സിറോ മലബാര്‍ ദേശീയ കൺവൻഷൻ : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും
ഹൂസ്റ്റണ്‍: സിറോ മലബാര്‍ സഭയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ രൂപതയായ ഷിക്കാഗോ രൂപതയുടെ ഏഴാം ദേശീയ സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. ഹൂസ്റ്റണ്‍ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍. ഓഗസ്റ്റ് ഒന്നിനു തുടങ്ങുന്ന കണ്‍വന്‍ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്യുന്നതും
അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസി സമൂഹം ഒരുമിക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും , ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറൂമാണ്. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറയുടെ നേതൃത്വത്തില്‍ വിജയകരമായി പുരോഗമിച്ചു വരുന്നു . മാര്‍ത്തോമ്മ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം, ഉണര്‍ന്നു പ്രശോഭിക്കുക എന്ന രണ്ട് ആപ്തവാക്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്‍പതോളം സിറോ മലബാര്‍ ഇടവകകളില്‍ നിന്നും, നാല്‍പ്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശ്വാസികള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും പ്രമുഖ സാമൂഹ്യ – ആത്മീയ പ്രഭാഷകര്‍ പങ്കെടുത്ത് ഉണര്‍വിന്റെ സന്ദേശം പകരും. സഭയുടെ വിശ്വാസ ദീപ്തി പ്രഘോഷിക്കപ്പെടുന്നതോടൊപ്പം, രൂപതയിലെ കുടുംബങ്ങളുടെ മഹാസംഗമവേദി കൂടിയാവും കണ്‍വന്‍ഷന്‍.