നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. ഫിലോമിനയുടെ ജീവിതാനുഭവ പരമ്പര 7/10

പബ്ലിയൂസിന്റെ പ്രബോധനമനുസരിച്ച് അവര്‍ ക്രിസ്ത്യാനികളായിത്തീരുകയും നാളുകളായി തങ്ങള്‍ ആഗ്രഹിച്ചിരുന്ന ആ മഹാദാനം മാനസാന്തരത്തിന്റെ ഫലമായി സ്വന്തമാക്കുകയും ചെയ്തു. എന്റെ ജ്ഞാനസ്‌നാനസമയത്ത് അവരെനിക്ക്’ഫിലോമിന’ ‘പ്രകാശത്തിന്റെ പുത്രി’ എന്ന പേര് നല്‍കി. ഒരിക്കല്‍ എന്റെ പിതാവിന് ദുഷ്ടനായ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ അടുക്കലേക്ക്, റോമിലേക്ക് തികച്ചും അന്യായമായ ഒരു യുദ്ധഭീഷണി തടയുന്നതിനായി എന്നെയും കൂട്ടി പോകേണ്ടതായി വന്നു.
അന്നെനിക്ക് പതിമൂന്ന് വയസ്സായിരുന്നു. റോമിലെത്തിയപ്പോള്‍ ഡയോക്ലീഷനെ കാണുവാന്‍ അനുവാദം വാങ്ങി എന്റെ പിതാവ് ഒരു കൂടിക്കാഴ്ചക്കായി കാത്തിരുന്നു. ഡയോക്ലീഷന്‍ കടന്നുവന്നനേരംതന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്നിലുടക്കി. എന്റെ പിതാവ് ഒന്നൊന്നായി തന്റെ വാദമുഖങ്ങള്‍ നിരത്തിയെങ്കിലും ഡയോക്ലീഷന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. വളരെ സങ്കടത്തോടെ എന്റെ പിതാവ് ഉണര്‍ത്തിച്ച കാര്യങ്ങള്‍ കേള്‍ക്കുന്നതിനെക്കാള്‍ മൃഗീയമായൊരു വികാരത്താല്‍ നിറഞ്ഞവനായി എന്നെ ശ്രദ്ധിക്കുകയായിരുന്നു ഡയോക്ലീഷന്‍. എന്റെ പിതാവ് സംസാരിച്ചുതീര്‍ന്നപ്പോള്‍ ഉല്ലാസം മാത്രം ആഗ്രഹിച്ചിരുന്ന ഡയോക്ലീഷന്‍ തന്നെ ശല്യപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”രാജ്യത്തിന്റെ സര്‍വ്വസൈന്യത്തെയും ഞാന്‍ നിന്റെ മുന്‍പില്‍ നിരത്താം. ഞാന്‍ ചോദിക്കുന്നത് ഒന്നു മാത്രമാണ്; അത് മറ്റൊന്നുമല്ല നിന്റെ പുത്രിയെ എനിക്ക് വിവാഹം കഴിച്ച് നല്‍കുക!” ഇത്ര വലിയൊരു ഭാഗ്യം എന്റെ പിതാവിനെപ്പോലെ ഒരു സാമന്തരാജാവിന് ലഭിക്കാനുണ്ടോ?.
സ്വപ്നം കാണുവാന്‍ പോലും സാധിക്കാത്ത ഈ വാഗ്ദാനത്തിന് മുന്‍പില്‍ എന്റെ പിതാവ് അവിടെവച്ചുതന്നെ ചക്രവര്‍ത്തിയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയും ചെയ്തു. തിരികെ ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ എന്റെ പിതാവും മാതാവും ഡയോക്ലീഷന്റേയും അവരുടേയും ആഗ്രഹത്തിന് എന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്തു. ഞാന്‍ കരഞ്ഞുകൊണ്ട് ചോദിച്ചു.”ഒരു മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി എന്റെ യേശുവിനോട് ഞാന്‍ ചെയ്ത വാഗ്ദാനം ലംഘിക്കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? എന്റെ കന്യകാത്വം യേശുവിനായി ഞാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എനിക്കത് നശിപ്പിക്കാനാവില്ല. മാത്രവുമല്ല വിവാഹം കഴിച്ചൊരു വ്യക്തിയാണ് ഡയോക്ലീഷന്‍.”
”പക്ഷെ വ്രതമെടുത്തപ്പോള്‍ നീ വളരെ ചെറിയ കുട്ടിയായിരുന്നു. അത്തരമൊരു വാഗ്ദാനം നടത്തുവാന്‍ നിനക്ക് പ്രായമായിരുന്നില്ല.” എന്റെ പിതാവ് പറഞ്ഞു. അദ്ദേഹം എന്നെ സാദ്ധ്യമായ എല്ലാ ഭീഷണികളിലൂടെയും ഡയോക്ലീഷനുമായുള്ള വിവാഹത്തിന് പ്രേരിപ്പിച്ചു. പക്ഷെ എന്റെ ദൈവത്തിന്റെ കൃപ എന്നെ സഹായിച്ചു. ചക്രവര്‍ത്തിക്ക് നല്‍കിയ വാഗ്ദാനം നിരസിക്കാനാവാതെ ഡയോക്ലീഷന്റെ ആജ്ഞപ്രകാരം എന്നെയുമായി എന്റെ പിതാവിന് ചക്രവര്‍ത്തിയുടെ സിംഹാസനത്തിനു മുന്‍പിലെത്തിച്ചേരേണ്ടിവന്നു. അവസാനം ഡയോക്ലീഷന് മുന്‍പിലെത്തുന്നതിന് മുന്‍പ് എന്റെ പിതാവ് തന്റെ അവസാനത്തെ ഭീഷണിയും പരിശ്രമങ്ങളും നടത്തുകയുണ്ടായി. അദ്ദേഹത്തോടൊപ്പം എന്റെ തീരുമാനം മാറ്റുന്നതിനായി അമ്മയും തനിക്കാവുന്നതുപോലെ എന്നോട് പെരുമാറി. സ്‌നേഹവും ഭീഷണിയും ശിക്ഷയും എല്ലാം അതിനായി അവര്‍ ഉപയോഗിച്ചു. അവസാനം എന്റെ മുന്‍പില്‍ താണുവണങ്ങി കണ്ണുനീരോടെ അവര്‍ ഉണര്‍ത്തിച്ചു. ”എന്റെ മകളേ , നിന്റെ പിതാവിന്റെയും മാതാവിന്റെയും രാജ്യത്തിന്റെയും പ്രജകളുടേയും മേല്‍ കരുണ തോന്നുക.” ”ഇല്ല, ഇല്ല”, ഞാന്‍ മറുപടി പറഞ്ഞു.
അത്ഭുത പ്രവർത്തകയായ വിശുദ്ധ ഫിലോമിനയോടുള്ള ജപം
ഓ വിശ്വസ്തയായ കന്യകേ, മഹത്വപൂർണയായ രക്തസാക്ഷിണി, വിശുദ്ധ ഫിലോമിനെ. ദുഃഖിതരും ബലഹീനരായിരിക്കുന്നവർക്കും വേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങ് എന്നോട് ദയ കാണിക്കേണമേ. എന്റെ ആവശ്യങ്ങളുടെ ആഴം അവിടുന്ന് അറിയുന്നുണ്ടല്ലോ. ഇതാ ഞാൻ അതിയായ വിഷമത്തോടും അതിലേറെ പ്രതീക്ഷയോടും കൂടെ അങ്ങയോടു തൃപാദത്തിങ്കൽ അണഞ്ഞിരിക്കുന്നു. ഓ പരിശുദ്ധേ, അങ്ങയുടെ സ്നേഹത്തിൽ ഞാൻ ശരണം വയ്ക്കുന്നു. ഞാനിപ്പോൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ട് ദൈവസന്നിധിയിൽ നിന്ന് ഇതിനുള്ള ഉത്തരം വാങ്ങിത്തരേണമേ. (….ആവശ്യം സമർപ്പിക്കുക ) അങ്ങയുടെ പുണ്യങ്ങളും പീഡനങ്ങളും വേദനകളും മരണവും ദിവ്യമണവാളനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും മരണത്തോടും ചേർത്തുവെയ്ക്കുന്നതുവഴി ഞാൻ ചോദിക്കുന്ന ഇക്കാര്യം സാധിച്ചുകിട്ടുമെന്നു എനിക്ക് ഉറച്ച ബോധ്യമുണ്ട്. അങ്ങനെ തന്റെ വിശുദ്ധരിലൂടെ മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്ന ദൈവത്തെ നിറഞ്ഞ സന്തോഷത്തോടെ സ്തുതിക്കട്ടെ.
ആമേൻ….
വി. ഫിലോമിനാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ( 3 പ്രാവശ്യം)
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.