വി. യൗസേപ്പിതാവ് എങ്ങനെയാണ് പൈശാചികപീഡകളെ അതിജീവിച്ചത്.

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 26/100

മാലാഖയിലൂടെ ദൈവതിരുമനസ്സ് ഒരിക്കൽ ജോസഫിന് വ്യക്തമായി കിട്ടിയാൽ എത്രയും പെട്ടെന്ന് അതിനെ പൂർത്തീകരിക്കാൻ അവൻ അത്യന്തം ശ്രമിച്ചിരുന്നു. തന്റെ തൊഴിലിനു വേണ്ട അത്യാവശ്യ ഉപകരണങ്ങൾ അവൻ വാങ്ങി, ദൈവാലയത്തിനു സമീപത്തായി ഒരു ചെറിയ വർക്ക്ഷോപ്പും വാടകയ്ക്ക് എടുത്തു. വർക്ക്ഷോപ്പിൽ തന്നെയാണ് അവൻ ജോലി ചെയ്തിരുന്നതും ഉറങ്ങിയതും ലഘു ഭക്ഷണം തയ്യാറാക്കി കഴിച്ചിരുന്നതും, ദൈവലായസന്ദർശനത്തിനും ഒഴിച്ചുകൂടാൻ വയ്യാത്ത ചില ദൗത്യനിർവ്വഹണത്തിനും മാത്രമേ അവൻ ആ ചെറിയ മുറിയിൽനിന്ന് പുറത്തുപോയിരുന്നുള്ളു. ചുരുക്കം ചില അവസരങ്ങളിൽ കുറച്ചു സൂപ്പ് ഉണ്ടാക്കിയിരുന്നു എന്നതൊഴിച്ചാൽ അപ്പവും പഴവർഗ്ഗങ്ങളും മാത്രമായിരുന്നു അവന്റെ പോഷണം. പുഴുങ്ങിയ പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളുമായിരുന്നു ജോസഫിന്റെ ഇഷ്ടഭക്ഷണം. ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ അത് ഭക്ഷിച്ചിരുന്നുള്ളൂ.

വാസ്തവത്തിൽ ജോസഫ് ദരിദ്രവും താപസികവുമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. അവൻ വളരെ ആനന്ദത്തോടെയാണ് ഇങ്ങനെ ജീവിച്ചിരുന്നത്. തല്ഫലമായി ദൈവം സ്വർഗ്ഗീയസമാശ്വാസം കൊണ്ട് അവനെ നിറച്ചിരുന്നു. അവൻ ഒറ്റയ്ക്ക് നിശ്ശബ്ദമായൊരു ജീവിതമാണ് നയിച്ചിരുന്നത്. അവന്റെ വർക്ക്ഷോപ്പിൽ വന്നിരുന്നവർ ഒരിക്കലും വ്യർത്ഥസംഭാഷണത്തിൽ മുഴുകി അവനെ കണ്ടിട്ടില്ല. അവർ ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കലും സാധിച്ചിരുന്നില്ല. ജോസഫ് വാചകമടിച്ച് രസിക്കുന്ന മടിയന്മാരുടെ ശത്രുവായിരുന്നു. ശുദ്ധഗതിക്കാരനും വിവരമില്ലാത്തവനുമായ ഒരുവനായിട്ടാണ് പലരും ജോസഫിനെ കണക്കാക്കിയിരുന്നത്. അതിനാൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അവന്റെ ഏകാന്തജീവിതത്തിനു ശല്യമില്ലാത്ത, ആരാലും

ശ്രദ്ധിക്കപ്പെടാത്ത പരിത്യക്താവസ്ഥയിൽ കഴിഞ്ഞുകൂടാൻ അവനു സാധിച്ചു. തൊഴിലിനു വേതനമായി അവർ നല്കിയിരുന്നത് മാത്രമേ ജോസഫ് സ്വീകരിച്ചിരുന്നുള്ളൂ. അതിനാൽ ധനലാഭത്തിനുവേണ്ടി ആളുകൾ അവന്റെ അടുക്കൽ പണിയിപ്പിക്കാൻ വന്നിരുന്നു. തന്റെ വേതനമായി അവർ നല്കുന്നതുമാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് അവൻ തീരുമാനമെടുത്തിരുന്നു. അവർ നല്കുന്നതുപോലും തന്റെ ജോലിക്കുള്ള വേതനമായിട്ടല്ല അവൻ കരുതിയിരുന്നത്. മറിച്ച് അവന് എന്തോ ദാനം നൽകുന്നത് സ്വീകരിക്കുന്ന നന്ദിയോടെയാണ് കൈപ്പറ്റിയിരുന്നത്. മാലാഖയുടെ നിർദ്ദേശങ്ങളോട് വിശ്വസ്തനായി തനിക്ക് അത്യാവശ്യം വേണ്ടതുമാത്രം സൂക്ഷിച്ചിട്ട് ബാക്കി ദരിദ്രർക്ക് നൽകിയിരുന്നു.

പലപ്പോഴും വിശുദ്ധൻ ഗുരുതരമായ സാമ്പത്തികഞെരുക്കത്തിലേർപ്പെടുമായിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ അവൻ ദേവാലയത്തിൽ പോയി അവിടത്തെ പരിപാലനത്തിനായി യാചിച്ചിരുന്നു. ദൈവം എപ്പോഴും അവന് ആശ്വാസം നല്കിയിരുന്നു. അവന്റെ പ്രത്യകാവശ്യത്തിനനുസൃതമായി അവന്റെ സമീപവാസികളെ അപ്പവും പച്ചക്കറികളും പഴവർഗ്ഗങ്ങളും ജോസഫിന് നല്കുവാൻ ദൈവം പ്രചോദിപ്പിച്ചിരുന്നു. ആദ്യം ദൈവത്തോടും പിന്നെ ഉപകാരികളാടും വിശുദ്ധൻ അത്യന്തം നന്ദി പ്രദർശിപ്പിച്ചിരുന്നു. ദൈവത്തിന്റെ പരിപാലനയാൽ ജോസഫിനെക്കൊണ്ട് എന്തെങ്കിലും പണിയിപ്പിക്കുവാനായി ദൈവം വ്യക്തികളെ പ്രേരിപ്പിച്ച്‌ അയച്ചിരുന്നു. തന്നെക്കുറിച്ച് ഒരു വാക്കുപോലും പറയാൻ ജോസഫ് തുനിഞ്ഞിരുന്നില്ല. അവൻ പൂർണ്ണമായും ദൈവത്തിൽ ശരണപ്പെട്ടു. സമ്പൂർണ്ണമായും ദൈവതൃക്കരങ്ങളിൽ തന്നെ ഭരമേൽപ്പിച്ചു; പ്രത്യേകിച്ചും ജോലികളൊന്നും ലഭിക്കാത്ത അവസരങ്ങളിൽപ്പോലും. 

ആ ചെറിയ വർക്ക്ഷോപ്പിൽ പലപ്പോഴും സാഷ്ടാംഗ്രപ്രണാമം ചെയ്ത് ജോസഫ് തന്നെത്തന്നെ ദൈവത്തിനർപ്പിച്ച് അവിടുത്തോട്ട് ഏറ്റുപറഞ്ഞിരുന്നു: “ഓ എന്റെ ദൈവമേ, കണ്ടാലും; ഞാൻ പൂർണ്ണമായും അങ്ങയുടേതാണ്. അങ്ങയിൽനിന്ന് എന്നെ വേർപെടുത്താൻ ഒന്നിനും സാധിക്കില്ല; അങ്ങല്ലാതെ എനിക്ക് ഒന്നുമില്ല; എന്റെ ശ്വാസവും സർവ്വസ്വവും അങ്ങാണ്. എന്റെ സർവ്വനന്മയും അങ്ങാണ്. എനിക്ക് സഹായവും ശക്തിയും അങ്ങയിൽനിന്നു മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങയെ അല്ലാതെ ഞാൻ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ഈ ലോകം എന്റെ മുമ്പിൽ വച്ചുനീട്ടുന്നതെല്ലാം ഞാൻ പരിത്യജിക്കുന്നു. അങ്ങയെ പ്രസാദിപ്പിക്കുമെന്നതിനാൽ വലിയ ആനന്ദത്തോടെ ദാരിദ്ര്യവും എളിമപ്പെടുത്തലുകളും സഹനങ്ങളും ഞാൻ തിരഞ്ഞെടുക്കുന്നു. അങ്ങാണ് എന്റെ ദൈവവും നാഥനും. അതിനാൽ എന്റെമേൽ പൂർണ്ണമായ ആധിപത്യവും അങ്ങേക്കാണ്.

ഭാഗ്യത്തിന് ജോസഫിന്റെ ദൈവവുമായുള്ള ഈ സ്നേഹസം ഭാഷണം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഈവിധം സമാശ്വാസങ്ങളിൽ മുഴുകി വളരെയധികം സമയം അവൻ ദൈവാലയത്തിലും ചെലവഴിച്ചിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles