വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥന ദൈവകോപത്തില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നതെങ്ങനെ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 33/100

ജോസഫിന്റെ സ്നേഹത്തിലും വിശ്വസ്തതയിലും വളരെയധികം സംപ്രീതനായ ദൈവം അവന്റെമേൽ കൂടുതൽ കൃപകളും വരങ്ങളും വർഷിച്ചു. തനിക്കു ലഭിച്ച കൃപകളോട് വിശുദ്ധൻ എല്ലായ്പ്പോഴും സഹകരിക്കുകയും അങ്ങനെ കൂടുതൽ കൃപ നേടുന്നതിനുള്ള യോഗ്യത കൈവരിക്കുകയും ചെയ്തിരുന്നു. തല്ഫലമായി അവന് കൂടെക്കൂടെ സ്വർഗ്ഗീയസമാശ്വാസങ്ങൾ ലഭിച്ചിരുന്നു; ആ സമയത്ത് ദൈവികസത്തയുടെ രഹസ്യങ്ങൾ അവന് വെളിപ്പെട്ടുകിട്ടുകയും സ്വർഗ്ഗീയാനന്ദം അനുഭവിക്കുകയും ചെയ്തിരുന്നു. ദൈവസ്നേഹത്താൽ അവൻ ഒന്നിനൊന്ന് ജ്വലിച്ചുയരുവാൻ തുടങ്ങി. ദൈവം അവിടുത്തെ പരമനന്മയാലും മഹത്വത്താലും എല്ലാറ്റിനുമുപരിയായി സ്നേഹിക്കപ്പെടുവാൻ എത്രമാത്രം യോഗ്യനാണെന്ന് അവൻ ഗ്രഹിച്ചു. അതിനാൽ സർവമനുഷ്യരും മുഴുഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കണമെന്നുള്ള അഭിലാഷത്താൽ അവൻ ജ്വലിക്കാൻ തുടങ്ങി.

ഭൂരിഭാഗം മനുഷ്യരും സൃഷ്ടവസ്തുക്കളിലും നശ്വരകാര്യങ്ങളിലും മായാമോഹങ്ങളിലും കുടുങ്ങിക്കിടക്കുകയാണെന്ന് ദൈവം ജോസഫിന് മനസ്സിലാക്കിക്കൊടുത്തു. ഈ അറിവ് അവനെ അസഹനീയമായ ദുഃഖത്തിലാഴ്ത്തി. ഈ കടുത്ത അവഗണനയ്ക്ക് പരിഹാരമനുഷ്ഠിക്കാൻ അവൻ ആഗ്രഹിച്ചു; എന്നാൽ അത് അനുഷ്ഠിക്കാനുള്ള തന്റെ കഴിവില്ലായ്മയെപ്പറ്റി അവന് ബോദ്ധ്യം ലഭിക്കുകയും ചെയ്തു. അതിനാൽ, നുറുങ്ങിയ ഹൃദയത്തോടെ അവൻ ദൈവത്തോട് പ്രാർത്ഥിച്ചു. “അനന്തനന്മയായ എന്റെ നല്ല ദൈവമേ! അങ്ങയെ സ്നേഹിക്കുവാൻ എനിക്ക് ഒരു ഹൃദയം മാത്രമേയുള്ളുവല്ലോ. എല്ലാ മനുഷ്യരുടെയും ഹൃദയം എന്തുകൊണ്ടാണ് എനിക്ക് സ്വന്തമാക്കുവാൻ സാധിക്കാത്തത്? അവരുടെ ഹൃദയങ്ങൾ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് ഞങ്ങളുടെ പിതാവാണ്. അവിടുത്തെ സ്നേഹാതിരേകംമൂലമാണ് അങ്ങു ഞങ്ങളെ സൃഷ്ടിച്ചത്.

അങ്ങ് ഞങ്ങളുടെ ജീവനെ പരിപാലിക്കുന്നു. അതുവഴി ഞങ്ങൾ അങ്ങയുടെ നന്മയെ മഹത്വപ്പെടുത്തണമെന്നാണ് അങ്ങ് അഭിലഷിക്കുന്നത്. എന്നാൽ, ഞങ്ങളുടെ സ്നേഹം എവിടെയാണ്? അങ്ങേ പുത്രരെന്ന നിലയിൽ അങ്ങേക്കർപ്പിക്കേണ്ട ഞങ്ങളുടെ സ്നേഹം എവിടെ നില്ക്കുന്നു? ഓ, അങ്ങേ സൃഷ്ടികളായ ഞങ്ങൾക്ക് അങ്ങയെ ഇപ്രകാരം മറന്നുകളയുവാൻ എങ്ങനെ സാധിക്കുന്നു? അങ്ങേ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട അവിടുത്തെ കരവേലയല്ലേ അവർ? അങ്ങേ സൃഷ്ടികൾക്ക് എങ്ങനെ അങ്ങയെ ഉപേക്ഷിക്കാൻ സാധിക്കുന്നുവെന്ന് എനിക്ക് ചിന്തിക്കാൻപോലും കഴിയുന്നില്ല. എല്ലാ പിതാക്കന്മാരിലും ഉപരിയായി സ്നേഹം തന്നെയായ അങ്ങയെ ഉപേക്ഷിച്ച് അവർക്ക് എങ്ങനെ ജീവിക്കുവാൻ സാധിക്കുന്നു?”

ജോസഫിന്റെ ഉൽക്കടമായ അഭിലാഷത്തിലും സ്നേഹപ്രകടനത്തിലും ദൈവത്തിനുണ്ടായ സംപ്രീതി അവനോടുള്ള ഐക്യത്തിലൂടെ അവിടുന്ന് വെളിപ്പെടുത്തി. അവന്റെ അന്തരാത്മാവിൽ ദൈവസ്വരം വീണ്ടും ശ്രവിക്കുവാൻ ദൈവം അവനെ പ്രാപ്തനാക്കി; ഒപ്പം അവന്റെ ആത്മാവിനെ സ്വർഗ്ഗീയ മാധുര്യത്താൽ നിറയ്ക്കുകയും ചെയ്തു.

ജോസഫിന് ദൈവത്തോടുള്ള അതിയായ സ്നേഹം നിമിത്തം അവിടുത്തെ വേദനിപ്പിക്കുകയോ അവിടുത്തേക്ക് അനിഷ്ടം വരുത്തുകയോ ചെയ്യുന്നതിൽ അവൻ ഭയപ്പെട്ടു. ദൈവത്തിന്റെ നിത്യനന്മയെ ചെറിയൊരു പാപംപോലും ചെയ്ത് വേദനിപ്പിക്കുന്നതിനേക്കാൾ താൻ മരിക്കുവാൻ അനുവദിക്കണമെന്ന് അവൻ ദൈവത്തോടു യാചിച്ചു. ഈ കാര്യത്തെക്കുറിച്ച് പതിവിൽ കവിഞ്ഞ് അസ്വസ്ഥനായ ജോസഫ് ദൈവലായത്തിൽ പോയി തന്നെത്തന്നെ പൂർണ്ണമായും ദൈവത്തിനർപ്പിച്ചു പ്രാർത്ഥിച്ചു. കണ്ണുനീരോടും നെടുവീർപ്പോടുംകൂടെ ദീർഘസമയം അവൻ പ്രാർത്ഥനയിൽ ചെലവഴിച്ചു. താൻ അനുഭവിക്കുന്ന കൃപാവരങ്ങളും ദൈവിക സൗഹൃദവും നഷ്ടമാകുന്നതിന് കാരണമാക്കുന്ന ഒരു ചെറിയ പാപംപോലും ചെയ്ത് അവിടുത്തെ വേദനിപ്പിക്കുവാൻ തന്നെ അനുവദിക്കരുതേയെന്ന് അവൻ വീണ്ടും വീണ്ടും കേണപേക്ഷിച്ചു. കൃപാവരങ്ങൾ നഷ്ടപ്പെട്ട് ഒരിക്കലും അവ സഹിക്കേണ്ടിവരികയില്ലെന്നും മരണംവരെ തന്റെ നിഷ്കളങ്കതയ്ക്കു കോട്ടം സംഭവിക്കില്ലെന്നും ഉറപ്പ് നൽകി ദൈവം ജോസഫിനെ ആശ്വസിപ്പിച്ചു.

ഈ വിശേഷാൽ ആനുകൂല്യത്തെക്കുറിച്ചും വാഗ്ദാനത്തേക്കുറിച്ചുമുള്ള ദൈവത്തിന്റെ വെളിപ്പെടുത്തൽ ജോസഫിനെ ആനന്ദനിർഭരനാക്കി. തനിക്കു ലഭിച്ച ഈ ഉറപ്പിനും പ്രത്യേകാനുഗ്രഹത്തിനും തന്റെ ജീവിതകാലം മുഴുവനും നന്ദി പ്രകാശിപ്പിക്കുവാൻ അവൻ തീരുമാനമെടുത്തു. ഇങ്ങനെയാണെങ്കിലും തന്റെ ഓരോ പ്രവൃത്തിയും ദൈവത്തെ വേദനിപ്പിക്കുന്നതാകാതിരിക്കുവാൻ അവൻ അങ്ങയറ്റം ശ്രദ്ധിച്ചിരുന്നു. അവൻ എപ്പോഴും അവനെത്തന്നെ ഭയത്തോടെയാണ് കണ്ടിരുന്നത്. ദൈവം നല്കിയ വാഗ്ദാനത്തെ സംശയത്തോടെയാണ് അവൻ കണ്ടിരുന്നത് എന്ന് ഇതിനർത്ഥമില്ല. ദൈവം നല്കിയ മറ്റെല്ലാ വാഗ്ദാനങ്ങളിലും അവൻ പ്രദർശിപ്പിച്ച് ഉന്നതമായ വിശ്വസ്ത ഈ കാര്യത്തിലും അവൻ പ്രകടിപ്പിച്ചിരുന്നു.

ദൈവം തന്റെ സൃഷ്ടികളാൽ വേണ്ടവിധത്തിൽ സ്നേഹിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവുതന്നെ ജോസഫിന് വളരെയധികം ആത്മനൊമ്പരം ഉളവാക്കിയിരുന്നു. ഗൗരവതരമായ പാപങ്ങളാൽ അവർ ദൈവത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുവെന്നു മനസ്സിലാക്കിയപ്പോൾ അവന്റെ ദുഃഖം വീണ്ടും വർദ്ധിച്ചു. ഈ പുതിയ തിരിച്ചറിവിന്റെ ഫലമായി അവൻ വിലപിച്ച് കരയുകയും പരിക്ഷീണിതനായിത്തീരുകയും ചെയ്തു.

കൂടാതെ മനുഷ്യർ നിരന്തരം ചെയ്തുകൂട്ടുന്ന എണ്ണമറ്റ ദൈവദ്രോഹപരമായ പ്രവൃത്തികൾ മൂലം ദൈവക്രോധം അവരുടെമേൽ ചൊരിയാൻ സാധ്യതയുണ്ടെന്ന് കർത്താവിന്റെ മാലാഖ ജോസഫിനോടു പറഞ്ഞു. ആയതിനാൽ അവരുടെമേൽ പതിക്കാനിരിക്കുന്ന ദൈവശിക്ഷയിൽനിന്ന് അവർ രക്ഷപ്പെടേണ്ടതിന് ജോസഫ് അവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കേണ്ടതുണ്ടെന്നും മാലാഖ പറഞ്ഞു. പരിശുദ്ധ കന്യകാമറിയം ഈ ശുശ്രൂഷയ്ക്കായി തന്നെത്തന്നെ സമർപ്പിക്കുന്നുണ്ടെന്നും അതിൽ സംപ്രീതനായി ദൈവം വളരെയധികം ശിക്ഷകൾ പിൻവലിക്കുന്നുണ്ടെന്നും മാലാഖ അവനെ അറിയിച്ചു. ജോസഫിനെ സംബന്ധിച്ചിടത്തോളം പാപികളെ നിത്യനാശത്തിൽനിന്നു രക്ഷിക്കാൻ തന്നെത്തന്നെ സമ്പൂർണ്ണമായും ദൈവതിരുമുമ്പിൽ സമർപ്പിച്ചു മാദ്ധ്യസ്ഥ്യം വഹിക്കാൻ മാലാഖായുടെ ഈ വെളിപ്പെടുത്തൽ ധാരാളമായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles