓരോ വിശ്വാസിക്കും യോജിപ്പിന്റെയും ശ്ലീഹന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പംമുറിക്കലിലും പ്രാര്‍ത്ഥനയിലുമുള്ള ഐക്യത്തിന്റെ അടിസ്ഥാനമാണ് (അപ്പ 2:42).

ഇപ്രകാരം, ഭൂമിയിലെ സര്‍വജനങ്ങളിലും ഒരേയൊരു ദൈവജനം വ്യാപിച്ചുകിടക്കുന്നു. സര്‍വജനതകളിലും നിന്ന് അത് സ്വന്തം പൗരന്മാരെ, ലൗകികസ്വഭാവമുള്ള രാജ്യത്തിന്റെ പൗരന്മാരെയല്ല സ്വര്‍ഗീയരാജ്യത്തിന്റെ പൗരന്മാരെ, ശേഖരിക്കുന്നു. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന വിശ്വാസികള്‍ പരിശുദ്ധാത്മാവില്‍ പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്നു. അങ്ങനെ’റോമായില്‍ വാഴുന്നവരും ഇന്‍ഡ്യക്കാര്‍ സ്വന്തം അവയവങ്ങളാണെന്ന് അറിയുന്നു’ മിശിഹായുടെ രാജ്യം ഈ ലോകത്തില്‍നിന്നല്ലാത്തതുപോലെ (യോഹ 18:36), സഭ അഥവാ ദൈവജനം ഈ രാജ്യം സ്ഥാപിച്ചുകൊണ്ട് ഒരു ജനതയുടെയും ഏതെങ്കിലും ലൗകികസമ്പത്ത് കൈവശമാക്കുന്നില്ല. മറിച്ച്, ജനങ്ങളുടെ കഴിവുകളും സമ്പത്തുകളും പാരമ്പര്യങ്ങളും അവ നല്ലതായിരിക്കുന്നിടത്തോളം പ്രോത്സാഹിപ്പിക്കുകയും സ്വാംശീകരിക്കുകയും ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. ആര്‍ക്കാണ് ജനപദങ്ങളെ സ്വന്തം അവകാശമായി ലഭിച്ചിരിക്കുന്നത് (സങ്കീ 2:8), ആരുടെ പട്ടണത്തിലേക്കാണ് കാഴ്ചകളും കപ്പവും അവര്‍ കൊണ്ടുവരുന്നത് (സങ്കീ 71(72) 10; ഏശ 60:47; വെളി 21:24) ആ രാജാവിനോടൊത്തു സമ്പാദ്യങ്ങള്‍ നേടാന്‍ തനിക്കു കടമയുണ്ടെന്ന് അവള്‍ക്ക് ഓര്‍മയുണ്ട്. ദൈവജനത്തിന്റെ അലങ്കാരമായ ഈ സാര്‍വത്രികസ്വഭാവം കര്‍ത്താവിന്റെ തന്നെ ദാനമാണ്. ഇതുവഴിയാണ് കത്തോലിക്കാസഭ ഫലപ്രദമായ രീതിയിലും ശാശ്വതമായും ശിരസ്സായ മിശിഹായുടെ കീഴില്‍ അവന്റെ പരിശുദ്ധാത്മാവിന്റെ ഐക്യത്തില്‍ മനുഷ്യകുലം മുഴുവന്‍ അതിന്റെ സര്‍വ നന്മകളോടുംകൂടെ പുനഃക്രമവത്കരണം ചെയ്യാന്‍ പരിശ്രമിക്കുന്നത്.

ഈ സാര്‍വത്രികതയുടെ ശക്തിയാല്‍ സഭയുടെ ഓരോ ഭാഗവും സ്വന്തം ദാനങ്ങള്‍ മറ്റുള്ള ഭാഗങ്ങള്‍ക്കും സഭയ്ക്കു മുഴുവനും വേണ്ടി സമര്‍പ്പിക്കുന്നു. അതുവഴി സഭ മുഴുവനും അതിന്റെ ഓരോ ഭാഗവും പരസ്പരമുള്ള സംശ്ലേഷം വഴിയും ഐക്യത്തിലുള്ള പരിപൂര്‍ണത വിഭാവനം ചെയ്യുന്നതുവഴിയും സമ്പന്നമാക്കപ്പെടേണ്ടതിനാണത്. അതിനാല്‍, ദൈവജനം വിവിധ ജനതകളില്‍നിന്ന് ഒന്നായി വിളിച്ചുകൂട്ടപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല, അതിനുള്ളില്‍ത്തന്നെ വിവിധ നിലകളില്‍പ്പെട്ടവരെക്കൊണ്ടു സംഘടിപ്പിക്കപ്പെട്ടുമിരിക്കുന്നു. അംഗങ്ങള്‍ തമ്മിലുള്ള ഈ വൈവിധ്യം സഹോദരരുടെ നന്മയ്ക്കുവേണ്ടി വിശുദ്ധ ശുശ്രൂഷകളനുഷ്ഠിക്കുന്നവരുടെ കാര്യത്തിലെന്നതുപോലെ, ജീവിതകര്‍ത്തവ്യങ്ങള്‍ക്കനുസൃതമായോ കൂടുതല്‍ കര്‍ക്കശമായ രീതിയില്‍ വിശുദ്ധിയിലേക്കു ലക്ഷ്യം വച്ചുകൊണ്ട് സഹോദരരെ സന്മാതൃകവഴി ഉത്തേജിപ്പിച്ചുകൊണ്ട് പലരും സന്ന്യാസജീവിതം നയിക്കുന്നതുപോലെയുള്ള സാഹചര്യത്തിനും ജീവിതലക്ഷ്യത്തിനുമനുസൃതമായോ നിലനില്‍ക്കുന്നു. മാത്രമല്ല, തിരുസഭാ സമൂഹത്തില്‍ നിയമപരമായിത്തന്നെ വ്യക്തിഗതപാരമ്പര്യങ്ങള്‍ സ്വന്തമായി അനുഭവിക്കുന്ന വ്യക്തിസഭകളുമുണ്ട്. എന്നാല്‍, ഈ സാര്‍വത്രികസ്‌നേഹസംസര്‍ഗത്തിന് ആദ്ധ്യക്ഷം വഹിക്കുകയും ന്യായമായ വ്യത്യാസങ്ങള്‍ പരിരക്ഷിക്കുകയും അതേസമയം, പ്രത്യേകതകള്‍ ഐക്യം ഹനിക്കാതിരിക്കാനും അതിലുപരി, അതു പരിരക്ഷിക്കാനും ശ്രദ്ധചെലുത്തുകയും ചെയ്യുന്ന പത്രോസിന്റെ സിംഹാസനത്തിന്റെ ശ്രേഷ്ഠാധിപത്യത്തോട് ഈ വ്യക്തിസഭകള്‍ യോജിച്ചിരിക്കണം. മാത്രമല്ല, ആത്മികസമ്പത്തിന്റെയും ശ്ലൈഹിക പ്രവര്‍ത്തനങ്ങളുടെയും ഭൗതികസത്യത്തിന്റെയും കാര്യങ്ങളില്‍ വിവിധസഭാവിഭാഗങ്ങള്‍ തമ്മില്‍ ദൃഢമായ ബന്ധം നിലനില്‍ക്കുന്നു. കാരണം, ദൈവജനത്തിന്റെ ഓരോ വിഭാഗവും നന്മകള്‍ പങ്കുവയ്ക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു. ഓരോ സഭയ്ക്കും ശ്ലീഹയുടെ വാക്കുകള്‍ അന്വര്‍ത്ഥമാണ്: ‘ഓരോ വ്യക്തിക്കും തനിക്കു കിട്ടിയ കൃപാവരം ദൈവത്തിന്റെ വൈവിധ്യമാര്‍ന്ന കൃപയുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഉപയോഗിക്കട്ടെ’ (1 പത്രോ 4:10)

സാര്‍വത്രിക സമാധാനം വളര്‍ത്തുന്ന ദൈവജനത്തിന്റെ ഈ കാതോലിക ഐക്യത്തിലേക്കു മനുഷ്യരെല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. ഇതിലേക്കു തന്നെ കത്തോലിക്കാ വിശ്വാസികളും മിശിഹായില്‍ വിശ്വസിക്കുന്ന മറ്റുള്ളവരും ദൈവകൃപയാല്‍ രക്ഷയിലേക്കു വിളിക്കപ്പെട്ടിരിക്കുന്ന പൊതുജനങ്ങളെല്ലാവരും പല രീതിയില്‍ ബന്ധപ്പെട്ടിരിക്കുകയോ നിയോഗിക്കപ്പെട്ടിരിക്കുകയോ ചെയ്യുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles