കന്യകാമറിയവുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വി. യൗസേപ്പിതാവ് ഒരുങ്ങിയതെങ്ങനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 37/100

ജോസഫിനു മുപ്പതു വയസ്സായി. ദൈവേഷ്ടപ്രകാരം, തന്റെ വധുവും വിശ്വസ്തയായ കൂട്ടുകാരിയുമായ പരിശുദ്ധ കന്യകാമറിയത്തെ ജോസഫ് സ്വീകരിക്കേണ്ട സമയം സമാഗതമായി. അവള്‍ക്ക് ഈ സമയത്ത് പതിന്നാലു വയസ്സു പ്രായമുണ്ടായിരുന്നു. വിശുദ്ധന്റെ ഇതുവരെയുള്ള ജീവിതം ഈ അനുഗ്രഹം സ്വീകരിക്കാനുള്ള തുടര്‍ച്ചയായ ഒരുക്കത്തിലായിരുന്നുവെങ്കിലും ഈ അവസാന ദിവസങ്ങളില്‍ വളരെ പ്രത്യേകമാംവിധം ജോസഫ് അതിനായി ഒരുങ്ങണമെന്ന് ദൈവം ആഗ്രഹിച്ചു. അതിനാല്‍ മാലാഖയുടെ സഹായത്താല്‍ അവിടുന്ന് അതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അവന്‍ സ്വീകരിക്കാന്‍ പോകുന്ന ഉല്‍കൃഷ്ടമായ കൃപ സ്വീകരിക്കുവാനുള്ള ഒരുക്കത്തിനായി അവന്റെ എല്ലാ ഹൃദയാഭിലാഷങ്ങളും അവന്റെ എല്ലാ പ്രാര്‍ത്ഥനകളും തുടര്‍ന്നുള്ള മാസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ തീക്ഷ്ണമാകണമെന്നും അവനോട് മാലാഖ പറഞ്ഞു.

ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഈ അനുഗ്രഹം പ്രാപിക്കാനുള്ള അഭിലാഷങ്ങള്‍ അവന്‍ ജ്വലിപ്പിക്കുകയായിരുന്നു. അവന്‍ ഉദ്‌ഘോഷിച്ചു. ‘ഓ, ഇസ്രായേലിന്റെ ദൈവമേ, അവിടുന്ന് എത്രയോ നല്ലവനാണ്! അങ്ങയുടെ വാഗ്ദാനങ്ങളോട് അങ്ങ് എത്രയോ വിശ്വസ്തനാണ്! എന്നോടു വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹം പ്രാപിക്കാനായി എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിക്കുന്നു. എന്നാല്‍ അതിനെക്കാളുപരിയായി അങ്ങയോടുള്ള എന്റെ സ്‌നേഹത്തിനായി വലിയൊരു ഉണര്‍വിനും എന്റെ ഓരോ പ്രാവര്‍ത്തനത്തിലും അവിടുത്തെ മഹത്വപ്പെടുത്തണമെന്നുള്ള അഭിലാഷത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടിയാണ് ഞാന്‍ ജ്വലിക്കുന്നത്.’

സ്‌നേഹോജ്വലനായി, തന്റെ പ്രാര്‍ത്ഥനകളും അപേക്ഷകളും ദൈവസ്തുതികളും വീണ്ടും വീണ്ടും അര്‍പ്പിക്കാനായി അവന്‍ ദൈവാലയത്തിലേക്കു പോയി. ഈ അനുഗ്രഹം എന്താണ് ഉള്‍ക്കൊള്ളുന്നതെന്ന് വാസ്തവത്തില്‍ അവന് ശരിക്കും അറിഞ്ഞുകൂടായിരുന്നു. മാലാഖയാല്‍ പറയപ്പെട്ടതാകയാല്‍ അത് ഏറ്റവും ഉന്നതമായിരിക്കും എന്നുമാത്രം അവന്‍ മനസ്സിലാക്കുകയും ഉറപ്പിക്കുകയും ചെയ്തു. കൂടാതെ ഉന്നതമായ കാര്യങ്ങള്‍ ചെയ്യുവാനുള്ള ദൈവശക്തിയില്‍ അവന് നല്ല വിശ്വാസമുണ്ടായിരുന്നു. ഒപ്പം ദൈവം തന്റെ ശക്തിക്കും നിലയ്ക്കും അനുസൃതമായ അനുഗ്രഹങ്ങളും കൃപകളും മാത്രമേ നല്കുകയുള്ളു എന്നും അവന് ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു.

ദൈവാലയത്തില്‍ തുടര്‍ന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പരിശുദ്ധ കന്യകാമറിയത്തോട് തന്റെ ഉള്ളില്‍ അസാധാരണവും നിര്‍മലവുമായ ഒരു സ്‌നേഹം അങ്കുരിക്കുന്നത് ജോസഫ് തിരിച്ചറിഞ്ഞു. അതേസമയം മറിയം കൂടുതല്‍ സമയവും തനിക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ആ പ്രാര്‍ത്ഥനയില്‍ ദൈവം അതീവ സംപ്രീതനാണെന്നും ദൈവം അവന് വെളിപ്പെടുത്തിക്കൊടുത്തു. ഇത് ജോസഫിനെ സന്തോഷവാനാക്കി. ഒപ്പം മറിയത്തോടുള്ള ഏറ്റവും നിഷ്‌കളങ്കമായ സ്‌നേഹം അവനില്‍ വര്‍ദ്ധിക്കുകയും ചെയ്തു. അവളുടെ മാത്രം സ്വന്തമായ സുകൃതത്തെയും പുണ്യങ്ങളെയും കുറിച്ചുള്ള ചിന്തയാല്‍ അവന്‍ ആനന്ദക്കണ്ണീര്‍ തൂകി.

അവന്‍ തന്നോടുതന്നെ ഇടയ്ക്കിടെ പറഞ്ഞു: ‘ഓ എത്രയും സുകൃതസമ്പന്നയായ പരിശുദ്ധ കന്യകാമറിയമേ! ഏറ്റവും അയോഗ്യനായ എനിക്കുവേണ്ടിയാണല്ലോ നീ കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കുന്നത്! ഞാന്‍ നിനക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? നിനക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ എനിക്കു സാധിക്കുകയുള്ളു. അവിടുന്ന് തന്റെ കൃപകളാലും അനുഗ്രഹങ്ങളാലും ഓരോ നിമിഷവും നിന്നെ കൂടുതല്‍ കൂടുതല്‍ നിറയ്ക്കട്ടെ.’ അവന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ മറിയത്തെ കണ്ടുമുട്ടാനും അവളോട് സംസാരിക്കാനുമുള്ള ആഗ്രഹം അവനില്‍ വര്‍ദ്ധിച്ചുവന്നു. എന്നാല്‍ അങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് തന്നെത്തന്നെ അയോഗ്യനായി പരിഗണിച്ച് ആ ആഗ്രഹം അവന്‍ ഉപേക്ഷിച്ചു. അതിനായി തുനിഞ്ഞാല്‍ അത് തനിക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിത്തീരുമെന്ന് അവന്‍ ഭയപ്പെടുകയും ചെയ്തു.

ഈ ആഗ്രഹങ്ങളോടും മാനസികാവസ്ഥയോടും കൂടി ജോസഫ് അനേകം മണിക്കൂറുകള്‍ ദൈവാലയത്തില്‍ ചെലവഴിച്ചു. അതിനു ശേഷം ആനന്ദഭരിതനായി സമാധാനത്തികവില്‍ അവന്‍ തിരിച്ചുപോയി. ദൈവാലയത്തില്‍ നിന്ന് അധികസമയം വിട്ടുനില്‍ക്കാന്‍ വിശുദ്ധന് സാധിക്കാത്ത ഒരു അവസ്ഥയിലായി. തത്ഫലമായി ആ മാസം മുഴുവന്‍ അവന്‍ ദൈവാലയത്തില്‍ ചെലവഴിച്ചു.

തന്നെത്തന്നെ ഒരുക്കുന്നതിന്റെ ഭാഗമായി അവന്‍ ഉപവാസമനുഷ്ഠിച്ചു. വിശപപ്പും ദാഹവും മറ്റ് അസൗകര്യങ്ങളും അവന്‍ ആനന്ദത്തോടെ സ്വീകരിച്ചു. ഓരോ വേദനയും അവന് കൂടുതല്‍ സന്തുഷ്ടിയാണ് നല്‍കിയത്. ഈ സമയത്ത് അവന്‍ വളരെക്കുറച്ചു സമയം മാത്രമേ ജോലി ചെയ്തിരുന്നുള്ളു. സിംഹഭാഗവും അവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. അവന്‍ ദൈവത്തോടല്ലാതെ മറ്റാരോടുംതന്നെ സംസാരിച്ചിരുന്നില്ല. അവിടുത്തോട് അവന്‍ തുടര്‍ച്ചയായി യാചിക്കുകയും അപേക്ഷിക്കുകയും നന്ദിയും സ്തുതിയും അര്‍പ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. താന്‍ എപ്പോഴും അനുഭവിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെ അനന്തസ്‌നേഹത്തിലേക്ക് അവന്‍ പരിശുദ്ധ കന്യകാമറിയത്തെ ഭരമേല്പിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles