തിയോടോക്കോസ്‌

ദൈവമാതാവ് എന്ന അര്‍ത്ഥത്തില്‍ പരിശുദ്ധ മറിയത്തിന് തിയോടോക്കോസ് എന്ന സംജ്ഞ ചാര്‍ത്തികൊടുത്തത് എഡി 431 ല്‍ നടന്ന എഫേസൂസ് സൂനഹദോസാണ്. ഒരേ സമയം ദൈവവും മനുഷ്യനുമായ യേശുവിന്റെ അമ്മ എന്ന നിലയില്‍ മറിയം ദൈവത്തിന്റെ അമ്മയാണ് എന്ന നിലപാടിലാണ് സഭാപിതാക്കന്‍മാര്‍ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിച്ചത്.

പൗരസ്ത്യ സഭയുടെ പാരമ്പര്യങ്ങളില്‍ ഉണ്ണിയുമായി നില്‍ക്കുന്ന മാതാവിന്റെ രൂപത്തെയാണ് തിയോടോക്കോസ് എന്ന് വിളിക്കുന്നത്. തിയോടോക്കോസ് ഓഫ് വ്‌ളാഡിമിര്‍ ഒരു ഉദാഹരണം.

ദൈവത്തിന്റെ അമ്മയോ?
ദൈവശാസ്ത്രപരമായി, അനാദികാലം മുതല്‍ക്കേ ഉണ്മയായിരുന്ന ദൈവത്തിന്റെ അമ്മ എന്ന നിലയിലല്ല പരിശുദ്ധ മറിയത്തെ നാം ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നത്. ദൈവപിതാവിനോടൊപ്പം ആദിമുതല്‍ ഉണ്ടായിരുന്ന യേശുവിന്റെ അഥവാ വചനത്തിന്റെ ദൈവിക വ്യക്തിത്വത്തിന്റെ ജനയിതാവല്ല മറിയം. അനന്തമായി മറിയം യേശു എന്ന പുത്രനായ ദൈവത്തിന്റെ അമ്മയായിരുന്നു എന്നും സഭ പാശ്ചാത്യസഭയോ പൗരസ്ത്യ സഭയോ പഠിപ്പിക്കുന്നില്ല എന്നും ശ്രദ്ധിക്കണം. ഭൂമിയില്‍ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് മറിയത്തിന് ദൈവമാതാവ് എന്ന പേര് ലഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ അമ്മ. മനുഷ്യനായി അവതരിച്ചത് ദൈവം തന്നെ ആകയാല്‍ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നു എന്ന് പറയുന്നതാണ് ശരി.

എഫേസൂസ് സൂനഹദോസ്
മറിയം ദൈവത്തിന്റെ അമ്മയല്ല, ക്രിസ്തുവിന്റെ അമ്മ മാത്രമാണെന്ന് വാദിച്ച നെസ്റ്റോറിയന്‍ പാഷണ്ഡതയ്‌ക്കെതിരെയാണ് എഫേസൂസ് സൂനഹദോസ് സംസാരിച്ചത്. അന്ന് അലക്‌സാണ്ഡ്രിയയിലെ വി. സിറില്‍ ചോദിച്ചു: ക്രിസ്തു ദൈവമാണെങ്കില്‍, അവിടുത്തേക്ക് ഭൂമിയില്‍ ജന്മം നല്‍കിയ മറിയത്തെ എന്തു കൊണ്ട് ദൈവത്തിന്റെ അമ്മയെന്ന് വിളിച്ചു കൂടാ?’ ക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും വേര്‍തിരിക്കാനാവാത്ത വിധം ഒന്നാണെന്ന വിശ്വാസത്തില്‍ ഊന്നിയാണ് ക്രിസ്തുവിന്റെ അമ്മയാണെങ്കില്‍ മറിയം ദൈവമാതാവും ആയിരിക്കണം എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നത്. ദൈവമായ ക്രിസ്തുവും മനുഷ്യനായ ക്രിസ്തുവും രണ്ടാളല്ല, ഒരാള്‍തന്നെയാണ്. അപ്പോള്‍ ക്രിസ്തുവിന്റെ അമ്മയെങ്കില്‍ ദൈവത്തിന്റെയും അമ്മ തന്നെ.

സഭാപിതാക്കന്‍മാര്‍
മൂന്നാം നൂറ്റാണ്ടു മുതല്‍ സഭാപിതാക്കന്‍മാരുടെ രചനകളില്‍ മറിയത്തെ തിയോടോക്കോസ് എന്ന് വിശേഷിപ്പിച്ചു കാണുന്നു. അലക്‌സാണ്ഡ്രിയയിലെ അത്തനേഷ്യസ്, ദൈവശാസ്ത്രജ്ഞനായ ഗ്രിഗറി, ജോണ്‍ ക്രിസോസ്റ്റം, അഗസ്റ്റിന്‍, ഒരിജന്‍ എന്നിവരെല്ലാം മറിയത്തെ തിയോടോക്കോസ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles