പറക്കും വിശുദ്ധന്‍ – കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്
കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്
ഇറ്റലിയിലെ കുപ്പര്‍ത്തിനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്‌ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിന് സമാനമായി ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തില്‍ വച്ചായിരുന്നു. ആര്‍ക്കും ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതല്‍ തന്നെ ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു.
വിധവയായ അമ്മ നുള്ളിപ്പറുക്കി ഒപ്പിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന് പോലും വരാൻ മറക്കുന്ന കുട്ടി ജന്മസ്ഥലമായ കൂപ്പർത്തിനോ ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പതിവായിരിന്നു. അവന് പഠനം അതികഠിനമായി തോന്നിയിരുന്നു. 17-വയസായപ്പോൾ, ഒരു സന്യാസമഠത്തിൽ ചേരാൻ ജോസഫ് ആഗ്രഹിച്ചു. പക്ഷേ, അവന്റെ ബുദ്ധിയില്ലാത്ത അവസ്ഥ മൂലം ഫ്രാൻസിസ്കൻ സഭ അവനെ എടുത്തില്ല.
പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ ഒരു ആശ്രമത്തില്‍ കന്നുകാലി വളര്‍ത്തലുകാരനായി അവന്‍ ജോലിനോക്കി. എപ്പോഴും പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ദേവാലയത്തില്‍ ധ്യാനത്തില്‍ മുഴുകുകയും ചെയ്തിരുന്ന ആ കന്നുകാലി വളര്‍ത്തലുകാരനെ ആശ്രമാധികാരികള്‍ ശ്രദ്ധിച്ചു. അവന്റെ എളിമയും അനുസരണയും ഭക്തിയും മനസിലാക്കിയതോടെ പൗരോഹിത്യം നല്‍കുവാന്‍ അവര്‍ തയാറായി. തൽഫലമായി, അവർ അവനെ 1628-ൽ ഒരു വൈദികനായി വാഴിച്ചു.
തിരുപട്ടം ലഭിച്ചപ്പോള്‍ മുതൽ, ജോസഫ് തുടർച്ചയായി ഉന്മാദമായ അവസ്ഥയില്‍ ആകുമായിരുന്നു; ചിലപ്പോഴൊക്കെ, നിലത്തു നിന്നും ഉയർന്ന് വായുവിൽ ഒഴുകി പോകുമായിരുന്നു. ജോസഫിന്റെ ഈ അത്ഭുത പ്രതിഭാസം കണ്ട് ആശ്രമവാസികൾക്ക് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവിപ്പിക്കാൻ പോലും പ്രയാസമായി. അങ്ങനെ നീണ്ട 35 വർഷത്തോളം, ജോസഫ് ഗായകസംഘത്തിൽ നിന്നും ഭക്ഷണ ശാലയിൽ നിന്നും പുറത്താക്കപ്പെട്ടവനായി ജീവിച്ചു.
എന്നിരിന്നാലും ജോസഫിന്റെ അത്ഭുത പ്രവർത്തികളും, പ്രത്യേകിച്ച് വായുവിലൂടെയുള്ള സഞ്ചാരവും കാണാൻ നിരവധി വിശ്വാസികള്‍ ദൂരസ്ഥലത്തു നിന്നുവരെ എത്തുമായിരുന്നു. 1653-ൽ, ആർക്കും കാണാൻ പറ്റാത്ത വിധത്തിൽ, ഇടവക അധികാരികൾ, ജോസഫിനെ പയറ്ററോസാ കുന്നിൻ പുറത്തുള്ള ഒരു കപ്പൂച്ചിൻ ആശ്രമത്തിലേക്ക് നാടുകടത്തി. അവസാനം, വിശുദ്ധ ജോസഫിനെ ഒസീമയിലുള്ള സ്വന്തം സഭയുടെ ആശ്രമത്തിലേക്ക് മാറ്റി; അപ്പോഴും, അദ്ദേഹത്തെ ആർക്കും കാണാൻ അനുമതി നല്‍കിയില്ല. 61-ാം വയസില്‍ ജോസഫ് കുപ്പര്‍തീനോ മരിച്ചു. 1767ല്‍ പോപ് ക്ലെമന്റ് പതിമൂന്നാമന്‍ പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.