യേശുവിനെ വരയ്ക്കുന്ന ഒരു പുരോഹിതകവി

മരങ്ങള്‍ക്കിടയിലൂടെയുള്ള
ആ വഴിയിലൂടെ നടന്നാല്‍
മനോഹരമായ
ഒരു ഗ്രാമത്തിലെത്താം
എന്ന് ഒരാള്‍ കവിതയിലെഴുതി.
പിന്നീട് ,അയാള്‍ ആ വരികള്‍ വെട്ടി കളഞ്ഞു.
പക്ഷെ,ആ വഴിയും മരങ്ങളും
മനോഹരമായ ഗ്രാമവും ഇനി എന്ത് ചെയ്യും?
നിമിഷ മാത്രമായെങ്കിലും
അവ പിറന്നു പോയില്ലേ?
വെറുമൊരു വഴിയാണെങ്കില്‍ പോട്ടെ
മരങ്ങള്‍ക്കിടയിലൂടെയുള്ള വഴിയാണ്
അപ്പോള്‍ മരങ്ങള്‍ എന്ഹു ചെയ്യും?
വെറുമൊരു ഗ്രാമമാണെങ്കില്‍ പോട്ടെ
മനോഹരമായ ആ ഗ്രമാത്തിനിനി
എങ്ങിനെ ഇല്ലാതാകനാകും?
അക്ഷരങ്ങളെ അക്ഷരമെന്നു വിളിച്ചവനെ
സമ്മതിക്കണം.
– സുനില്‍ ജോസ്

വളരെ ലളിതമായ ഒരു കവിത. അക്ഷരങ്ങളുടെ അഗ്‌നിയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഒരു വൈദികന്‍ എഴുതിയ കവിതയാണ് മുകളില്‍ വായിച്ചത്. മലയാള കവിതയുടെ ലോകത്ത് തന്റെ ഇടം ഉറപ്പിച്ച ഒരു വൈദികന്‍ . അദ്ദേഹം തന്റെ എഴുത്തിനെ കുറിച്ചും വൈദിക ജീവിതത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയാണിവിടെ.

ദൈവ വിളിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ?
ഞാന്‍ ജനിച്ചതും വളര്‍ന്നതും കണ്ണൂര്‍ ഉള്ള മാങ്ങോട് എന്നാ ഗ്രാമത്തിലാണ്. വീട്ടില്‍ പൊതുവെ എല്ലാവരും ഭക്തിയുള്ളവര്‍ ആയിരുന്നു. ഞാന്‍ ചെറുപ്പം മുതലേ പള്ളിയില്‍ അള്‍ത്താര ബാലന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. വൈദികന്‍ ആകണമെന്ന് പെട്ടന്ന് ഒരു ദിവസം തോന്നിയതല്ല. ചെറുപ്പം മുതല്‍ ഉള്ള ആഗ്രഹം ആയതിനാല്‍ അങ്ങനെ തന്നെ ലക്ഷ്യം വച്ചാണ് ജീവിച്ചത്. പള്ളിയിലെ മാറി മാറി വന്ന വികാരി അച്ചന്മാരായിരുന്നു പ്രചോദനം. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ പള്ളിയിലെ വികാരി ആയിരുന്ന ഫാദര്‍ ജോസഫ് പുത്തന്‍ പുരയില്‍ ആണ് എനിക്ക് സി എം ഐ സഭയെ കുറിച്ച് പറഞ്ഞു തന്നത്. ചാവറയച്ചനെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ കഥകളിലൂടെ മറ്റും അറിയാമായിരുന്നു മാത്രമല്ല, ആബേലച്ചന്‍ മറ്റൊരു പ്രചോദനം ആയിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. . എന്റെ ആന്റിയും മൂത്ത സഹോദരിയും സന്ന്യാസ ജീവിതം സ്വീകരിച്ചവരായതു കൊണ്ട് ആ ഒരു കാര്യത്തില്‍ എനിക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടില്ല. ചേച്ചി സി.ജോയ്‌സി തിരുഹൃദയ സഭാംഗം ആണ്.

എഴുത്തിന്റെ വഴിയിലെ ഭൂതകാലത്തെ കുറിച്ച് ?
സ്‌കൂളില്‍ പഠിക്കുന്ന സമയം കവിതകള്‍ എഴുതി തുടങ്ങിയിട്ടില. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂടുതലും ചിത്ര രചനയില്‍ ആയിരുന്നു താല്പര്യം. ചെറിയ ക്ലാസ് മുതല്‍ ചിത്ര രചന മത്സരങ്ങള്‍ക്കായിരുന്നു സമ്മാനങ്ങള്‍ കിട്ടിയിരുന്നത്..ഉപജില്ല കലോത്സവം ഉള്‍പ്പെടെ പങ്കെടുക്കാനും സമ്മാനങ്ങളും കിട്ടിയിട്ടുണ്ട് എന്നത് സന്തോഷ തരുന്ന ഓര്‍മയാണ്.
സെമിനാരിയില്‍ ചെന്നതിനു ശേഷം ആണ് കവിതകള്‍ എഴുതി തുടങ്ങുന്നത് . ആദ്യം ആത്മീയ കവിതകള്‍ ആയിരുന്നു എഴുതിയിരുന്നത്. സെമിനാരിയില്‍ ചേര്‍ന്ന ആദ്യ വര്‍ഷം വായിക്കാന്‍ സാധിച്ചു. അക്കാലത്ത് കൂടുതലും ക്ലാസിക് കൃതികള്‍ ആണ് വായിച്ചിരുന്നത്.

സെമിനാരിയില്‍ വച്ച് എഴുത്തിനോടുള്ള മറ്റുള്ളവരുടെ സമീപനം എങ്ങിനെ ആയിരുന്നു?

ഞാന്‍ സെമിനാരിയില്‍ വച്ച് തന്നെ എഴുതി തുടങ്ങിയിരുന്നതിനാല്‍ കൂടുതലും പ്രോത്സാഹനം ലഭിച്ചതും അവിടെ നിന്നാണ്. റെക്ടര്‍ അച്ചന്റെ പ്രചോദനം ഉണ്ടായിരുന്നു. അദ്ദേഹം ഞാന്‍ എഴുതുന്നതൊക്കെ വായിക്കുമായിരുന്നു. ഫിലോസഫി പഠിക്കുന്ന സമയത്ത് പല പ്രൊവിന്‍സില്‍ നിന്നുള്ള ബ്രദേഴ്‌സ് ഉണ്ടായിരുന്നു. ആ സമയം അവിടെ LCA ( LITERARY AND CULTURAL ASSOCIATION എന്ന പേരില്‍ ഞങ്ങള്‍ക്ക് ഒരു അസോസിയേഷന്‍ ഉണ്ടായിരുന്നു. അതില്‍ എഴുത്തിന്റെ ചാര്‍ജ് എനിക്കായിരുന്നു. ഞങ്ങള്‍ ബൈബിളില്‍ നിന്നും ഒരു തീം എടുത്തിട്ട് അതിനെ ആധാരമാക്കി മാഗസിന്‍ വേണ്ട ലേഖനങ്ങളും ഒക്കെ തയ്യാറാക്കിയിരുന്നു. ആ സമയത്ത് ബാംഗ്ലൂരില്‍ വന്നിരുന്ന പ്രശസ്തരായ സാഹിത്യ പ്രവര്‍ത്തകര്‍ സെമിനാരിയില്‍ വരികയും ക്ലാസ്സ് എടുക്കുകയും ചെയ്തിരുന്നു. ഇത്തരം അനുഭവങ്ങള്‍ എഴുത്തിനോടുള്ള സമീപനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന എല്ലാവരും തന്ന പ്രോത്സാഹനവും ചെറുതല്ല.

സി എം.ഐ സഭയിലെ ആശ്രമ ജീവിതവും ഉള്ളിലെ കവി ജീവിതവും എപ്രകാരം ആണ് കൊണ്ട് പോകുന്നത്?
കവി ആയത് കൊണ്ടും വൈദികന്‍ ആയത് കൊണ്ടും മാനസിക സംഘര്‍ഷങ്ങള്‍ ഒന്നും ഇല്ല. എപ്പോഴും തുടരെ തുടരെ കവിതകള്‍ എഴുതുന്ന ഒരു കവി അല്ല ഞാന്‍. . മറ്റുള്ളവര്‍ എഴുതുന്നത് പോലെ തന്നെ എല്ലാ വിഷയങ്ങളും ഞാനും എഴുതാറുണ്ട്. ഒരു വൈദികന്‍ ആയത് കൊണ്ട് മാത്രം എന്റെ എഴുത്തില്‍ ഒരിക്കലും അതിരുകള്‍ ഉള്ളതായി തോന്നിയിട്ടില്ല.

സുനിലച്ചന്റെ സാഹിത്യ സംഭാവനകളെ കുറിച്ച് ?

എന്റെ ആദ്യ കവിതാ സമാഹരം ഡി സി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. പൂവുകള്‍ കൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. രണ്ടാമത്തെ കവിത സമാഹാരം ഇരുപുറത്തില്‍ കവിയാതെ പിന്നെയും എന്ന പുസ്തകമാണ്. അടുത്ത ലേഖനങ്ങളുടെ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു. മലയാളത്തിലെ പ്രണയ കവിതകളുടെ ആന്തോളജിയില്‍ എന്റെ കവിതയ്ക്കും ഒരു ഇടം കിട്ടിയിട്ടുണ്ട്. എന്റെ തന്നെ മറ്റൊരു കവിത ആയ പലതരം പച്ചകള്‍ എന്ന കവിതയെ ആസ്പദമാക്കി THE ABSTARCT ‘എന്ന ഒരു സിനിമ രാകേഷ് നാഥ് എന്ന സംവിധായകന്‍ ചെയ്തിട്ടുണ്ട്. എന്റെ കവിതകളെ കുറിച്ച് ഉള്ള ഒരു പഠനവും ഒരു ഗവേഷക വിദ്യാര്‍ഥി തയ്യാറാക്കുകയും എം.ഫില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു എന്നത് സന്തോഷം തരുന്ന കാര്യമാണ്. കൂടാതെ സി ബി എസ് ഈ സിലബസ് അനുസരിച്ച് പൂര്‍ണ പബ്ലിക്കേഷന്‍സിനു വേണ്ടി ”പ്രിയ മലയാളം ‘ എന്ന പേരില്‍ പത്ത് മലയാള പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ കഴിഞ്ഞു. ഹ്യയാന്‍ സാങിന്റെ കൂട്ടുകാരിയാണ് ഏറ്റവും പുതിയ പുസ്തകം.

മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ ആരാണ് ?

അങ്ങനെ ഒരാള്‍ മാത്രം ആയിട്ടില്ല. എല്ലാവരെയും ഇഷ്ടമാണ്. സച്ചിദാനന്ദന്‍ മാഷിന്റെ കവിതകള്‍ സ്വാധീനിച്ചിട്ടുണ്ട്. കെ ജി എസിനെ ഇഷ്ടമാണ്. കല്പറ്റ നാരായണന്‍ മാഷ്, കൂഴൂര്‍ വില്‍സണ്‍, വീരാന്‍കുട്ടി മാഷ് റഫീക്ക് അഹമ്മദ് ഇവരൊക്കെ പ്രിയപ്പെട്ടവര്‍ തന്നെ ആണ്. മാത്രമല്ല മലയാളത്തിലെ പുതു തലമുറയില്‍ പെട്ട എഴുത്തുകാരുടെ സൗഹൃദം കൂടെയുണ്ട്.

ഇന്നത്തെ കാലത്ത് സന്യാസത്തിന്റെ പ്രസക്തി?എത്രത്തോളം നമ്മുടെ സന്യസ്തര്‍ക്ക് സാമൂഹികമായി ഇടപെടാന്‍ കഴിയുന്നുണ്ട്?
സന്ന്യസ്തരുടെ സംഭാവനകള്‍ സഭയുടെ ആദ്യ കാല ചരിത്രം മുതല്‍ കാണാവുന്നതാണ്. നമ്മുടെ സമൂഹത്തില്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ വലുതാണ്. പകഷെ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്നത് സന്യസതര്‍ ആണ്. ചാവറയച്ചന്‍ ഉള്‍പ്പെടെ ഉള്ളവര്‍ നമ്മുടെ നാടിനു ചെയ്ത കാര്യങ്ങള്‍ ചെറുതല്ല. ഓരോ സമര്‍പ്പിതനും കാണിക്കേണ്ട സാമൂഹ്യ പ്രതിബന്ധത മറന്നു പോകരുത്.

അച്ചനിപ്പോള്‍ എവിടെയാണ് സേവനം ചെയുന്നത്?
ഇപ്പോള്‍ തൃശ്ശൂര്‍ ഉള്ള എല്‍ തുരുത്ത് എന്ന ചെറിയ ഗ്രാമത്തില്‍ സെന്റ് .അലോഷ്യസ് കോളേജില്‍ മലയാളം അധ്യാപകനായി സേവനം ചെയുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles