രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 10
12) വിശ്വാസാവബോധവും വരദാനങ്ങളും ദൈവജനത്തില്‍
ദൈവത്തിന്റെ വിശുദ്ധജനം മിശിഹായുടെ പ്രവാചകദൗത്യത്തിലും പങ്കുവഹിക്കുന്നു. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതം വഴി അവിടത്തേക്കു പരമാവധി നല്ല സാക്ഷ്യം പ്രസരിപ്പിച്ചുകൊണ്ടും ദൈവത്തിനു സ്തുതിയുടെ ബല – അവന്റെ നാമം ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ – അര്‍പ്പിച്ചുകൊണ്ടുമാണ് ഇതു നിര്‍വ്വഹിക്കുന്നത് (ഹെബ്രാ 13:15). വിശ്വാസികളുടെ സമൂഹം പരിശുദ്ധനായവന്റെ അഭിഷേകം സ്വീകരിച്ചിരിക്കുന്നതുകൊണ്ട് (യോഹ 2:20, 27) വിശ്വാസവിഷയത്തില്‍ തെറ്റില്‍ വീഴുകയില്ല. ജനങ്ങളുടെ മുഴുവന്‍ വിശ്വാസത്തിന്റെയും പ്രകൃത്യതീതമായ ഗ്രഹണശക്തിയുടെ സഹായത്താല്‍ ഈ സമൂഹത്തിനുള്ള ഈ പ്രത്യേക സ്വഭാവം പ്രകാശിതമാക്കുന്നത്, ‘മെത്രാന്മാര്‍ മുതല്‍ അങ്ങേയറ്റത്തുള്ള അല്മായ വിശ്വാസികള്‍വരെ’ വിശ്വാസസത്യങ്ങളെയും ധാര്‍മികതയെയും കുറിച്ച് അവരുടെ പൊതുവായ സമ്മതം പ്രകടിപ്പിക്കുമ്പോഴാണ്. സത്യത്തിന്റെ പരിശുദ്ധാത്മാവാല്‍ ഉത്തേജിപ്പിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന ഈ വിശ്വാസഗ്രഹണശക്തിയാല്‍ ദൈവജനം വിശുദ്ധപ്രബോധനാധികാരത്താല്‍ നയിക്കപ്പെട്ട്, അതിനെ വിശ്വസ്തതയോടെ അനുസരിക്കുന്നു. ഇനിമേല്‍ മനുഷ്യരുടെ വചനമായല്ല, യഥാര്‍ത്ഥത്തില്‍ ദൈവവചനമായി അതിനെ സ്വീകരിക്കുന്നു (1 തെസ്സ 2:13). ഒരിക്കല്‍ മാത്രം വിശുദ്ധര്‍ക്ക് ഏല്പിച്ചുകൊടുക്കപ്പെട്ട വിശ്വാസത്തോട് (യൂദാ 3) അഭേദ്യമായി ബന്ധിതരാകുകയും ശരിയായ വിവേചനത്തോടുകൂടെ അതില്‍ കൂടുതല്‍ അഗാധമായി ചുഴിഞ്ഞിറങ്ങുകയും ജീവിതത്തില്‍ കൂടുതല്‍ പൂര്‍ണമായി അതിനെ പ്രായോഗികമാക്കുകയും ചെയ്യുന്നു.
ഇതേ പരിശുദ്ധാരൂപി കൂദാശകളും വിശുദ്ധ ശുശ്രൂഷകളും വഴി മാത്രമല്ല ദൈവജനത്തെ വിശുദ്ധീകരിക്കുന്നതും നയിക്കുന്നതും അവരെ പുണ്യങ്ങളാല്‍ അലംകൃതരാക്കുന്നതും; പ്രത്യുത, തന്റെ ദാനങ്ങള്‍ ‘തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്ക്കും വിഭചിച്ചുകൊടുത്തുകൊണ്ട്’ (1 കോറി 12:1) എല്ലാ ജീവിതാന്തസ്സിലുമുള്ള വിശ്വാസികളുടെയിടയില്‍ പ്രത്യേക വരദാനങ്ങള്‍ വിതരണം ചെയ്തുകൊണ്ടുമാണ്. ഇവവഴി അവര്‍ വിവിധ കര്‍ത്തവ്യങ്ങളും ജീവിതപദവികളും ഏറ്റെടുക്കാന്‍ കൂടുതല്‍ അനുരൂപരും ഉത്സുകരുമാക്കപ്പെടുന്നു. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനന്മയ്ക്കു വേണ്ടിയാണ് (1 കോറി 12:7) എന്ന വചനത്തിനനുസൃതമായി സഭയുടെ നവീകരണത്തിനും ഉത്തരോത്തരമുള്ള പ്രയോജനപ്രദമായ അഭ്യൂന്നതിക്കും വേണ്ടിയാണിത്. ഈ സിദ്ധികള്‍ ഏറ്റവും വ്യക്തമായിട്ടുള്ളവയോ കൂടുതല്‍ ലളിതമോ അതിസാധാരണമോ ആയാലും, സഭയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുരൂപവും ഉപകാരപ്രദവുമാകയാല്‍, കൃതജ്ഞതയോടും സമാധാനത്തോടുംകൂടെ സ്വീകരിക്കപ്പെടണം. അസാധാരണ വരദാനങ്ങള്‍ നമുക്കു തോന്നുംപടി പ്രതീക്ഷിക്കാവുന്നവയല്ല. അവയില്‍ നിന്ന് പ്രേഷിതപ്രവൃത്തികളുടെ ഫലവും ധാര്‍ഷ്ട്യപൂര്‍വം പ്രതീക്ഷിക്കേണ്ടതില്ല. പ്രത്യുത, അവയുടെ യാഥാര്‍ത്ഥ്യത്തെപ്പറ്റിയും ക്രമവത്കൃതവുമായ വിനിയോഗത്തെപ്പറ്റിയും വിധിപറയുക തിരുസഭയിലെ അധികാരികളുടെയും പ്രത്യേക പ്രാഗല്ഭ്യമുള്ളവരുടെയും അവകാശമാണ്. ആത്മാവിനെ കെടുത്തിക്കളയാനല്ല, പ്രത്യുത, എല്ലാം പരിശോധിക്കാനും നന്മയായിട്ടുള്ളതു മുറുകെപ്പിടിക്കാനും വേണ്ടിയാണിത് (1 തെസ്സ 5:12, 19-21)
(തുടരും)