വി. യൗസേപ്പിതാവ് ദൈവഹിതമനുസരിച്ച് എങ്ങനെയാണ് തന്റെ തൊഴിലില്‍ പ്രാവീണ്യം നേടിയത്?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 25/100

ജോസഫ്  തൊഴിൽ നന്നായി പഠിച്ചു. അതിന്റെ സാങ്കേതികവശങ്ങൾ അവൻ എളുപ്പത്തിൽ കരഗതമാക്കുകയും ചെയ്തു. ദൈവതിരുമനസ്സ് നിറവേറ്റുന്നതിലുള്ള സ്നേഹം എല്ലാം എളുപ്പമുള്ളതും സ്വീകാര്യവുമാക്കിത്തീർത്തു. തന്റെ തൊഴിലിൽ വളരെ തിരക്കുള്ളവനായിത്തീർന്നുവെങ്കിലും ജോസഫ് ഇപ്പോഴും തന്റെ പതിവു പ്രാർതനകളും സങ്കീർത്തനങ്ങളുടെ ആലാപനവും ഉപേക്ഷിച്ചുകളഞ്ഞില്ല.

അത്യന്തം എളിമയോടെ ജോസഫ് ഗുരുവിന് കീഴ്പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മനസ്സറിഞ്ഞ് സന്തോഷത്തോടെ ജോസഫ് അദ്ദേഹത്തെ അനുസരിച്ചിരുന്നു. ജോസഫിന്റെ മനോഗുണവും അപൂർവ്വമായ മറ്റു സുകൃതങ്ങളും മനസ്സിലാക്കിയ അദ്ദേഹം അവനെ അത്യധികം സ്നേഹിച്ചിരുന്നു. ജോസഫ് അദ്ദേഹത്തെ തന്റെ ഗുരുനാഥനായി കണ്ട് വളരെ ബഹുമാനപൂർവമാണ് വർത്തിച്ചിരുന്നത്. തന്റെ കുടുംബത്തെക്കുറിച്ചോ സാമ്പത്തികാവസ്ഥയെ സംബന്ധിച്ചോ ജോസഫ് ഒരിക്കലും അദ്ദേഹത്തോട് സംസാരിച്ചിരുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ അവൻ സംസാരിച്ചിരുന്നുള്ളൂ. തന്റെ തൊഴിൽ പഠിച്ചെടുക്കുന്നതിലായിരുന്നു മുഴുവൻ സമയവും അവന്റെ ശ്രദ്ധയും താല്പര്യവും.

ഒരു കളിവിനോദങ്ങളിലും അവൻ പങ്കെടുത്തിരുന്നില്ല. ദൈവാലയത്തിൽ പോകുവാൻ ആഗ്രഹം ഉണ്ടാകുമ്പോൾ അവൻ തന്റെ അദ്ധ്യാപകനോട് അനുവാദം ചോദിച്ചിരുന്നു. അദ്ദേഹം അനുവദിച്ചാൽ അവൻ പോകും; അനുവദിച്ചില്ലെങ്കിൽ ആ ആഗ്രഹം അവൻ പരിത്യജിക്കും.

അവന്റെ ഉദാത്തമായ അരൂപിക്ക് സാക്ഷ്യം വഹിക്കേണ്ട പല അവസരങ്ങളും തൊഴിൽശാലയിൽ ഉണ്ടായിരുന്നു. അലഞ്ഞുതിരിഞ്ഞ് അലസരായി നടക്കുന്നവർ പലപ്പോഴും ഇതുവരെയും ഒരു തൊഴിലും പഠിക്കാത്തവൻ എന്ന് പറഞ്ഞ് ജോസഫിനെ കളിയാക്കുമായിരുന്നു. അവർ ഉദ്ദേശിച്ചത് ജോസഫും അവരിലൊരുവനെപ്പോലെയാണ് എന്നാണ്. അങ്ങനെയുള്ള പരിഹാസവാക്കുകൾ കേൾക്കുമ്പോൾ ഒന്നും തിരിച്ചുപറയാതെ അവൻ തലതാഴ്ത്തി ഇരിക്കുകയേ ചെയ്യുമായിരുന്നുള്ളൂ. എന്നാൽ തൊഴിൽശാലയുടെ യജമാനൻ അവിടെയുള്ളപ്പോഴാണ് ഇങ്ങനെ പ്രകോപനപരമായ കാര്യങ്ങൾ പറയുന്നതെങ്കിൽ അവൻ അവരെ കർശനമായി താക്കീതുചെയ്യുകയും അവിടെനിന്ന് ഓടിച്ചുവിടുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അപ്പോൾ അവർ അദ്ദേഹത്തെ ശല്യപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യാത്തിടത്തോളം കാലം അവർ അവിടെത്തന്നെ നില്ക്കുവൻ അനുവദിക്കണമെന്ന് ജോസഫ് ഗുരുവിനോട് അഭ്യർത്ഥിച്ചിരുന്നു.

അസാമാന്യ അച്ചടക്കവും സത്യസന്ധതയുമുള്ളവനായിരുന്നു ജോസഫ്. പുതുമയേറിയതും അനിതരസാധാരണവുമായ കാര്യങ്ങൾ കാണുന്നതിനായി അവൻ ശ്രമിച്ചിരുന്നില്ല. അവൻ ജറുസലേമിലാണ് ജീവിച്ചിരുന്നതെങ്കിലും അവിടെ നടക്കുന്ന വ്യത്യസ്തതയേറിയതും പ്രത്യേകതയുമുള്ള കാര്യങ്ങളൊന്നും ജോസഫ് ശ്രദ്ധിച്ചിരുന്നില്ല. അനുദിനം തൊഴിൽശാലയിൽനിന്ന് ദൈവാലയത്തിലേക്കും അവിടെനിന്നു തിരിച്ചുമുള്ള യാത്രയുടെ ദിശയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. മറ്റൊരു കാര്യത്തിലേക്കും അവൻ തിരിഞ്ഞിരുന്നില്ല. സ്വന്തമായി വരുമാനമുള്ള ഒരു ജൂണിയർ തൊഴിലാളിയായിട്ടല്ല തൊഴിൽ ശാലയിൽ അവൻ വർത്തിച്ചിരുന്നത്. മറിച്ച് തന്റെ യജമാനന് ഏറ്റവും നിസ്സാര പണികൾപോലും ചെയ്യാൻ കടപ്പെട്ട ഒരു എളിയ പരിചാരകനായിട്ടാണ് അവൻ പെരുമാറിയിരുന്നത്.

ജോസഫ് ദരിദ്രർക്ക് ദാനംചെയ്യുന്നത് കാണാനിടയായ അവന്റെ അദ്ധ്യാപകൻ അവൻ തന്നെ ഒരു ദരിദ്രനും ആവശ്യക്കാരനുമാണെന്ന് അവനെ ഓർമ്മിപ്പിച്ചു. അതിന് ജോസഫ് ഇങ്ങനെ മറുപടി നല്കി: “ദരിദ്രർക്ക് ഈ ദാനങ്ങൾ നല്കുന്നതിന് എന്നെ അനുവദിക്കുക. എന്റെ ആവശ്യങ്ങളിൽ ദൈവം തീർച്ചയായും എന്നെ സഹായിക്കും.” ഈ വാക്കുകളിലൂടെ അദ്ദേഹത്തിനു കാര്യങ്ങൾ കൂടുതൽ ബോദ്ധ്യം വന്നു.

ജോസഫിന്റെ തൊഴിൽ അവന് വലിയൊരു ആത്മീയാനന്ദത്തിന്റെ ഉറവിടമായിരുന്നു. ഒന്നാമതായി അവനൊരു കീഴ്ജീവനക്കാരന്റെ നിലയിലാണ്. അതിനാൽ മറ്റുള്ളവർ അവനെ ദരിദ്രനും നിസ്സാരനും ഒക്കെയായി കണ്ട് അവഗണിച്ചിരുന്നതിൽ അവൻ വളരെ സന്തോഷിച്ചിരുന്നു. ഈ സുകൃതം എത്രയോ മഹത്വമാർന്നതാണെന്നും അത് അഭ്യസിക്കുന്നവരെ ദൈവം വളരെയധികം സ്നേഹിക്കുന്നുവെന്നും അവന്റെ മാലാഖ അവന് വെളിപ്പെടുത്തിക്കൊടുത്തു. സ്വഭാവികമായും തന്റെ സർവ്വശക്തിയോടുംകൂടി ഇതിനായി പരിശ്രമിക്കുവാൻ ജോസഫിനെ ഈ വെളിപ്പെടുത്തൽ പ്രാപ്തനാക്കി. ഈ കാലയളവിൽ ജോസഫിന് ഇരുപതു വയസ്സു പൂർത്തിയായി. ദൈവസ്നേഹത്തിൽ അവൻ വളരെയധികം വളർച്ച പ്രാപിച്ചിരുന്നു. അവന്റെ സ്നേഹത്തിന്റെ അടിസ്ഥാനശിലയായ ദൈവത്തിൽനിന്ന് അവന്റെ അരൂപി അല്പംപോലും വ്യതിചലിച്ചില്ല. ജോലിക്കിടയിലും ദൈവികസത്തയെക്കുറിച്ചുള്ള ധ്യാനത്താൽ അവൻ ദൈവൈക്യം പ്രാപിച്ചിരുന്നു. അവൻ വളരെയധികം ഉപവസിച്ചിരുന്നു. ദൈവത്തിൽ നിർലീനനായി പല രാത്രികളിലും അവൻ പ്രാർത്ഥനയിൽ ചെലവഴിച്ചിരുന്നു. മരണാസന്നരോടുള്ള തന്റെ താൽപര്യം അവൻ തുടർന്നും പ്രദർശിപ്പച്ചിരുന്നു. തന്റെ തൊഴിൽമൂലം വ്യക്തിപരമായി അവരുടെ അടുത്തു ചെന്ന് അവരെ സഹായിക്കാൻ അവന് കഴിഞ്ഞിരുന്നില്ലെങ്കിലും തന്റെ പ്രാർത്ഥനയിൽ അവരോടു ചേർന്നുകൊണ്ട് അവരെ സഹായിച്ചിരുന്നു.

തന്റെ തൊഴിൽ പരിശീലനം പൂർത്തിയായിട്ടും കുറച്ചു വർഷങ്ങൾ കൂടി അതേ സാഹചര്യത്തിൽതന്നെ അവൻ തുടർന്നുപോന്നു. ഈ തൊഴിൽശാലയിൽതന്നെ തുടരണമോ അതോ മറ്റെവിടെയെങ്കിലും മാറി ജോലി ചെയ്യണമോ എന്ന് ദൈവം തന്നെ മാലാഖയിലൂടെ വെളിപ്പെടുത്തുമെന്ന് അവൻ പ്രതീക്ഷിച്ചു. ഒരിക്കൽ അവന്റെ ഗുരുഭൂതൻ ഗുരുതരമായ രോഗാവസ്ഥയിലായി. തന്റെ പിതാവിനെയെന്നപോലെ അദ്ദേഹത്തെ കൂടെ നിന്നു പരിചരിച്ചു. ദൈവം അവന്റെ പ്രാർത്ഥനയിൽ സംപ്രീതനായി. അവന്റെ അദ്ധ്യാപകന് ഒരു നല്ല മരണം ലഭിക്കാൻ ഇടയാകുകയും ചെയ്തു.

ജോസഫ് ഇപ്പോള്‍ ഏകനായിത്തീര്‍ന്നിരിക്കുകയാണ്. ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എങ്ങനെയാണ് അവിടുത്തെ സേവിക്കേണ്ടത് എന്നതിന് എന്തെങ്കിലും സൂചന നല്കണമെയെന്ന് ദൈവത്തോട് അപേക്ഷിച്ചു. അവന് വലിയ ആന്തരിക സമാധാനവും പ്രകാശവും ലഭിച്ചു. അടുത്ത രാത്രിയില്‍ അവന്‍ എന്താണ് ചെയ്യേണ്ടതെന്ന് മാലാഖ അവനെ അറിയിച്ചു. തികച്ചും ഏകാന്തവും അജ്ഞാതവുമായ ഒരു ജീവിതം നയിക്കാനാണ് ദൈവം ഇപ്പോള്‍ അവനില്‍ നിന്ന് ആവശ്യപ്പെടുന്നത്. അതതു ദിവസത്തെ നിലനില്‍പിനുള്ളത് മാത്രം സമ്പാദിക്കണം. അവന്റെ തൊഴില്‍ തുടര്‍ന്നുകൊണ്ടു പോകുന്നതിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും മാത്രമേ സ്വന്തമായി സമ്പാദിക്കാവു. ഈ സന്ദേശം ലഭിച്ചത് ജോസഫിന് വലിയ ആശ്വാസകാരണമായി. ദൈവം അവിടുത്തെ തിരുമനസ്സ് വെളിപ്പെടുത്തിതന്നതിന് അവിടുത്തേക്ക് നന്ദിയും സ്തുതിയും അര്‍പ്പിച്ചു. തന്നെ കാത്തുസംരക്ഷിക്കുന്ന കര്‍ത്താവിനോട് അവന്‍ നിലത്ത് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles