വി. കൊച്ചുത്രേസ്യ അല്‍ഫോന്‍സാമ്മയ്ക്ക് പ്രത്യക്ഷപ്പെടുന്നു

മദര്‍ ക്ലാര അന്നക്കുട്ടിയെ കൂട്ടിക്കൊണ്ട് മേക്കാട്ട് വീട്ടില്‍ ( പ്ലാശനാല്‍ ) പോയിരുന്നു. പോയ വഴിക്ക് അവള്‍ ക്ലാരമ്മയുടെ മൂത്ത ചേച്ചിയെ കാണാന്‍ കാരുപറമ്പില്‍ കയറി. കുഞ്ഞേലിയുടെ മകന്‍ കുട്ടിയച്ചന് കണ്ട മാത്രയില്‍ ഒരു മോഹം. അന്നക്കുട്ടിയെ കല്യാണം കഴിക്കണം. ഈ കൊച്ചുസുന്ദരി പലരുടെയും നോട്ടപ്പുള്ളിയാതില്‍ അതിശയിക്കാനൊന്നുമില്ല . സ്ത്രീധനം ആഭരണവും ഉപേക്ഷിച്ചു പോലും അവളെ വിവാഹം കഴിക്കുവാന്‍ താല്പര്യമുള്ള പല വീട്ടുകാരും അന്നമ്മയെ സമീപിച്ചു. സാമ്പത്തികശേഷിയും, പഠിപ്പും സ്വഭാവഗുണവുമുള്ള ഒരു യുവാവിന് അവളെ വിവാഹം ചെയ്തു കൊടുക്കണമെന്നാ യിരുന്നു പേരമ്മയുടെ ആഗ്രഹം. അതിനു വേണ്ടിയാണ് അവളെ ഒരുക്കി വളര്‍ത്തിയത്. അന്നക്കുട്ടിയുടെ പിതാവിനോട് ചോദിക്കാതെ അന്നമ്മ ഒരു യുവാവിന്റെ വീട്ടുകാര്‍ക്ക് വിവാഹസമ്മതം കൊടുത്തു, കാരുപറമ്പില്‍ കുട്ടിയച്ചന്‍തന്നെയായിരുന്നു പ്രതിശ്രുതവരന്‍.
അന്നക്കുട്ടി ഈശോയെ തന്റെ മണവാളനായി സ്വീകരിച്ചുകഴിഞ്ഞ വിവരം പേരമ്മയ്ക്ക് മനസ്സിലാക്കുവാന്‍ വിഷമമായിരുന്നു. പക്ഷേ, ‘വിവാഹത്തേക്കാള്‍ നല്ലത് മരണം’ എന്നായിരുന്നു അന്നക്കുട്ടിയുടെ തീരുമാനം. ചെറുപുഷ്പത്തെപ്പോലെ ഒരു കന്യാസ്ത്രീയായി, ഈശോ യുടെ മണവാട്ടിയായി , ഒരു പുണ്യവതിയാകണമെന്ന സ്വപ്നം അവളില്‍ വേരൂന്നിയിരുന്നു. മഠത്തില്‍ ചേര്‍ന്ന് ചെറുപുഷ്പത്തെപ്പോലെ പുണ്യജീവിതം നയിക്കണമെന്ന് കര്‍മ്മലീത്ത മഠത്തിലെ മദര്‍ മരിയ മുരിക്കന്‍ അന്നക്കുട്ടിയെ ഉപദേശിക്കുമായിരുന്നു .
ഒരിക്കല്‍ ചെറുപുഷ്പത്തിന്റെ ആത്മകഥ വായിച്ചുകൊണ്ട് മുരിക്കലെ പിറകുവശത്തുള്ള മാവിന്‍ചുവട്ടില്‍ ഇരിക്കുമ്പോള്‍, പെട്ടെന്ന് ഒരു കന്യാസ്ത്രീ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് ‘നീ ഒരു കന്യാസ്ത്രീയാകണം’എന്ന് ഉപദേശിച്ചിട്ട് മറഞ്ഞുപോയി. അതു ചെറുപുഷ്പം തന്നെയെന്ന് അന്നക്കുട്ടി വിശ്വസിച്ചു.
അന്നക്കുട്ടി ധര്‍മ്മസങ്കടത്തിലായി . ഈ പരീക്ഷണത്തില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് അവള്‍ പരിശുദ്ധ മറിയത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു . അവള്‍ ഉപവസിച്ച് കൊന്തനമസ്‌കാരം ചൊല്ലി ‘എന്റെ അമ്മേ! എനിക്ക് ഒരു മഠത്തില്‍ ചേരുവാനുള്ള അനുഗ്രഹം തരേണമേ! വീട്ടുകാരുടെ മനസ്സ് മാറ്റണമേ! വിവാഹം കഴിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് എനിക്കിഷ്ടം . ‘അവള്‍ ഉപവാസവും, പരിത്യാഗ്രപ്രവ്യത്തികളും തുടങ്ങി , കൈകള്‍ വിരിച്ച്, മണലില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.