അത്ഭുതപ്രവർത്തകയായ വിശുദ്ധ ഫിലോമിനയുടെ ജീവിതകഥ 3

വി. ജോണ്‍ വിയാനി പലപ്പോഴും രോഗിയായിരുന്നു. അവസാനം ഒരു ദിവസം കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുവാന്‍ വയ്യാത്തവിധം അദ്ദേഹം രോഗബാധിതനായി. മരണസമയമടുത്തപ്പോള്‍ അദ്ദേഹത്തിന് അന്ത്യകൂദാശകള്‍ നല്‍കപ്പെട്ടു. ഫിലോമിനയുടെ അള്‍ത്താരയില്‍ തനിക്കു വേണ്ടി ഒരു ബലിയര്‍പ്പിക്കണമെന്ന് അദ്ദേഹം സഹവൈദികരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ എല്ലാവരും താങ്ങിയെടുത്ത് ദേവാലയത്തിലേക്ക് കൊണ്ടുപോയി. ദേവാലയത്തിലെത്തിയപ്പോള്‍ മരണം സംഭവിക്കുന്നതുപോലെ അദ്ദേഹം വിറയ്ക്കുകയായിരുന്നു. എന്നാല്‍ ദിവ്യബലി തുടങ്ങിയപ്പോള്‍ സകലതും ശാന്തമായി. വിയാനിയച്ചന്‍ അത്ഭുതകരമായി സുഖം പ്രാപിച്ചു. കൂടെനിന്നിരുന്നവര്‍ ദിവ്യബലിമധ്യേ ഫിലോമിന എന്ന പേരുച്ചരിച്ചുകൊണ്ട് വിയാനിയച്ചന്‍ ആരോടോ സംസാരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. വ്യാകുലമാതാവിന്റെ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായ മദര്‍ ലൂയിസ് ഫിലോമിനയുടെ മാദ്ധ്യസ്ഥശക്തിയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും അവളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹിച്ചു.

1833 ആഗസ്റ്റ് മാസം അവര്‍ക്കൊരു അത്ഭുതകരമായ ദര്‍ശനമുണ്ടാവുകയും അതിലൂടെ ഫിലോമിനയുടെ ജീവിതത്തെക്കുറിച്ച് അത്ഭുതകരമായ വെളിപ്പെടുത്തലുകള്‍ ലഭിക്കുകയും ചെയ്തു. തന്നോട് ആരോ സംസാരിക്കുന്നത് പോലെയാണ് മദര്‍ ലൂയിസ് കേട്ടത്. ആ കഥ ഇപ്രകാരമാണ്. ”പ്രിയപ്പെട്ട സിസ്റ്റര്‍, ഞാന്‍ ഗ്രീസിലെ ചെറിയൊരു പ്രവിശ്യ ഭരിച്ചിരുന്ന രാജാവിന്റെ മകളാണ്. എന്റെ അമ്മയും രാജപരമ്പരയില്‍പെട്ടവളായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് നാളുകളായി കുട്ടികളുണ്ടായിരുന്നില്ല. അവര്‍ വിഗ്രഹാരാധകരായിരുന്നു. തുടര്‍ച്ചയായ അവര്‍ അന്യദേവന്‍മാര്‍ക്ക് ബലിയര്‍പ്പിക്കുകയും അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. റോമില്‍ നിന്നുവന്ന പബ്ലിയൂസ് എന്നുപേരുള്ള ഒരു വൈദ്യന്‍ കൊട്ടാരത്തില്‍ എന്റെ പിതാവിന്റെ സേവകനായുണ്ടായിരുന്നു. ഈ വൈദ്യന്‍ ക്രിസ്തുമതവിശ്വാസിയായിരുന്നു. എന്റെ മാതാപിതാക്കളുടെ വേദനകണ്ട് പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി ക്രിസ്തീയ വിശ്വാസത്തെപ്പറ്റി അവരോട് അദ്ദേഹം സംസാരിച്ചു. മാമ്മോദീസ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

പബ്ലിയൂസിന്റെ പ്രബോധനമനുസരിച്ച് അവര്‍ ക്രിസ്ത്യാനികളായിത്തീരുകയും നാളുകളായി തങ്ങള്‍ ആഗ്രഹിച്ചിരുന്ന ആ മഹാദാനം മാനസാന്തരത്തിന്റെ ഫലമായി സ്വന്തമാക്കുകയും ചെയ്തു. എന്റെ ജ്ഞാനസ്‌നാനസമയത്ത് അവരെനിക്ക്’ഫിലോമിന’ ‘പ്രകാശത്തിന്റെ പുത്രി’ എന്ന പേര് നല്‍കി. ഒരിക്കല്‍ എന്റെ പിതാവിന് ദുഷ്ടനായ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ അടുക്കലേക്ക്, റോമിലേക്ക് തികച്ചും അന്യായമായ ഒരു യുദ്ധഭീഷണി തടയുന്നതിനായി എന്നെയും കൂട്ടി പോകേണ്ടതായി വന്നു. അന്നെനിക്ക് പതിമൂന്ന് വയസ്സായിരുന്നു. റോമിലെത്തിയപ്പോള്‍ ഡയോക്ലീഷനെ കാണുവാന്‍ അനുവാദം വാങ്ങി എന്റെ പിതാവ് ഒരു കൂടിക്കാഴ്ചക്കായി കാത്തിരുന്നു. ഡയോക്ലീഷന്‍ കടന്നുവന്നനേരംതന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്നിലുടക്കി. എന്റെ പിതാവ് ഒന്നൊന്നായി തന്റെ വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഡയോക്ലീഷന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. വളരെ സങ്കടത്തോടെ എന്റെ പിതാവ് ഉണര്‍ത്തിച്ച കാര്യങ്ങള്‍ കേള്‍ക്കുന്നതിനെക്കാള്‍ മൃഗീയമായൊരു വികാരത്താല്‍ നിറഞ്ഞവനായി എന്നെ ശ്രദ്ധിക്കുകയായിരുന്നു ഡയോക്ലീഷന്‍. എന്റെ പിതാവ് സംസാരിച്ചുതീര്‍ന്നപ്പോള്‍ ഉല്ലാസം മാത്രം ആഗ്രഹിച്ചിരുന്ന ഡയോക്ലീഷന്‍ തന്നെ ശല്യപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”രാജ്യത്തിന്റെ സര്‍വ്വസൈന്യത്തെയും ഞാന്‍ നിന്റെ മുന്‍പില്‍ നിരത്താം. ഞാന്‍ ചോദിക്കുന്നത് ഒന്നു മാത്രമാണ്; അത് മറ്റൊന്നുമല്ല നിന്റെ പുത്രിയെ എനിക്ക് വിവാഹം കഴിച്ച് നല്‍കുക!” ഇത്ര വലിയൊരു ഭാഗ്യം എന്റെ പിതാവിനെപ്പോലെ ഒരു സാമന്തരാജാവിന് ലഭിക്കാനുണ്ടോ?

സ്വപ്നം കാണുവാന്‍ പോലും സാധിക്കാത്ത ഈ വാഗ്ദാനത്തിന് മുന്‍പില്‍ എന്റെ പിതാവ് അവിടെവച്ചുതന്നെ ചക്രവര്‍ത്തിയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയും ചെയ്തു. തിരികെ ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ എന്റെ പിതാവും മാതാവും ഡയോക്ലീഷന്റേയും അവരുടേയും ആഗ്രഹത്തിന് എന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്തു. ഞാന്‍ കരഞ്ഞുകൊണ്ട് ചോദിച്ചു.”ഒരു മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി എന്റെ യേശുവിനോട് ഞാന്‍ ചെയ്ത വാഗ്ദാനം ലംഘിക്കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? എന്റെ കന്യകാത്വം യേശുവിനായി ഞാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എനിക്കത് നശിപ്പിക്കാനാവില്ല. മാത്രവുമല്ല വിവാഹം കഴിച്ചൊരു വ്യക്തിയാണ് ഡയോക്ലീഷന്‍.” ”പക്ഷെ വ്രതമെടുത്തപ്പോള്‍ നീ വളരെ ചെറിയ കുട്ടിയായിരുന്നു. അത്തരമൊരു വാഗ്ദാനം നടത്തുവാന്‍ നിനക്ക് പ്രായമായിരുന്നില്ല.” എന്റെ പിതാവ് പറഞ്ഞു. അദ്ദേഹം എന്നെ സാദ്ധ്യമായ എല്ലാ ഭീഷണികളിലൂടെയും ഡയോക്ലീഷനുമായുള്ള വിവാഹത്തിന് പ്രേരിപ്പിച്ചു. പക്ഷെ എന്റെ ദൈവത്തിന്റെ കൃപ എന്നെ സഹായിച്ചു. ചക്രവര്‍ത്തിക്ക് നല്‍കിയ വാഗ്ദാനം നിരസിക്കാനാവാതെ ഡയോക്ലീഷന്റെ ആജ്ഞപ്രകാരം എന്നെയുമായി എന്റെ പിതാവിന് ചക്രവര്‍ത്തിയുടെ സിംഹാസനത്തിനു മുന്‍പിലെത്തിച്ചേരേണ്ടിവന്നു. അവസാനം ഡയോക്ലീഷന് മുന്‍പിലെത്തുന്നതിന് മുന്‍പ് എന്റെ പിതാവ് തന്റെ അവസാനത്തെ ഭീഷണിയും പരിശ്രമങ്ങളും നടത്തുകയുണ്ടായി. അദ്ദേഹത്തോടൊപ്പം എന്റെ തീരുമാനം മാറ്റുന്നതിനായി അമ്മയും തനിക്കാവുന്നതുപോലെ എന്നോട് പെരുമാറി. സ്‌നേഹവും ഭീഷണിയും ശിക്ഷയും എല്ലാം അതിനായി അവര്‍ ഉപയോഗിച്ചു. അവസാനം എന്റെ മുന്‍പില്‍ താണുവണങ്ങി കണ്ണുനീരോടെ അവര്‍ ഉണര്‍ത്തിച്ചു. ”എന്റെ മകളേ , നിന്റെ പിതാവിന്റെയും മാതാവിന്റെയും രാജ്യത്തിന്റെയും പ്രജകളുടേയും മേല്‍ കരുണ തോന്നുക.” ”ഇല്ല, ഇല്ല”, ഞാന്‍ മറുപടി പറഞ്ഞു.

”ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട എന്റെ കന്യകാത്വം ഞാന്‍ ആര്‍ക്കും സമര്‍പ്പിക്കില്ല. വിശ്വാസികളായ നാം പാപത്തിന് കൂട്ടുനില്‍ക്കരുത്. എന്റെ വ്രതവാഗ്ദാനം നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിനും ഉപരിയാണ്. എന്റെ യഥാര്‍ത്ഥ രാജ്യം സ്വര്‍ഗമാണ്.” എന്റെ വാക്കുകള്‍ അവരെ ദുഖത്തിലാഴ്ത്തി. അവരെന്നെ ചക്രവര്‍ത്തിയുടെ മുന്‍പിലെത്തിച്ചു. എന്നെ കൊന്നുകളയുവാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ എന്നെ വിവാഹം കഴിക്കുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അദ്ദേഹവും തനിക്കാവുന്നതെല്ലാം എന്നെ വശത്താക്കുവാനായി ചെയ്തു. ഡയോക്ലീഷന്റെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഭീഷണികളും ഫലമണിഞ്ഞില്ല. പൈശാചികമായ ഒരു സ്വാധീനത്തില്‍പെട്ട് ക്രുദ്ധനായ ചക്രവര്‍ത്തി ചങ്ങലകളാല്‍ ബന്ധിച്ച് എന്നെ കൊട്ടാരത്തിലെ തുറങ്കിലടയ്ക്കുവാന്‍ ഉത്തരവിട്ടു. വേദനയും നിന്ദനവും കര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അവസാനിപ്പിക്കുമെന്ന് കരുതി എല്ലാദിവസവും അദ്ദേഹം എന്നെ സന്ദര്‍ശിക്കുമായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് പിന്നീട് എന്റെ ചങ്ങലകള്‍ അയച്ച് കുറച്ച് ബ്രഡും വെള്ളവും എനിക്ക് നല്‍കാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. ശേഷം അദ്ദേഹം പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അവയില്‍ പലതും ദൈവകൃപ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ ശുദ്ധത കവര്‍ന്നെടുക്കുവാന്‍ ഉപയുക്തമായിരുന്നു.

