നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. ഫിലോമിനയുടെ ജീവിതാനുഭവ പരമ്പര 3/10
മുഞ്ഞാണോ ഒരു ചെറിയ ഇടവകയും ആരും അറിയില്ലാത്ത സ്ഥലവുമായിരുന്നു. തിരുശേഷിപ്പുകള്‍ ലഭിക്കുന്നത് സാധാരണ സഭയിലെ ഉന്നതവ്യക്തികള്‍ക്കായിരുന്നു. എങ്കിലും ഈ പാവപ്പെട്ട വൈദികന്‍ ഫിലോമിനയുടെ പേര് സൂചിപ്പിച്ചില്ലെങ്കിലും കന്യകയും രക്തസാക്ഷിണിയുമായ ഒരു വ്യക്തിയുടെ തിരുശേഷിപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഭാനേതൃത്വം അവസാനം ഫിലോമിനയുടെ തിരുശേഷിപ്പാണ് അദ്ദേഹത്തിന് നല്‍കിയത്. വലിയ അത്ഭുതങ്ങളൊന്നും ആ വിശുദ്ധയുടെ പേരിലില്ലാത്തതിനാല്‍ അദ്ദേഹം അല്പം അശ്രദ്ധമായിട്ടാണെങ്കിലും നന്ദി പറഞ്ഞ് തിരികെ താമസസ്ഥലത്തെത്തി.
തിരികെയെത്തിയപ്പോള്‍ മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോടു കൂടെയായിരിക്കുമ്പോള്‍ ഫാദര്‍ ഫ്രാന്‍ഞ്ചെസ്‌കോ ഒരു സ്വരം കേട്ടു. തന്നെ മുഞ്ഞാണോയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ അനേകം കാര്യങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്നുമാണ് ഒരു പെണ്‍കുട്ടി അദ്ദേഹത്തോട് മന്ത്രിച്ചത്.
ആ ദിവസങ്ങളില്‍ ഫാദര്‍ ഫ്രാന്‍ഞ്ചെസ്‌കോയ്ക്ക് ഗുരുതരമായ പനി ബാധിച്ചു. ഫിലോമിനയാണ് തന്നോട് സംസാരിച്ചതെങ്കില്‍ ഈ നിമിഷം എന്നെ സുഖപ്പെടുത്തണമെന്ന് ആദ്യമായി അദ്ദേഹം ഫിലോമിനയോട് പ്രാര്‍ത്ഥിച്ചു. ആ നിമിഷം തന്നെ ഫാദര്‍ ഫ്രാഞ്ചെസ്‌കോ സുഖം പ്രാപിച്ചു. അദ്ദേഹവും മോണ്‍സിഞ്ഞോര്‍ ബര്‍ത്തലോമിയോയുംകൂടി നന്ദിയോടെ ഫിലോമിനയുടെ തിരുശേഷിപ്പുകള്‍ മുഞ്ഞാണോയിലേക്ക് കൊണ്ടുപോയി. പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമായിരുന്നു ഫാദര്‍ ഫ്രാഞ്ചെസ്‌കോയുടെ ഇടവക ദേവാലയം. അവരുടെ യാത്രയില്‍ ഉടനീളം അത്ഭുതങ്ങള്‍ സംഭവിക്കുവാന്‍ തുടങ്ങി.
ഫിലോമിന സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. യാത്രാമധ്യേ അവര്‍ക്ക് രോഗിണിയായ ഒരു സ്ത്രീയുടെ ഭവനത്തില്‍ താമസിക്കേണ്ടിവന്നു. അവിടെവച്ചാണ് ഫിലോമിനയുടെ ഒരു മെഴുകുകൊണ്ടുള്ള രൂപം നിര്‍മ്മിക്കപ്പെടുന്നത്. രോഗിണിയായ ആ സ്ത്രീ ഈ രൂപത്തെ നോക്കിയപ്പോള്‍ അത് ജീവനുള്ളതായി മാറുന്നതുപോലെ അവള്‍ക്ക് തോന്നി. അതൊരു തോന്നലായിരുന്നില്ല. അടുത്ത നിമിഷങ്ങളില്‍ സകലരുടേയും സാക്ഷ്യത്തിനായി ആ സ്ത്രീ അത്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തു.
അത്ഭുത പ്രവർത്തകയായ വിശുദ്ധ ഫിലോമിനയോടുള്ള ജപം
ഓ വിശ്വസ്തയായ കന്യകേ, മഹത്വപൂർണയായ രക്തസാക്ഷിണി, വിശുദ്ധ ഫിലോമിനെ. ദുഃഖിതരും ബലഹീനരായിരിക്കുന്നവർക്കും വേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങ് എന്നോട് ദയ കാണിക്കേണമേ. എന്റെ ആവശ്യങ്ങളുടെ ആഴം അവിടുന്ന് അറിയുന്നുണ്ടല്ലോ. ഇതാ ഞാൻ അതിയായ വിഷമത്തോടും അതിലേറെ പ്രതീക്ഷയോടും കൂടെ അങ്ങയോടു തൃപാദത്തിങ്കൽ അണഞ്ഞിരിക്കുന്നു. ഓ പരിശുദ്ധേ, അങ്ങയുടെ സ്നേഹത്തിൽ ഞാൻ ശരണം വയ്ക്കുന്നു. ഞാനിപ്പോൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ട് ദൈവസന്നിധിയിൽ നിന്ന് ഇതിനുള്ള ഉത്തരം വാങ്ങിത്തരേണമേ. (….ആവശ്യം സമർപ്പിക്കുക ) അങ്ങയുടെ പുണ്യങ്ങളും പീഡനങ്ങളും വേദനകളും മരണവും ദിവ്യമണവാളനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും മരണത്തോടും ചേർത്തുവെയ്ക്കുന്നതുവഴി ഞാൻ ചോദിക്കുന്ന ഇക്കാര്യം സാധിച്ചുകിട്ടുമെന്നു എനിക്ക് ഉറച്ച ബോധ്യമുണ്ട്. അങ്ങനെ തന്റെ വിശുദ്ധരിലൂടെ മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്ന ദൈവത്തെ നിറഞ്ഞ സന്തോഷത്തോടെ സ്തുതിക്കട്ടെ.
ആമേൻ….
വി. ഫിലോമിനാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ( 3 പ്രാവശ്യം)
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.