അമേരിക്കയില്‍ വിവാഹ നിരക്ക് കുറയുന്നു!
കഴിഞ്ഞ അന്‍പത് വര്‍ഷത്തെ അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരുടെ വിവാഹനിരക്ക് പരിശോധിച്ചാല്‍ വ്യക്തമാക്കുന്നത് ചെറുപ്പക്കാരില്‍ ഭൂരിഭാഗവും വിവാഹജീവിതത്തെ അംഗീകരിക്കാത്തവരാണ് എന്നാണ്. എന്നാല്‍ വയോധികരില്‍ വിവാഹിതരാകാനുള്ള പ്രവണത ഗണ്യമായി കൂടിയിരിക്കുന്നു. പതിനെട്ടിനും അറുപത്തിനാലിനുമിടയില്‍ പ്രായമുള്ളവരില്‍ വിവാഹിതര്‍ കേവലം48.6% മാത്രമാണ്. ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞ വിവാഹനിരക്കാണിത്. വിവാഹനിരക്കില്‍ വന്നിരിക്കുന്ന ഈ വ്യതിയാനത്തിന് സാമ്പത്തികഘടനയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്.
അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി വെല്‍ഫയറിലെ ഗവേഷണ ഡയറക്ടറായ വെന്‍ഡി വാങ് പറയുന്നു,” മുതിര്‍ന്ന തലമുറയുടെ കാലം കഴിയുന്തോറും വിവാഹം എന്നത് മണ്‍മറയുന്ന ഒരു പ്രസ്ഥാ നമായി മാറും”. ഇതിന്റെ പ്രധാന കാരണം വിവാഹം കൂടാതെ ഒന്നിച്ചു ജീവിക്കുന്ന ലിവിംങ് ടുഗെതര്‍ പ്രവണതയാണ്. ഇതിനു പുറമെ വിവാഹം വേണ്ടന്നുവയ്ക്കുന്നവരുടെ സംഖ്യയും വര്‍ധിച്ചുവരുന്നു. 1990ല്‍ ഇരുപത്തിയാറുശതമാനത്തില്‍ നിന്നും 2016ല്‍ 36 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. ചെറുപ്പക്കാരില്‍ വിവാഹജീവിതം വേണ്ടന്നുവയ്ക്കുന്ന പ്രവണത ഒരു പ്രത്യേക വിഭാഗത്തിന്റെയോ, അല്ലെങ്കില്‍ ഒരു വംശത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. സ്ത്രീകള്‍ തങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്തുന്നതിനും ഭദ്രമാക്കുന്നതിനും വിവാഹം ദീര്‍ഘിപ്പിക്കുന്നു. മാത്രവുമല്ല ഇന്ന് പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ അതീവ സൂക്ഷമത പുലര്‍ത്തുന്നു. ഫലമോ വിവാഹജീവിതം സുദൃഢമാകുന്നു. വിവാഹമോചന നിരക്ക് കുറയുന്നു. പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് മുപ്പത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ളവരിലും, കോളേജ് വിദ്യാഭ്യാസം ലഭിക്കാത്തവരിലും വിവാഹം വേണ്ടെന്നുവയ്ക്കുന്ന പ്രവണത കൂടുതലായി കാണപ്പെടുന്നു. കോളേജ് വിദ്യാഭ്യാസം സിദ്ധിച്ചവരുടെ മാത്രം പ്രവണതയായി മാറുകയാണ് വിവാഹം. ഇതില്‍ നിന്നും കൈവന്ന ഒരു ഗുണം വിവാഹമോചനനിരക്കില്‍ വന്ന ഗണ്യമായ കുറവാണ്. 2016ല്‍ വിവാഹമോചനനിരക്കില്‍ 2.1 ദശലക്ഷം കുറവ് കാണപ്പെട്ടു.
ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിച്ചശേഷം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 2016ല്‍ 10% വര്‍ധനവ് പ്രകടമായി. പുരുഷന്‍മാരുടെ ജീവിതദൈര്‍ഘ്യത്തില്‍ പ്രകടമായ വര്‍ധനവ് വൈകിയവേളയിലും വിവാഹജീവിതത്തിലേക്ക് കടന്നുചെല്ലുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. വിവാഹിതരായ പ്രായമുള്ള പുരുഷന്‍മാരുടെ എണ്ണം അതേ വിഭാഗത്തിലെ സ്ത്രീകളുടെ എണ്ണത്തേക്കാളും കൂടുതലായിരുന്നു കുറച്ചു നാള്‍ മുന്‍പു വരെ. എന്നാല്‍ ഇന്ന് അറുപത്തിയഞ്ചിനു മുകളില്‍ പ്രായമുള്ള നൂറു വിവാഹിതരെ എടുത്താല്‍ അവര്‍ക്ക് ആനുപാതികമായി എണ്‍പത് സ്ത്രീകളെ നമുക്ക് കണക്കാക്കാന്‍ സാധിക്കും. 1960ല്‍ സ്ത്രീകളുടെ ഈ സംഖ്യ വെറും അറുപത്തിനാലു മാത്രമായിരുന്നു. വിവാഹിതരും അവിവാഹിതരുമായ ചെറുപ്പക്കാരുടെ അന്തരം വരും കാലങ്ങളില്‍ അമേരിക്കയില്‍ പ്രകടമായ ക്ലാസ്സ് വിഭജനത്തോടു കിടപിടിക്കും എന്നാശങ്കപ്പെടുന്നു വെന്‍ഡി വാങ്.