യേശുവിനൊപ്പം അന്ത്യം വരെ

അഭിലാഷ് ഫ്രേസര്‍

അപ്പോസ്തലന്‍മാരില്‍ അവസാനം മരിച്ചത് യോഹന്നാനാണെന്ന് പാരമ്പര്യങ്ങള്‍ പറയുന്നു. ശ്‌ളീഹന്‍മാര്‍ ഓരോരുത്തരായി വാള്‍മുനയിലും കുരിശിലും കുന്തമുനയിലുമായി ആയുസ്സിന്റെ മധ്യാഹ്നങ്ങളില്‍ ഒടുങ്ങിയപ്പോള്‍ തൊണ്ണൂറ് കഴിഞ്ഞ വയോധികനായി യോഹന്നാന്‍ പ്രശാന്തമായ മരണത്തിലേക്ക്, ഒരു മിസ്റ്റിക്ക് അനുഭവത്തിലേക്കെന്ന പോലെ തലചായ്ച്ചുവത്രേ. പാത്മോസ് ദ്വീപിന്റെ ദൈവികമായ ഏകാന്തതയില്‍ വചനത്തിന്റെ വിശ്വസൗന്ദര്യത്തെ കാലത്തിന് കൊണ്ടാടാന്‍ വേണ്ടി വാങ്മയചിത്രങ്ങളാക്കാന്‍ അയാള്‍ തപസ്സിരുന്നു. വാക്കിന്റെ ആദിയും അന്തവും കണ്ടറിഞ്ഞ് അത് വാക്കില്‍ കുറിച്ചിട്ട ഒരേയൊരാള്‍.

യോഹന്നാന്‍ എന്നും അവസാനം വരെ നില്‍ക്കുന്നയാളാണ്. ക്രിസ്തുവിന്റെ മരണനിമിഷം വരെ കൂടെ നടന്ന ഒരേയൊരു ശിഷ്യന്‍. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ അതിരും അതിരില്ലായ്മയും കണ്ടയാള്‍. അതിനാലാവണം ക്രിസ്തു അവസാനം വരെ സ്‌നേഹിച്ചു എന്നെഴുതാന്‍ യോഹന്നാന് കഴിഞ്ഞത്.

ഇടിമിന്നലിന്റെ ശിഷ്യന്‍മാരെന്ന് ഓമനപ്പേരില്‍ യേശു വിശേഷിപ്പിച്ച അസഹിഷ്ണുവും തീക്ഷണമതിയുമായ സഹോദരന്‍മാരില്‍ ഒരാളായിരുന്ന, ക്രിസ്തുവിന്റെ പാര്‍ശ്വത്തില്‍ സിംഹാസനം സ്വപ്‌നം കണ്ട യോഹന്നാന്‍ ഇടയ്‌ക്കെവിടെ വച്ചാണ് സ്‌നേഹത്തിന്റെ വേറിട്ടൊരു പാഠം പഠിച്ചത്? അപ്പം മുറിഞ്ഞ രാത്രിയില്‍ ക്രിസ്തുവിന്റെ മാറില്‍ തലചായ്ച്ചു കിടന്ന നിമിഷത്തിലാണോ? അസുലഭതേജസ്സാര്‍ന്ന ആ രാത്രി മുതല്‍ ഗത്‌സെമിനിയിലൂടെ കാല്‍വരിയിലേക്കുള്ള യാത്ര സ്‌നേഹത്തിന്റെ തികച്ചും വ്യത്യസ്തമായ പാഠഭേദമായിരുന്നു.

ഓര്‍മിക്കുക. ഒരാള്‍ സ്‌നേഹത്തിന്റെ വഴിയില്‍ നിന്ന് ചതിയുടെ ഊടുവഴിയിലേക്കും മറ്റൊരാള്‍ സ്‌നേഹത്തിന്റെ കടലാഴങ്ങളിലേക്കും വഴിപിരിഞ്ഞത് ആ രാത്രിയിലായിരുന്നു. അപ്പം മുറിഞ്ഞ സന്ധ്യയില്‍. സ്വയം മുറിച്ചു നല്‍കുന്ന പാഠം ഒരാള്‍ പഠിച്ചപ്പോള്‍, മറ്റൊരാള്‍ സൗഹൃദത്തിന്റെ ചരടുകള്‍ മുറിച്ചെറിയുന്ന ധനാര്‍ത്തിയിലേക്കാണ് ഓടി മറഞ്ഞത്. മുറിച്ചു നല്‍കിയ അപ്പത്തില്‍ ഒരാള്‍ ഉരുകിയൊലിക്കുന്ന സ്‌നേഹം ദര്‍ശിച്ചപ്പോള്‍ അപ്പത്തിന്റെ ആസക്തിയാണ് മറ്റൊരാളുടെ മനസ്സില്‍ തപിച്ചത്. ക്രിസ്തു എല്ലാവര്‍ക്കും മിത്രമാകാതെ പോകുന്നതിന്റെ കാരണമിതാണ്. ചിലരുടെ മിഴികള്‍ മാത്രമാണ് ക്രിസ്തുവിന്റെ ചൈതന്യത്തിലേക്കു തുറക്കുന്നത്. ഉള്ളിലെ നിര്‍മലമായ നയനങ്ങള്‍ കൈമോശം വന്നവരും നഷ്ടപ്പെടുത്തിയവരും ദുര്‍ഘടങ്ങളുടെ വഴിയാരംഭത്തില്‍ ക്രിസ്തുവുമായി വഴി പിരിയും.