അദ്ദേഹത്തിനേല്‍ക്കേണ്ടി വന്ന തോല്‍വികള്‍ എനിക്കുള്ള പുതിയ പീഡനത്തിന്റെ വാതിലുകള്‍ തുറക്കുകയായിരുന്നു. പ്രാര്‍ത്ഥന എന്നെ ശക്തിപ്പെടുത്തി. ഈശോയ്ക്കും ദൈവമാതാവിനും എന്നെത്തന്നെ സമര്‍പ്പിക്കുന്നതില്‍ ഞാന്‍ ഒട്ടും വീഴ്ച വരുത്തിയില്ല. എന്റെ പീഡനത്തിന്റെ മുപ്പത്തേഴ് ക്രൂരമായ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു രാത്രിയില്‍ ദിവ്യകുമാരനേയും വഹിച്ചുകൊണ്ട് പരിശുദ്ധ അമ്മ എന്റെ അടുക്കല്‍ വന്നു. അമ്മ പറഞ്ഞു. ”എന്റെ മകളെ, മൂന്നുദിവസങ്ങള്‍ക്കൂടി നിനക്ക് തടവറയില്‍ വസിക്കേണ്ടി വരും. നാല്‍പതാം ദിവസം വേദനയുടെ ഈ സ്ഥലത്തുനിന്ന് നീ മോചിതയാകും.” എന്റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്താല്‍ നിറഞ്ഞു. എങ്കിലും മാലാഖമാരുടെ രാജ്ഞി തടവറയില്‍ നിന്നുള്ള എന്റെ മോചനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലേതിനെക്കാള്‍ ഭയാനകമായ രീതിയിലുള്ള പീഡനങ്ങള്‍ക്കാണെന്നറിഞ്ഞതോടുകൂടി ഞാന്‍ വേദന കൊണ്ട് പുളഞ്ഞു. അതെന്റെ മരണത്തിന് പോലും കാരണമാകുമെന്ന് ഞാന്‍ ഭയന്നു. അപ്പോള്‍ പരിശുദ്ധ അമ്മ എന്നോട് പറഞ്ഞു: ”എന്റെ കുഞ്ഞേ,ധൈര്യമായിരിക്കുക. എനിക്ക് നിന്നോടുള്ള പ്രത്യേകമായ സ്‌നേഹത്തെക്കുറിച്ച് നീയറിയുന്നില്ലേ? മാത്രമല്ല നിന്റെ ദൈവദൂതന്‍, എന്റെയും ദൈവദൂതനായിരുന്ന വിശുദ്ധ ഗബ്രിയേല്‍ നിന്റെ സഹായത്തിനണയും. അവന്റെ പേരിന്റെ അര്‍ത്ഥം തന്നെ ശക്തി എന്നാണല്ലോ. എന്റെ പ്രിയപ്പെട്ട മക്കളില്‍ ഒരാളെപ്പോലെ ഞാന്‍ നിന്നെ അവന്റെ പരിപാലനയ്ക്കായി പ്രത്യേകം ഏല്‍പിച്ചുകൊടുക്കും.” കന്യകകളുടെ രാജ്ഞിയുടെ ഈ വാക്കുകള്‍ എനിക്ക് വീണ്ടും ശക്തി നല്‍കി. എന്റെ തടവറയെ സ്വര്‍ഗീയസുഗന്ധത്താല്‍ നിറച്ചുകൊണ്ട് ആ ദര്‍ശനം അവസാനിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles