നിങ്ങള്‍ എന്റെ പക്കല്‍ എത്തിയാല്‍ ഉണ്ണീശോയെ ഞാന്‍ നിങ്ങള്‍ക്കു നല്‍കാം
കേരളത്തിലെ പ്രമുഖ കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം സെന്റ്.ജോര്‍ജ് ഫൊറേനാ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.
യൗസേപ്പിതാവിന്റെ ഇടത്തെ കരത്തില്‍ വിടര്‍ത്തിയ കരങ്ങളുമായി ഇരിക്കുന്ന ഉണ്ണീശോയുടെ മാറിടത്തില്‍ തന്റെ വലതുകൈ പിടിച്ചു നില്‍ക്കുന്ന യൗസേപ്പിതാവ്. ഉയിര്‍പ്പിനു ശേഷം ഈശോയുടെ പിളര്‍ക്കപ്പെട്ട പാര്‍ശ്വം കണ്ട
തോമാശ്ലീഹായുടെ എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രമാണം പോലെ ഉണ്ണീശോയുടെ മാറിടത്തില്‍ കൈ അമര്‍ത്തി യൗസേപ്പിതാവും നിശബ്ദമായി ഒരു വിശ്വാസ പ്രമാണം നടത്തുന്നു.’ ഇതാ ലോകത്തിന്റെ രക്ഷകനായ ഈശോ മിശിഹാ. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ഈശോയെ നിങ്ങള്‍ക്കു ഞാന്‍ നല്‍കാം. എന്റെ ഹൃദയ രക്തമൊഴുക്കി മുദ്ര വയ്ക്കുന്ന വിശ്വാസ പ്രമാണമാണത്’.
നിങ്ങള്‍ എന്റെ പക്കല്‍ എത്തിയാല്‍ നിങ്ങളെ ഇരുകരങ്ങും നീട്ടി സ്വീകരിക്കാനായി കാത്തു നില്‍ക്കുന്ന ഉണ്ണീശോയെ ഞാന്‍ നല്‍കാം എന്ന് ദൈവപുത്രന്റെ മാറിടത്തില്‍ കൈവച്ചു യൗസേപ്പിതാവ് ഉറപ്പു തരുന്നു. ദൈവപുത്രന്റെ മാറിടത്തില്‍ കൈവച്ചു ഉറപ്പു തരാന്‍ യോഗ്യതയും ചങ്കൂറ്റവും ഉള്ള പിതാവാണ് യൗസേപ്പ് താതന്‍. ആ പിതൃസന്നിധിയില്‍ നമുക്കു പ്രത്യാശയും ശരണവും ലഭിക്കും.
ദിവ്യത്വവും ആത്മവിശ്വാസവും പ്രസരിക്കുന്ന രണ്ടു മുഖങ്ങളാണ് ഈ തിരുസ്വരൂപത്തില്‍ കാണാന്‍ സാധിക്കുന്നത്. യൗസേപ്പിതാവിന്റെ കരങ്ങളില്‍ ദൈവപുത്രനായ ഈശോ എത്രമാത്രം സുരക്ഷിതത്വവും
സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്നതിന്റെ പ്രഘോഷണമാണ് വിടര്‍ത്തിയ ഉണ്ണീശോയുടെ കരങ്ങള്‍. യൗസേപ്പിതാവിന്റെ പക്കല്‍ എത്തിയാല്‍ ദൈവക്കള്‍ക്കടുത്ത സ്വാതന്ത്ര്യവും സംതൃപ്തിയും നമുക്കും ലഭിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു.
ഈശോയെ നമുക്കു നല്‍കുന്ന യൗസേപ്പിതാവിന്റെ പക്കല്‍ അഭയം തേടാന്‍ നമുക്കു ഉത്സാഹമുള്ളവരാകാം.
~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.