എപ്പിഫനി മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

ജനുവരി 20

വായന: യോഹന്നാന്‍ 1: 29 – 34)

‘അടുത്ത ദിവസം യേശു തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അവന്‍ പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവന്‍ എന്നേക്കാള്‍ വലിയവനാണെന്ന് ഞാന്‍ പറഞ്ഞത് ഇവനെ പറ്റിയാണ്. കാരണം, എനിക്ക് മുമ്പേ തന്നെ ഇവന്‍ ഉണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇവനെ ഇസ്രായേലിന് വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ വന്ന് ജലത്തിാല്‍ സ്‌നാനം നല്‍കുന്നത്. ആത്മാവ് പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ജലം കൊണ്ട് സ്‌നാനം ചെയ്യാന്‍ എന്നെ അയച്ചവന്‍ എന്നോട് പറഞ്ഞിരുന്നു, ആരുടെ മേല്‍ പരിശുദ്ധാത്മാവ് ഇറങ്ങി വന്ന് ആവസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവിനാല്‍ സ്‌നാനം നല്‍കുന്നവന്‍. ഇപ്പോള്‍ ഞാന്‍ അത് കാണുകയും അവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

സ്‌നാപക യോഹന്നാന്‍ യേശുവിനെ കുഞ്ഞാടായി അവതരിപ്പിക്കുമ്പോള്‍ ആ വാക്കിന് വിവിധങ്ങളായ ബിബ്ലിക്കല്‍ അര്‍ത്ഥങ്ങളുണ്ട്. മോശയെ പോലെ ഒരു വിമോചകന്‍ ആയോ ദാവീദിനെ പോലെ ഒരു വിജയി ആയോ അല്ല, ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ വേണ്ടി കൊല്ലപ്പെടുന്ന ദൈവത്തിന്റെ കുഞ്ഞാട് ആയിട്ടാണ് യേശുവിനെ അവതരിപ്പിക്കുന്നത്. ദൈവത്തില്‍ നിന്നും വന്ന ഈ കുഞ്ഞാട് ഈ ഭൂമിയില്‍ മനുഷ്യാവതാരം എടുക്കും മുമ്പേ ഉണ്ടായിരുന്നവനാണ്. പരിശുദ്ധാത്മാവിന്റെ ആഗമനവും അധിവാസവും അവിടുന്ന മിശിഹാ ആണെന്നുള്ളതിന് തെളിവ് നല്‍കുന്നു. ഈ യേശു ദൈവപുത്രനാണ്.

അടുത്ത ദിവസം
അടുത്ത ദിവസം യേശു വരുന്നത് കണ്ടു എന്നാണ് സുവിശേഷം പറയുന്നത്. ആദ്യ ദിവസം താന്‍ ആരാണെന്ന് തിരക്കാന്‍ വന്ന പുരോഹിതരോടും ലേവായരോടും താന്‍ മിശിഹായോ ഏലിയായോ പ്രവാചന്മാരില്‍ ഒരുവനോ അല്ലെന്ന് യോഹന്നാന്‍ വ്യക്തമാക്കി. താന്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എന്ന് യോഹന്നാന്‍ പറയുന്നു. അതിനടുത്ത ദിവസം, യേശു തന്റെ നേര്‍ക്ക് വരുന്നത് കണ്ട് ഇതാണ് ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെന്ന് അദ്ദേഹം സാക്ഷ്യം നല്‍കുന്നു. മൂന്നാം ദിവസം തന്റെ ശിഷ്യന്മാരോട് യേശുവിനെ അനുഗമിക്കാന്‍ ആവശ്യപ്പെടുന്നു.

ഇത്തവണ യേശു വന്നത് ജ്ഞാനസ്‌നാനം സ്വീകരിക്കാനല്ല, കാരണം ഇതിനു മുമ്പേ യോഹന്നാനില്‍ നിന്ന് യേശു ജ്ഞാനസ്‌നാനം സ്വീകരിച്ചു കഴിഞ്ഞു (മത്താ 3: 13 – 17), മര്‍ക്കോ 1: 9-11. ലൂക്ക 3: 21 – 23). ജ്ഞാനസ്‌നാനത്തിന് ശേഷം യേശു 40 ദിവസം ഉപവസിക്കുകയും പ്രലോഭനം നേരിടുകയും ചെയ്തു. അതിന് ശേഷം തന്നെ ലോകത്തിന് വെളിപ്പെടുത്തുവാന്‍ വേണ്ടിയാണ് യേശു യോഹന്നാന്റെ അടുത്തേക്ക് വരുന്നത്.

യോഹന്നാന്‍ വെളിപ്പെടുത്തും വരെ മറ്റുള്ളവര്‍ക്ക് യേശു ആരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. താന്‍ പറഞ്ഞു കൊണ്ടിരുന്നത് ഈ വ്യക്തിയെ കുറിച്ചാണെന്ന് യോഹന്നാന്‍ വ്യക്തമാക്കുകയാണ്.

ദൈവത്തിന്റെ കുഞ്ഞാട്

  1. അത് പെസഹാ കുഞ്ഞാടാകാം. ഈജിപ്തില്‍ നിന്നുള്ള പുറപ്പാടിന്റെ വേളയില്‍ ഇസ്രായേലിന് രക്ഷയായത് ഈ കു്ഞ്ഞാടിന്റെ രക്തമാണ്. (പുറ 12: 1-13). കളങ്കമറ്റ കൂഞ്ഞാട് പാപമില്ലാത്ത ദൈവകുഞ്ഞാടായ യേശുവിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ രക്തം കട്ടിളപ്പടിയിലും യേശുവിന്റെ രക്തം കുരിശിലും പുരണ്ടു. കുഞ്ഞാടിന്റെ ത്യാഗം ഇസ്രായേലിനെ അടമത്തത്തില്‍ നിന്നു രക്ഷിച്ചപ്പോള്‍ യേശുവിന്റെ തിരുരക്തം പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് മനുഷ്യരെ രക്ഷിച്ചു.
  2. ദൈവം നല്‍കിയ കുഞ്ഞാട് എന്നാണ് ദൈവത്തിന്റെ കുഞ്ഞാടിന്റെ അര്‍ത്ഥം. അബ്രഹാം മകനെയും കൊണ്ട് മോറിയാ മലയില്‍ ബലിയര്‍പ്പിക്കാന്‍ പോയപ്പോള്‍ ഇസഹാക്ക് ചോദിച്ചത്, ബലി അര്‍പിക്കാനുള്ള കുഞ്ഞാടെവിടെ? എന്നാണ്.(ഉല്‍ 22: 7-8). ദൈവം അപ്പോള്‍ ഒരു മുട്ടാടിനെ നല്‍കി. അതിന്റെ സ്ഥാനത്ത് ദൈവം സ്വന്തം ഏക മകനെ തന്നെ ബലിയായി നല്‍കി.
  3. ജറുസലേം ദേവാലയത്തിലെ ബലിക്കുഞ്ഞാടിന്റെ പ്രതീകമാണ് യേശു. ജനങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായി ഓരോ പ്രഭാതത്തിലും സായാഹ്നത്തിലും ഓരോ കുഞ്ഞാട് ബലിയര്‍പ്പിക്കപ്പെട്ടിരുന്നു. (പുറ. 29: 38 – 42). പെസഹായുടെ സമയക്ക് കുഞ്ഞാടുകളും മറ്റ് മൃഗങ്ങളും ബലിയര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും ഉത്ഭവ പാപത്തെ നീക്കാന്‍ സാധിക്കുമായിരുന്നില്ല. അവയെല്ലാം യേശുവിന്റെ ബലിയുടെ നിഴല്‍ മാത്രമായിരുന്നു.
  4. പാപ പരിഹാര്‍ത്ഥം കുഞ്ഞാടിനെ പോലെ കൊല്ലപ്പെടുന്ന ദാസനെ കുറിച്ച് ഏശയ്യായും ജെറെമിയായും പ്രവചിച്ചിരുന്നു. (ജെറ 11: 19). (ഏശ. 53: 7).
  5. എന്നാല്‍, വെളിപാടിന്റെ പുസ്തകത്തില്‍ സഹിക്കുന്ന കുഞ്ഞാടിന് പകരം നാം കാണുന്നത് വിജയിയായ കുഞ്ഞാടിനെയാണ്. (വെളി. 5-7). കൊല്ലപ്പെട്ട കുഞ്ഞാടിനെയാണ് സുവിശേഷകനായ യോഹന്നാന്‍ കാണുന്നത്. അതിന് ഏഴ് കൊമ്പും ഏഴ് കണ്ണുകളും. ഇവ ദൈവം ലോകത്തിലേക്കയച്ച ഏഴ് അരൂപികളാണ്. (വെളി 5-6). ഇവര്‍ കുഞ്ഞാടിനോട് യുദ്ധം ചെയ്യും. കുഞ്ഞാട് അവരെ കീഴ്‌പ്പെടുത്തും. എന്തെന്നാല്‍ അവന്‍ നാഥന്‍മാരുടെ നാഥനും രാജാക്കന്മാരുടെ രാജാവുമാണ്. അവനോടു കൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ് (വെളി 17: 14).

പാപങ്ങള്‍ നീക്കുന്നവന്‍

മനുഷ്യന്റെ ഉത്ഭവപാപം നീക്കാന്‍ മൃഗബലിക്കോ പാപിയായ മനുഷ്യന്റെ ബലിക്കോ സാധ്യമല്ല. മനുഷ്യരെല്ലാവരും പാപത്തില്‍ പിറന്നവരാണ്. അതിനാല്‍ ദൈവം മനുഷ്യനായി. മനുഷ്യന്റെ പാപം നീക്കി ലോകത്തെ രക്ഷിക്കാന്‍ യേശുവിന്റെ ആത്മബലിക്ക് മാത്രമേ കഴിയമായിരുന്നുള്ളു.

ഇവിടെ പാപം എന്ന വാക്ക് ഏകവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആദവും ഹവ്വയും ചെയ്ത ഉത്ഭവ പാപം നീക്കുന്നു എന്ന അര്‍ത്ഥത്തിലാണത്. ഒപ്പം എല്ലാ പാപങ്ങളും എന്നും അതിന് അര്‍ത്ഥമുണ്ട്. ഉത്ഭവ പാപമാണ് മറ്റെല്ലാ തിന്മയുടെയും ആധാരം.

എനിക്ക് മുമ്പേ അവന്‍ ഉണ്ടായിരുന്നു. അവന്‍ എന്നേക്കാള്‍ വലിയവനാണ് എന്നെല്ലാം യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകസൃഷ്ടിയുടെ ്അവസരത്തിലും യേശു, അതായത് ത്രിത്വത്തിലെ രണ്ടാമാള്‍, ഉണ്ടായിരുന്നു.

തനിക്ക് അവനെ അറിയില്ലായിരുന്നു എന്ന് യോഹന്നാന്‍ പറയുന്നുണ്ട്. തന്റെ ബന്ധു എന്ന നിലയില്‍ യോഹന്നാന്‍ യേശുവിനെ അറിഞ്ഞിരുന്നിട്ടുണ്ടാകാം. യേശുവിന്റെ പിറവിയെ കുറിച്ച് യോഹന്നാന്റെ മാതാപിതാക്കള്‍ അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ടാകാം. ഹേറോദേസ് രാജാവിനെ പേടിച്ച് യോഹന്നാന്റെ മാതാപിതാക്കള്‍ കുഞ്ഞിനെയും കൊണ്ട് മരുഭൂമിയിലേക്ക് ഓടിപ്പോയിട്ടുണ്ടായിരിക്കാം എന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്. പ്രായമായ മാതാപിതാക്കള്‍ മരണമടഞ്ഞപ്പോള്‍ യോഹന്നാന്‍ മരുഭൂമിയിലെ എസ്സീനികളുടെ കൂടെ ചേര്‍ന്നിട്ടുണ്ടാകാം.

തനിക്ക് യേശുവിനെ അറിയില്ലായിരുന്നു എന്ന് യോഹന്നാന്‍ പറയുന്നതിന്റെ അര്‍ത്ഥം യേശു ത്വീതൈ്വക ദൈവത്തിലെ രണ്ടാമാളായ പുത്രനാണെന്ന് ജ്ഞാനസ്‌നാനത്തിന്റെ സമയത്താണ് തനിക്ക് മനസ്സിലായത് എന്നാണ്.

ജ്ഞാനസ്‌നാനം നല്‍കാന്‍ മാത്രമല്ല യോഹന്നാന്‍ വന്നത്, യേശുവിനെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കാന്‍ വേണ്ടി കൂടിയാണ്.

പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ യേശുവിന്റെ മേല്‍ എഴുന്നള്ളി വരുന്നത് കണ്ടു എന്ന് യോഹന്നാന്‍ പറയുന്നതിന്റെ അര്‍ത്ഥം യോഹന്നാന് മാത്രമേ ആ ദൃശ്യം കാണപ്പെട്ടുള്ളൂ എന്നാണ്.

പ്രാവ്

ബൈബിളില്‍ പ്രാവിന് പല അര്‍ത്ഥങ്ങളുണ്ട്. ദൈവത്തിന്റെ ആത്മാവ് ജലത്തിനു മീതെ ചുറ്റിക്കൊണ്ടിരുന്നു (ഉല്‍പ 1: 2) എന്ന് വചനം പറയുന്നുണ്ട്. ഹെബ്രായ ഭാഷ അനുസരിച്ച് അമ്മ പക്ഷി കുഞ്ഞിന്റെ മീതെ പറന്നു എന്ന വാക്കാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. യേശുവിലൂടെ പുതിയ സൃഷ്ടി ആരംഭിക്കുന്നതിനായി ആത്മാവ് വീണ്ടും എഴുന്നള്ളി വരുന്നു.

നോഹയുടെ കഥയിലും പ്രാവുണ്ട്. പ്രളയം കഴിഞ്ഞ് നോഹ ഒരു കാക്കയെയും പ്രാവിനെയും അയക്കുന്നു. കാക്ക ശവം തിന്ന് നടന്നപ്പോള്‍ പ്രാവ് മടങ്ങി എത്തുന്നു. പ്രാവ് സമാധനത്തിന്റെയും ശുദ്ധതയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. ഇസ്രായേലിനെ ഹോസിയായുടെ പുസ്തകത്തില്‍ പ്രാവിനോട് ഉപമിക്കുന്നുണ്ട്. പ്രാവുകളെ പോലെ നിഷ്‌കളങ്കരായിരിക്കുവിന്‍ എന്ന് യേശു പറയുന്നുണ്ട്. (മത്ത 10: 16). പാലസ്തീനായില്‍ പ്രാവ് ഒരു വിശുദ്ധ പക്ഷിയായിരുന്നു. ദേവാലയത്തില്‍ കാഴ്ചയായി പ്രാവുകളെ സമര്‍പ്പിച്ചിരുന്നു.

യേശുവില്‍ പരിശുദ്ധാത്മാവ് വന്ന് ആവസിച്ചതു പോലെ ഓരോ ക്രിസ്ത്യാനിയിലും ജ്ഞാനസ്‌നാനത്തിന്റെ നേരത്ത് പരിശുദ്ധാത്മാവ് വന്ന് ആവസിക്കുന്നുണ്ട്. ജ്ഞാനസ്‌നാത്തിന് രണ്ടു സൂചനകളുണ്ട്. ഒന്ന് പാപത്തില്‍ നിന്നുള്ള ശുദ്ധീകരണം. മറ്റൊന്ന് പുതിയതും ദൈവികവുമായ ജീവിതത്തിലേക്കുള്ള പ്രവേശനം.

സന്ദേശം

നാം നമ്മിലേക്കല്ല യേശുവിലേക്കാണ് ആളുകളെ ആകര്‍ഷിക്കേണ്ടത്. ഇക്കാര്യത്തില്‍ യോഹന്നാന്‍ നമുക്കൊരു മാതൃകയാണ്.

സ്വയം കുഞ്ഞാടായി മാറുകയും ആത്മബലി നല്‍കുകയും ചെയ്ത യേശു നമ്മുടെ മാതൃകയാണ്. മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുമ്പോള്‍ യേശുവായിരിക്കണം നമ്മുടെ മാതൃക.

ജ്ഞാനസ്‌നാനത്തിലൂടെ നാം ത്രതൈ്വക ദൈവത്തിന്റെ ആലയങ്ങളായി. അതിനാല്‍ നമ്മുടെ ശരീരത്തെ നാം ആദരിക്കണം. പിതാവായ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതും പുത്രനാല്‍ രക്ഷിക്കപ്പെട്ടതും പരിശുദ്ധാത്മാവ് വസിക്കുന്നതുമാണ് നമ്മുടെ ശരീരം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles