വി. യൗസേപ്പിതാവും പരി. മറിയവും എപ്രകാരമായിരുന്നു നസ്രത്തില്‍ സന്തുഷ്ടിയോടെ ജീവിച്ചിരുന്നതെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 46/100

ജീവിതസാഹചര്യങ്ങള്‍ എല്ലാം ക്രമീകൃതമായിക്കഴിഞ്ഞപ്പോള്‍. മറിയവും ജോസഫും പ്രാര്‍ത്ഥനയ്ക്കും ജോലിക്കും വിശുദ്ധമായ സംഭാഷണത്തിനും പ്രത്യേകം പ്രത്യേകം സമയം മാറ്റവച്ചു. പ്രത്യേകമായൊരു ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു. കാരണം പരിശുദ്ധ മറിയം ദൈവവുമായുള്ള സംഭാഷണത്തില്‍നിന്നു ലഭിച്ച ഉപദേശം അനുസരിച്ചാണ് എപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്. ദൈവതിരുമനസ്സിനോടുള്ള വിധേയത്വമായിരുന്നു മറിയം എല്ലാക്കാര്യത്തിലും ഒന്നാമതായി പരിഗണിച്ചിരുന്നത്.

പ്രഭാതത്തില്‍ സങ്കീര്‍ത്തനങ്ങളില്‍നിന്ന് ഒരു ഭാഗം ആലപിച്ച ശേഷം ജോസഫ് ജോലിക്കായി പോകും. അവരുടെ ആഹാഹം വളരെ ലളിതമായിരുന്നതിനാല്‍ ഉച്ചഭക്ഷണം തയ്യാറാക്കാന്‍ മറിയത്തിന് അധികസമയം ആവശ്യമായിവന്നില്ല. ഉച്ചയ്ക്ക് സാധാരണയായി അല്പം സൂപ്പും കുറച്ച് പഴവര്‍ഗ്ഗങ്ങളും പ്രത്യേകാവസരങ്ങളില്‍ ചെറിയൊരു മത്സ്യവുംകൂടി മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. ചിലയവസരങ്ങളില്‍ ഭാരിച്ച ജോലി ചെയ്യുന്ന ജോസഫിനുവേണ്ടി മറിയം എന്തെങ്കിലും കൂടുതലായി ഉണ്ടാക്കിയിരുന്നു. അവള്‍ അത് ഭക്ഷിച്ചിരുന്നില്ല. ഭര്‍ത്താവിനോട് അപേക്ഷിച്ചിരുന്നു; കാരണം തനിക്ക് കഠിനമായ ജോലികളൊന്നും ചെയ്യാനില്ലാത്തതിനാല്‍ അല്പം ആഹാരം മാത്രമേ ആവശ്യമുള്ളു എന്നാണ് അവള്‍ പറഞ്ഞിരുന്നത്. തന്റെ ഭാര്യ എപ്പോഴും വിവേകത്തോടും ജ്ഞാനത്തോടും കൂടിയാണ് വര്‍ത്തിക്കുന്നത് എന്നറിയാമായിരുന്ന ജോസഫ് അവളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിച്ചിരുന്നില്ല.

തന്റെ ജോലി പൂര്‍ത്തിയായാലുടന്‍ ജോസഫ് തന്റെ വധുവിന്റെ അടുക്കലെത്തും. അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ദൈവത്തിന്റെ സ്തുതിക്കായി അവര്‍ അനേക കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. തന്റെ വധുവിന്റെ അഭിപ്രായങ്ങള്‍ കേട്ട് ആഹാരം കഴിക്കുന്ന കാര്യംപോലും ജോസഫ് ചിലപ്പോള്‍ മറന്നുപോകും. ഭക്ഷണം കഴിക്കുന്നത് അവസാനിക്കുമ്പോള്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ചശേഷം അവര്‍ ദൈവിക സംഭാഷണങ്ങളില്‍ മുഴുകും. തന്റെ പരിശുദ്ധനായ വധുവിന്റെ പ്രഭാഷണം ശ്രവിക്കാന്‍ വേണ്ടി ആ സമയത്തിനായി ജോസഫ് എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.

ഈ സംഭാഷണത്തിനിടയില്‍ കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങള്‍ ജോസഫ് മറിയത്തോടു പറഞ്ഞിരുന്നു. ദൈവത്തില്‍ നിന്ന് തനിക്ക് ലഭിച്ച കൃപകളെക്കുറിച്ചും സ്വപ്‌നങ്ങളിലൂടെ മാലാഖ തന്നോട് സംസാരിച്ച കാര്യങ്ങളും അവന്‍ ഓര്‍മ്മിച്ചിരുന്നു. ജോസഫിന് പറയാനുള്ളത് മറിയം ശ്രദ്ധയോടെ കേട്ടിരുന്നു. ഒപ്പം ഇത് ദൈവത്തിന് കൂടുതല്‍ നന്ദിയും സ്തുതിയും അര്‍പ്പിക്കാനുള്ള അവസരവുമായി അവന്‍ പരിഗണിച്ചിരുന്നു.

ഇങ്ങനെയുള്ള ഒരുവസരത്തില്‍ ജോസഫ് പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ടവളെ, നേരെമറിച്ച് മുമ്പെന്നപോലെ മാലാഖ ഇപ്പോള്‍ എന്നോട് സംസാരിക്കാനായി വരുന്നില്ലയെന്ന കാര്യം നീ അറിയണം. തീര്‍ച്ചയായും ഇടയ്ക്കിടയ്ക്ക് മാത്രമേ വന്നിരുന്നുള്ളു. കൂടാതെ, ഈ കാര്യത്തിലുള്ള ദൈവതിരുമനസ്സിന് ഞാന്‍ സന്തോഷിക്കുന്നു. ദൈവിക കാര്യങ്ങളെക്കുറിച്ച് സംഭാഷണം നടത്തുവാന്‍ സാധിക്കുന്ന നിന്നെപ്പോലുള്ള ഒരു ജീവിതപങ്കാളിയെ ലഭിച്ചതിനാല്‍ ഞാന്‍ തീര്‍ത്തും സംതൃപ്തനാണ്. ഇങ്ങനെയുള്ള ഒരു വ്യക്തിക്കായി ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ ആഗ്രഹം സഫലീകൃതമാകുമെന്ന് മാലാഖ എനിക്ക് ഉറപ്പുനല്കി. എന്നാല്‍ നിന്റെ സഖിത്വത്തിന്റെ ആനന്ദം അനുഭവിക്കാനും സ്വര്‍ഗ്ഗീയജ്ഞാനത്തില്‍ നിറഞ്ഞ നിന്റെ സംഭാഷണം ശ്രവിക്കാനുമുള്ള ഭാഗ്യം എനിക്ക് ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.’

വിനയത്തോടും വിവേകത്തോടുംകൂടി തന്റെ വാഗ്ദാനങ്ങളോടു വിശ്വസ്തനായ ദൈവത്തെ സ്തുതിക്കണമെന്ന് മറിയം അതിനു മറുപടി നല്കി. ദൈവശൂശ്രൂഷയിലൂടെ അവിടുത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ തങ്ങളും വിശ്വസ്തരായിരിക്കണമെന്നും അവള്‍ ഉദ്‌ഘോഷിച്ചു. താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ജോസഫ് തീക്ഷ്ണതയോടെ ആരാഞ്ഞു. സ്‌നേഹത്തോടും വിശ്വസ്തതയോടുംകൂടിയുള്ള സേവനത്തില്‍ ദൈവം സംതൃപ്തനാണെന്നും അവന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സു മാത്രം നിറവേറ്റുവാനുള്ള പ്രത്യേക ശ്രദ്ധ അവന്റെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടായിരിക്കണമെന്നും മറിയം എളിമയോടെ മറുപടി നല്കി.

മറിയം സുകൃതങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആത്മാവ് സ്വയം ദൈവത്തിന് പ്രീതികരമായിത്തീരുകയും അവിടുത്തെ കൃപാവരങ്ങള്‍ സ്വീകരിക്കുവാന്‍ പ്രാപ്തമായിത്തീരുകയും ചെയ്യുന്നു. അവളുടെ വാക്കുകള്‍ ജോസഫിനെ ദൈവസ്‌നേഹത്താല്‍ കൂടുതല്‍ കൂടുതല്‍ ജ്വലിപ്പിച്ചിരുന്നു. തീര്‍ച്ചയായും അവളുടെ സംഭാഷണങ്ങള്‍ക്ക് അത് ശ്രവിക്കുന്ന ആരെയും ശക്തമായി ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക സിദ്ധിയുണ്ടായിരുന്നു. എങ്കില്‍, അത് ജോസഫിനെ സംബന്ധിച്ചാകുമ്പോള്‍ ഭക്ഷണമോ വിശ്രമമോ കാര്യമാക്കാതെ രാത്രിയും പകലും അവനത് ശ്രവിക്കുമായിരുന്നു.

തന്റെ ജോലിയില്‍ ക്ഷീണിതനും ഉന്മേഷരഹിതനുമായിത്തീരുന്ന അവസരങ്ങളില്‍ വിശുദ്ധന്‍ ആശ്വാസത്തിനായി മറിയത്തിന്റെ സാമീപ്യം തേടുമായിരുന്നു. അവളുടെ വെറുമൊരു മന്ദഹാസം അവനെ ആനന്ദഭരിതനാക്കിത്തീര്‍ത്തിരുന്നു. വളരെ ആദരവോടെ, കഷ്ടപ്പാടുകള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ അവനെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അവള്‍ പറഞ്ഞിരുന്നു: ‘ദൈവത്തെക്കുറിച്ചുള്ള അവിടുത്തെ രാജ്യത്തില്‍ അവിടുത്തെ ദര്‍ശനമനുഭവിച്ച് ആ സഹവാസത്തില്‍ ജീവിക്കുകയെന്നത് എത്രമാത്രം ആനന്ദദായകമായിരിക്കും! അതിനാല്‍, അവിടുത്തെ ദയാധിക്യത്താല്‍ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ എത്രയും പെട്ടെന്ന് അയയ്ക്കുവാനായി നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം. അങ്ങനെ അവിടുന്നു വഴി സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനും നിത്യമായി ദൈവികദര്‍ശനത്തില്‍ ആയിരിക്കാനും നാം യോഗ്യരായിത്തീരും.’

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles