മാതാവിനെ വണങ്ങാന്‍ മെയ് മാസം

~ കെ.ടി.പൈലി ~

 

മെയ് മാസം പരിശുദ്ധ മാതാവിന്റെ വണക്കത്തിനായി പ്രത്യേകം മാറ്റിവച്ചിട്ടുള്ള ഒരു കാലമുണ്ടായിരുന്നു കത്തോലിക്കാ സഭയില്‍. പ്രത്യേകിച്ച് കേരളസഭയില്‍. ഇന്നതു കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കടങ്കഥയായി മാറിയിരിക്കുന്നു. സന്ധ്യനമസ്‌കാരം തന്നെ ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വണക്കമാസത്തിനു എന്തു പ്രസക്തി?

എന്റെ കുട്ടിക്കാലത്തു ഏകദേശം പത്തെഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പ്, മെയ് മാസം അടുത്തു വരുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍ കുട്ടികളോടു പറയും: ‘വണക്കമാസപുസ്തകം എടുത്തു ജപമാല പുസ്തകത്തോടെപ്പം വയ്ക്കുക. മെയ് ഒന്നാം തീയതി മാതാവിന്റെ വണക്കമാസം തുടങ്ങുകയാണ്’.

എത്ര ഒരുക്കത്തോടും ഭക്തിയോടും കൂടിയാണ് അക്കാലത്ത് വണക്കമാസം ആചരിച്ചിരുന്നത്. ഞങ്ങള്‍ കുട്ടികള്‍ മെയ് ഒന്നാം തീയതി മുതല്‍ പൂക്കള്‍ ശേഖരിക്കുന്ന തിരക്കിലായിരിക്കും. അയല്‍പക്കത്തും വീട്ടിലുമുള്ള പൂക്കള്‍ ശേഖരിച്ച് മാതാവിന്റെ തിരുസ്വരൂപം പ്രത്യേകം അലങ്കരിക്കുന്നു. പിന്നെ സന്ധ്യാപ്രാര്‍ത്ഥനയായ ജപമാലയ്ക്കുശേഷം വണക്കമാസപുസ്തകം എടുത്ത് ഒരാള്‍ ഭക്തിപുരസ്സരം വായിക്കുന്നു. മാതാവിന്റെ മഹത്വവും ആദരവും പ്രകീര്‍ത്തിക്കുന്ന വായനകളാണ് വണക്കമാസ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നത്. ദൃഷ്ടാന്തം, ജപം, ഗാനം എല്ലാം ഈ ഭക്തിവണക്കത്തില്‍ ഉള്‍പ്പെടുന്നു. ‘നല്ല മാതാവേ മരിയേ…’ എന്നു തുടങ്ങുന്ന നാടന്‍ ശീലുള്ള ഗാനം അന്ന് എല്ലാ കത്തോലിക്കാ വീടുകളില്‍ നിന്നും സന്ധ്യാനേരത്ത് മുഴങ്ങി കേള്‍ക്കാമായിരുന്നു.

ഓരോ ദിവസവും ഓരോ വായനയാണുള്ളത്. മെയ് ഒന്നാം തീയതി മുതല്‍ സമാപനദിവസമായ മുപ്പത്തിയൊന്നാം തീയതി വരെ വണക്കമാസാചരണം നടത്തപ്പെടുന്നു. സമാപന ദിവസം മെയ് മുപ്പത്തിയൊന്നാം തീയതി ആഘോഷങ്ങളോടെയാണ് വണക്കമാസം സമാപിക്കുന്നത്. അന്ന് രാത്രി വീടുകളില്‍ നേര്‍ച്ച പാച്ചോറും വിഭവസമൃദ്ധമായ സദ്യയും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് അന്നൊരു ഉത്സവദിവസമാണ്. മെയ്മാസറാണിയുടെ വണക്കത്തിനായി മാതാവിന്റെ രൂപത്തില്‍ പൂക്കള്‍ അലങ്കരിക്കുക, മാല ചാര്‍ത്തുക, ധാരാളം മെഴുകുതിരികള്‍ കത്തിക്കുക, എന്നിവയൊക്കെ കുട്ടികളായ ഞങ്ങളുടെ ചുമതലയാണ്. അന്നു നാട്ടില്‍ സുലഭമായി വളര്‍ന്നിരുന്ന വാകപ്പൂക്കള്‍, ആറുമാസപ്പൂവ്, നന്ത്യാര്‍വട്ടം ഇവയൊക്കെ ഈ അലങ്കാരത്തിന് മാറ്റുകൂട്ടിയിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് ആദ്യം പടക്കം പൊട്ടിക്കലാണ്. കമ്പിത്തിരി, മത്താപ്പ്, ചക്രം, പൂത്തിരി, മാലപ്പടക്കം, എല്ലാം ഈ കരിമരുന്നു പ്രേയോഗത്തിന്റെ ഭാഗമാണ്. ശരിക്കും ഒരു ഉത്സവം തന്നെയായിരുന്നു മെയ് മുപ്പത്തിയൊന്ന്.

ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ആഘോഷങ്ങള്‍ തിമിര്‍ത്തുകൊണ്ടാടിയിരുന്നു. ബന്ധുക്കളും അയല്‍വാസികളുമൊക്കെ ഈ ആഘോഷത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. അയല്‍ക്കാരുടെ സൗകര്യാര്‍ത്ഥം ഓരോ ദിവസത്തേക്ക് പ്രത്യേകം മാറ്റിവയ്ക്കുന്നതും പതിവായിരുന്നു. മെയ് 31, ജൂണ്‍ 1, ജൂണ്‍ 2 എന്നിങ്ങനെ ഒരാഴ്ചവരെ ഓരോരുത്തരും സൗകര്യാര്‍ത്ഥം തീയതി നിശ്ചയിച്ച് പരസ്പരം ഒത്തുകൂടി വണക്കമാസസമാപനം ആഘോഷിച്ചിരുന്നു. പരസ്പര സ്‌നേഹത്തിന്റെയും കൂടിക്കാഴ്ചയുടെയും ഒരു സമ്മേളനം തന്നെയായിരുന്നു ഈ വണക്കമാസാചരണം.

ഇന്നിതെല്ലാം മങ്ങിമറഞ്ഞ് ഓര്‍മ്മയുടെ ചെപ്പുകളില്‍ അടഞ്ഞുകിടക്കുന്നു. പരിശുദ്ധ മാതാവിനോടുള്ള ഈ വണക്കം കുടുംബങ്ങളില്‍ ഐശ്വര്യവും സമൃദ്ധിയും സ്‌നേഹവും സമാധാനവും വളര്‍ത്തുന്നതില്‍ എത്ര അനുഗ്രഹകരമായിരുന്നു എന്നു പണ്ടുള്ളവര്‍ അറിഞ്ഞിരുന്നു. ദൈവാനുഗ്രഹത്തിന്റെ വാതില്‍ പരിശുദ്ധ കന്യകാമറിയമാണ് എന്നു വിശ്വസിക്കുന്നവര്‍ക്കേ വണക്കമാസത്തിന്റെ പ്രസക്തി തിരിച്ചറിയാനാവൂ. പഴഞ്ചന്‍ ആചാരങ്ങള്‍ എന്നു പറഞ്ഞ് നമ്മുടെ പൈതൃകമായ ഭക്താനുഷ്ഠാനങ്ങള്‍ അവഗണിക്കുന്നവര്‍ തേടിപ്പോകുന്നത് ലോകത്തിന്റെ വൈകൃതങ്ങള്‍ നിറഞ്ഞ വിലകെട്ട സന്തോഷങ്ങളിലേക്കാണ്. ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന ഈ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും നമുക്കുനല്‍കുന്ന ദൈവീകവരദാനങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ ‘സ്‌നേഹം, കടപ്പാട്, കരുതല്‍’ എന്നീ മൂല്യങ്ങുടെ തകര്‍ച്ചയിലേക്കായിരിക്കും നമ്മള്‍ എത്തിപ്പെടുന്നത്.
ഭക്താനുഷ്ഠാനങ്ങളും ദിവ്യബലിയും പ്രാര്‍ത്ഥനയുമൊക്കെ അവഗണിക്കപ്പെട്ടാല്‍ വന്നുചേരുന്ന ദുരന്തം മനുഷ്യസംസ്‌കാരത്തിന്റെ നിലനില്‍പ്പിനെത്തന്നെയാണ് ബാധിക്കുന്നത്. തിരക്കേറിയ ജീവിതത്തില്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രം സമയം കണ്ടെത്താത്ത മനുഷ്യന്‍ വിലകെട്ട സന്തോഷങ്ങളുടെ പിന്നാലെ ഓടുകയാണ്. കുടുംബബന്ധങ്ങളും സഹോദരസ്‌നേഹവും മറന്നുള്ള ഈ സുഖാന്വേഷണം മാനവികതയുടെ തന്നെ വികലമായ അവസ്ഥയിലേക്കാണ് നമ്മെ നയിക്കുന്നത്.

മെയ്മാസറാണി, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ….!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles