കുടിയേറ്റക്കാരനായ വിശുദ്ധ യൗസേപ്പ്!
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
പീഡിപ്പിക്കപ്പെട്ടവനും, ധൈര്യശാലിയുമായ ഒരു കുടിയേറ്റക്കാരനായി വിശുദ്ധ യൗസേപ്പിനെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു. അപ്രകാരമാണ് സുവിശേഷകനായ മത്തായി അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. യൗസേപ്പും മറിയവുംകൂടി പ്രധാന കഥാപാത്രങ്ങളായി കാണപ്പെടുന്ന യേശുവിൻറെ ജീവിതത്തിലെ ഈ സവിശേഷ സംഭവം പരമ്പരാഗതമായി അറിയപ്പെടുന്നത് “ഈജിപ്തിലേക്കുള്ള പലായനം” എന്നാണ് (മത്തായി 2:13-23). നസ്രത്തിലെ കുടുംബം ഈ അപമാനത്തിന് വിധേയമാകേണ്ടിവരുകയും സ്വന്തം നാടു വിട്ടുപോകേണ്ടിവരുന്നതിൻറെ ഫലമായ അനിശ്ചിതത്വവും ഭയവും വേദനയും നേരിട്ട് അനുഭവിക്കുകയും ചെയ്തു. ഇന്നും, നമ്മുടെ പല സഹോദരീസഹോദരന്മാരും സമാനമായ അനീതിയും കഷ്ടപ്പാടും അനുഭവിക്കാൻ നിർബന്ധിതരാകുന്നു. അതിനു കാരണം മിക്കവാറും എല്ലായ്‌പ്പോഴും ശക്തരുടെ ആധിപത്യമനോഭാവവും അക്രമവുമാണ്. ഇതുതന്നെയാണ് യേശുവിനും ഈ അനുഭവം ഉണ്ടായതിനു കാരണം.
ഭയം ഗ്രസിച്ച ഹേറൊദേസിൻറെ നൃശംസത
“യഹൂദന്മാരുടെ രാജാവിൻറെ” ജനനത്തെക്കുറിച്ച് ഹേറൊദേസ് രാജാവ് പൂജരാജാക്കന്മാരിൽ നിന്ന് മനസ്സിലാക്കുകയും ആ വാർത്ത അവനെ അസ്വസ്ഥനാക്കുകയും ചെയ്യുന്നു. തൻറെ അധികാരത്തിന് ഭീഷണിയുയർന്നതായി ഹേറോദേസിന് തോന്നുന്നു. അതിനാൽ അവൻ യഹൂദരുടെ രാജാവിൻറെ ജന്മസ്ഥലത്തെക്കുറിച്ച് അന്വേഷിക്കാൻ ജെറുസലേമിലെ എല്ലാ അധികാരികളെയും വിളിച്ചുകൂട്ടുകയും, തനിക്കും പോയി ഈ രാജാവിനെ ആരാധിക്കുന്നതിനു വേണ്ടി എന്ന വ്യാജേന സ്ഥലം കൃത്യമായി അറിയിക്കാൻ പൂജരാജാക്കന്മാരോടും ആവശ്യപ്പെടുകയും ചെ്യ്യുന്നു. ജ്ഞാനികൾ മറ്റൊരു പാതയിലൂടെ പോയി എന്ന് മനസ്സിലാക്കിയ അദ്ദേഹം ഒരു ഹീന പദ്ധതി ആവിഷ്കരിച്ചു: ബെത്‌ലഹേമിൽ രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ കുട്ടികളെയും കൊല്ലുക എന്നതായിരുന്നു പദ്ധതി.
ദൈവദൂതൻറെ നിർദ്ദേശം
അതിനിടെ, ഒരു ദൈവദൂതൻ യൗസേപ്പിനോട് ആജ്ഞാപിക്കുന്നു: “എഴുന്നേറ്റു, കുട്ടിയെയും കുഞ്ഞിൻറെ അമ്മയെയും കൊണ്ട്, ഈജിപ്തിലേക്ക് പലായനം ചെയ്യുക, ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറൊദേസ്, കുട്ടിയെ കൊല്ലാൻ ഉടൻ അന്വേഷണം തുടങ്ങും” (മത്തായി 2:13). അപകടമുള്ളതിനാൽ ഒളിച്ചോടാം, പലായനം ചെയ്യാം എന്ന് ഇന്ന് ഉള്ളിൽ പറയുന്ന നിരവധിപ്പേരിലേക്ക് നമ്മുടെ ചിന്തകൾ പോകുന്നു. ഇസ്രായേൽ ജനതയിലെ എല്ലാ ആൺകുട്ടികളെയും നൈൽ നദിയിലേക്ക് എറിയാനുള്ള ഫറവോൻറെ പദ്ധതിയെ ഓർമ്മിപ്പിക്കുന്നതാണ് ഹേറൊദേസിൻറെ ഈ പദ്ധതി (പുറപ്പാട് 1:22). ഈജിപ്തിലേക്കുള്ള പലായനം, അബ്രഹാം മുതലിങ്ങോട്ട്, യാക്കോബിൻറെ മകനും സഹോദരങ്ങൾ വിറ്റവനും പിന്നീട് നാട്ടുതലവനായിത്തീർന്നവനുമായ ജോസഫ് വരെയും (ഉല്പത്തി 37:36), അടിമത്തത്തിൽ നിന്ന് ഈജിപ്തുകാരെ മോചിപ്പിച്ച മോശവരെയുമുള്ള, (പുറപ്പാട് 1; 18). ഇസ്രായേലിൻറെ മുഴുവൻ ചരിത്രത്തെയും അനുസ്മരിപ്പിക്കുന്നതാണ്. അബ്രഹാമും അവിടെ താമസിച്ചു.
നീതമാൻ യൗസേപ്പും സ്വേച്ഛാധിപതി ഹറൊദേസും- വിപരീത വ്യക്തിത്വങ്ങൾ
തിരുക്കുടുംബം ഈജിപ്തിലേക്കു നടത്തിയ പലായനം യേശുവിനെ രക്ഷിക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ, അത് കൂട്ടക്കൊലയിൽ നിന്ന് ഹേറൊദേസിനെ തടയുന്നില്ല. അങ്ങനെ നാം രണ്ട് വിപരീത വ്യക്തിത്വങ്ങളെയാണ് അഭിമുഖീകരിക്കുന്നത്: ഒരു വശത്ത് ക്രൂരതയാർന്ന ഹേറൊദേസ്, മറുവശത്ത് കരുതലും ധീരതയുമാർന്ന യൗസേപ്പ്. തൻറെ ഭാര്യമാരിൽ ഒരാളെയും മക്കളിൽ ചിലരെയും നൂറുകണക്കിന് എതിരാളികളെയും ഹേറൊദേസ് വധിച്ചത് സാക്ഷ്യപ്പെടുത്തുന്നതുപോലെ തൻറെ നിഷ്ഠൂരതയാൽ സ്വന്തം അധികാരം സംരക്ഷിക്കാൻ അവൻ ശ്രമിക്കുന്നു. അവൻ ക്രൂരനയാരുന്നു. പ്രശ്നങ്ങളുടെ പരിഹൃതിക്ക് ഒരു മാർഗ്ഗം മാത്രമാണ് അവനുണ്ടായിരുന്നത്. ആളെ ഇല്ലാതാക്കുക. അവൻ ഇന്നലെത്തെയും ഇന്നത്തെയും നിരവധിയായ സ്വേച്ഛാധിപതികളുടെ പ്രതീകമാണ്; അവർ ജനങ്ങളെ കണക്കിലെടുക്കുന്നില്ല. മറ്റ് മനുഷ്യർക്ക് “ചെന്നായ” ആയി മാറുന്ന മനുഷ്യൻ. സ്വന്തം ഭയങ്ങളുടെ പിടിയിൽ ജീവിച്ചുകൊണ്ട് അതിനെ ജയിക്കാൻ, സ്വേച്ഛാധിപത്യ രീതിയിൽ അധികാരം ഉപയോഗിച്ചും അക്രമത്തിൻറെതായ മനുഷ്യത്വരഹിത കാര്യങ്ങൾ നടപ്പിലാക്കിയും ശ്രമിക്കുന്ന വ്യക്തിത്വങ്ങളാൽ ചരിത്രം നിറഞ്ഞിരിക്കുന്നു. പക്ഷേ, സ്വേച്ഛാധിപതികളാകുമ്പോൾ മാത്രമേ നാം ഹേറോദേസിനെപ്പോലെ ജീവിക്കുന്നവരാകൂ എന്ന് കരുതരുത്; യഥാർത്ഥത്തിൽ, നമെല്ലാവരും നിപതിക്കാൻ സാധ്യതയുള്ള ഒരു മനോഭാവമാണ് അത്, ഓരോ തവണയും നമ്മുടെ ഭയത്തെ നാം ധാർഷ്ട്യത്തോടെ അകറ്റാൻ ശ്രമിക്കുമ്പോൾ, അത് വാക്കാലൊ, അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവരെ വേദനിപ്പിക്കുന്ന ചെറിയ അധിക്ഷേപങ്ങളാലൊ ആണെങ്കിലും അതു സംഭവിക്കുന്നു. ചെറു ഹേറൊദേ സുകൾ ആയിത്തീരാനുള്ള സാധ്യത നമ്മുടെ ഉള്ളിലുമുണ്ട്.
നീതിമാൻ, ധൈര്യവാൻ യൗസേപ്പ്
യൗസേപ്പ് ഹേറൊദേസിന് വിപരീതമായ വ്യക്തിത്വമാണ്: സർവ്വോപരി അവൻ “നീതിമാൻ” ആണ് (മത്തായി 1:19); ഹേറൊദേസാകട്ടെ സ്വേച്ഛാധിപതിയും. അതിനുപുറമെ മാലാഖയുടെ കൽപ്പന നടപ്പിലാക്കുന്നതിൽ യൗസേപ്പ് ധൈര്യശാലിയാണെന്ന് സ്വയം തെളിയിക്കുന്നു. ദൈർഘ്യമേറിയതും അപകടകരവുമായ യാത്രയിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിധിവൈപരീത്യങ്ങളും ഒരു അന്യ നാട്ടിലെ വാസം വരുത്തിയ ബുദ്ധിമുട്ടുകളും ഊഹിക്കാൻ കഴിയും. തിരിച്ചുവരവിൻറെ വേളയിലും യൗസേപ്പിൻറെ ധൈര്യം വെളിപ്പെടുന്നു, മാലാഖയുടെ ഉറപ്പു ലഭിച്ച അവൻ മനസ്സിലാക്കാവുന്ന ഭയങ്ങളെ തരണം ചെയ്യുകയും മറിയത്തോടും യേശുവിനോടും ഒപ്പം നസ്രത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു (മത്തായി 2: 19-23). ഹോറോദേസും യൗസേപ്പും എന്നത്തെയും നരകുലത്തിൻറെ രണ്ട് മുഖങ്ങളെ പ്രതിഫലിപ്പിക്കുന്ന രണ്ട് വിപരീത വ്യക്തിത്വങ്ങളാണ്. നായകൻറെ മാത്രം പുണ്യമാണ് ധീരതയെന്ന് ചിന്തിച്ചാൽ അത് തെറ്റാണ്. വാസ്തവത്തിൽ, ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തിന് ധൈര്യം ആവശ്യമാണ്. അനുദിനം ബുദ്ധിമുട്ടുകളെ നേരിടുന്നതിന് ധൈര്യം വേണം. എല്ലാ കാലത്തും എല്ലാ സംസ്കാരങ്ങളിലും, സ്വന്തം വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നതിന്, എല്ലാത്തരം പ്രയാസങ്ങളെയും അതിജീവിച്ച്, അനീതികളും അപലപനങ്ങളും മരണവും പോലും സഹിച്ചുനിൽക്കുന്ന ധീരരായ സ്ത്രീപുരുഷന്മാരെ നാം കാണുന്നു. ധീരത ശക്തിയുടെ പര്യായമാണ്, അത് നീതി, വിവേകം, ആത്മസംയമനം എന്നിവയ്‌ക്കൊപ്പം “മൗലിക” പുണ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന മാനുഷിക സദ്ഗുണങ്ങളുടെ വിഭാഗത്തിൽപ്പെടുന്നു.
ജീവിതം പ്രതിസന്ധി വിമുക്തമല്ല – വിശുദ്ധ യൗസേപ്പ് നല്കുന്ന പാഠം
യൗസേപ്പ് ഇന്ന് നമുക്കു നല്കുന്ന പാഠം ഇതാണ്: ജീവിതം എപ്പോഴും പ്രതികൂല സാഹചര്യങ്ങൾ നമുക്കായി കരുതിവെക്കുന്നു, അത് വാസ്തവമാണ്, അവയ്ക്കു മുന്നിൽ നമുക്ക് ഭീഷണിയും ഭയവും അനുഭവപ്പെടാം, എന്നാൽ ഹേറൊദേസ് ചെയ്യുന്നതുപോലെ നമ്മിലെ ഏറ്റവും മോശമായ കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിലൂടെയല്ല നമുക്ക് ചില നിമിഷങ്ങളെ അതിജീവിക്കാൻ കഴിയുക. മറിച്ച്, യൗസേപ്പിനെപ്പോലെ, ദൈവപരിപാലനയ്ക്ക് സ്വയം സമർപ്പിച്ചുകൊണ്ട്, ഭയത്തോട് ധൈര്യത്തോടെ പ്രതികരിച്ചുകൊണ്ടു വേണം. ഇന്ന് എല്ലാ കുടിയേറ്റക്കാർക്കും എല്ലാ പീഡിതർക്കും രാഷ്ട്രീയമൊ, ചരിത്രപരമൊ, വ്യക്തിപരമൊ ആയ പ്രതികൂല സാഹചര്യങ്ങളുടെ ഇരകളായ എല്ലാവർക്കും വേണ്ടി ഒരു പ്രാർത്ഥന ആവശ്യമാണെന്ന് ഞാൻ കരുതുന്നു: യുദ്ധങ്ങളുടെ ഇരകളും, സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യാൻ ആഗ്രഹിക്കുകയും അതിന് കഴിയാതെ പോകുകയും ചെയ്യുന്നവരുമായ നിരവധി ആളുകളെക്കുറിച്ച് നമുക്ക് ചിന്തിക്കാം; സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ ചരിക്കാൻ തുടങ്ങുകയും ആ വഴിയിലോ കടലിലോ അവസാനിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരെ നമുക്കോർക്കാം. യൗസേപ്പിൻറെയും മറിയത്തിൻറെയും കരങ്ങളിലിരുന്നു, പലായനം ചെയ്യുന്ന യേശുവിനെക്കുറിച്ച് നാം ചിന്തിക്കുന്നു, അവിടന്നിൽ നമുക്ക് ഇന്നത്തെ ഓരോ കുടിയേറ്റക്കാരനെയും കാണാൻ കഴിയും. ഇത് ഇന്നത്തെ കുടിയേറ്റത്തിൻറെ ഒരു യാഥാർത്ഥ്യമാണ്, അതിന് മുന്നിൽ നമുക്ക് കണ്ണടയ്ക്കാൻ കഴിയില്ല. ഇത് നരകുലത്തിന് സാമൂഹ്യ അപമാനമാണ്.
വിശുദ്ധ യൗസേപ്പിൻറെ മാദ്ധ്യസ്ഥ്യം
വിശുദ്ധ യൗസേപ്പേ,
പലായനം ചെയ്യേണ്ടിവന്നവരുടെ കഷ്ടപ്പാടുകൾ അനുഭവിച്ചറിഞ്ഞ നീ
നിനക്ക് ഏറ്റം പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ പലായനത്തിന് നിർബന്ധിതനായ നീ
യുദ്ധവും വിദ്വേഷവും പട്ടിണിയും മൂലം പലായനം ചെയ്യുന്ന എല്ലാവരെയും സംരക്ഷിക്കുക.
അവരുടെ പ്രയാസങ്ങളിൽ അവർക്ക് താങ്ങാകുക,
പ്രത്യാശയിൽ അവരെ ശക്തിപ്പെടുത്തുകയും അവർ സ്വീകാര്യതയും ഐക്യദാർഢ്യവും കണ്ടെത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യുക.
അവരുടെ ചുവടുകളെ നയിക്കുകയും അവരെ സഹായിക്കാൻ കഴിയുന്നവരുടെ ഹൃദയങ്ങളെ തുറക്കുകയും ചെയ്യുക. ആമേൻ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.