വി. യൗസേപ്പിതാവിന്റെ വിശ്വാസതീക്ഷ്ണത പിശാചിന്റെ നിരന്തര പ്രലോഭനങ്ങളെ പരാജയപ്പെടുത്തിയതെങ്ങനെ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 30/100

വിശുദ്ധന്റെ അസാധാരണമായ സുകൃതം കൂടുതൽ പ്രകടമാകുകയും പിശാച് ഒരിക്കൽകൂടി ലജ്ജിതനാകുകയും ചെയ്തെങ്കിലും അവൻ തോറ്റു പിന്മാറിയില്ല. കൂടുതൽ രോഷാകുലനായ അവൻ ഓരോ വ്യക്തികളെ ജോസഫിനെതിരായി ഉപയോഗിക്കുവാൻ തുടങ്ങി. ജോസഫിന് ദുഷ്കീർത്തി ഉണ്ടാക്കുന്നതിന് സമൂഹത്തിലെ ഉന്നതതലങ്ങളിലുള്ള വരെ പോലും അവൻ സ്വാധീനിക്കുവാൻ തുടങ്ങി. എന്തൊക്കെ ചെയ്തിട്ടും അവന്റെ പദ്ധതികളെല്ലാം പരാജയപ്പെട്ടു പിന്മാറേണ്ടി വന്നു.

ഒരിക്കൽ വളരെ ഉന്നതനായ ഒരു വ്യക്തിക്കുവേണ്ടി ഒരു ജോലി നമ്മുടെ വിശുദ്ധൻ ചെയ്യുകയുണ്ടായി. പണി പൂർത്തിയായപ്പോൾ അവനു പ്രതിഫലം കിട്ടിയത് വളരെ മോശമായ അഭിപ്രായങ്ങൾ മാത്രമാണ്. ഉണ്ടാക്കിയ ഉപകരണം നിലവാരം ഇല്ലാത്തതാണെന്നും അതിനാൽ പ്രതിഫലത്തിന് അർഹതയില്ലെന്നും നഷ്ടപരിഹാരമാണ് നല്കേണ്ടതെന്നും അയാൾ പറഞ്ഞു. പണിതീർന്ന ഉപകരണം ബലമായി സ്വായത്തമാക്കിയതിനുശേഷം ജോസഫിനെ ശകാരിച്ച് പറഞ്ഞുവിട്ടു. ഈ അപമര്യാദകളെല്ലാം വളരെ ക്ഷമയോടെ സ്വീകരിച്ച് ജോസഫ് വെറുംകൈയോടെ തിരിച്ചുപോന്നു. അവൻ നേരെ ദൈവലായത്തിൽ ചെന്ന് പരിപൂർണ്ണശരണത്തോടെ തനിക്ക് ആവശ്യമുള്ളത് തരണമേയെന്ന് ദൈവത്തോടപേക്ഷിച്ചു.

ജോസഫിന്റെ അദ്ധ്വാനഫലം സ്വന്തമാക്കിയ വ്യക്തിയുടെ ഹൃദയപരിവർത്തനത്തിലൂടെ, തന്റെ വിശ്വസ്തദാസന്റെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരമരുളി. അയാൾ തന്റെ തെറ്റിനെക്കുറിച്ച് അനുതപിച്ച് ക്ഷമ ചോദിക്കുകയും ജോസഫിന് അവകാശപ്പെട്ട പ്രതിഫലം നൽകുകയും ചെയ്തു. ഒരു ദാനം സ്വീകരിച്ചതുപോലെയാണ് നമ്മുടെ വിശുദ്ധൻ ആ പ്രതിഫലം ഏറ്റുവാങ്ങിയത്. എന്നാൽ എല്ലാറ്റിനുപരിയായിമുള്ള ഈ തെളിവിന് അവിടുത്തേക്ക് നന്ദിയും സ്തുതിയുമർപ്പിച്ചു വന്ന ആ മനുഷ്യനും ജോസഫ് നന്ദി പറഞ്ഞു.

ഇതുപോലെ, തനിക്കാവശ്യമുള്ളത് ജോസഫിന് എപ്പോഴും ലഭിച്ചിരുന്നു. അതുവഴി മറ്റുള്ളവർക്ക് ഒരു സന്മാതൃക നൽകാനും കഴിഞ്ഞിരുന്നു. പിശാച് ഇതുപോലെയുള്ള പലവിധ ആക്രമണങ്ങൾ ജോസഫിനെതിരെ നടത്തിയെങ്കിലും അതെല്ലാം വിശുദ്ധന് കൂടുതൽ അനുഗ്രഹങ്ങൾ നേടിക്കൊടുക്കുകയാണ് ചെയ്തത്; പിശാചിനാകട്ടെ തിരിച്ചടിയും.

ജോസഫിനെ കുടുക്കാനായി മറ്റൊരു പദ്ധതി പിശാച് തയ്യാറാക്കി. തിർച്ചയായും ഈ പ്രലോഭനം മറ്റെല്ലാറ്റിനെക്കാളും വേദനാജനകമായിരുന്നു. അവന്റെ സുസ്ഥിതിക്കും നന്മയ്ക്കും വേണ്ടി എന്ന നാട്യത്തിൽ ചില മനുഷ്യരുടെ ഹൃദയത്തിൽ ജോസഫിനുവേണ്ടി ഒരു വിവാഹം ആലോചിക്കാൻ പിശാച് പ്രേരിപ്പിച്ചു. എല്ലാവരിൽ നിന്നും അകന്ന്, തന്റെ വർക്ക്ഷോപ്പിൽ ഏകാന്തജീവിതം നയിക്കേണ്ടവനല്ല ജോസഫ്; അവന് കുറച്ചുകൂടി മെച്ചപ്പെട്ടൊരു ജീവിതം നയിക്കാൻ കഴിയും എന്ന് അവർ അഭിപ്രായപ്പെട്ടു.

ജോസഫ് വിവാഹിതനാകണം എന്ന് അവനെ ബോദ്ധ്യപ്പെടുത്തുന്നതിന് ഈ കാര്യത്തിൽ നല്ല തീക്ഷ്ണതയുള്ള കുറെ വ്യക്തികളെക്കുടി അവർ അവരുടെ പദ്ധതിയിൽ പങ്കാളികളാക്കി. ജോസഫ് നല്ല സ്വഭാവവും വ്യക്തിത്വവുമുള്ളവനാകയാൽ ഒരു വധുവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്ന് അവർ പറഞ്ഞു. തന്റെ ബ്രഹ്മചര്യജീവിതം ഒരു വ്രതമായി ദൈവത്തിന് സമർപ്പിച്ചിരിക്കുകയാണ് എന്നും ഇപ്പോഴത്തെ ഈ അവസ്ഥയിൽ താൻ വളരെ സംതൃപ്തനാണെന്നും അതിനാൽ വിവാഹത്തെക്കുറിച്ചുള്ള സംസാരം അവസാനിപ്പിക്കണമെന്നും തന്റെ ചുറ്റും കൂടിയവരോട് അവൻ പറഞ്ഞു.

എന്നാൽ, ജോസഫിനെ ശല്യപ്പെടുത്തുന്നതിൽനിന്ന് അവർ പിൻതിരിഞ്ഞില്ല. മാത്രമല്ല മുഖസ്തുതികളും വാഗ്ദാനങ്ങളും നല്കി പ്രലോഭിപ്പിച്ച് ജോസഫിനെ വിവാഹത്തിന് നിർബന്ധിച്ചു. ഇതിൽ അസ്വസ്ഥനായ ജോസഫ് തന്റെ ക്ഷേമത്തിന് എന്ന വ്യാജേന ഏറ്റവും അമൂല്യമായ തന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുത്താൻ പ്രേരിപ്പിക്കുന്ന അവിവേകികളായ ഈ മനുഷ്യരിൽ നിന്ന് തന്നെ രക്ഷിക്കണമേയെന്ന് ദൈവത്തോട് അപേക്ഷിച്ചു. “എന്റെ ദൈവമേ, ബ്രഹ്മചര്യം ഒരു വ്രതമായി ഞാൻ അങ്ങേക്കു സമർപ്പിച്ചതാണെന്ന് അങ്ങേക്കറിയാമല്ലോ! ഇനിയും എന്നെ ഇങ്ങനെ പീഡിപ്പിക്കുവാൻ അവരെ അനുവദിക്കരുതേ.” ദൈവം അവന്റെ പ്രാർത്ഥന ശ്രവിച്ചെങ്കിലും ജോസഫിന്റെ യോഗ്യതകൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി തന്റെ സഹായം നല്കുന്നത് അവിടുന്ന് താമസിപ്പിച്ചു.

ജീവിതപങ്കാളിയായി ജോസഫിന് നല്കാൻ ഒരു യുവകന്യകയെ അവർ കണ്ടുവച്ചിരുന്നു. തന്റെ വിയോജിപ്പ് വളരെ ശക്തമായി പ്രകടിപ്പിക്കാൻ തുടങ്ങി. തങ്ങളുടെ പ്ലാനുകൾ എങ്ങനെയും നടപ്പിൽ വരുത്തണമെന്ന് അവർ തീരുമാനിച്ചു. ഒരു ദിവസം ജോസഫിനെ തങ്ങളോടൊപ്പം കൊണ്ടുപോകാനായി അവർ പദ്ധതി തയ്യാറാക്കി. ഒരു പണിക്കുവേണ്ടി അളവുകൾ എടുക്കാൻ എന്ന വ്യാജേന ജോസഫിനെ തങ്ങളുടെകൂടെ കൊണ്ടുപോയി. തങ്ങൾ തിരഞ്ഞെടുത്ത യുവതിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാനാണ് അവരിങ്ങനെ ചെയ്തത്.

അവർ കുട്ടിക്കാണ്ടു പോയ വീട്ടിലെത്തി പണിക്കു വേണ്ട അത്യാവശ്യ അളവുകൾ എടുത്തുകഴിഞ്ഞ് തിരികെ പോകുവാൻ തുടങ്ങിയ ജോസഫിനെ തങ്ങൾ നേരത്തെ തിരഞ്ഞെടുത്ത യുവതിയെ ചൂണ്ടിക്കാണിച്ച് അവർ പറഞ്ഞു: “ജോസഫ്, നോക്കി കാണുക, ഈ യുവതിയയാണ് നിനക്ക് വധുവായി ഞങ്ങൾ നല്കാൻ പോകുന്നത്. സുകൃതങ്ങളാലും സൗന്ദര്യത്താലും പ്രശോഭിതയായ ഈ യുവതിയെ തീർച്ചയായും നിനക്ക് നിരസിക്കാൻ സാധിക്കില്ല.”

ഈ വാക്കുകൾ ജോസഫിന്റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ചു; അവൻ പെട്ടെന്നുതന്നെ ആ വീട്ടിൽനിന്നു തിരിച്ചുപോന്നു. ജോസഫിന്റെ ഈ പ്രതികരണം അവരെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പിന്നീടൊരിക്കലും അവർ ജോസഫിനെ ശല്യപ്പെടുത്തിയില്ല. താങ്ങാൻ പറ്റാത്ത ഈ ദുരിതത്തിൽനിന്ന് തന്നെ രക്ഷിക്കണമേയെന്നു ജോസഫ് ദൈവാലയത്തിൽ ചെന്ന് കണ്ണുനീർ ചിന്തി പ്രാർഥിച്ചു. ഈ വിധത്തിലുള്ള യാതൊരുവിധ ക്ലേശങ്ങളും ഇനി ഉണ്ടാവുകയില്ലെന്ന് ദൈവം ജോസഫിന് ഉറപ്പുനല്കി. കണ്ണുനീർ തുടച്ച് അത്യുന്നതന് അവൻ നന്ദിപറഞ്ഞു.

അതിനടുത്ത രാത്രിയിൽ മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ വാഗ്ദാനത്തിൽ ജോസഫിന് ഉറപ്പു നല്കി. വളരെ ഉന്നതമായ രീതിയിൽ അവിടുത്തോട് വാഗ്ദാനം ചെയ്ത ബ്രഹ്മചര്യജീവിതത്തിലുള്ള അവന്റെ നിലനില്പിലും ഉറച്ച നിലപാടിലും അത്യുന്നതനായ ദൈവം വളരെ സംപ്രീതനായി. എന്നാൽ പിശാച് അതിൽ വളരെ അസ്വസ്ഥനാകുകയും ചെയ്തു. അവൻ ജോസഫിനെതിരെ കോപാക്രാന്തനായി അവനെ നശിപ്പിക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ പുറപ്പെട്ടു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles