അചഞ്ചലമായ വിശ്വാസവും തീക്ഷ്ണമായ പ്രാര്‍ത്ഥനയും വി. യൗസേപ്പിതാവിനെ സംരക്ഷിച്ചതെങ്ങിനെയെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 31/100

സൃഷ്ടികളിലൂടെയുള്ള പ്രലോഭനത്തിനുശേഷം മറ്റു വഴികളിലൂടെ അവനെ പരീക്ഷിക്കുവാൻ ദൈവം പിശാചിനെ അനുവദിച്ചു. അതുവഴി ജോസഫിന്റെ യോഗ്യതകൾ ഒന്നിനൊന്നു വർദ്ധിച്ചുവന്നു. അചഞ്ചലനും ശക്തനുമായ ജോസഫിന്റെ ഹൃദയത്തെ വശീകരിക്കാൻ തന്റെ ശക്തികളെ അവൻ സജ്ജമാക്കി. ആദ്യമായി, ജോസഫിലുള്ള നന്മകളും പുണ്യങ്ങളും അവന്റെ കൺമുമ്പിൽ ഉയർത്തിക്കാട്ടി; ജോസഫിൽ വ്യർത്ഥമാഭിമാനവും അഹങ്കാരവും ഉളവാക്കാൻ അവൻ പരിശ്രമം നടത്തി. ദൈവത്തോടുള്ള വിശ്വസ്തതയും അവൻ ചെയ്ത കാരുണ്യപ്രവ്യത്തികളും അവൻ അനുഭവിച്ച സഹനങ്ങളും അദ്ധ്വാനങ്ങളും അതുവഴി ജോസഫ് നേടിയെടുത്ത ഉന്നത കൃപകളും പരിഗണിക്കുമ്പോൾ ജോസഫിനെപ്പോലെ സുകൃതവാനായ മറ്റാരും ഇൗ ഭൂമുഖത്ത് ഉണ്ടായിട്ടില്ല എന്ന ഒരു ചിന്ത ജോസഫിന്റെ മനസ്സിൽ ഉളവാക്കാൻ അവൻ ശ്രമിച്ചു. ഈ പ്രചോദനങ്ങളുടെ ആക്രമണത്തിൽനിന്ന് ജോസഫ് ഭയത്തോടെ പിന്മാറി. സത്യത്തിൽ എളിമ അഭ്യസിച്ചിരുന്ന ജോസഫ് ഇതെല്ലാം പിശാച് ഉയർത്തിവിടുന്നതാനെന്നു തുടക്കത്തിൽത്തന്നെ വിവേച്ചിച്ചറിഞ്ഞു. പ്രാർത്ഥനയിലൂടെ ദൈവത്തിൽ അഭയം തേടുകയും ആ മനോഭാവങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തുകൊണ്ട് ശത്രുവിനെ കീഴടക്കുകയും ചെയ്തു.

ഭക്ഷണപാനീയങ്ങളുടെ ആസ്വാദ്യതയുടെ കാര്യത്തിൽ ജോസഫിനെ പ്രലോഭിപ്പിക്കാമെന്ന് പിശാച് പ്രതീക്ഷിച്ചു. വളരെ രുചികരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനുള്ള ആഗ്രഹം ജോസഫിൽ ഉണർത്തിവിട്ടു. കഠിനമായ ഉപവാസവും ആത്മനിയന്ത്രണവുംവഴി വിശുദ്ധൻ ഈ പ്രലോഭനങ്ങളെ അതിജീവിച്ചു. അടുത്തതായി തന്നെ പീഡിപ്പിക്കുകയും നിന്ദിക്കുകയും ചെയ്തവരോടുള്ള അനിഷ്ടവും വെറുപ്പും ജോസഫിൽ ഉളവാക്കാൻ ശ്രമം തുടങ്ങി, ആ വ്യക്തികളെ അനുഗ്രക്കണമെന്നും അവർക്ക് നന്മ മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്ന് ഏറ്റുപറഞ്ഞു പ്രാർത്ഥിച്ചപ്പോൾ സാത്താൻ കീഴടങ്ങി. വിശ്വാസതലത്തിൽ പരീക്ഷിക്കുകയായിരുന്നു അവന്റെ അടുത്ത ലക്ഷ്യം. മാലാഖയുടെ സന്ദർശനം വെറും കെട്ടുകഥയും മനസ്സിന്റെ തോന്നലുകളുമാണെന്ന് ജോസഫിനെ തെറ്റിദ്ധരിപ്പിക്കാൻ അവൻ പരിശ്രമിച്ചു.

മാലാഖയിലൂടെ ലഭിച്ചിരുന്ന സന്ദേശങ്ങളിൽ തികഞ്ഞ വിശ്വാസമർപ്പിച്ചുകൊണ്ട് വിശുദ്ധൻ മുന്നോട്ടു നീങ്ങി. താൻ ഉപേക്ഷിച്ച സമ്പത്തിനെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം ജോസഫിന്റെ മനസ്സിലേക്ക് സാത്താൻ തള്ളിക്കയറ്റുവാൻ തുടങ്ങി. ഉപേക്ഷിച്ചതിനെല്ലാം പകരമായി സമ്പത്ത് സമ്പാദിക്കാനുള്ള ആഗ്രഹം അവനിൽ ഉണർത്താനും ശ്രമിച്ചു. ജോസഫ് അതിനായി യാതൊന്നും ചെയ്യാതെ ഈ പ്രലോഭനങ്ങളെ അവഗണിച്ചു കളഞ്ഞു. ദൈവത്തിന്റെ കൃപയിൽമാത്രം താൻ സംതൃപ്തനും സന്തോഷവാനുമാണെന്ന് അവൻ ഉദ്ഘോഷിച്ചു. ദൈവകൃപയുടെ സഹായത്താൽ പിശാചിന്റെ അനേകം കെണികളിൽ വിജയം വരിക്കാൻ ജോസഫ് പ്രാപ്തനായി. തീർത്തും പരാജിതനായ സാത്താൻ ഭാവിയിൽ ജോസഫിനെ കുടുക്കിലാക്കുമെന്നുള്ള പ്രതിജ്ഞയോടെ അപമാനിതനായി പിന്മാറി. എന്നാൽ വിശുദ്ധൻ ഭയരഹിതനായി നിലകൊണ്ടു. ദൈവം തന്നോടൊപ്പമുണ്ടെന്നുള്ള അടിയുച്ച ബോദ്ധ്യത്തിൽ ദാവീദിനോടൊപ്പം അവൻ ഉദ്ഘോഷിച്ചു. “കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്; ഞാൻ ആരെ ഭയപ്പെടടണം? കർത്താവ് എന്റെ ജീവിതത്തിന്റെ കോട്ടയാണ്. ഞാൻ ആരെ പേടിക്കണം”  (സങ്കീ 27:1-2); “മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെയാണ്‌ ഞാൻ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല” (സങ്കീ. 23:4). വളരെ ആഴമായ ബോധ്യത്തോടെ തന്റെ സഹായത്തിന് എപ്പോഴും സന്നദ്ധനായിരിക്കുന്ന തന്റെ ദൈവത്തോട് ജോസഫ് ഈ വചനങ്ങൾ ഏറ്റുപറഞ്ഞു പ്രാർത്ഥിച്ചിരുന്നു.

പിശാചിന്റെ ഈ പരീക്ഷണങ്ങളെല്ലാം അവസാനിച്ചിട്ടും കുറേ കാലത്തേക്ക് ജോസഫിനെ സമാധാനത്തിൽ ജീവിക്കുവാൻ അവൻ അനുവദിച്ചില്ല. കാരണം ദൈവം അവനെ പരീക്ഷണവിധേയനാക്കുവാൻ തിരുവുള്ളമായി. സാവകാശത്തിൽ ദൈവം അവനിൽനിന്ന് എല്ലാ ആത്മീയപ്രകാശങ്ങളും ആന്തരികാശ്വാസങ്ങളും പിൻവലിക്കുകയും തീക്ഷ്ണതയെ മന്ദീഭവിപ്പിക്കുകയും ചെയ്തു. തന്റെ ഏകാഭിലാഷമായ ദൈവത്താൽ കൈവിടപ്പെട്ട ഇൗ അവസ്ഥയിലെ ജോസഫിന്റെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരുന്നു. അവൻ കടുത്ത ഏകാന്തതയുടെ പിടിയിലമർന്നു. ദൈവത്തെ താൻ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നൊരു ഭയവും അവനെ വേട്ടയാടിക്കൊണ്ടിരുന്നു. അവന്റെ മനസ്സ് തീരാദുഃഖത്തിലാണ്ടു. അവൻ എത്രയോ അധികമായി ദൈവകരങ്ങളിലേക്ക് തന്നെത്തന്നെ സമർപ്പിച്ചുകൊണ്ടിരുന്നു. എത്രമാത്രം നെടുവീർപ്പുകളും പ്രാർത്ഥനകളും അവൻ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയിരുന്നു!

ഏതുവിധത്തിലാണ് താൻ ദൈവത്തെ വേദനിപ്പിച്ചത് എന്നുള്ള പ്രകാശം ലഭിക്കാനും അങ്ങനെ അതിനു പ്രായശ്ചിത്തം അനുഷ്ഠിക്കാനുമുള്ള തീവ്രമായ ആഗ്രഹത്തോടെ രാത്രി മുഴുവൻ അവൻ മുട്ടുകുത്തി നിന്ന് ദൈവത്തോടു നിരന്തരം പ്രാർത്ഥിച്ചു. അവന്റെ യാചനകളുടെ നേരെ സ്വർഗ്ഗം അടഞ്ഞുതന്നെ കിടന്നു. മാലാഖയിൽനിന്നു യാതൊരുവിധ സഹായവും ലഭിച്ചില്ല. സ്വപ്നത്തിൽ മാലാഖ സംസാരിച്ചതുമില്ല.

തന്റെ ഹൃദയവ്യഥ പങ്കുവയ്ക്കാൻ വിശുദ്ധന് ആരും ഉണ്ടായിരുന്നില്ല. അവൻ ഇടയ്ക്കിടെ ദൈവത്തോട് ഇങ്ങനെ ഉണർത്തിച്ചു. “ഓ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, അങ്ങ് എന്റെ അഭയകേന്ദ്രവും എന്റെ ആശ്വാസവും എന്റെ ശക്തിയുമാണ്. അങ്ങയുടെ അയോഗ്യനും ദുരിതമനുഭവിക്കുന്നവനുമായ ദാസനോട് കരുണ തോന്നണമേ. അങ്ങയുടെ അനുഗ്രഹവും സഹായവും അങ്ങ് എനിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതാണല്ലോ. തീർച്ചയായും അങ്ങയുടെ വാഗ്ദാനം പൂർത്തിയാക്കേണ്ട സമയമാണിത്. എന്റെ ഈ ദുരവസ്ഥയിൽ എന്നെ ആശ്വസിപ്പിക്കണമേ. എന്റെ ഏതു തെറ്റാണ് അങ്ങനെ എന്നിൽനിന്ന് അകറ്റിക്കളഞ്ഞത്? അതു ഗ്രഹിക്കാനുള്ള കൃപ എനിക്ക് നൽകണമേ! ഞാൻ കൂടെക്കൂടെ അങ്ങയെ വേദനിപ്പിച്ചു എന്നതു സത്യമാണ്, അതിനാൽ അങ്ങയുടെ ചിന്തയിൽ വരാൻ ഞാൻ യോഗ്യനുമല്ല. എന്നാലും അങ്ങ് കാരുണ്യവാനും ദയാനിധിയുമാണല്ലോ. ഞാൻ അങ്ങയുടെ കടാക്ഷത്തിനായി യാചിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു.”

ജോസഫിന്റെ ഇപ്രകാരമുള്ള പ്രാർത്ഥനയിൽ അത്യുന്നതനായ ദൈവം വളരെയധികം സംപ്രീതനായി. എന്നാൽ അതിനെപ്പറ്റിയുള്ള യാതൊുവിധ സൂചനകളും ദൈവം വെളിപ്പെടുത്തിയില്ല.  വളരെ സമചിത്തതയോടെ വിശുദ്ധൻ ഈ പരിക്ഷണങ്ങളെല്ലാം ക്ഷമാപൂർവം സഹിച്ചു. ഒരിക്കൽപോലും തന്റെ പ്രാർത്ഥന അവൻ ഉപേക്ഷിച്ചില്ല.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles