നസ്രത്തിലെ കൊച്ചുഭവനത്തില്‍ വി. യൗസേപ്പിതാവും പരി. മറിയവും സന്തുഷ്ടരായി ജീവിതമാരംഭിച്ചത് എങ്ങിനെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 44/100

മറിയവും ജോസഫും യാത്രയില്‍ മുന്നേറിയപ്പോള്‍ ജോസഫിന്റെ ഹൃദയം സ്‌നേഹാതിരേകത്താല്‍ നിറഞ്ഞു കവിഞ്ഞു. സത്യമായും അതുല്യമായൊരു കൃപാവരമാണ് അവനു ലഭിച്ചത്. എന്നാല്‍ ദൈവികപദ്ധതിയില്‍ ഇതിനേക്കാള്‍ വളരെ ഉന്നതമായ – അതിന്റെ ശ്രേഷ്ഠത അവന്റെ ഭാവനയ്ക്കും ഗ്രഹണശക്തിക്കും തീര്‍ത്തും അതീതമാണ് – ഒരു കൃപാവരം സ്വീകരിക്കാനിരിക്കുന്നതേയുള്ള. മനുഷ്യാവതാരം ചെയ്യാനിരിക്കുന്ന ദൈവവചനത്തെ അവന്റെ സംരക്ഷണയിലേല്പ്പിക്കുകയും അവന് അധീനനായി തീരുകയും ചെയ്യുക – തീര്‍ച്ചയായും അത് ഇതിനേക്കാള്‍ വളരെ ഉന്നതമായ കൃപയാണ്. മനുഷ്യകുലത്തില്‍ ആര്‍ക്കും ഗ്രഹിക്കാന്‍ കഴിയാത്തത്ര ഉന്നതവും ശ്രേഷ്ഠവുമാണത്.

പരിശുദ്ധ ദമ്പതിമാര്‍ നസ്രത്തില്‍ എത്തിയപ്പോള്‍ ക്ഷീണമകറ്റി ഉന്മേഷം വീണ്ടെടുക്കാനുള്ള യാതൊരു സൗകര്യവും ലഭിച്ചില്ല. മറിയത്തിന്റെ ചെറിയ ഭവനത്തിലേക്കുതന്നെ നേരിട്ടു പോകുവാന്‍ ജോസഫ് നിശ്ചയിച്ചു. അത് ബുദ്ധിമുട്ടുകൂടാതെ സാധിച്ചു. എന്നാല്‍ അവസാനം അവര്‍ അവിടെ എത്തിയപ്പോഴേക്കും സമയം വളരെ താമസിച്ചുപോയി. യാത്രയില്‍ തങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത് ഈ സ്ഥലത്ത് എത്തിച്ചേരുവാന്‍ കൃപ നല്കിയ ദൈവത്തിന് അവര്‍ ആദ്യം നന്ദിയും സ്തുതിയുമര്‍പ്പിച്ചു. ആ ചെറിയ ഭവനം അത്ര ആകര്‍ഷകമായി തോന്നിയില്ല. തീര്‍ച്ചയായും ആ രാത്രിയില്‍ അവരുടെ അവസ്ഥ തീര്‍ത്തും ദരിദ്രമായിരുന്നു. അവര്‍ കൊണ്ടുവന്ന ചെറിയൊരു കഷണം റൊട്ടിയും വെള്ളവും കഴിച്ച് അവര്‍ വിശപ്പകറ്റി. ദാരിദ്ര്യത്തെ അതിയായി സ്‌നേഹിച്ചിരുന്ന മറിയം ഈ അവസ്ഥയില്‍ അതീവസന്തുഷ്ടയായിരുന്നു. ജോസഫിനെ ഇങ്ങനെയൊരു ബുദ്ധിമുട്ടില്‍ കാണുന്നതിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത. അതിനാല്‍ അവള്‍ തന്റെ വാക്കുകളാല്‍ അവനെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വിഭവസമൃദ്ധമായ സദ്യയേക്കാളും മറിയത്തിന്റെ വാക്കുകള്‍ ജോസഫിനെ ഉന്മേഷഭരിതനാക്കി. അവള്‍ തന്നെ എത്രമാത്രം ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുവെന്ന് അവന്‍ അവളോടു പറഞ്ഞു. വീണ്ടും അവര്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ചു.

തങ്ങളുടെ കിടപ്പുമുറികള്‍ തയ്യാറാക്കുവാന്‍ അവര്‍ തീരുമാനിച്ചു. മറിയത്തോട് ഇഷ്ടമുള്ള മുറി തെരെഞ്ഞെടുക്കുവാന്‍ ജോസഫ് ആവശ്യപ്പെട്ടു. വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കുമായി തനിച്ചായിരിക്കാന്‍ സാധിക്കുന്ന ഒരു സ്ഥലമാണ് അവളാഗ്രഹിച്ചത്. ആ ഭവനം മുഴുവന്‍ അവളുടെ സ്വന്തമാണെങ്കിലും തെരെഞ്ഞെടുപ്പിന് തുടക്കം കുറിക്കുവാന്‍ തന്റെ ഉന്നതമായ എളിമയാല്‍ പരിശുദ്ധ കന്യക ആഗ്രഹിച്ചില്ല. പകരം, വീടിന്റെ തലവന്‍ എന്ന നിലയില്‍ എല്ലാക്കാര്യങ്ങളും ക്രമപ്പെടുത്തേണ്ടതും തീരുമാനിക്കേണ്ടതും അനാണ് എന്ന രീതിയില്‍ തനിക്കായി ഒരു മുറി നിശ്ചയിക്കുവാന്‍ ജോസഫിനോട് അവള്‍ ആവശ്യപ്പെട്ടു. അതിനാല്‍ ഒരു മുറി അവള്‍ക്കായി വിശുദ്ധന്‍ നിര്‍ദ്ദേശിച്ചു. അവന്‍ തനിക്കായും ഒന്ന് തിരഞ്ഞെടുത്തു. മൂന്നാമതൊന്ന് തന്റെ വര്‍ക്ക്‌ഷോപ്പായി ക്രമപ്പെടുത്തുവാന്‍ പദ്ധതിയിട്ടു. ഈ പ്രത്യേക മുറി  മറ്റ് മുറികളേക്കാള്‍ താഴ്ന്ന തറയുള്ളതായിരുന്നു. നാലാമത്തെ ചെറിയൊരു മുറി ഭക്ഷണം പാകംചെയ്യുവാന്‍ ഉപയുക്തമായിരുന്നു.

ജോസഫ് ചെയ്ത ക്രമീകരണങ്ങളിലുള്ള തന്റെ സമ്പൂര്‍ണ്ണ സംതൃപ്തി അവള്‍ പ്രകടിപ്പിച്ചു. ദൈവമഹത്വത്തിനായുള്ള ചെറിയൊരു സംഭാഷണത്തിനുശേഷം വിശ്രമത്തിനായി പിരിയുവാന്‍ അവള്‍ അപേക്ഷിച്ചു. സാധാരണഗതിയിലുള്ള ക്രമീകൃതമായ ഒരു ജീവിതത്തിനാവശ്യമായതെല്ലാം അടുത്ത ദിവസം ക്രമപ്പെടുത്താനുള്ള ധാരണയോടുകൂടി മറിയം സ്വന്തം മുറിയിലേക്ക് പോയി. രാത്രിയില്‍ വിശ്രമത്തിനായി ജോസഫും പിന്‍വാങ്ങി. വെറു തറയിലാണ് അവര്‍ കിടന്നുറങ്ങിയത്. കാരണം യാതൊന്നും അവരുടെ കൈവശമില്ലായിരുന്നു. ജോസഫിന് അത്യാവശ്യമായ ഉപകരണങ്ങള്‍ മാത്രമേ ജറുസലേമില്‍ നിന്ന് അവര്‍ കൊണ്ടുപോന്നുള്ളു.

രാത്രിയില്‍ സിംഹഭാഗവും പരിശുദ്ധ മറിയം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. വളരെ ക്ഷീണിതനായിരുന്ന ജോസഫ് നന്നായി ഉറങ്ങി. അവര്‍ ദരിദ്രരായി ജീവിക്കണമെന്ന് ദൈവനിശ്ചയമാണെന്നും അതില്‍ വിഷമിക്കരുതെന്നും മാലാഖ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവന് ഉറപ്പു നല്കി. കൂടാതെ, ദൈവം ഇത് കാണുന്നുണ്ട്. അവര്‍ക്ക് ആവശ്യമായത് അവിടുന്ന് പ്രദാനം ചെയ്യും. അതുകൂടാതെ ജോസഫ് ജോലിചെയ്ത് തനിക്കും തന്റെ ഭാര്യയ്ക്കും ആവശ്യമായത് സമ്പാദിക്കണം. പരിശുദ്ധയും മഹത്വമുള്ളവളുമായ ജീവിതപങ്കാളിയെ തന്ന അനുഗ്രഹത്തിന് അവന്‍ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവനായിരിക്കണമെന്നും മാലാഖ ജോസഫിനോട് പറഞ്ഞു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles