യൗസേപ്പിതാവും വിശ്വാസ പരിശീലനവും
വിശ്വാസം വരും തലമുറയ്ക്കു പകര്‍ന്നു കൊടുക്കുന്നതിലെ സുപ്രധാനമായ ഒരു കണ്ണികളാണ് മതാദ്ധ്യാപകര്‍.ഇടവകാതലത്തില്‍ ഒരു വിശ്വാസിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു പ്രേഷിത വേലയാണ് വിശ്വാസ പരിശീലനം നല്‍കുക എന്നത്.
കുട്ടികളില്‍ ദൈവികസ്മരണ ഉണര്‍ത്തുകയും അത് അവരില്‍ എന്നും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നവരാണ് വിശ്വാസ പരിശീലകര്‍. ചുരുക്കത്തില്‍ ദൈവത്തെ പകര്‍ന്നു നല്‍കുന്ന വിശുദ്ധ കര്‍മ്മമാണത്. രക്ഷാകര ചരിത്രം അതിന്റെ പൂര്‍ണ്ണതയില്‍ ഇളം തലമുറയ്ക്കു മനസ്സിലാക്കി കൊടുക്കുന്ന വിശുദ്ധ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമാണ് മതാദ്ധ്യാപകര്‍
മനുഷ്യരില്‍ ദൈവീക സ്മരണ ഉണര്‍ത്തുകയും നില നിര്‍ത്തുകയും ചെയ്യുന്ന ദൈവീക സാന്നിധ്യമാണ് വിശുദ്ധ യൗസേപ്പിതാവ് .ആ നല്ല പിതാവിനെ ആഗ്രഹത്തോടെ സമീപിക്കുന്ന ആരിലും ദൈവീക സ്മരണ ഉണരുകയും അവ അവരില്‍ നിലനില്‍ക്കുകയും ചെയ്യും.
യൗസേപ്പിന്റെ പക്കല്‍ ചെന്നാന്‍ അവനെപ്പറ്റി സംസാരമില്ല മറിച്ച് ദൈവത്തെക്കുറിച്ചും ദൈവിക ഇടപെടലുകളെക്കുറിച്ചുമാണ് നാം കേള്‍ക്കുന്നത്. ദൈവത്തിന്റെ മായാത്ത മുദ്ര തന്നെ സമീപിക്കുന്നവരില്‍ പതിപ്പിക്കുക എന്നത് അവന്റെ ജീവിത നിയോഗമായിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇന്നും അവനതു തുടരുന്നു.
വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തീര്‍ച്ചയായും മാതൃകയാക്കേണ്ട ഒരു വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവീക സ്മരണ ഉണര്‍ത്തുകയും നില നിര്‍ത്തുകയും ചെയ്യുന്ന സാന്നിധ്യം മാത്രമായിരുന്നില്ല അവന്‍, ബാലനായ യേശുവിനു യഹൂദ നിയമത്തിന്റെ ചട്ടങ്ങളും പാരമ്പര്യങ്ങളും വിശ്വസ്തതയോടെ പകര്‍ന്നു കൊടുത്ത തീക്ഷ്ണമതിയായ ഒരു വിശ്വാസ പരിശീലകനും ആയിരുന്നു. ഒരു വിശ്വാസ പരിശീലകനു ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ ദൈവഭക്തിയും തീക്ഷ്ണതും വിശുദ്ധ പാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും യൗസേപ്പിതാവില്‍ രൂഢമൂലമായിരുന്നു.
യൗസേപ്പിതാവിന്റെ പക്കലെത്തി വിശ്വാസ പരിശീലനത്തെ ചിട്ടപ്പെടുത്തുവാനും മാതൃകയാക്കാനും മതാദ്ധ്യാപകര്‍ക്കു സാധിക്കട്ടെ.
~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.