ക്രിസ്തുവിനോടുള്ള സ്‌നേഹം സത്യത്തോടുള്ള സ്‌നേഹമാണ്. നീതിയോടുള്ള സ്‌നേഹമാണ്. ക്രിസ്തുവിനോടുള്ള സ്‌നേഹം കേവലം ഒരു വ്യക്തിയോടുള്ള വൈകാരിക സ്‌നേഹം മാത്രമല്ല. നെഞ്ചിനുള്ളിലെ സത്യത്തോടുള്ള വിശ്വസ്തതയാണ്. ആത്മാവില്‍ തെളിച്ചുവച്ച നേരിന്റെ വെളിച്ചത്തോടുള്ള പ്രണയമാണ്. നന്‍മയിലേക്കു ചായ്‌വുള്ള മനസ്സിനു മാത്രമേ ക്രിസ്തുവിനോടു എന്നും ചേര്‍ന്നു നില്‍ക്കാനാവൂ. യൂദാസ് ഒരു പക്ഷേ യേശുവെന്ന വ്യക്തിയെ, ഗുരുവിനെ സ്‌നേഹിച്ചിരിക്കാം. എന്നാല്‍ യേശു എന്ന ചൈതന്യത്തെ അയാള്‍ ഭയന്നു. ആ ചൈതന്യത്തിന്റെ പ്രഭയില്‍ തന്റെയുള്ളിലെ കാപട്യങ്ങള്‍ വെളിവാകുമെന്ന് അയാള്‍ ഭയപ്പെട്ടു. മല്‍സ്യങ്ങളുടെ ആധിക്യം കൊണ്ട് വല നിറഞ്ഞ നേരത്ത് ക്രിസ്തുവിനോട് നീ എന്നില്‍ നിന്നകന്നു പോകണമേ, ഞാന്‍ പാപിയാണ് എന്നു നിലവിളിക്കുന്ന പത്രോസിനെ ഓര്‍മിക്കുക. ക്രിസ്തുവിന്റെ ചൈതന്യം നെഞ്ചിലേക്കു പ്രഭ ചൊരിഞ്ഞപ്പോള്‍ ആത്മാവബോധം ലഭിച്ച ഒരാളുടെ നിലവിളിയാണത്.

യോഹന്നാന്റെ സുവിശേഷം മറ്റെല്ലാ സുവിശേഷങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതെന്തേ? മറ്റെല്ലാ സുവിശേഷങ്ങളെയുംകാള്‍ സ്‌നേഹസാന്ദ്രമായതുമെന്തേ? മറ്റെല്ലാവരും കാതിലൂടെ കേട്ടറിഞ്ഞ കാര്യങ്ങള്‍ എഴുതിയപ്പോള്‍, യോഹന്നാന്‍ ഹൃദയത്തില്‍ അനുഭവിച്ച് അവസാനം സ്വന്തം ജീവശ്വാസമായി മാറിയ വചനം കുറിച്ചു വച്ചു. യോഹന്നാന്‍ എഴുതുകയായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ വാക്കുകള്‍ നിശ്വസിക്കുകയായിരുന്നു. ചിന്തയില്‍ നിന്നല്ല, ജീവന്റെ ആഴത്തില്‍ നിന്നും സ്‌നേഹത്തിന്റെ സ്പന്ദമായാണ് അയാളുടെ സുവിശേഷം ജനിച്ചത്.

യോഹന്നാന്റെ മനസ്സ് ശിഷ്യരുടേതില്‍ ഏറ്റവും സത്യസന്ധമായിരുന്നിരിക്കണം. ഏറ്റവും സ്‌നേഹസാന്ദ്രമായിരുന്നിരിക്കണം. ഏവരും ഓടിമറയുന്ന പരീക്ഷണത്തിന്റെ സന്ധ്യയില്‍ കുരിശിന്റെ കീഴില്‍ നില്‍ക്കാന്‍ ചിന്തയുടെ ധൈര്യം പോരാ, സ്‌നേഹത്തിന്റെ ഭ്രാന്ത് തന്നെ വേണം.
തെളിഞ്ഞ മനസ്സുള്ളവര്‍ക്കാണ് ക്രിസ്തുവിനോടൊപ്പം അവസാനം വരെ നില്‍ക്കാന്‍ സാധിക്കുക. മനസ്സിന്റെ എല്ലാ കുടുസ്സുമുറികളും ക്രിസ്തുവിന്റെ പ്രകാശം വീണ് ഉള്ളം വെളിവായൊരാള്‍, ദൈവത്തിന്റെ പ്രകാശത്തില്‍ നിന്ന് ഒന്നും മറച്ചു വയ്ക്കാത്ത സത്യസന്ധതയുള്ളയാള്‍ക്ക് ഗത്സെമനിയിലൂടെയും കാല്‍വരിയിലൂടെയും ക്രിസ്തുവിനോടൊപ്പം നടന്ന് ഉയര്‍പ്പിന്റെ പുലരി ദര്‍ശിക്കാന്‍ സാധിക്കൂം. മാത്രമല്ല, ആ ഉയിര്‍പ്പിന്റെ ആഹ്ലാദവുമായി ജീവിതത്തിന്റെ അതിരുകള്‍ വരെ ജീവന്‍ കൊണ്ടാടാന്‍ സാധിക്കും. അങ്ങനെയൊരാള്‍ക്ക് എഴുതിവയ്ക്കാം, അവന്‍ നമ്മെ അവസാനം വരെ സ്‌നേഹിച്ചുവെന്ന്. തന്റെ ഏകജാതനെ നമുക്കായി നല്‍കാന്‍ തക്കവിധം ദൈവം നമ്മെ അത്രമാത്രം സ്‌നേഹിച്ചുവെന്ന്!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles