രക്ഷകന്റെ വരവിനായ് ഒരുങ്ങാന്‍ ദൈവം വി. യൗസേപ്പിതാവിന്റെ മേല്‍ ചൊരിഞ്ഞ കൃപകള്‍ എന്തെല്ലാമെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 28/100

നിത്യമായ ബ്രഹ്മചര്യം വ്രതമായി വാഗ്ദാനം ചെയ്തപ്പോൾ അവർണ്ണനീയമായ ഒരാനന്ദത്താൽ അവന്റെ ഹൃദയം നിറഞ്ഞു തുളുമ്പി. ഈ വ്രതാനുഷ്ഠാനം ദൈവത്തിന് എത്രമാത്രം സംവീതിജനകമാണെന്ന് മനസ്സിലാക്കികൊടുക്കാനാണ് ഈ ആനന്ദം ദൈവം അവന് അനുവദിച്ചത്. അവൻ പൂർണ്ണമായും ദൈവത്തിൽ ആമഗ്നനായി. ആ ഹർഷപാരവശ്യത്തിൽ ബ്രഹ്മചര്യവതത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും അതുവഴി ലഭിക്കുന്ന കൃപകളെക്കുറിച്ചും നന്മകളെക്കുറിച്ചുമുള്ള വ്യക്തമായ ഒരവബോധം ദൈവം അവന് വെളിപ്പെടുത്തിക്കൊടുത്തു. തത്ഫലമായി ബ്രഹ്മചര്യ ജീവിതം നയിക്കാനുള്ള ആഗ്രഹവും സ്നേഹവും ജോസഫിൽ ഒന്നിനൊന്നു വർദ്ധിച്ചുവന്നു. ഇൗ വ്രതം അനുഷ്ഠിച്ചതിൽ അതിയായ സംതൃപ്തി അനുഭവപ്പെട്ടു. ഇത് ചെയ്യാൻ ആന്തരീകപ്രചോദനം നൽകിയതിനും വളരെ ഔദാര്യത്തോടെ അതു സ്വീകരിച്ചതിനും അവൻ ദൈവത്തിനു നന്ദി പറഞ്ഞു. അതിനാൽ അവൻ അതീവ സന്തുഷ്ടനായി കാണപ്പെട്ടു.

ആ രാത്രിയിൽത്തന്നെ മാലാഖ ജോസഫിന് പ്രത്യക്ഷനായി രക്ഷകന്റെ വരവിനായുള്ള തീവ്രമായ ദാഹത്തിലും അതിനായുള്ള തീക്ഷ്ണവും നിരന്തരവുമായ പ്രാർത്ഥനയിലും മറിയത്തെ ജോസഫ് അനുകരിക്കുന്നതിലുമുളള ദൈവത്തിന്റെ അംഗീകാരം അവനെ അറിയിച്ചു. മറിയത്തിന്റെ പ്രാർതഥനവഴിയായി രക്ഷകന്റെ വരവ് ത്വരിതപ്പെടുമെന്നുള്ള അവന്റെ വിശ്വാസം ആഴപ്പെട്ടു. മറിയം ചെയ്യുന്നതുപോലെതന്നെ ജോസഫും ചെയ്യുവാൻ മാലാഖ അവനെ ഉദ്ബോധിപ്പിച്ചു; അതുവഴി ദൈവത്തിന് അവൻ കൂടുതൽ ഇഷ്ടപ്പെട്ടവനായിത്തീരും. ഉണർന്നപ്പോൾ പെട്ടെന്നുതന്നെ നിലത്തു മുട്ടുകുത്തി ഈ നിയോഗത്തിനായി, ഇതുവരെ ഉണ്ടായിരുന്നതിലും തീക്ഷ്ണതയോടെ വിശുദ്ധൻ പ്രാർത്ഥിച്ചു. ദൈവാലയത്തിൽവച്ച് ഈ അർത്ഥനകൾ വീണ്ടും നടത്തിയപ്പോൾ, അവന്റെ അരൂപി ദൈവരാജ്യത്തിന്റെ ഉന്നതപദവികളിലേക്ക് ഉയർത്തപ്പെട്ടു. നേരത്തെ അവനു ലഭിച്ചിരുന്ന രക്ഷകനെപ്പറ്റിയുള്ള ദർശനങ്ങൾ അവൻ വീണ്ടും കാണുകയും അനുഭവിക്കുകയും ചെയ്തു.

ഈ ലോകത്തിലെ ഒരു സൃഷ്ടിയല്ല, മറിച്ച് പറുദീസായിലെ ഒരു മാലാഖയാണെന്നു തോന്നുംവിധം ആത്മീയജീവിതത്തിൽ ഉയർച്ച നേടുവാനാവശ്യമായ കൃപകൾ ജോസഫിനുവേണ്ടിയുള്ള മറിയത്തിന്റെ പ്രാർത്ഥനവഴിയായി ദൈവം അവന്റെ മേൽ ചൊരിഞ്ഞു. അവന്റെ അരൂപി എല്ലായ്പ്പോഴും ദൈവത്തിൽ ആമഗ്നമായിരുന്നു. സ്നേഹം വളരെ തീക്ഷണമായിരുന്നു. തന്റെ പ്രവർത്തനങ്ങളിലെല്ലാം ദൈവത്തെ പ്രസാദിപ്പിക്കണമെന്ന ഏക ആഗ്രഹമേ അവനുണ്ടായിരുന്നുള്ളൂ. അവന്റെ അനുദിനജീവിതത്തിലെ കൂടുതൽ സമയവും, രാത്രിയുടെ യാമങ്ങളിൽപോലും അവൻ ദൈവത്തെക്കുറിച്ചുള്ള ധ്യാനത്തിലാണ് കഴിഞ്ഞിരുന്നത്.

ദൈവവുമായുള്ള സഹവാസത്തിൽ അവൻ അനുഭവിച്ചിരുന്ന അലൗകികാനന്ദത്താൽ നിറഞ്ഞ് ഭക്ഷണം കഴിക്കുന്ന കാര്യംപോലും മറന്നുപോയിരുന്നു. അവൻ ഇങ്ങനെ ഉരുവിട്ടിരുന്നു. “ഓ എന്റെ ദൈവമേ, എന്നെപ്പോലൊരു നിസ്സാരമായ സൃഷ്ടിയുടെമേൽ ഇത്രയും ഉന്നതമായ കൃപാവരങ്ങളും അനുഗ്രഹങ്ങളും അങ്ങ് എങ്ങനെയാണ് വർഷിക്കുന്നത്? ഓ അങ്ങ് എനിക്ക് എത്രയോ നല്ലവനാണ്. എത്രയോ വിശാലഹൃദയനാണ്! അങ്ങയുടെ വാഗ്ദാനങ്ങളോട് എത്രയോ വിശ്വസ്ഥനാണ്! അങ്ങെയ്ക്കു വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് ? ഓ എന്റെ ദൈവമേ, ഈ ഉന്നതമായ അനുഗ്രഹങ്ങൾക്ക് ഞാൻ എങ്ങനെ നന്ദി പറയും? എന്നെത്തന്നെയും ഞാൻ ചെയ്യുന്ന ഒാരോ പ്രവൃത്തിയും മാത്രം അങ്ങെയ്ക്ക് സമർപ്പിക്കുവാനേ ഇപ്പോൾ എനിക്ക് സാധിക്കുകയുള്ളൂ. അങ്ങയുടെ ഇഷ്ടംപോലെ എന്നോട് എന്തും  ചെയ്തുകൊളളുക. അങ്ങക്ക് ഇഷ്ടമെങ്കിൽ എന്നെത്തന്നെയും എനിക്കുള്ളതെന്തും ത്യജിക്കുവാൻ ഞാൻ തയ്യാറാണ്.”

ദൈവമഹത്വത്തിനായി വലിയ കാര്യങ്ങൾ ചെയ്യുവാൻ ഈ യുവവിശുദ്ധൻ അഭിലഷിച്ചു. തന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കുവാൻ സാധിക്കാത്തതിനാൽ അവൻ ദുഃഖിച്ചു. അവന്റെ ശ്രേഷ്ഠമായ അഭിലാഷങ്ങളെല്ലാം പൂർത്തീകരിക്കുന്ന സമയം ആഗതമാകുമെന്നും കൂടാതെ അക്ഷരാർത്ഥത്തിൽ ദൈവസേവനത്തിനായി തന്നെത്തന്നെ വ്യയം ചെയ്യുമെന്നും മാലാഖ ഒരു രാത്രിയിൽ ജോസഫിനെ അറിയിച്ചു. മാലാഖയിൽനിന്ന് ഈ സമാശ്വാസവചനങ്ങൾ ശ്രവിച്ച ജോസഫിന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞുകവിഞ്ഞു.

ആ പ്രത്യേകസമയത്തിന്റെ ആഗമനത്തിനായി അവൻ കാത്തിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ സമയമായിരിക്കും അതെന്ന് ജോസഫിന് തോന്നി. തീർച്ചയായും അത് അങ്ങനെതന്നെ പരിണമിക്കുകയും ചെയ്തു; കാരണം മനുഷ്യനായി ജനിച്ചു ദൈവവചനത്തെ പരിപാലിക്കേണ്ട ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടപ്പോൾ, അക്ഷീണ പരിശ്രമം ജോസഫിന് ചെയ്യേണ്ടതായി വന്നു. ദൈവം അവനിൽനിന്ന് എന്താണ് പ്രത്യേകമായി ആവശ്യപ്പെടുന്നതെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും കർത്താവിന് ശുശ്രൂഷ ചെയ്യാനുള്ള കാത്തിരിപ്പുപോലും അവനു വലിയ ആനന്ദദായകമായിരുന്നു.

കൂടുതൽ വിശദീകരണങ്ങൾ ഒന്നും നല്കിയില്ലെങ്കിലും മാലാഖ എന്താണ് സൂചിപ്പിച്ചത് എന്നതിനെ സംബന്ധിച്ച് കൂടുതൽ ആലോചനകളൊന്നും ജോസഫ് നടത്തിയില്ല. എളിയ മനോഭാവത്തോടെ, പരിപൂർണ്ണമായ സമർപ്പണത്തോടെ, ക്ഷമാപൂർവ്വം കാത്തിരിക്കുന്ന ഒരു മനോഭാവമാണ് വിശുദ്ധന് ഉണ്ടായിരുന്നത്. മാലാഖ വെളിപ്പെടുത്തിയ കാര്യങ്ങൾക്കായി അവൻ ദൈവസന്നിധിയിൽ പ്രാർത്ഥനകൾ അർപ്പിച്ചു; എന്തെന്നാൽ പ്രാർത്ഥിക്കുവാൻ ദൈവം ആഗ്രഹിക്കുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. അവന്റെ ഓരോ ചലനങ്ങളിലും ദൈവതിരുവിഷ്ടത്തിൽനിന്ന് അവനൊരിക്കലും വ്യതിചലിച്ചില്ല. ദൈവം തന്റെ മേൽ ചൊരിഞ്ഞ എല്ലാ അനുഭവങ്ങൾക്കും അവൻ എപ്പോഴും നന്ദി പ്രദർശിപ്പച്ചിരുന്നു. അതോടൊപ്പം തന്റെ ആത്മാർപ്പണം അവൻ ഇടയ്ക്കിടയ്ക്ക് ദൈവസന്നിധിയിൽ നവീകരിക്കുകയും ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles