അത്ഭുതപ്രവര്‍ത്തകയായ വി. ഫിലോമിനയുടെ ജീവിതകഥ – 1

വിശുദ്ധ ഫിലോമിനയുടെ കഥ തുടങ്ങുന്നത് അവളുടെ തിരുശേഷിപ്പുകളില്‍ നിന്നാണ്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു കേടും സംഭവിക്കാതെ ഫിലോമിനയുടെ കല്ലറ സംരക്ഷിക്കപ്പെട്ടിരുന്നു എന്നതാണ് അത്ഭുതം.
802 ല്‍ അക്വിലയിലെ പ്രഷില്ലയിലാണ് പ്രസ്തുത സംഭവങ്ങളുടെ തുടക്കം. അവളുടെ കല്ലറയുടെ മുകളിലുണ്ടായിരുന്ന ഫലകങ്ങളില്‍ നിന്നാണ് രക്തസാക്ഷിത്വത്തിന്റെ അടയാളങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. കന്യകാത്വത്തെയും പരിശുദ്ധിയെയും സൂചിപ്പിക്കുന്ന ഒരു റോസാപ്പൂവും അവിടെ അടയാളപ്പെടുത്തിയിരുന്നു. മാത്രമല്ല ഒരു നങ്കൂരത്തിന്റെ ചിത്രവും ഫലകങ്ങളിലുണ്ടായിരുന്നു. നങ്കൂരം ശരീരത്തില്‍ ബന്ധിച്ച് നദിയിലെറിഞ്ഞതിന്റെ അടയാളമായിരുന്നു അത്. ഒരു ലില്ലിയുടെ രൂപവും അതില്‍ കൊത്തിവച്ചിരുന്നു. ഇവയൊക്കെ ഏതുതരത്തിലുള്ള വ്യക്തിയാണ് സംസ്‌കരിക്കപ്പെട്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കുവാന്‍ ആദിമക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന അടയാളങ്ങളായിരുന്നു.ലില്ലി സൂചിപ്പിക്കുന്നത് കളങ്കമില്ലാത്ത കന്യകാത്വത്തെയാണ്. വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ജീവന്‍ ബലികഴിച്ച ഒരു വ്യക്തിയായിരുന്നു അതെന്ന് അതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല ഇത് ഫിലോമിനയാണെന്ന് സൂചിപ്പിക്കുവാന്‍ ഫിലോമിന എന്ന പേരും ഫലകങ്ങളില്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. കൂടാതെ കല്ലറയ്ക്കുള്ളില്‍ അസ്ഥിയുടേയും രക്തത്തിന്റെയും അംശങ്ങള്‍ കണ്ടെത്താനായി. അതില്‍ നടത്തിയ ശാസ്ത്രപഠനങ്ങളാണ് അത് ഏകദേശം പതിമൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടേതാണെന്ന് വ്യക്തമാക്കിയത്.
കന്യകയും രക്തസാക്ഷിണിയുമായ ഫിലോമിനയുടേതാണ് ആ ഭൗതികാവശിഷ്ടങ്ങള്‍ എന്ന് ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. കല്ലറയില്‍ ചെറിയൊരു പാത്രത്തില്‍ രക്തത്തിന്റെ ഭാഗവും കാണപ്പെട്ടു.
രക്തം ചെറിയൊരു പാത്രത്തിലാക്കി സംസ്‌കരിക്കുന്ന രക്തസാക്ഷികളുടെ ശിരസ്സിനുസമീപം വയ്ക്കുന്നതും ആദ്യകാലക്രിസ്ത്യാനികളുടെ രീതിയായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാന്‍ .കന്യകയും രക്തസാക്ഷിയുമായ ഒരു പതിമൂന്നുകാരി പെണ്‍കുട്ടിയുടേതാണ് ഈ ഭൗതികാവശിഷ്ടങ്ങള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു തെളിവുകളൊക്കെയും. ഇത് സഭയില്‍ വലിയ അത്ഭുതത്തിന്തന്നെ കാരണമായി.
ഇത്തരമൊരു കണ്ടെത്തല്‍ നടന്നയുടനെ അത് ഭദ്രമായി മുദ്രവയ്ക്കപ്പെടുകയും അധികാരപ്പെട്ടവര്‍ മാത്രം അതില്‍ പരിശോധന ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയുമാണുണ്ടായത്. അതിനാല്‍ കണ്ടെത്തിയ വസ്തുതകളെ വിശദമായി പഠിക്കുന്നതിനുള്ള അവസരവുമൊരുങ്ങി. മുഞ്ഞാണോയിലെ ഇടവകവൈദികനായ ഫാദര്‍ ഫ്രഞ്ചെസ്‌കോ ലൂസിയ ആ നാളുകളില്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. ആത്മീയവും ഭൗതികവുമായി അധപതിച്ച തന്റെ ഇടവകജനത്തെയോര്‍ത്ത് സ്വന്തം ദൈവവിളിയെപ്പോലും സംശയിച്ചിരുന്ന നാളുകളായിരുന്നു അത്. അപ്പോഴാണ് ദൈവകൃപയാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെടാനിരുന്ന മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോ അദ്ദേഹത്തോട് തന്നോടൊപ്പം റോമിലേക്ക് വരുവാന്‍ ആവശ്യപ്പെട്ടത്.
സ്വന്തം ഇടവകയിലെ ധാര്‍മ്മികാധപതനമായിരുന്നു ഈ വൈദികനെ ഏറെ വേദനിപ്പിച്ചത്. കൂദാശകള്‍ സ്വീകരിക്കുവാനോ ദൈവികകാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുവാനോ സത്യദൈവത്തെ അറിയുവാനോപോലും ആരും തയ്യാറായിരുന്നില്ല. റോമിലെത്തിയപ്പോള്‍ തന്റെ ഇടവകയ്ക്ക് പുതുജീവന്‍ നല്‍കുന്നതിന് ഒരു വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ നല്‍കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. ഫിലോമിനയെക്കുറിച്ച് അദ്ദേഹത്തിന് യാതൊന്നും അറിയില്ലായിരുന്നുവെങ്കിലും ദൈവികമായ ഒരു പ്രചോദനമാണ് മുഞ്ഞാണോയിലേക്ക് ഫിലോമിനയുടെ തിരുശേഷിപ്പുകള്‍ കൊണ്ടുപോകുന്നതിന് പിന്നിലുണ്ടായിരുന്നത്. അവിടെയാണ് അത്ഭുതങ്ങളുടെ തുടക്കം. ഭൂപടത്തില്‍ പോലുമില്ലാത്ത മുഞ്ഞാണോ നഗരം ഫിലോമിനയുടെ നാമത്തിലൂടെ ലോകപ്രശസ്തമാവുന്ന കാഴ്ചയാണ് നാം ഇനി കാണുവാന്‍ പോകുന്നത്. മുഞ്ഞാണോ ഒരു ചെറിയ ഇടവകയും ആരും അറിയില്ലാത്ത സ്ഥലവുമായിരുന്നു. തിരുശേഷിപ്പുകള്‍ ലഭിക്കുന്നത് സാധാരണ സഭയിലെ ഉന്നതവ്യക്തികള്‍ക്കായിരുന്നു. എങ്കിലും ഈ പാവപ്പെട്ട വൈദികന്‍ ഫിലോമിനയുടെ പേര് സൂചിപ്പിച്ചില്ലെങ്കിലും കന്യകയും രക്തസാക്ഷിണിയുമായ ഒരു വ്യക്തിയുടെ തിരുശേഷിപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഭാനേതൃത്വം അവസാനം ഫിലോമിനയുടെ തിരുശേഷിപ്പാണ് അദ്ദേഹത്തിന് നല്‍കിയത്. വലിയ അത്ഭുതങ്ങളൊന്നും ആ വിശുദ്ധയുടെ പേരിലില്ലാത്തതിനാല്‍ അദ്ദേഹം അല്പം അശ്രദ്ധമായിട്ടാണെങ്കിലും നന്ദി പറഞ്ഞ് തിരികെ താമസസ്ഥലത്തെത്തി.
തിരികെയെത്തിയപ്പോള്‍ മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോടു കൂടെയായിരിക്കുമ്പോള്‍ ഫാദര്‍ ഫ്രാന്‍ഞ്ചെസ്‌കോ ഒരു സ്വരം കേട്ടു. തന്നെ മുഞ്ഞാണോയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ അനേകം കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നുമാണ് ഒരു പെണ്‍കുട്ടി അദ്ദേഹത്തോട് മന്ത്രിച്ചത്. ആ ദിവസങ്ങള്‍ ഫാദര്‍ ഫ്രാന്‍ഞ്ചെസ്‌കോയ്ക്ക് ഗുരുതരമായ പനി ബാധിച്ചു. ഫിലോമിനയാണ് തന്നോട് സംസാരിച്ചതെങ്കില്‍ ഈ നിമിഷം എന്നെ സുഖപ്പെടുത്തണമെന്ന് ആദ്യമായി അദ്ദേഹം ഫിലോമിനയോട് പ്രാര്‍ത്ഥിച്ചു. ആ നിമിഷം തന്നെ ഫാദര്‍ ഫ്രാഞ്ചെസ്‌കോ സുഖം പ്രാപിച്ചു. അദ്ദേഹവും മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോയുംകൂടി നന്ദിയോടെ ഫിലോമിനയുടെ തിരുശേഷിപ്പുകള്‍ മുഞ്ഞാണോയിലേക്ക് കൊണ്ടുപോയി. പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമായിരുന്നു ഫാദര്‍ ഫ്രാഞ്ചെസ്‌കോയുടെ ഇടവക ദേവാലയം. അവരുടെ യാത്രയില്‍ ഉടനീളം അത്ഭുതങ്ങള്‍ സംഭവിക്കുവാന്‍ തുടങ്ങി. ഫിലോമിന സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. യാത്രാമധ്യേ അവര്‍ക്ക് രോഗിണിയായ ഒരു സ്ത്രീയുടെ ഭവനത്തില്‍ താമസിക്കേണ്ടിവന്നു. അവിടെവച്ചാണ് ഫിലോമിനയുടെ ഒരു മെഴുകുകൊണ്ടുള്ള രൂപം നിര്‍മ്മിക്കപ്പെടുന്നത്. രോഗിണിയായ ആ സ്ത്രീ ഈ രൂപത്തെ നോക്കിയപ്പോള്‍ അത് ജീവനുള്ളതായി മാറുന്നതുപോലെ അവള്‍ക്ക് തോന്നി. അതൊരു തോന്നലായിരുന്നില്ല. അടുത്ത നിമിഷങ്ങളില്‍ സകലരുടേയും സാക്ഷ്യത്തിനായി ആ സ്ത്രീ അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.