വി. യൗസേപ്പിതാവിനെ നല്ല മരണത്തിന്റെ മധ്യസ്ഥന്‍ എന്നു വിശേഷിപ്പിക്കുന്നത് എന്തു കൊണ്ട്?
കത്തോലിക്കാ വിശ്വാസ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പ് നൽമരണ മധ്യസ്ഥനാണ്. സഭാ പാരമ്പര്യമനുസരിച്ച് യൗസേപ്പ് യേശുവിൻ്റെയും മറിയത്തിൻ്റെയും കരങ്ങളിൽ കിടന്നാണ് മരിച്ചത്. ദൈവപുത്രൻ്റെയും ദൈവജനനിയുടെയും കരങ്ങളിൽ കിടന്നു മരിക്കുക എന്നത് ദൈവ കൃപയുടെ ഏറ്റവും വലിയ വരദാനമായും കത്തോലിക്കാ സഭ പാരമ്പര്യമനുസരിച്ചു ” ഏറ്റവും നല്ല മരണവുമാണ് ” . സ്വർഗ്ഗത്തിലേക്കുള്ള മടക്കയാത്രയിൽ ഇത്രയും ഭാഗ്യപ്പെട്ട അവസരം ലഭിച്ച ഒരു വ്യക്തിയും ഈ ലോകത്തിലില്ല. ഈ വിശ്വാസമാണ് നൽമരണങ്ങളുടെ മധ്യസ്ഥനായി യൗസേപ്പ് പിതാവിനെ വണങ്ങാൻ കാരണം.
തിരുസഭയിലെ രണ്ടു വേദപാരംഗതകരായ ( Doctors of the Church) വിശുദ്ധ ഫ്രാൻസീസ് ഡീ സാലസും വിശുദ്ധ അൽഫോൻസ് ലിഗോരിയും വി. യൗസേപ്പ് ദൈവസ്നേഹത്തിൽ മരിച്ചു എന്ന സത്യം ഉറപ്പിച്ചു പറയുന്നു. ഈ ലോക ജീവിതത്തിൽ ഇത്രമാത്രം ദൈവത്തെ സ്നേഹിച്ച ഒരു വിശുദ്ധന് തൻ്റെ കടമകൾ എല്ലാം നിർവ്വഹിച്ച ശേഷം ദൈവസ്നേഹത്തിലല്ലാതെ മരിക്കാനാവില്ല എന്നവർ പഠിപ്പിക്കുന്നു. “നിത്യ പിതാവ് നിന്നെ ഭരമേല്പിച്ച ജോലികളെല്ലാം നീ പൂർത്തിയാക്കി. സ്വർഗ്ഗസ്ഥനായ പിതാവ് നിൻ്റെ കരങ്ങളിൽ ഭരമേല്പിച്ച നിൻ്റെ പുത്രൻറെ കൈകളിൽ കിടന്നു ഈ ലോകം വിട്ടു പിതാവിൻ്റെ ഭവനത്തിലേക്കു തിരികെ പോകാൻ നിനക്കവസരം ലഭിച്ചു. എൻ്റെ ആത്മാവിനെയും നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. .” എന്നു വിശുദ്ധ യൗസേപ്പ് പിതാവിനെപ്പറ്റി ഫ്രാൻസീസ് സാലസ് എഴുതിയിരിക്കുന്നു.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1014 നമ്പറിൽ മരണ നേരത്തു നമ്മൾ എങ്ങനെ ഒരുങ്ങണമെന്നു പഠിപ്പിക്കുന്നു: “നമ്മുടെ മരണമണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാൻ സഭ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായിൽ സഭ, ” പെട്ടെന്നുള്ളതും മുൻകൂട്ടിക്കാണാത്തതുമായ മരണത്തിൽ നിന്ന്, കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ ” എന്നു പ്രാർത്ഥിക്കുന്നു. നന്മ നിറഞ്ഞ മറിയമേ എന്ന ജപത്തിൽ “ഞങ്ങളെ മരണ സമയത്തു ” ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്നു ദൈവമാതാവിനോടു യാചിക്കാനും സൗഭാഗ്യ പൂർണമായ മരണത്തിൻ്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിനു നമ്മെത്തന്നെ ഭരമേൽപിക്കാനും സഭ ആവശ്യപ്പെടുന്നു.” CCC 1014)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.